Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർത്തയുടെ സത്യാവസ്ഥ അറിയാൻ സ്‌കൂൾ പ്രധാനാദ്ധ്യാപികയെ വിളിച്ചപ്പോൾ ഭർത്താവിന്റെ വക ശകാരവും തെറിവിളിയും; 'എന്റെ ഭാര്യയെ വിളിക്കരുതെന്നും ചെലയ്ക്കാതെ പോടാ'യെന്നും മറുപടി; മാധ്യമ പ്രവർത്തകൻ സിദ്ദിഖ് പന്നൂരിനെ ഫോണിലൂടെ അധിക്ഷേപിച്ചത് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം; റിപ്പോർട്ടറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്നും ആക്ഷേപം

വാർത്തയുടെ സത്യാവസ്ഥ അറിയാൻ സ്‌കൂൾ പ്രധാനാദ്ധ്യാപികയെ വിളിച്ചപ്പോൾ ഭർത്താവിന്റെ വക ശകാരവും തെറിവിളിയും; 'എന്റെ ഭാര്യയെ വിളിക്കരുതെന്നും ചെലയ്ക്കാതെ പോടാ'യെന്നും മറുപടി; മാധ്യമ പ്രവർത്തകൻ സിദ്ദിഖ് പന്നൂരിനെ ഫോണിലൂടെ അധിക്ഷേപിച്ചത് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം; റിപ്പോർട്ടറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്നും ആക്ഷേപം

കെ വി നിരഞ്ജൻ

കോഴിക്കോട്: ഒരു വാർത്തയുടെ വിവരം അറിയാൻ സ്‌കൂൾ ഹെഡ്‌മിസ്ട്രസിനെ ഫോണിൽ വിളിച്ച മാധ്യമ പ്രവർത്തകനു നേരെ ടീച്ചറുടെ ഭർത്താവും യൂത്ത് ലീഗ് നേതാവുമായ വ്യക്തിയുടെ ഭീഷണിയും അസഭ്യ വർഷവും. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ നജീബ് കാന്തപുരമാണ് മാധ്യമ പ്രവർത്തകനായ സിദ്ദീഖ് പന്നൂരിനെ ഫോണിലൂടെ അസഭ്യം പറഞ്ഞത്. നജീബിന്റെ ഭാര്യ താഹിറ പ്രധാനാധ്യാപികയായ കാന്തപുരം ഈസ്റ്റ് എ എം എൽ പി സ്‌കൂളിൽ പി ടി എ ഭാരവാഹികളോട് ആലോചിക്കാതെ പ്രധാനാധ്യാപിക പി ടി എ ജനറൽ ബോഡി വിളിച്ചു ചേർക്കുന്നുവെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു.

ഇക്കാര്യത്തിൽ സംഭവത്തിന്റെ യഥാർത്ഥ വസ്തുത അന്വേഷിക്കാൻ സിദ്ദീഖ് പന്നൂർ പ്രധാനാധ്യാപിക താഹിറയെ ഫോണിൽ വിളിച്ചിച്ചു. ഫോൺ എടുക്കാതിരുന്ന താഹിറ തിരിച്ച് വിളിച്ചപ്പോൾ പി ടി എ യോഗം സംബന്ധിച്ച് അന്വേഷിച്ചു. എ ഇ ഒ ഓഫീസിലാണെന്നും പിന്നീട് വിളിക്കാമെന്നുമായിരുന്നു മറുപടി. വൈകിട്ട് താഹിറ നാല് തവണ വിളിച്ചതിനെ തുടർന്ന് സിദ്ദീഖ് തിരിച്ചു വിളിച്ചു. റിപ്പോർട്ടറുടെ പേരും വിവരങ്ങളും ചോദിച്ച ഉടനെ ഫോൺ നജീബിന് കൈമാറി. നജീബ് കാന്തപുരമാണെന്ന് പരിചയപ്പെടുത്തിയ ശേഷം എന്താണ് കാര്യമെന്ന് ചോദിച്ചു. സ്‌കൂൾ പി ടി എ യുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാനാണ് വിളിച്ചതെന്ന് പറഞ്ഞപ്പോൾ ഒരു സ്‌കൂളിലെ ഒരു വിഷയവും അന്താരാഷ്ട്ര വാർത്തയൊന്നും അല്ലെന്നായിരുന്നു മറുപടി.

ഇത്തരം വിഷയങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്നും പറഞ്ഞു. വിശദീകരണം അറിയാനാണ് വിളിച്ചതെന്ന് പറഞ്ഞപ്പോൾ നീ പോടാ എന്നും എന്റെ ഭാര്യയെ വിളിക്കരുതെന്നും പറഞ്ഞു. ആരുടെ ഭാര്യ എന്നതല്ല സ്‌കൂളിന്റെ പ്രധാനാധ്യാപിക എന്ന നിലക്കാണ് വിളിച്ചതെന്ന് പറഞ്ഞപ്പോൾ ചെലക്കാതെ പോടാ എന്നായിരുന്നു മറുപടി. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ യൂത്ത് ലീഗ് നേതാവിന്റെ സഭ്യതയില്ലാത്ത സംസാരം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. കാന്തപുരം എ പി വിഭാഗക്കാരനായ സിദ്ദിഖ് സിറാജ് പത്രത്തിന്റെ റിപ്പോർട്ടറാണ്. പ്രദേശത്തെ പ്രാദേശിക ചാനലിന്റെയും റിപ്പോർട്ടറായ ഇദ്ദേഹം പ്രധാനപെട്ട പല ചാനലുകൾക്കും വാർത്ത നൽകുന്നുമുണ്ട്. കരിഞ്ചോല മലയിലുണ്ടായ ഉരുൾ പൊട്ടൽ വിഷയത്തിലടക്കം മുസ്ലിം ലീഗ് നിലപാടുകൾക്കെതിരെ നിരന്തരം വാർത്തകൾ നൽകിയ സിദ്ദിഖി നോട് മുസ്ലിം ലീഗ് നേതൃത്വത്തിനും കടുത്ത എതിർപ്പുണ്ട്. സിദ്ദിഖിന്റെ ഇടപെടലുകൾ ശരിയല്ലെന്നും അതുകൊണ്ട് താമരശ്ശേരി പ്രസ് ക്ലബിൽ നിന്ന് മാധ്യമ പ്രവർത്തകർ തന്നെ ഇദ്ദേഹത്തെ ഒഴിവാക്കിയതാണെന്നുമാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇതേ സമയം വാർത്തയ്ക്ക് വേണ്ടി വിളിച്ച മാധ്യമ പ്രവർത്തകനെ കള്ളകേസിൽ കുടുക്കാനും ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്

അതേസമയം, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്‌കൂളിനും പി.ടി.എക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തുകയും മൊബെയിൽ സംഭാഷണം അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത പന്നൂർ സ്വദേശി വളക്കന പറമ്പത്ത് സിദ്ദീഖിനെതിരെ പ്രധാന അദ്ധ്യാപിക ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. വിദ്യാലയത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തിയതിന്റെ പേരിലാണ് പരാതി. ഹെഡ്‌മിസ്ട്രസ് കെ. താഹിറയാണ് പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP