Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നുവെന്നും ബാലഗോകുലത്തിനൊക്കെ യുപിയിൽ നിന്നും കുട്ടികളെ കൊണ്ടുവരേണ്ടി വരുമെന്നുള്ള സെൻകുമാറിന്റെ പ്രസ്താവന മൈതാനപ്പുറങ്ങളിലെ വർഗീയത പുലമ്പൽ മാത്രം; മുൻഡിജിപിയുടെ കണക്കുകളും തെറ്റെന്ന് മന്ത്രി തോമസ് ഐസക്; ജനന-മരണ നിരക്ക് പുറത്തറിയിക്കാതെ സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സെൻകുമാർ

കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നുവെന്നും ബാലഗോകുലത്തിനൊക്കെ യുപിയിൽ നിന്നും കുട്ടികളെ കൊണ്ടുവരേണ്ടി വരുമെന്നുള്ള സെൻകുമാറിന്റെ പ്രസ്താവന മൈതാനപ്പുറങ്ങളിലെ വർഗീയത പുലമ്പൽ മാത്രം; മുൻഡിജിപിയുടെ കണക്കുകളും തെറ്റെന്ന് മന്ത്രി തോമസ് ഐസക്; ജനന-മരണ നിരക്ക് പുറത്തറിയിക്കാതെ സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സെൻകുമാർ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നതായ മുൻ ഡിജിപി ടി പി സെൻകുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. മുസ്ലിം, ക്രിസ്ത്യന്മത വിഭാഗങ്ങളുടെ എണ്ണം വർധിക്കുകയാണെന്നും ഇങ്ങനെ പോയാൽ ഉത്തർപ്രദേശിൽ നിന്നോ മഹാരാഷ്ട്രയിൽ നിന്നോ കുട്ടികളെ കൊണ്ടുവരേണ്ടി വരുമെന്നും സെൻകുമാർ പറഞ്ഞിരുന്നു. തൃശൂരിൽ ബാലഗോകുലം സംസ്ഥാന സമ്മേളനത്തിലെ സമാപന പൊതുസമ്മേളനത്തിലാണ് ടി പി സെൻകുമാറിന്റെ വിവാദ പ്രസംഗം. 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മുൻ ഡിജിപി കണക്കുകൾ നിരത്തിയത്.

സെൻകുമാർ നടത്തുന്ന വർഗീയവിദ്വേഷ പ്രചരണം എത്രമാത്രം അസംബന്ധമാണെന്ന് കണക്കുകൾ ഉദ്ധരിച്ച് നെബൂ ജോൺ എബ്രഹാം സമർത്ഥിച്ചിരുന്നു. അതിനോട് സെൻകുമാറിന്റെ പ്രതികരണം ഇതുവരെ വായിക്കാൻ കഴിഞ്ഞില്ല. സെൻകുമാറിന്റെ മറുപടിക്കായി കൗതുകപൂർവം കാത്തിരിക്കുകയായിരുന്നു താൻ. നെബുവിന്റെ മറുപടി പൂർണമായി ശരിയാണെന്നും സെൻകുമാർ പറയുന്ന കണക്ക് തെറ്റാണെന്നും ഐസക്ക് ഫേസ്‌ബുക്കിൽ കുറിച്ചു.

ഐസക്കിന്റെ പോസ്റ്റ് ഇങ്ങനെ:

ജനസംഖ്യാക്കണക്കുകളെ വികലമായി വ്യാഖ്യാനിച്ച് ടി.പി. സെൻകുമാർ നടത്തുന്ന വർഗീയവിദ്വേഷ പ്രചരണം എത്രമാത്രം അസംബന്ധമാണെന്ന് കണക്കുകൾ ഉദ്ധരിച്ച് നെബൂ ജോൺ എബ്രഹാം (Nebu John Abraham) സമർത്ഥിച്ചിരുന്നു. അതിനോട് സെൻകുമാറിന്റെ പ്രതികരണം ഇതുവരെ വായിക്കാൻ കഴിഞ്ഞില്ല. സെൻകുമാറിന്റെ മറുപടിക്കായി കൗതുകപൂർവം കാത്തിരിക്കുകയായിരുന്നു ഞാൻ.

കേരളത്തിലെ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതുമൂലം അവർ ന്യൂനപക്ഷമായിത്തീരും എന്നത് കുറച്ചു നാളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു നുണയാണ്. 'ഇങ്ങനെ പോയാൽ ബാലഗോകുലത്തിനൊക്കെ യു.പി.യിൽ നിന്നും കുട്ടികളെ കൊണ്ടുവരേണ്ടി വരും' എന്നാണ് സെൻകുമാർ രോഷം കൊണ്ടത്. ഇത് വർഗീയത പുലമ്പലാണ് എന്ന വിമർശനം അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. 'സത്യം ആരും അറിയരുത്. അറിയിക്കുന്നവൻ വർഗീയൻ' എന്നൊക്കെ ആക്രോശിക്കുന്നു. എന്നിട്ട് കേരള സർക്കാരിന്റെ 'വിറ്റാൾ സ്റ്റാറ്റസ്റ്റിക്‌സ്' (അക്ഷരത്തെറ്റായിരിക്കും - വൈറ്റൽ സ്റ്റാറ്റസ്റ്റിക്‌സ് ആണ്) പ്രസിദ്ധീകരണത്തിൽ നിന്ന് ജനനനിരക്ക് തെളിവായി വിവരിക്കുകയാണ്.

സെൻകുമാർ പറയുന്ന കണക്ക് തെറ്റാണ്. 2011-ലെ സെൻസെസ് പ്രകാരം ഹിന്ദുക്കളുടെ ജനസംഖ്യ കേരളത്തിലെ ജനസംഖ്യയുടെ 54% ആണെന്നത് ശരി. പക്ഷേ അവരുടെ ജനന നിരക്ക് സെൻകുമാർ പറയുന്നതുപോലെ 41% അല്ല. ഒരുപക്ഷേ, ജനിക്കുന്ന കുട്ടികളിൽ ഹിന്ദുക്കളുടെ വിഹിതമായിരിക്കാം ഉദ്ദേശിക്കുന്നത്. പക്ഷേ അത് 41 ശതമാനം അല്ല 42.87 ശതമാനമാണ്. മുസ്ലീങ്ങളുടേയും 41.45 ശതമാനവും ക്രിസ്ത്യാനികളുടേത് 15.42 ശതമാനവും മറ്റുള്ളവരുടേത് 0.18 ശതമാനവുമാണ്.

..'ഈ രീതിയിൽ കുറയുമ്പോൾ കുട്ടികൾ വീണ്ടും കുറഞ്ഞു വരും. ഈ സത്യം പറഞ്ഞാലെങ്ങനെ വർഗീയമാകും? തങ്ങൾക്കു എന്തു സംഭവിക്കുന്നെന്നു ഹിന്ദുക്കളും അറിയേണ്ടതുണ്ട്'.. എന്നൊക്കെയാണ് അദ്ദേഹം പുലമ്പുന്നത്.

ഈ മേൽപ്പറഞ്ഞ വർഗീയവാദത്തിന് നെബു നൽകിയ മറുപടി പരിപൂർണമായി ശരിയാണ്. ജനനനിരക്ക് (birth rate) എന്ന് പറഞ്ഞാൽ 1000 പേർക്ക് എത്ര കുട്ടികൾ ഇന്ന് ജനിക്കുന്നു എന്നുള്ളതാണ്. ഇതുവെച്ച് മാത്രം നാളത്തെ ജനസംഖ്യ എത്രയായിരിക്കും എന്ന് ഗണിക്കാൻ പാടില്ല. കാരണം നാളെ ജനനനിരക്ക് കുറയാമല്ലോ. അതുകൊണ്ട് പ്രജനന നിരക്കാണ് (fertility rate) ഭാവിജനസംഖ്യാമാറ്റത്തെ കണക്കാക്കാൻ ഉപയോഗിക്കുന്നത്. പ്രജനന നിരക്ക് എന്നാൽ പ്രത്യുല്പാദന പ്രായത്തിലുള്ള അതായത് 14-49 വയസ്സുള്ള സ്ത്രീകൾക്ക് എത്ര കുഞ്ഞുങ്ങൾ ജനിക്കാം എന്നുള്ളതാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ ഫലങ്ങളിൽ ഇതു സംബന്ധിച്ച കണക്കുകൾ ലഭ്യമാണ്.

1992-93 കാലത്തായിരുന്നു ആദ്യസർവേ. തുടർന്ന് 1998-99-ലും 2005-06-ലും 2015-16-ലും മൂന്ന് സർവേകളുടെ ഫലം കൂടി ലഭ്യമാണ്. അതുപ്രകാരം ഹിന്ദുക്കളുടെ പ്രജനന നിരക്ക് 1992-93-ലും 2015-16-നുമിടയ്ക്ക് 1.66-ൽ നിന്ന് 1.42 ആയി കുറഞ്ഞു. ക്രിസ്ത്യാനികളുടേതാവട്ടെ 1.78-ൽ നിന്ന് 1.51 ആയി കുറഞ്ഞു. മുസ്ലീങ്ങളുടേത് 2.97-ൽ നിന്ന് 1.86 ആയി കുറഞ്ഞു. മുസ്ലിം സ്ത്രീകളുടെ പ്രജനന നിരക്കായിരുന്നു ഏറ്റവും ഉയർന്നത്. എന്നാൽ അതിന്ന് ഏറ്റവും വേഗതയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു സമുദായത്തിന്റേയും പ്രജനന നിരക്ക് ഇന്ന് replacement level ആയ 2.0ന് മുകളിലല്ല. ഇതാണ് യാഥാർഥ്യം.

എന്താണ് ജനന നിരക്കിനേയും പ്രജനന നിരക്കിനേയും നിർണയിക്കുന്നത്? പല ഘടകങ്ങളുണ്ടാകാം. ഇന്ത്യയിലെ വിവിധ ജില്ലകളിലെ ജനനനിരക്കിലെ അന്തരം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തപ്പോൾ കണ്ടത് സ്ത്രീകളുടെ സാക്ഷരതയാണ് ഏറ്റവും പ്രധാന ഘടകം എന്നതാണ്. ഇന്ത്യ മൊത്തത്തിൽ എടുത്താൽ മതം ഒരു പ്രധാനപ്പെട്ട ഘടകമേയല്ല. 40 വർഷം മുമ്പ് എംഫില്ലിന് പഠിച്ചിരുന്നപ്പോൾ ഇതു സംബന്ധിച്ച പ്രബന്ധം ഞങ്ങളുടെ നിർബന്ധിത വായനാലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു എന്ന് ഓർക്കുന്നു. എന്നു മാത്രമല്ല കേരളത്തിൽ ഏറ്റവും താഴ്ന്ന ജനന/പ്രജനന നിരക്ക് ക്രിസ്ത്യാനികൾക്ക് പ്രാമുഖ്യം ഉള്ള കോട്ടയം ജില്ല ആയിരുന്നു.

ജനസംഖ്യാവളർച്ചയുടെ കാനേഷുമാരി കണക്കെടുത്താൽ 1971-നും 2011-നും ഇടയിൽ ഏറ്റവും വേഗതയിൽ ജനസംഖ്യ വളർച്ചയിൽ കുറവുണ്ടായത് ക്രിസ്ത്യൻ സമൂഹത്തിലാണ്. കൃത്രിമ ജനനനിയന്ത്രണ മാർഗങ്ങളോടുള്ള ക്രിസ്ത്യൻ സഭയുടെ എതിർപ്പ് വളരെ പ്രസിദ്ധമാണല്ലോ. പക്ഷേ ഇതൊന്നും ജനസംഖ്യാപരിണാമത്തെ ബാധിച്ചിട്ടില്ല.
ഇതൊക്കെയാണ് ശാസ്ത്രം. സെൻകുമാറിന്റെ പ്രസ്താവന മൈതാനപ്പുറങ്ങളിലെ വർഗീയത പുലമ്പൽ മാത്രമാണ്.

ഐസക്കിന്റെ പോസ്റ്റിന് പിന്നാലെ ജനന-മരണ നിരക്ക് അറിയിക്കുന്ന ടേബിളുകൾ 2017 മുതൽ സർക്കാർ നിറുത്തലാക്കിയെന്നും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും സെൻകുമാർ മറുപടിയിൽ പറഞ്ഞു.

ജനന മരണ നിരക്ക് പുറത്തറിഞ്ഞലല്ലേ പ്രശനം.
2017 മുതൽ ആ ടേബിളുകൾ സർക്കാർ നിറുത്തലാക്കി.!
കണ്ണടച്ചു ഇരുട്ടാക്കുന്ന സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP