Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജൂൺമാസത്തിൽ കേരളത്തിലുയരുന്ന ഡെങ്കിപ്പനി നിലവിളികൾക്ക് ഒടുവിൽ അന്ത്യമായേക്കുമോ? ചൈനീസ് ശാസ്ത്രജ്ഞർ വികസിപ്പിച്ച പ്രത്യേക ചികിത്സാ രീതി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ ഇല്ലാതാക്കിയേക്കും; ചൈനയിൽ രണ്ട് ദ്വീപുകളിൽ നടന്ന പരീക്ഷണം കേരളത്തിന് പ്രതീക്ഷയാകുമ്പോൾ

ജൂൺമാസത്തിൽ കേരളത്തിലുയരുന്ന ഡെങ്കിപ്പനി നിലവിളികൾക്ക് ഒടുവിൽ അന്ത്യമായേക്കുമോ? ചൈനീസ് ശാസ്ത്രജ്ഞർ വികസിപ്പിച്ച പ്രത്യേക ചികിത്സാ രീതി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ ഇല്ലാതാക്കിയേക്കും; ചൈനയിൽ രണ്ട് ദ്വീപുകളിൽ നടന്ന പരീക്ഷണം കേരളത്തിന് പ്രതീക്ഷയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഴക്കാലത്ത് കേരളം ഏറ്റവും പേടിക്കുന്ന രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി. കൊതുകുകൾ പരത്തുന്ന ഈ രോഗത്തെ തുടച്ചുനീക്കാനാകുമെന്ന പ്രതീക്ഷ നൽകുകയാണ് ചൈനയിലെ ശാസ്ത്രജ്ഞർ. ഡെങ്കിപ്പനികൊണ്ട വലഞ്ഞ രണ്ട് ദ്വീപുകളിലെ ജനങ്ങളെ അവർ രക്ഷിച്ച വാർത്തയാണ് കേരളത്തിന് പ്രതീക്ഷ പകരുന്നത്. പുതിയ സംവിധാനമുപയോഗിച്ച് ഈ ദ്വീപുകളിൽനിന്ന് കൊതുകകളെ അപ്പാടെ തുരത്തിയാണ് രോഗഭീതി ഒഴിപ്പിച്ചത്.

ചെറിയ രണ്ട് ദ്വീപുകളിൽ ഈ സംവിധാനം വിജയം കണ്ടുവെങ്കിലും വലിയൊരു പ്രദേശത്ത് നടപ്പാക്കുക പ്രയാസമാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മാത്രമല്ല, അതിന് ചെലവേറുകയും ചെയ്യും. ഡെങ്കിയും സിക വൈറസും മറ്റും പരത്തുന്ന ഏഷ്യൻ ടൈഗർ വിഭാഗത്തിലെ കൊതുകുകളെയാണ് ശാസ്ത്രജ്ഞർ തുരത്തിയത്. വൈറസിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയെ വികസിപ്പിക്കുകയും റേഡിയേഷൻ നൽകുകയും ചെയ്താണ് കൊതുകുകളെ പൂർണമായും തുരത്തിയത്. കൊതുകുകളുടെ പ്രത്യുത്പാദനശേഷി റേഡിയേഷനിലൂടെ ഇല്ലാതാക്കിയതോടെ, കൊതുകുകൾ പെരുകുന്നത് തടയാനായി.

ബാക്ടീരിയയെ കടത്തിയ ആൺകൊതുകുകളെ ഗ്വാങ്ഷുവിന് സമീപത്തുള്ള ദ്വീപുകളിൽ കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഷിയോങ് സിയുടെ നേതൃത്വത്തിലുള്ള സംഘം 2016-ലും 2017-ലും 18 ആഴ്ചയോളം പരീക്ഷണം തുടർന്നു. ഡെങ്കി രോഗവാഹകരായ പെൺകൊതുകുകളെ റേഡിയേഷനിലൂടെ വന്ധ്യംകരിക്കുകയും പ്രത്യുത്പാദനം പൂർണമായും തടയുകയും ചെയ്തു. 90 ശതമാനത്തിലേറെപ്പേർക്ക് ഡെങ്കിപ്പനി വന്നിരുന്ന മേഖലയാണിത്.

കൊതുകുകളെ പൂർണമായും ഇല്ലാതാക്കിയതോടെ, ഈ മേഖലകളെ ഡെങ്കിബാധയിൽനിന്ന് വലിയൊരു അളവുവരെ രക്ഷിക്കാനായതായി ഷിയോങ് സി പറഞ്ഞു. ബാക്ടീരിയ കലർന്ന ആൺകൊതുകുകളെ ഉപയോഗിച്ചാണ് പ്രതിരോധമെന്നതിനാൽ, ഓരോ ചെറുപ്രദേശത്തേക്കും വേണ്ടത്ര കൊതുകുകളെ സൃഷ്ടിക്കുകയാണ് പരീക്ഷണത്തിലെ ശ്രമകരമായ ദൗത്യം. രണ്ടുവർഷത്തിനിടെ, രണ്ട് ചെറുദ്വീപുകളിലുമായി 200 ദശലക്ഷം ആൺകൊതുകുകളെയാണ് തുറന്നുവിട്ടത്.

ശ്രമകരമായ പരീക്ഷണമാണിതെന്ന് വേൾഡ് മൊസ്‌കിറ്റോ പ്രോഗ്രാമിലെ സ്‌കോട്ട് ഒനീൽ പറഞ്ഞു. ഇതെങ്ങനെ മറ്റൊരു പ്രദേശത്ത് പരീക്ഷിച്ച് വിജയിക്കാനാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലാർവകൾ വിരിയിച്ച് ബാക്ടീരിയ കടത്തിവിട്ട് പ്രതിരോധശേഷിയുള്ള കൊതുകുകളെ നിർമ്മിക്കുകയെന്നതാണ് ശ്രമകരമായ കാര്യം. ഇതിന് നിരന്തര നിരീക്ഷണവും ഒട്ടേറെ പണവും ആവശ്യമാണ്. ഇതിനേക്കാൾ ചെലവുകുറഞ്ഞ കീടനാശിനികൾ ലഭ്യമാണെന്നതും പരീക്ഷണത്തെ പിന്നോട്ടടിക്കുന്നുണ്ട്.

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വരയൻ കൊതുകുകൾ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ടു വളരുന്നത്. പകൽ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകർച്ച പനിയാകാൻ സാധ്യതയുള്ളതിനാൽ സ്വയം ചികിത്സിക്കാതെ തുടക്കത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. നാല് തരത്തിലുള്ള വൈറസുകൾ ഉള്ളതുകാരണമാണ് ഒരിക്കൽ രോഗം വന്നിട്ടുള്ളവർക്ക് വീണ്ടും ഈ രോഗം വരുന്നത്.

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽപ്പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ ആരംഭത്തിൽ തന്നെ ഡെങ്കിപനിയാണെന്ന് കണ്ടുപിടിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്. കടുത്ത രോഗമുള്ളവരിൽ (ഡെങ്കുഷോക് സിൻഡ്രോം) രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിൽ വരുന്ന കുറവുമൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയിൽ നിന്ന് രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കു ഹെമറാജിക് ഫീവർ). ഈ രണ്ട് പ്രത്യാഘാതങ്ങളും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ, മരണത്തിലേക്ക് നയിക്കുകയോ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP