Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തനിക്കുകൂടി അവകാശപ്പെട്ട സ്ഥലം എത്ര ലക്ഷങ്ങൾ തന്നാലും തരില്ലെന്നു പറഞ്ഞത് പകയായി വളർന്നു; തർക്കം മൂത്തപ്പോൾ ഉറങ്ങിക്കിടന്ന ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പണവും മൊബൈലുമായി മുങ്ങിയത് കവർച്ചയ്ക്കിടെയുള്ള കൊലപാതകമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ; പിറ്റേന്നു പതിവുപോലെ ജോലിക്കും പോയി; സേലം സ്വദേശിയുടെ കൊലപാതകത്തിൽ പ്രതി മൂർത്തിയെ പിടികൂടാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങൾ

തനിക്കുകൂടി അവകാശപ്പെട്ട സ്ഥലം എത്ര ലക്ഷങ്ങൾ തന്നാലും തരില്ലെന്നു പറഞ്ഞത് പകയായി വളർന്നു; തർക്കം മൂത്തപ്പോൾ ഉറങ്ങിക്കിടന്ന ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പണവും മൊബൈലുമായി മുങ്ങിയത് കവർച്ചയ്ക്കിടെയുള്ള കൊലപാതകമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ; പിറ്റേന്നു പതിവുപോലെ ജോലിക്കും പോയി; സേലം സ്വദേശിയുടെ കൊലപാതകത്തിൽ പ്രതി മൂർത്തിയെ പിടികൂടാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: പെരിന്തൽമണ്ണ പട്ടിക്കാട്ടുവെച്ചു തമിഴ്‌നാട് സേലം സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് 19ൽ വാടകയ്ക്ക് താമസിച്ചിരുന്ന മാതേശനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി മൂർത്തിയെ (45) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ 14നാണ് മാതേശനെ വാടകമുറിയുടെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം പരിശോധനയിൽ സംഭവം കൊലപാതകമാണെന്നും മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തിയിരുന്നു.
മൃതദേഹം കണ്ടയുടൻ നാട്ടുകാർ മേലാറ്റൂർ പൊലീസിലാണ് വിവരം അറിയിച്ചത്. തുടർന്നു പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർചെയ്യുകയായിരുന്നു, തുടർന്നാണു കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് മലപ്പുറം ജില്ലാപൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ നിർദ്ദേശ പ്രകാരം കേസ് പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി: കെ.എ സുരേഷ് ബാബു ഏറ്റെടുത്തത്. തുടർന്നു ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്.

പ്രദേശത്തെ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.പ്രതി ആനപ്പറമ്പിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ഇയാളുടെ അച്ഛന്റെ അനിയനാണ് മാതേശൻ.നാട്ടിൽ തനിക്കുകൂടി അവകാശപ്പെട്ട ഭൂമി മാതേശൻ കൈവശപ്പെടുത്തിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലായിരുന്നു. എത്ര ലക്ഷങ്ങൾ തന്നാലും സ്ഥലം തരില്ലെന്നും മാതേശൻ മൂർത്തിയോടു പറഞ്ഞിരുന്നു. ഒരുമാസം മുമ്പ് ഇതേച്ചൊല്ലി തർക്കം നടന്നിരുന്നു. ശേഷം മാതേശനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ 13 ന് രാത്രി എട്ടരയോടെ പ്രതി മാതേശന്റെ മുറിയിലെത്തി സംസാരിച്ചിരുന്നു. മാതേശൻ ഉറക്കമായപ്പോൾ മുറിയിൽനിന്ന് പിക്കാസിലിടുന്ന മരക്കഷ്ണമെടുത്ത് തലയ്ക്കടിച്ച ശേഷം തിരിച്ചുപോയി. കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ അവിടെനിന്ന് പണവും മൊബൈലും എടുത്തു. പിറ്റേദിവസം പതിവുപോലെ ജോലിക്കു പോയി.

മരണവിവരം ഞായറാഴ്ച രാത്രി പുറത്തറിഞ്ഞതോടെ മൃതദേഹം കാണുന്നത് പേടിയാണെന്നു പറഞ്ഞ് മൊബൈൽ ഓഫാക്കി നാട്ടിലേക്ക് മടങ്ങി. പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോൾ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കളോടൊപ്പം പെരിന്തൽമണ്ണയിലെത്തി. കൃത്യമായ തെളിവുകൾ നിരത്തി പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

കൊലപാതകം നടന്ന നാലു ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാനായതും ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനും സഹായിച്ചത് സംഭവം നടന്ന പട്ടിക്കാട് പത്തൊമ്പതിലെ സമീപങ്ങളിലുള്ള സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളാണ്, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീമിന്റെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി: കെ.എ സുരേഷ് ബാബു, സിഐമാരായ അബ്ദുൽ മജീദ്, ഹനീഫ, മേലാറ്റൂർ എസ്‌ഐ: ഷമീർ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളിം എൻ.ടി. കുഷ്ണകുമാർ, എം.മനോജ്കുമാർ, ടി.ശ്രീകുമാർ, അബ്ദുൽ റഷീദ്, അബ്ദുൽ സലാം, മണികണ്ഠൻ, ജോർജ്, സൈബർസെല്ലിലെ ജയചന്ദ്രൻ, ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP