Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മതിലുചാടിയെത്തിയ ശിൽപയുടെ മുദ്രാവാക്യം വിളിയിൽ ഞെട്ടി ഇരട്ടച്ചങ്കൻ; സെക്രട്ടറിയേറ്റിലേക്കുള്ള ഗേറ്റുകളെല്ലാം പൂട്ടി ഇനി ഇടതു ഭരണം; ഈച്ച പോലും അനുമതിയില്ലാതെ അകത്തു കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അനക്‌സിലും അതീവ ജാഗ്രത; അരിമ്പൂരിലെ പുലിക്കുട്ടിയെ ഭയന്ന് ആറു മന്ത്രിമാർക്കായി വാങ്ങുന്നത് രണ്ടരക്കോടി ചെലവിട്ട് 100 നിരീക്ഷണ ക്യാമറകൾ; തൽകാലം പൊതുജനങ്ങളും വരണ്ടെന്ന് പിണറായി സർക്കാർ; ഭരണസിരാ കേന്ദ്രത്തിൽ പ്രവേശനം മന്ത്രിമാർക്കും ജീവനക്കാർക്കും മാത്രമായി ചുരുങ്ങുമ്പോൾ

മതിലുചാടിയെത്തിയ ശിൽപയുടെ മുദ്രാവാക്യം വിളിയിൽ ഞെട്ടി ഇരട്ടച്ചങ്കൻ; സെക്രട്ടറിയേറ്റിലേക്കുള്ള ഗേറ്റുകളെല്ലാം പൂട്ടി ഇനി ഇടതു ഭരണം; ഈച്ച പോലും അനുമതിയില്ലാതെ അകത്തു കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അനക്‌സിലും അതീവ ജാഗ്രത; അരിമ്പൂരിലെ പുലിക്കുട്ടിയെ ഭയന്ന് ആറു മന്ത്രിമാർക്കായി വാങ്ങുന്നത് രണ്ടരക്കോടി ചെലവിട്ട് 100 നിരീക്ഷണ ക്യാമറകൾ; തൽകാലം പൊതുജനങ്ങളും വരണ്ടെന്ന് പിണറായി സർക്കാർ; ഭരണസിരാ കേന്ദ്രത്തിൽ പ്രവേശനം മന്ത്രിമാർക്കും ജീവനക്കാർക്കും മാത്രമായി ചുരുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനും ഉത്തരക്കടലാസ് ചോർച്ചയ്ക്കും പിന്നാലെയുള്ള സമരപരമ്പരകൾ സെക്രട്ടറിയേറ്റിനുള്ളിലും എത്തി. തൃശൂരിൽ നിന്നുള്ള ശിൽപാ സി സെക്രട്ടറിയേറ്റ് ചാടിക്കടന്ന് നോർത്ത് ബ്ലോക്കിലേക്ക് ഇരമ്പിയെത്തി. ഇനിയും ഇത്തരം സമരങ്ങൽക്ക് സാധ്യത കാണുകയാണ് സർക്കാർ. ഇത് മുന്നിൽ കണ്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് പൊതുജനങ്ങൾക്കു കയറാൻ കഴിയാത്ത തരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

4 പ്രധാന ഗേറ്റുകളിൽ 3 എണ്ണവും അടച്ചിട്ടു. തുറന്നിട്ട കന്റോൺമെന്റ് ഗേറ്റിലാകട്ടെ കർശന പരിശോധനകൾക്കു ശേഷമാണു സന്ദർശകരെ കടത്തിവിട്ടത്.ശിൽപ ബുധനാഴ്ച മതിൽ ചാടിക്കടന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്ന ബ്ലോക്കിന്റെ വാതിൽക്കൽ വരെയെത്തിയിരുന്നു. വരുംദിവസങ്ങളിലും സമാന പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും കർശന സുരക്ഷ വേണമെന്നും സ്‌പെഷൽ ബ്രാഞ്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇന്നലെ മന്ത്രി കെ.ടി. ജലീലിന്റെ ഓഫിസിലേക്കു മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരും സുരക്ഷ ഭേദിക്കാൻ ശ്രമിച്ചിരുന്നു. കൂടുതൽ വനിതാ പൊലീസുകാരെയും സെക്രട്ടേറിയറ്റിലും അനെക്‌സ് 1, അനെക്‌സ് 2 മന്ദിരങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

6 മന്ത്രിമാരുടെ ഓഫിസ് പ്രവർത്തിക്കുന്ന അനെക്‌സ് 2 മന്ദിരത്തിൽ രണ്ടരക്കോടി രൂപ മുടക്കി സുരക്ഷ കൂട്ടാൻ പൊതുഭരണ വകുപ്പ് അനുമതി നൽകി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, എം.എം. മണി, വി എസ്. സുനിൽകുമാർ എന്നിവരുടെ ഓഫിസുകളാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും എതിരെ നിരന്തരം സമരങ്ങൾ നടക്കാറുണ്ട്. ഇതു കണക്കിലെടുത്താണ് 101 നിരീക്ഷണ ക്യാമറകൾ, മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങൾ എന്നിവ ഏർപ്പെടുത്താൻ രണ്ടരക്കോടി രൂപ അനുവദിച്ചത്. ശിൽപയെ പോലുള്ളവർ മതിൽ ചാടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സെക്രട്ടറിയേറ്റിന് പുറത്തും അകത്തും പൊലീസുകാരെ നിയോഗിച്ചു.

ഉത്തരക്കടലാസിൽ ഞെട്ടി യൂണിവേഴ്‌സിറ്റി

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തു കേസ് പ്രതി ആർ.ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്ത ഉത്തരക്കടലാസുകൾ വ്യാജമല്ലെന്ന് കേരള സർവകലാശാല പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ട്.

ഈ ഉത്തരക്കടലാസുകൾ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു തന്നെ ചോർന്നതാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട്, സിൻഡിക്കറ്റിനു പരീക്ഷാ കൺട്രോളർ സമർപ്പിച്ചു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത 320548 സീരിയൽ നമ്പരിലുള്ള ഉത്തരക്കടലാസ് 2015 നവംബറിൽ സർവകലാശാലയിൽ നിന്നു യൂണിവേഴ്‌സിറ്റി കോളജ് കൈപ്പറ്റിയ 15 കെട്ടുകളിൽ ഉൾപ്പെടുന്നതാണ്; 359467 എന്ന സീരിയൽ നമ്പരിലുള്ളത് 2016 ഏപ്രിലിൽ കൈപ്പറ്റിയ 25 കെട്ടിലുള്ളതും. ഓരോ കേന്ദ്രത്തിലേക്കും വിതരണം ചെയ്യുന്ന ഉത്തരക്കടലാസ് ബുക്കുകളുടെയും അഡീഷനൽ ഷീറ്റുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ആ കോളജിലെ പ്രിൻസിപ്പലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാ കേന്ദ്രം പിഎസ്‌സി മാറ്റും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പിഎസ്‌സി, യുപിഎസ്‌സി പരീക്ഷകൾ യൂണിവേഴ്‌സിറ്റി കോളജിൽ നടത്തേണ്ടെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതുപ്രകാരം, നാളത്തെ ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ്് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) പരീക്ഷയുടെ കേന്ദ്രം ഇവിടെനിന്നു മാറ്റി. കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ എങ്ങനെ ചോർന്നെന്നും ഉത്തരവാദികൾ ആരെന്നും അന്വേഷിക്കുന്നതിനു മൂന്നംഗ ഉപസമിതിയെ സിൻഡിക്കറ്റ് യോഗം ചുമതലപ്പെടുത്തി.

യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത ഉത്തരക്കടലാസുകൾ കോളജിൽ നിന്നാണു ചോർന്നതെന്ന പരീക്ഷാ കൺട്രോളറുടെയും പൊലീസിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടി. നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റവും സമിതി നിർദ്ദേശിക്കും. കോളജ് അധികൃതരുടെ ഭാഗത്തു ഗുരുതര വീഴ്ച പറ്റിയതായി സിൻഡിക്കറ്റ് വിലയിരുത്തി. ചോർന്ന ഉത്തരക്കടലാസുകൾ പരീക്ഷയ്ക്ക് ഉപയോഗിച്ചുവെന്നാണോ നഷ്ടപ്പെട്ടുവെന്നാണോ രേഖപ്പെടുത്തിയതെന്നു പരിശോധിക്കും.

പ്രതിയുടെ വീട്ടിൽ നിന്നു ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലും കിട്ടിയിരുന്നു. ഇത് ക്രിമിനൽ കുറ്റമായതിനാൽ പൊലീസ് അന്വേഷണം ആവശ്യപ്പെടും. ആരോപണ വിധേയർ എഴുതിയ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടില്ലെന്നു സിൻഡിക്കറ്റ് അംഗം കെ.എച്ച്. ബാബുജാൻ അറിയിച്ചു. ഉത്തരക്കടലാസ് ചോർച്ച അന്വേഷിക്കുന്ന സിൻഡിക്കറ്റ് ഉപസമിതിയിലെ 3 അംഗങ്ങളും സിപിഎം പ്രതിനിധികളാണ്. സിപിഐ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്നു വൈസ് ചാൻസലർ അറിയിച്ചെങ്കിലും ചില സിപിഎം അംഗങ്ങളുടെ എതിർപ്പിനെത്തുടർന്നു തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP