Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർ ആലഞ്ചേരിയുടെ അരമനയിൽ സമരം നടത്തുന്ന വൈദികർക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയ്ക്ക് മുമ്പിൽ; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികൻ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാർ കൂടി വിമതർക്കെതിരെ ശബ്ദം ഉയർത്തിയതോടെ സമരക്കാർ എങ്ങനേയും തടിയൂരാൻ നീക്കം തുടങ്ങി

മാർ ആലഞ്ചേരിയുടെ അരമനയിൽ സമരം നടത്തുന്ന വൈദികർക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയ്ക്ക് മുമ്പിൽ; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികൻ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാർ കൂടി വിമതർക്കെതിരെ ശബ്ദം ഉയർത്തിയതോടെ സമരക്കാർ എങ്ങനേയും തടിയൂരാൻ നീക്കം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വൈദികർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സ്ഥിരം സിനഡ് വൈദികരുമായി ചർച്ച നടത്തിയെങ്കിലും സമവായം അകലെ. തീരുമാനങ്ങളെപ്പറ്റി പ്രതികരിക്കാൻ ഇരുകൂട്ടരും തയാറായില്ല. ഉച്ചയ്ക്ക് 3 ന് ആരംഭിച്ച ചർച്ച രാത്രി 8.30 വരെ നീണ്ടു. അതിരൂപതാ ആസ്ഥാനത്ത് വൈദികൻ നടത്തുന്ന നിരാഹാര സത്യഗ്രഹം മൂന്നാം ദിനത്തിലേക്കു കടന്നു. അതിനിടെ പ്രതിഷേധിക്കുന്ന വൈദികർക്കെതിരെ വിശ്വാസികൾ സംഘടിക്കുകയാണ്. മാർ ആലഞ്ചേരിയുടെ അരമനയ്ക്കുള്ളിലാണ് സമരം. ഈ അരമനയ്ക്ക് പുറത്ത് വിശ്വാസികളും തമ്പടിക്കുകയാണ്. ദിവസം കൂടും തോറും വിശ്വാസികൾ കൂടി വരും.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അതിരൂപതാ അധ്യക്ഷസ്ഥാനം ഒഴിയുക, ഓഗസ്റ്റിൽ നടക്കുന്ന സിറോ മലബാർ സിനഡ് മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്നതിനു പകരം വത്തിക്കാൻ പ്രതിനിധിയുടെ നേതൃത്വത്തിൽ ചേരുക, അതിരൂപതയ്ക്കു സ്വീകാര്യനായ അഡ്‌മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ പൂർണ ചുമതലയോടെ നിയമിക്കുക, സസ്‌പെൻഡ് ചെയ്യപ്പെട്ട അതിരൂപതാ സഹായ മെത്രാന്മാരെ പൂർണ ചുമതലകളോടെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൈദികർ സത്യഗ്രഹസമരം ആരംഭിച്ചത്. എന്നാൽ ഈ തീരുമാനം എടുത്തത് മാർപാപ്പയാണ്. റോമിൽ നിന്നുള്ള വിശുദ്ധ തീരുമാനത്തിനെതിരെ വൈദികർ സമരം ചെയ്യുന്നതാണ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്. എറണാകുളത്ത് നിന്ന് തന്നെയുള്ള വിശ്വാസികളാണ് പ്രതിഷേധവുമായെത്തുന്നത്.

മാർപ്പാപ്പയെ അനുസരിക്കാനാവില്ലെന്ന വൈദികരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് വിശ്വാസികളുടെ പക്ഷം. അരമനയ്ക്കുള്ളിലെ വൈദികരുടെ പ്രതിഷേധത്തിൽ ചിലരുടെ സഹായവും ഉണ്ടായിരുന്നു. സമരത്തിനെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികൾ ഇവർക്കെതിരേയും പ്രതിഷേധിച്ചു. ഇതോടെ ഇവരെ സമര സ്ഥലത്ത് നിന്ന് പൊലീസ് ഇടപെട്ട് ഒഴിവാക്കി. വൈദികർക്ക് മാത്രമാണ് ഇപ്പോൾ അരമനയ്ക്കുള്ള നിൽക്കാൻ അവസരമുള്ളത്. വ്യാജ രേഖയിൽ അന്വേഷണം കടുത്തതാണ് വിമത വൈദികരെ കുഴക്കുന്നത്. ഇതാണ് അവരുടെ സമരത്തിനും കാരണം. ഇത് വിശ്വാസികൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് എറണാകുളം അതിരൂപതയിലുള്ളവർ തന്നെ വൈദികർക്കെതിരെ പ്രതിഷേധവുമായെത്തുന്നത്. വരും ദിവസങ്ങളിൽ വിശ്വാസികളടെ എണ്ണം കൂടുകയും ചെയ്യാനാണ് സാധ്യത. ഇത് വിമത വൈദികർക്ക് വലിയ വെല്ലുവിളിയുമാകും. പ്രതിഷേങ്ങൾ ശക്തമാകുന്നതിനിടെയാണ് ഫാ.ജോസഫ് പാറേക്കാട്ടിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം തുടരുന്നത്.

അതിനിടെ പ്രതിഷേധിക്കുന്ന വൈദികരിൽ ചിലർ മദ്യപിക്കുന്നതായുള്ള പരാതി നിരാഹരത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കുണ്ട്. അരമനയ്ക്കുള്ളിലുള്ള ഒരു വൈദികൻ കാല് നിലത്തുറയ്ക്കാതെ പുറത്തിറങ്ങിയത് വിവാദമായി. ഇതിനെതിരെ വിശ്വാസികൾ പ്രതിഷേധിക്കുകയും ചെയ്തു. ഇതൊന്നും അനുവദിക്കാനാകില്ലെന്നാണ് വിശ്വാസികളുട പെക്ഷം. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന സമവായ ചർച്ചയിൽ സ്ഥിരം സിനഡ് അംഗങ്ങളും ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട് എന്നിവരും ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും പങ്കെടുത്തു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചർച്ചയിൽനിന്നു വിട്ടുനിന്നു. അദ്ദേഹം പങ്കെടുക്കുന്ന ഒരു സമിതിയുമായി ചർച്ചയ്ക്കു തയാറല്ലെന്നു വൈദികർ ആദ്യമേ വ്യക്തമാക്കിയിരുന്നു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ചർച്ചയ്ക്കുള്ള സന്നദ്ധത വൈദികരെ അറിയിക്കുകയായിരുന്നു.

ഫാ. ബെന്നി മാരാംപറമ്പിൽ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ഫോർമിസ് മൈനാട്ടി, ഫാ. ജോയ്‌സ് കൈതക്കോട്ടിൽ, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസ് ഇടശേരി, ഫാ. ആന്റണി നരികുളം, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവർ ചർച്ചയിൽ വൈദികരെ പ്രതിനിധീകരിച്ചു. സിറോ മലബാർ സഭാതലവനോട് മാറി നിൽക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതും പ്രതിഷേധക്കാരെ വെട്ടിലാക്കി. സിനഡിനെയോ സിനഡിന്റെ തലവനെയോ എതിർക്കാൻ പാടില്ല. ആത്മാർഥയോടെ, നിഷ്ങ്കളങ്കതയോടെ ശുശ്രൂഷ ചെയ്യുന്ന സഭാതലവനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ആരെങ്കിലും പറയുന്നതു കേട്ട് മാറി നിൽക്കേണ്ടി വന്നാൽ പിന്നെ ശുശ്രൂഷകൾക്ക് തുടർച്ചയും പ്രസക്തിയുമില്ലാതാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതാണ് അതിരൂപതയിലെ വിശ്വാസികളും പറയുന്നത്. സ്വത്തുക്കളിൽ കണ്ണു വച്ചുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്നും അവർ പറയുന്നു.

സഭ ഐക്യത്തോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. സഭയുടെ ഒരുമയ്ക്കു വേണ്ടി ശക്തമായ പ്രാർത്ഥന ആവശ്യമായ സമയമാണിത്. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. സഭയിൽ അച്ചടക്കം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എറണാകുളം അതിരൂപതയിൽ കർദിനാളിനെതിരെ വൈദികർ നടത്തുന്ന സമരം സഭയുടെ പാരമ്പര്യങ്ങൾക്കെതിരാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് എതിരാണ് സഭാ തലവനെതിരെ നടത്തുന്ന സമരം. സഭാ സിനഡിലെ ഭൂരിപക്ഷത്തിന്റെ തലവൻ എന്ന നിലയിൽ ആത്മാർഥമായാണ് പ്രവർത്തിക്കുന്നത്. വൈദികരും വിശ്വാസികളും മെത്രാന്മാരും സഭാ നേതൃത്വത്തെ അനുസരിക്കണം. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

വ്യാജരേഖ കേസിൽ വൈദികരെയും വിശ്വാസികളെയും പൊലീസ് പീഡിപ്പിക്കുന്നത് തടയണം എന്നതാണ് വിമതരുടെ പ്രധാന ആവശ്യം.. സിനഡ് അധ്യക്ഷസ്ഥാനത്തുനിന്ന് കർദിനാൾ മാറിനിൽക്കണമെന്ന ആവശ്യം, കാനൻ നിയമത്തിന് എതിരായതിനാൽ പിൻവലിച്ചതായി വൈദികർ പറഞ്ഞു. ബാക്കി ആവശ്യങ്ങളിലുള്ള ചർച്ചകളിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് അവർ പറയുന്നു. ചില ഉറപ്പുകൾ മെത്രാന്മാർ എഴുതി നൽകിയെങ്കിലും ഇക്കാര്യങ്ങളിൽ കുറച്ചുകൂടി വ്യക്തത വേണമെന്നാണ് പൊതുവികാരം. ചർച്ചയ്ക്ക് ശേഷം അതിരൂപതാ ആസ്ഥാനത്തെത്തി നടത്തിയ കൂടിയാലോചനകളിലാണ് സമരം തുടരാൻ തീരുമാനിച്ചത്. ശനിയാഴ്ച അന്തിമ തീരുമാനമുണ്ടായേക്കും. എന്നാൽ കർദിനാളിനെ മാറ്റി ഒരു തീരുമാനവും ഉണ്ടാകില്ല. ചർച്ചയുടെ വികാരം അടുത്ത മാസം നടക്കുന്ന വിപുലമായ സിനഡിൽ അവതരിപ്പിക്കാമെന്ന് മെത്രാന്മാർ ഉറപ്പു നൽകിയതായി വൈദികർ പറഞ്ഞു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജേക്കബ് മനത്തോടത്ത് എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങൾ. പാലക്കാട്ട് യുവജന സമ്മേളനം നടക്കുന്നതിനാൽ അവിടത്തെ മെത്രാനായ മാർ മനത്തോടത്ത് എത്തിയില്ല. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട്, കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെയും സഭാ ആസ്ഥാനമായ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിൽ നടന്ന ചർച്ചകളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു ഇത്. ഷംഷാബാദ് ബിഷപ്പ് റാഫേൽ തട്ടിലും വൈകുന്നേരത്തോടെ എത്തിയെങ്കിലും ചർച്ചയിൽ പങ്കെടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP