Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച എ.കെ.ആന്റണി മോദി സർക്കാരിനെതിരെ കുറ്റകരമായ മൗനം പാലിക്കുന്നു; പാർലമെന്റിൽ അദ്ദേഹം എത്ര ചോദ്യം ഉന്നയിച്ചു? പൂജ്യം: പി.രാജീവിന്റെ വിമർശനത്തിന് മറുപടിയുമായി ബി.എസ്.ഷിജു; ആന്റണിയെ വിമർശിക്കുന്നതിന് പകരം പിണറായി വിജയൻ എന്തിന് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തട്ടെയെന്ന് ജയ്ഹിന്ദ് ടിവി ജോയിന്റ് എംഡി

എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച എ.കെ.ആന്റണി മോദി സർക്കാരിനെതിരെ കുറ്റകരമായ മൗനം പാലിക്കുന്നു; പാർലമെന്റിൽ അദ്ദേഹം എത്ര ചോദ്യം ഉന്നയിച്ചു? പൂജ്യം: പി.രാജീവിന്റെ വിമർശനത്തിന് മറുപടിയുമായി ബി.എസ്.ഷിജു; ആന്റണിയെ വിമർശിക്കുന്നതിന് പകരം പിണറായി വിജയൻ എന്തിന് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തട്ടെയെന്ന് ജയ്ഹിന്ദ് ടിവി ജോയിന്റ് എംഡി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലമുതിർന്ന കോൺഗ്രസ് നേതാവായ എ.കെ.ആന്റണിയെ തൊട്ട് കളിച്ചാൽ കോൺഗ്രുകാർ പൊറുക്കില്ല. അത് മുൻ എംപിയും സിപിഎം നേതാവുമായി പി.രാജീവായാലും ശരി. ആന്റണിയെ കൊണ്ട് എന്തുകാര്യം എന്നാണ് രാജീവ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചത്. ഇതിന് മറുപടിയുമായി ജയ്ഹിന്ദ് ടിവി ജോയിന്റ് എംഡി ബി.എസ്.ഷിജു രംഗത്തെത്തി.

എസ്എഫ്‌ഐക്കെതിരെയുള്ള ആന്റണിയുടെ ശക്തമായ ആക്രമണമാണ് രാജീവിനെ പ്രകോപിപ്പിച്ചത്. കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവ് രാജ്യത്തെ ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങളിൽ ഏതിലെങ്കിലും പ്രതികരിച്ചിട്ടുണ്ടോയെന്നുചോദിക്കുന്നു മുൻ എംപി.
ഗോവയിലേയും കർണ്ണാടകയിലേയും ബിജെപിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ ? പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ?

പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാൽ തുറന്നു കാണിക്കാൻ കഴിയേണ്ട വ്യക്തിയാണ് ശ്രീ ആന്റണി. അദ്ദേഹം പാർലമെന്റിൽ എത്ര ചോദ്യമുന്നയിച്ചു ? പൂജ്യം . ഒരു ചോദ്യം പോലും ചോദിക്കാൻ സമയം കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 690 ചോദ്യങ്ങളാണ്: സഭയിൽ ഏറ്റവുമധികം ഹാജരുള്ള കേരള എംപിമാരിൽ ഒരാളാണ് ശ്രീ ആന്റണി. പ്രതിപക്ഷ നിരയെ നയിച്ച് മോദി സർക്കാരിനെ തുറന്നു കാണിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്ന വ്യക്തിത്വം കുറ്റകരമായ മൗനത്തിലൂടെ തെരഞ്ഞെടുത്തയച്ച പാർട്ടിയോടും സംസ്ഥാനത്തോടും അനീതി കാണിക്കുന്നു.എന്നാൽ, ഈ മൗനം എസ് എഫ് ഐ ക്കെതിരായ പ്രചരണത്തിനില്ല. കെ എസ് യു വിൽ നിന്നും വളർന്നില്ല എന്നതല്ല പ്രശ്‌നം - കോൺഗ്രസ്സിന്റെ തല മുതിർന്ന അഖിലേന്ത്യാ നേതാവിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്., രാജീവ് കുറിച്ചു.

രാജീവിന്റെ വിമർശനത്തോടെ ബി.എസ്.ഷിജുവും ശക്തമായി പ്രതികരിച്ചു. എ.കെ.ആന്റണിയുടെ പ്രതികരണത്തോട് എന്താണ് പി. രാജീവിന് ഇത്ര അസഹിഷ്ണുത. ആന്റണി പറഞ്ഞതിലെന്താണ് അവാസ്തവം.സമാധാനത്തിന്റെ വെള്ളരി പ്രാവായ സംഘടനയുടെ നേതാവായ പി.രാജീവ് എ.കെ.ആന്റണിയെ അക്രമത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. എ.കെ.ആന്റണി നടത്തിയ വാർത്താസമ്മേളനത്തിൽ ഏതാണ് അടിസ്ഥാന രഹിതമായ ആരോപണമെന്ന് വ്യക്തമാക്കാൻ രാജീവ് തയ്യറാകണം.എ.കെ.ആന്റണി പാർലമെന്റിൽ ഒരക്ഷരം മിണ്ടുന്നില്ല എന്നതാണ് പി.രാജീവിന്റെ മറ്റൊരു ആരോപണം.

ഇക്കഴിഞ്ഞ ദിവസവും ഓർഡിനൻസ് ഫാക്ടറികളും പ്രതിരോധ വ്യവസായ സംരംഭങ്ങളും സ്വകര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യസഭയിൽ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഇതേ കുറിച്ച് ഇപ്പോഴും രാജ്യസഭാ അംഗമായി തുടരുന്ന കെ.കെ.രാഗേഷിനോട് ചോദിച്ചാൽ പി.രാജീവിന് വ്യക്തത കിട്ടും.എ.കെ.ആന്റണിയെ വിമർശിച്ച് സമയം പാഴാക്കുന്നതിന് പകരം എന്തുകൊണ്ട് പിണറായി വിജയൻ താങ്കൾക്ക് വീണ്ടും രാജ്യസഭയിലേക്ക് അവസരം നിഷേധിച്ചു?, എന്തുകൊണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പുള്ള എറണാകുളത്ത് നിർത്തി തോൽപ്പിച്ചു?- തുടങ്ങിയ കാര്യങ്ങളിൽ സമയമെടുത്തുള്ള ഒരു ഗവേഷണം നടത്തിയാൽ നന്നായിരിക്കും; ഭാവി രാഷ്ട്രീയത്തിന് അത് ഉപകാരപ്പെടും, ഷിജു കുറിച്ചു.

ഇരുവരുടെയും ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പൂർണരൂപം:

രാജീവിന്റെ പോസ്റ്റ് ഇങ്ങനെ:

ശ്രീ എ കെ ആന്റണി കോൺഗ്രസ്സിന്റെ രാജ്യത്തെ സമുന്നതനായ നേതാവാണ്. ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട് എസ് എഫ് ഐക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. കെ എസ് യു വിന്റെ സ്ഥാപക നേതാവെന്ന നിലയിൽ പ്രത്യേകിച്ചും . 'വിമോചന' സമരത്തിലൂടെ വിദ്യാർത്ഥി രാഷട്രീയത്തെ അക്രമാസക്തമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നുവല്ലോ. അദ്ദേഹം പത്രസമ്മേളനത്തിൽ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശങ്ങൾക്ക് നിരവധി മറുപടികൾ വന്നു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ നമ്മളെ അസ്വസ്ഥമാക്കേണ്ടത് മറ്റാന്നാണ്. കോൺഗ്രസ്സിന്റെ ഈ അഖിലേന്ത്യാ നേതാവ് രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തിൽ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ? ഗോവയിലേയും കർണ്ണാടകയിലേയും ബിജെപിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ ? പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ?

ശ്രീ ഏ കെ ആന്റണി രാജ്യസഭയിൽ ഒന്നാം നിരയിൽ ഇരിക്കുന്ന സീനിയർ അംഗമാണ്. അദ്ദേഹം എഴുന്നേറ്റ് നിന്നാൽ സഭാ നാഥൻ സംസാരിക്കാൻ അവസരം നൽകും. എല്ലാ ആദരവോടെയും ചോദിക്കട്ടെ, ഒരിക്കലെങ്കിലും ബിജെപി ക്കെതിരെ സംസരിക്കാൻ എഴുന്നേറ്റിട്ടുണ്ടോ? പി ആർ.എസ് ഡാറ്റ പ്രകാരം ശ്രീ ഏ കെ ആന്റണി ആകെ പങ്കെടുത്തത് 11 ഡിബേറ്റുകളിൽ മാത്രമാണ്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 125 ഡിബേറ്റുകളാണ്. പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാൽ തുറന്നു കാണിക്കാൻ കഴിയേണ്ട വ്യക്തിയാണ് ശ്രീ ആന്റണി. അദ്ദേഹം പാർലമെന്റിൽ എത്ര ചോദ്യമുന്നയിച്ചു ? പൂജ്യം . ഒരു ചോദ്യം പോലും ചോദിക്കാൻ സമയം കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 690 ചോദ്യങ്ങളാണ്: സഭയിൽ ഏറ്റവുമധികം ഹാജരുള്ള കേരള എംപിമാരിൽ ഒരാളാണ് ശ്രീ ആന്റണി. പ്രതിപക്ഷ നിരയെ നയിച്ച് മോദി സർക്കാരിനെ തുറന്നു കാണിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്ന വ്യക്തിത്വം കുറ്റകരമായ മൗനത്തിലൂടെ തെരഞ്ഞെടുത്തയച്ച പാർട്ടിയോടും സംസ്ഥാനത്തോടും അനീതി കാണിക്കുന്നു.
എന്നാൽ, ഈ മൗനം എസ് എഫ് ഐ ക്കെതിരായ പ്രചരണത്തിനില്ല. കെ എസ് യു വിൽ നിന്നും വളർന്നില്ല എന്നതല്ല പ്രശ്‌നം - കോൺഗ്രസ്സിന്റെ തല മുതിർന്ന അഖിലേന്ത്യാ നേതാവിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്.


ബി.എസ്.ഷിജുവിന്റെ പോസ്റ്റ്

എ.കെ.ആന്റണിയെ വിമർശിക്കുന്നതിന് പകരം പിണറായി വിജയൻ എന്തിന് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തണം

യുണിവേഴ്സിറ്റി കോളേജ് സംഭവുമായി ബന്ധപ്പെട്ട് എ.കെ.ആന്റണിയുടെ പ്രതികരണത്തോട് എന്താണ് പി. രാജീവിന് ഇത്ര അസഹിഷ്ണുത. ആന്റണി പറഞ്ഞതിലെന്താണ് അവാസ്തവം.

സമാധാനത്തിന്റെ വെള്ളരി പ്രാവായ സംഘടനയുടെ നേതാവായ പി.രാജീവ് എ.കെ.ആന്റണിയെ അക്രമത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. എ.കെ.ആന്റണി നടത്തിയ വാർത്താസമ്മേളനത്തിൽ ഏതാണ് അടിസ്ഥാന രഹിതമായ ആരോപണമെന്ന് വ്യക്തമാക്കാൻ രാജീവ് തയ്യറാകണം.

രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തിൽ എ.കെ.ആന്റണി വാർത്താസമ്മേളനം നടത്തിയോ എന്നതാണ് രാജീവിന്റെ ചോദ്യം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് ലിമിറ്റഡിനെ(എച്ച്.എ.എൽ) അവഗണിച്ച് യുദ്ധ വിമാന നിർമ്മാണ രംഗത്ത് ഒരു മുൻപരിചയവുമില്ലാത്ത അനിൽ അമ്പാനിയുടെ റിലയൻസ് ഗ്രൂപ്പിന് റാഫേൽ കരാർ നൽകിയപ്പോൾ അതിനെ മുൻനിരയിൽ നിന്ന് ചോദ്യം ചെയ്ത നേതാക്കളിലൊരാൾ എ.കെ.ആന്റണിയായിരുന്നില്ലേ? . മോദി സർക്കാരിനെയും ബിജെപിയേയും പ്രതിരോധത്തിലാക്കുന്ന നിരവധി പത്ര സമ്മേളനങ്ങൾ അദ്ദേഹം നടത്തി. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് എ.കെ.ആന്റണി നടത്തിയ പ്രസംഗങ്ങൾ മോദി സർക്കാരിന്റെ കൊള്ളരുതായ്മകൾ തുറന്നുകാട്ടികൊണ്ടുള്ളവയായിരുന്നു.

സിപിഎമ്മിന്റെ ഏത് നേതാവാണ് ഇത്തരത്തിൽ മോദി സർക്കാരിനെ വിമർശിച്ചത്? കൊള്ളരുതായ്മകൾ തുറന്ന് കാട്ടിയത്? രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേൽ ഇടപാടിനെ കുറിച്ച് താങ്കളുടെ പാർട്ടിയായ സിപിഎം എന്ത് പ്രതിഷേധം സംഘടിപ്പിച്ചു. സിപിഎം അധികാരത്തിലുള്ള എക സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഒരക്ഷരം മിണ്ടിയോ?. ഇനി മോദി ഭക്തിയാണെങ്കിൽ വേണ്ട-റിലയൻസിനെതിരെയെങ്കിലും ശബ്ദിച്ചോ? എച്ച്.എ.എല്ലിലെ ആയിരക്കണക്കിന് വരുന്ന ജീവനക്കാർ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐ.ടി.യുവിന് തൊഴിലാളി വർഗ്ഗമല്ലേ? പുതിയ തൊഴിലവസരം നഷ്ടപ്പെട്ട അനേകായിരം ചെറുപ്പക്കാർ ഡിവൈഎഫ്ഐക്ക് യുവാക്കളല്ലേ?.

പാർലമെന്റിൽ മോദിക്കെതിരെ നേർക്കുനേർ നിന്ന് എന്തെങ്കിലും പ്രതികരിക്കാൻ ധൈര്യം കാണിച്ചിരുന്ന ഏക സിപിഎം നേതാവ് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആയിരുന്നു. അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാതിരിക്കാൻ എല്ലാ കരുക്കളും നീക്കിയത് താങ്കൾ ഉൾപ്പെടുന്ന കേരള ഘടകമല്ലേ. യെച്ചൂരി സഭയിലെത്തുന്നത് തടയുകയെന്നത് മോദിയുടെയും ബിജെപിയുടേയും അജണ്ടയായിരുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയും.

താങ്കളുടെ നേതാവ് പ്രകാശ് കാരാട്ടല്ലേ ആർഎസ്എസ് വർഗ്ഗീയ സംഘടനയല്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്; മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ലെന്ന് പ്രസ്താവന നടത്തിയത്. ബംഗാളിൽ ബിജെപിക്ക് വളരാൻ അവസരമൊരുക്കിയത് താങ്കളുടെ പാർട്ടിയായ സിപിഎം അല്ലേ. ബംഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ നീക്ക് പോക്ക് പരസ്യമായ രഹസ്യമല്ലേ. എങ്ങനെയും കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസിനും ബിജെപിക്കും ശബരിമല വിഷയം താലത്തിൽ വച്ച് സമ്മാനിച്ചത് സംസ്ഥാനം ഭരിക്കുന്ന താങ്കളുടെ നേതാവ് പിണറായി വിജയനല്ലേ?.

പിന്നെ എ.കെ.ആന്റണി പാർലമെന്റിൽ ഒരക്ഷരം മിണ്ടുന്നില്ല എന്നതാണ് പി.രാജീവിന്റെ മറ്റൊരു ആരോപണം. ഇക്കഴിഞ്ഞ ദിവസവും ഓർഡിനൻസ് ഫാക്ടറികളും പ്രതിരോധ വ്യവസായ സംരംഭങ്ങളും സ്വകര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യസഭയിൽ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഇതേ കുറിച്ച് ഇപ്പോഴും രാജ്യസഭാ അംഗമായി തുടരുന്ന കെ.കെ.രാഗേഷിനോട് ചോദിച്ചാൽ പി.രാജീവിന് വ്യക്തത കിട്ടും.

താങ്കളുടെ പാർട്ടിയും താങ്കളുടെ നേതാക്കളും മാത്രമാണ് ബിജെപിയോട് ഏറ്റുമുട്ടാൻ പോന്നവരെന്നതു കൊണ്ടാണല്ലോ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് 20-ൽ 19-സീറ്റും നേടിയത്. ബംഗാളിലും ത്രിപുരയിലും സിപിഎം സംപൂജ്യരായത്. താങ്കളുടെ പാർട്ടിയുടെ കേരളത്തിൽ നിന്നും വിജയിച്ച ഏക കനൽത്തരി പാർലമെന്റിൽ നടത്തിയ കന്നി പ്രസംഗത്തിലെ അത്യുജ്ഞല പ്രകടനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രോളായി കറങ്ങി നടക്കുന്നുണ്ട്.

എ.കെ.ആന്റണിയെ വിമർശിച്ച് സമയം പാഴാക്കുന്നതിന് പകരം എന്തുകൊണ്ട് പിണറായി വിജയൻ താങ്കൾക്ക് വീണ്ടും രാജ്യസഭയിലേക്ക് അവസരം നിഷേധിച്ചു?, എന്തുകൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പുള്ള എറണാകുളത്ത് നിർത്തി തോൽപ്പിച്ചു?- തുടങ്ങിയ കാര്യങ്ങളിൽ സമയമെടുത്തുള്ള ഒരു ഗവേഷണം നടത്തിയാൽ നന്നായിരിക്കും; ഭാവി രാഷ്ട്രീയത്തിന് അത് ഉപകാരപ്പെടും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP