Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഖിലിനെ കുത്തിവീഴ്‌ത്തിയ ശേഷം നസീമും ശിവഞ്ജിത്തും കലാലയത്തിലെത്തിയത് കൈവിലങ്ങളിഞ്ഞ് കൂസലില്ലാതെ; തെളിവെടുപ്പിനെത്തിച്ച പ്രതികൾ കുത്താനുപയോഗിച്ച കഠാര പൊലീസിന് എടുത്തു നൽകി; അക്രമം നടന്ന സ്ഥലത്തെ ചവറിൽ ഒളിപ്പിച്ച ആയുധം എടുത്തു നൽകിയത് ഒന്നാം പ്രതി; .യൂണിയൻ ഓഫീസിലടക്കം തെളിവെടുപ്പ് നടത്തിയ പൊലീസിന് ഇനി പിടികൂടാനുള്ളത് 10 പ്രതികളെ

അഖിലിനെ കുത്തിവീഴ്‌ത്തിയ ശേഷം നസീമും ശിവഞ്ജിത്തും കലാലയത്തിലെത്തിയത് കൈവിലങ്ങളിഞ്ഞ് കൂസലില്ലാതെ; തെളിവെടുപ്പിനെത്തിച്ച പ്രതികൾ കുത്താനുപയോഗിച്ച കഠാര പൊലീസിന് എടുത്തു നൽകി; അക്രമം നടന്ന സ്ഥലത്തെ ചവറിൽ ഒളിപ്പിച്ച ആയുധം എടുത്തു നൽകിയത് ഒന്നാം പ്രതി; .യൂണിയൻ ഓഫീസിലടക്കം തെളിവെടുപ്പ് നടത്തിയ പൊലീസിന് ഇനി പിടികൂടാനുള്ളത് 10 പ്രതികളെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ മുഖ്യപ്രതികളെ പൊലീസ് കോളേജിലെത്തിച്ച് തെളിവെടുത്തു. രാവിലെ ഒൻപത് മണിയോടെയാണ് പൊലീസ് വ്യൂഹം പ്രതികളുമായി കോളേജിൽ എത്തിയത്. മാധ്യമങ്ങളെ അകത്ത് കടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച പൊലീസ് അര മണിക്കൂറിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങി. കൈവിലങ്ങളിഞ്ഞാണ് ഇരു പ്രതികളെയും കോളേജിൽ എത്തിച്ചത്. അതേസമയം ഇരുവർക്കും ഭാവഭേദങ്ങളൊന്നുമില്ലാതെയാണ് എത്തിയത്. അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്തുകൊടുത്തു. ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേർന്ന് ചവറിനകത്താണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്.

കേസിൽ നിർണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയൻ മുറിയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തിയെടുത്തുകൊടുത്തതെന്നും പൊലീസ് പറയുന്നു. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം.

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിനും പിഎസ്‌സിക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും.

ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. എസ്എഫ്‌ഐ അംഗങ്ങളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികൾ അഖിലിനെ തടഞ്ഞ് നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

എതിർ ശബ്ദങ്ങളെ അടിച്ചൊതുക്കാൻ തീരുമാനിച്ചിരുന്നതായി വധശ്രമക്കേസിലെ പ്രതികളായ ശിവരജ്ഞിത്തും നസീമും പൊലീസിന് മൊഴി നൽകിയിരുന്നു. കേസിൽ ഇനിയും അറസ്റ്റിലാകാനുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. യൂണിവേഴ്‌സിറ്റി കോളജ് പ്രശ്‌നം യോഗത്തിൽ ചർച്ചയാകും. കോളജിലെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിലും എസ്എഫ്‌ഐയെ നിയന്ത്രിക്കുന്നതിലും സിപിഎം ജില്ലാ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. നേരത്തെ കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ തന്നെ ഇടപെട്ട് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഇന്നലെ ഇക്കാര്യം ജില്ലാ കമ്മിറ്റിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. താഴെ തട്ടിലെ ഇടപെടലിലൂടെ നേരത്തെ തന്നെ പരിഹരിക്കാമായിരുന്ന പ്രശ്‌നം സർവകലാശാലയുടെയും പി എസ് സിയുടെയും വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യുന്നതലത്തിലേക്ക് വളർന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും ചില നേതാക്കൾക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP