Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിഎസ് സി ക്രമക്കേടിലും യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ്യ ഹരിദാസ് ലോക്‌സഭയിൽ; കേരള സർക്കാർ ആവശ്യം നിരാകരിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു; കന്നിപ്രസംഗത്തിൽ ആലത്തൂരിലെ കാർഷിക പ്രശ്‌നം ഉന്നയിച്ച യുവനേതാവ് ഇത്തവണ തെരഞ്ഞെടുത്തത് കേരളത്തെ സമരകലുഷിതമാക്കിയ വിഷയം; പ്രതീക്ഷകൾ തെറ്റാത്ത ഇടപെടലെന്ന് സോഷ്യൽ മീഡിയ

പിഎസ് സി ക്രമക്കേടിലും യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ്യ ഹരിദാസ് ലോക്‌സഭയിൽ; കേരള സർക്കാർ ആവശ്യം നിരാകരിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു; കന്നിപ്രസംഗത്തിൽ ആലത്തൂരിലെ കാർഷിക പ്രശ്‌നം ഉന്നയിച്ച യുവനേതാവ് ഇത്തവണ തെരഞ്ഞെടുത്തത് കേരളത്തെ സമരകലുഷിതമാക്കിയ വിഷയം; പ്രതീക്ഷകൾ തെറ്റാത്ത ഇടപെടലെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിലെ ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസവും പിഎസ് സി ക്രമക്കേടുകളും ലോക്‌സഭയിൽ ഉന്നയിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസ്. ഈ വിഷയത്തിൽ കോൺഗ്രസും കെഎസ് യുവും തലസ്ഥാനത്ത് സമരം തുടരുന്ന ഘട്ടത്തിലാണ് പ്രശ്‌നം രമ്യ ലോക്‌സഭയിലും ഉന്നയിച്ചത്. ലോക്‌സഭയിൽ ഇന്നലെ ക്രമപ്രശ്‌നമായാണ് രമ്യ കേരളത്തിലെ വിഷയം ഉന്നയിച്ചത്. പിഎസ് സി വിഷയത്തിൽ അടക്കം ക്രമക്കേട് നടക്കുന്നു എന്നാണ് രമ്യ ഉന്നയിച്ച കാര്യം. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തിയ റെയ്ഡിൽ ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത വിഷയം അവർ ചൂണ്ടിക്കാട്ടി.

ഇതിൽ ഗുരുതരമായ കാര്യം കൊലപാതക കേസിൽ പ്രതിയായ ശിവരഞ്ജിത്തും നസീമും അടക്കമുള്ളവർ പിഎസ്‌സി ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട് എന്നതാണെന്നും ആലത്തൂർ എംപി വ്യക്തമാക്കി. ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന കെഎസ് യു നിലപാടിനെ പിന്തുണച്ചു കൊണ്ടാണ് രമ്യ സംസാരിച്ചത്. കേരള സർക്കാറും ഈ വിഷയത്തെ തള്ളിക്കളയുകയാണ് ഉണ്ടായതെന്നും പ്രശ്‌നത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്നുമാണ് രമ്യ ആവശ്യപ്പെട്ടത്.

കെഎസ് യു അധ്യക്ഷൻ അഭിജിത്ത് നിരാഹാര സമരം കിടക്കുന്ന കാര്യം അടക്കം സൂചിപ്പിച്ചാണ് രമ്യയുടെ പ്രസംഗം. ശിൽപ സെക്രട്ടറിയേറ്റിലേക്ക് ചാടിക്കടന്ന് പ്രതിഷേധം അറിയിച്ചത് അടക്കം വലിയ വാർത്താ പ്രാധാന്യം നേടിയ ഘട്ടത്തിലാണ് ആലത്തൂർ എംപി ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്. രമ്യയുടെ കന്നിപ്രസംഗം ആലത്തൂരിലെ കാർഷിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കേരളത്തിൽ സജീവമായി ചർച്ച ചെയ്യുന്ന വിഷയം അവർ പാർലമെന്റിൽ എടുത്തിട്ടത്. ഇതോടെ ആലത്തൂർ എംപി ലോക്‌സഭയിൽ തന്റേതായ ശൈലിയിലൂടെ ശ്രദ്ധ നേടുന്നുണ്ട്.

ആലത്തൂർ മണ്ഡലത്തിൽ മിന്നും വിജയം നേടി എത്തിയ രമ്യ ഹരിദാസ് കന്നി പ്രസംഗത്തിൽ തന്നെ താരമായിരുന്നു. സ്പീക്കർ പേരു വിളിച്ചപ്പോൾ തെറ്റിയപ്പോൾ അതിനെ തിരുത്തിയും രമ്യ താരമായിരുന്നു. ഓം ബിർള സംസാരിക്കാൻ വിളിച്ചപ്പോൾ രാമയ്യ എന്നു പറഞ്ഞപ്പോൾ രമ്യയും മറ്റംഗങ്ങളും ചേർന്ന് ഇത് തിരുത്തുകയായിരുന്നു. ഇത് കേട്ട് ചിരിച്ചു പോയ സ്പീക്കർ പിന്നാലെ രമ്യയെ പുകഴ്‌ത്തി സംസാരിച്ചു. തദ്ദേശ ഭരണ നേതൃതലത്തിൽ മികച്ച പ്രവർത്തനമാണ് രമ്യ കാഴ്ചവെച്ചതെന്ന് സ്പീക്കർ അംഗങ്ങളോടായി പറഞ്ഞു.

ഇതിനു പിന്നാലെ രമ്യ സംസാരിച്ചു. വ്യക്തമായ ഇംഗ്ലീഷിൽ തന്നെയാണ് രമ്യ ആലത്തൂരിന്റെ പ്രശ്‌നങ്ങൾ സഭയിൽ അവതരിപ്പിച്ചത്. ആലത്തൂർ കാർഷിക മേഖലയാണെന്നും കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗമെന്നും രമ്യ പറഞ്ഞു. കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കർഷകർക്ക് മിനിമം വില ലഭിക്കുന്നില്ലെന്ന് രമ്യ വ്യക്തമാക്കി. അടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷം തളിച്ച പച്ചക്കറികളെപ്പോലെയല്ല, ഓർഗാനിക് രീതിയിലാണ് ഇവിടെ കർഷകർ കൃഷി ചെയ്യുന്നതെന്നും അതിനാൽ പച്ചക്കറികൾ സംഭരിച്ച് സൂക്ഷിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സംഭരണികൾ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി രമ്യ പറഞ്ഞു.

പാർലമെന്റ് ശ്രദ്ധിച്ച ഈ പ്രസംഗത്തിന് ശേഷം ഇന്നലെ പ്രസംഗിച്ചപ്പോഴും രമ്യ ഇംഗ്ലീഷിൽ തന്നെ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു. എന്തായാലും പ്രചരണ വേളയിൽ ഐഡിയ സ്റ്റാർ സിംഗർ പരിപാടിയല്ല ഇതെന്ന് പറഞ്ഞ ദീപാ നിശാന്തിനെ പോലുള്ളവരുടെ വായടപ്പിക്കുന്ന വിധത്തിലാണ് ആലത്തൂരിലെ യുവ എംപിയുടെ ലോക്‌സഭയിലെ പ്രകടനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP