Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂകെട്ടുന്ന പണി നോക്കിയിരുന്ന ശങ്കർ വീട്ടിലേക്ക് വരുംവഴിയാണ് 'കാലൻ' ഓട്ടോയുടെ വരവ്; അമിതാവേശത്തിൽ ഓട്ടോ ഓടിച്ചത് ഡ്രൈവിങ് അറിയാത്ത പൊലീസുകാരൻ രജീഷ്; നെഞ്ചത്തേറ്റ ഗുരുതരപരിക്കുകൾ യുവാവിന്റെ ജീവനെടുത്തപ്പോൾ മേൽക്കൂരയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ അസുഖങ്ങളുടെ ഭാരവും പേറി അമ്മ ഓമന ഒറ്റയ്ക്ക്; നഗരസഭ കനിയുക വീടിന്റെ തറ കെട്ടി നൽകിയാൽ മാത്രം; പൊലീസുകാരന്റെ അശ്രദ്ധ ഇല്ലാതാക്കിയത് വലിയൊരുസ്വപ്‌നവും

പൂകെട്ടുന്ന പണി നോക്കിയിരുന്ന ശങ്കർ വീട്ടിലേക്ക് വരുംവഴിയാണ് 'കാലൻ' ഓട്ടോയുടെ വരവ്; അമിതാവേശത്തിൽ ഓട്ടോ ഓടിച്ചത് ഡ്രൈവിങ് അറിയാത്ത പൊലീസുകാരൻ രജീഷ്; നെഞ്ചത്തേറ്റ ഗുരുതരപരിക്കുകൾ യുവാവിന്റെ ജീവനെടുത്തപ്പോൾ മേൽക്കൂരയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ അസുഖങ്ങളുടെ ഭാരവും പേറി അമ്മ ഓമന ഒറ്റയ്ക്ക്; നഗരസഭ കനിയുക വീടിന്റെ തറ കെട്ടി നൽകിയാൽ മാത്രം; പൊലീസുകാരന്റെ അശ്രദ്ധ ഇല്ലാതാക്കിയത് വലിയൊരുസ്വപ്‌നവും

എം മനോജ് കുമാർ

ചേർത്തല: പൊലീസുകാരന്റെ അമിതാവേശത്തിന്റെ പിഴയായി ജീവൻ ബലി നൽകേണ്ടി വന്ന ശങ്കറിന്റെ (35) കുടുംബം ഇപ്പോൾ ഇരുട്ടിൽ തപ്പുന്നു. എഴുപത് വയസ് കഴിഞ്ഞ മാനസിക അസ്വാസ്ഥ്യമുള്ള 'അമ്മ ഓമന മാത്രമാണ് ഇപ്പോൾ ചേർത്തല നഗരസഭ മൂന്നാംവാർഡ് കടവിലെ വീട്ടിലുള്ളത്. കുത്തിക്കെട്ടി മറിച്ച ചെറ്റപ്പുരയിലാണ് ചേർത്തല മൂന്നാം വാർഡിൽ ശങ്കറും അമ്മയും തങ്ങിയിരുന്നത്. മാനസിക അസ്വാസ്ഥ്യമുള്ള ശങ്കറിന്റെ സഹോദരി ഇപ്പോൾ എവിടെയുണ്ടെന്ന് നാട്ടുകാർക്ക് അറിയുകയുമില്ല. ഏക മകനായ ശങ്കറിന്റെ മരണത്തോടെ ഒറ്റയ്ക്കായ ഈ അമ്മ ഇപ്പോൾ കനിവ് തേടുകയാണ്.

ചേർത്തലയിൽ പൂവ് കെട്ടുന്ന ജോലിയാണ് ശങ്കറിന്. ജോലി കഴിഞ്ഞു ശങ്കർ വീട്ടിലേക്ക് വരുന്ന വഴിയാണ് കഴിഞ്ഞ ദിവസം സിവിൽ പൊലീസ് ഓഫീസർ രജീഷ് ഓടിച്ച ഓട്ടോ ഇടിച്ച് ശങ്കർ കൊല്ലപ്പെടുന്നത്. ആരും തുണയില്ലാതെ കഴിഞ്ഞിരുന്ന ഓമനയുടെ ഏകാശ്രയമായിരുന്ന ശങ്കർ ആണ് പൊലീസുകാരൻ ഓട്ടോ ഓടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവർ മദ്യപിച്ചെന്ന സംശയത്തിൽ സ്റ്റേഷനിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകവേ സിവിൽ പൊലീസ് ഓഫീസറായ രജീഷ് തന്നെ ഓട്ടോ ഓടിച്ചപ്പോഴാണ് നടന്നുപോവുകയായിരുന്ന ശങ്കർ കൊല്ലപ്പെട്ടത്.

ഓട്ടോ ഓടിച്ച് പരിചയമില്ലാത്ത രജീഷ് ഓടിച്ച ഓട്ടോ നേരെ ശങ്കറിനെ ഇടിക്കുകയായിരുന്നു. വയലാർ പാലം ഇറങ്ങിവരുമ്പോഴാണ് നിയന്ത്രണം നഷ്ടമായ ഓട്ടോ ശങ്കറിന്റെ ദേഹത്തിൽ ഇടിച്ചത്. ശങ്കറിനെ ഇടിച്ച ശേഷം സമീപത്തെ കടയുടെ ബോർഡ് തകർത്ത് മരത്തിൽ ഇടിച്ച ശേഷമാണ് ഓട്ടോ നിന്നത്. നെഞ്ചത്ത് ഗുരുതരമായ പരുക്കുകൾ ആണ് ശങ്കറിന്റ മരണകാരണമായത്. ശങ്കർ രക്തം ശർദ്ദിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ സർജറിക്ക് വിധേയമാകുന്നതിനു മുൻപാണ് ശങ്കർ ജീവൻ വെടിയുന്നത്. ശങ്കറിന്റെ മരണത്തോടെ ഓമന തീർത്തും അനാഥയായി. പ്രായത്തിന്റെതായ ശാരീരിക അസ്വസ്ഥതകൾ ഓമനയെ അലട്ടുന്നുണ്ട്. അതിന്നിടയിൽ മാനസിക അസ്വാസ്ഥ്യവുമുണ്ട്. അമ്മയെ പരിചരിച്ചുവരുന്നത് ശങ്കർ ആയിരുന്നു. അതുകൊണ്ട് തന്നെ ശങ്കറിന്റെ മരണത്തോടെ അമ്മയുടെ അവസ്ഥ പരിതാപകരമായിരിക്കുകയാണ്.

ശങ്കറിന്റെ അമ്മയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടെന്നു വാർഡ് കൗൺസിലർ ആർ.മുരളി മറുനാടൻ മലയാളിയോട് പറഞ്ഞു. പിഎംആർവൈ സ്‌കീമിൽ ഇവർക്ക് വീട് വയ്ക്കാൻ അനുമതിയായിരുന്നു. 30000 രൂപ ഈ കാര്യത്തിൽ നഗരസഭയിൽ നിന്ന് നൽകുകയും ചെയ്തു. പക്ഷെ ഈ പണം ഇവർ മരുന്ന് വാങ്ങാനും മറ്റു ആവശ്യങ്ങൾക്കുമാണ് ചെലവാക്കിയത്. വീടിന്റെ അടിത്തറയിടാൻ നൽകിയ പണമായിരുന്നു ഇത്. ശങ്കറിന്റെ അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമാണ്. സഹോദരിയുള്ളപ്പോൾ അവർക്കും മരുന്ന് വേണ്ടതുണ്ടായിരുന്നു. ഈ പണം അവർ മരുന്നിനും മറ്റും ചെലവാക്കി. വീടിന്റെ തറ ഇതുവരെ പൂർത്തിയായിട്ടില്ല. തറ പൂർത്തിയാകാത്തതിനാൽ ഇനി പണം അനുവദിക്കാൻ പ്രയാസവുമാണ്. നാലുലക്ഷത്തോളം രൂപയാണ് ഇവർക്ക് വീടിനായി അനുവദിക്കപ്പെട്ടത്. ഇനി സന്മനസുള്ളവരെ സമീപിച്ച് ഈ പണം വാങ്ങി തറ കെട്ടി നല്കണം. തറ കെട്ടി നൽകിയാൽ ബാക്കി തുക ചേർത്തല മുനിസിപ്പാലിറ്റിയിൽ നിന്നും അനുവദിക്കാൻ പ്രയാസമില്ല. സർക്കാരിൽ നിന്നും ഇവർക്ക് തുക വാങ്ങി നൽകേണ്ടത് കൂടിയുണ്ട്. അതിന്റെ ആലോചനകൾ നടക്കുന്നുണ്ട്-മുരളി പറയുന്നു.

ശങ്കർ കൊല്ലപ്പെട്ടതിന് ശേഷവും സംഭവ സ്ഥലത്ത് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ശങ്കറിന്റെ അപകടമരണം നടന്ന സ്ഥലത്ത് വന്ന പൊലീസുകാർ പരിസരവാസികളെയാണ് ഭീഷണിപ്പെടുത്തിയത്. വിലാസം ചോദിച്ചും ഭീഷണിപ്പെടുത്തിയും കേസ് തേച്ചുമാച്ച് കളയാൻ പൊലീസ് ശ്രമിക്കുന്നതായാണ് നാട്ടുകാർ ആരോപണം ഉയർത്തുന്നത്. പൊലീസ് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയും നാട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്. ശങ്കർ നടുവിൽ ചാടിയതാണ് അപകടം എന്നാണ് മുൻപത്തെ പൊലീസ് ഭാഷ്യം. ഇത് ഉറപ്പിക്കുന്നതിനാണ് നാട്ടുകാരെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് ആരോപണം വന്നത്. പക്ഷെ ഓട്ടോ നിയന്ത്രണം വിട്ടാണ് ശങ്കറിന്റെ മേൽ തട്ടിയത് എന്ന രീതിയിലുള്ള റിപ്പോർട്ട് തന്നെയാണ് മുകളിലേക്ക് പോയത് എന്നാണ് സൂചനകൾ.

ഞായറാഴ്ച വൈകീട്ട് 5.40-ന് വയലാർ പാലത്തിന് സമീപമായിരുന്നു ശങ്കറിന്റെ മരണത്തിനു കാരണമായ അപകടം നടന്നത്. വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ശങ്കർ തിങ്കളാഴ്ച രാവിലെ 10.45-ഓടെയാണ് മരിച്ചത്. ഡ്രൈവർ മദ്യപിച്ചെന്ന സംശയത്തിലാണ് ഓട്ടോ പിടിച്ചത്. ഡ്രൈവറെ പിന്നിലിരുത്തി പൊലീസുകാരൻ ഓട്ടോയുമായി പോകുമ്പോഴായിരുന്നു അപകടം. ഓട്ടോ ഓടിച്ച എ.ആർ.ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കളവംകോടം സ്വദേശി എം.ആർ.രജീഷിനെതിരേ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരേ വകുപ്പുതല നടപടിയും ഉണ്ടാകും.

സംഭവത്തെക്കുറിച്ച് ചേർത്തല സിഐ. വി.പി.മോഹൻലാലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച വയലാർ രക്തസാക്ഷിമണ്ഡപത്തിന് സമീപം വച്ചാണ് ഓട്ടോഡ്രൈവർ ആലപ്പുഴ അവലൂക്കുന്ന് സ്വദേശി മനോജിനെ മദ്യപിച്ചെന്ന സംശയത്തിൽ രജീഷും എഎസ്ഐ. കെ.എം.ജോസഫും ചേർന്ന് പിടിച്ചത്. എന്നാൽ . വയലാർപാലം ഇറങ്ങിവരുമ്പോൾ ഓട്ടോ നിയന്ത്രണംവിട്ട് നടന്നുപോകുകയായിരുന്ന ശങ്കറിന്റെ പിന്നിൽ ഇടിച്ചു. തുടർന്ന് സമീപത്തെ കടയുടെ ബോർഡ് തകർത്ത് ചെറിയ മരത്തിൽ ഇടിച്ചുനിന്നു. രജീഷിനും ഓട്ടോയിലിരുന്നവർക്കും കാര്യമായി പരിക്കില്ല. എന്നാൽ ശങ്കർ മരിക്കുകയൂം ചെയ്തു.

ശങ്കറിന്റെ മരണത്തിൽ ഉടൻ പൊലീസ് റിപ്പോർട്ട് നൽകുമെന്ന് ആലപ്പുഴയിലെ പൊലീസ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. ആലപ്പുഴ എസ്‌പി മരണത്തെക്കുറിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ പൊലീസിൽ തയ്യാറാകുന്ന റിപ്പോർട്ട് സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയുള്ളതാണ്. അപകടമരണം നടന്നതിനാൽ രജീഷിനെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് തയ്യാറാകുന്നത്. രജീഷിനെതിരെ വകുപ്പ്തല നടപടികളും കേസും ഉണ്ടാകും. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാൽ രജീഷിനെതിരെ കേസ് എടുത്തിട്ടുമുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചു എന്ന സംശയം വന്നതിനാലാണ് ഓട്ടോ ഡ്രൈവറെക്കൊണ്ട് ഓട്ടോ ഓടിപ്പിക്കാതിരുന്നത് എന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം. പക്ഷെ വേറെ ഒരു ഓട്ടോഡ്രൈവറെക്കൊണ്ട് ഈ വാഹനം ഓടിപ്പിക്കാമായിരുന്നു. അത് ചെയ്തില്ല. ഇതിനാൽ സംഭവം ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്-ആലപ്പുഴയിലെ പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP