Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു

ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം!  മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ വ്യവസായം തുടങ്ങാൻ ആരു ശ്രമിച്ചാലും അവരുടെ കാര്യം കട്ടപ്പൊകയാണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് അടുത്തിടെ ആന്തൂരിൽ നടന്നത്. ആന്തൂരിൽ 15 കോടി മുടക്കി സിപിഎം അനുയായി കൂടിയായ വ്യവസായിക്ക് ചുവപ്പുനാടയിൽ കുരുങ്ങി അനുമതി ലഭിക്കാതെ വന്നതോടെ ജീവനൊടുക്കേണ്ട അവസ്ഥയുണ്ടായി. ഇത് കേരളത്തിൽ നിക്ഷേപം ഇറക്കാൻ ആഗ്രഹിക്കുന്ന വ്യവസായികളുടെ നേർചിത്രം വിവരിക്കുന്ന സംഭവമായി. ഇപ്പോഴിതാ ആഗോള മോട്ടോർഭീമൻ ആയിട്ടു കൂടി കേരളത്തിലെ ചുവപ്പുനാടകളിൽ കുരുങ്ങി മനം മടുത്ത് നിസ്സാൻ മോട്ടോർ കോർപ്പറേഷൻ നാടുവിടാൻ പോലും തയ്യാറായേക്കും എന്ന വാർത്തയാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാറും നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കടുത്ത അതൃപ്തി അറിയിച്ച് നിസ്സാൻ കേരള സർക്കാറിന് കത്തു നൽകിയിരിക്കയാണ്.

നിസ്സാൻ മോട്ടോർ കോർപ്പറേഷന്റെ സാങ്കേതികവിദ്യാ പ്രവർത്തനങ്ങൾക്കം ഗവേഷണങ്ങൾക്കുമുള്ള ആഗോള കേന്ദ്രമായി തിരുവനന്തപുരത്ത് ആരംഭിച്ച നിസ്സാൻ ഡിജിറ്റൽ ഹബ്ബിന്റെ തുടർവികസനം നടത്താൻ കഴിയാത്ത വിധത്തിൽ നൂലാമാലകൾ ഉണ്ടെന്ന് കാണിച്ചാണ് നിസ്സാൻ രംഗത്തെത്തിയിരിക്കുന്നത്. ചെന്നൈ നഗരത്തിൽ സ്ഥാപിക്കാം എന്നു നിശ്ചയിച്ച ഡിജിറ്റൽ ഹബ്ബാണ് തിരുവനന്തപുരത്ത് സ്ഥാപിക്കാൻ കമ്പനി തീരുമാനിച്ചത്. ഈ ചുവടുവെയ്‌പ്പ് ആഗോളതലത്തിൽ കേരളത്തിന് അഭിമാനകരമായ നേട്ടമായി മുഖ്യമന്ത്രിയും ഇടതു സർക്കാറും കരുതിയിരുന്നു. എന്നാൽ, പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ സർക്കാർ കമ്പനിക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് നിസ്സാൻ മോട്ടോർ കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് സെക്രട്ടറിക്കും കിഫ്ബി സിഇഒ കെ എം എബ്രഹാമിനും വിവിധ വകുപ്പുകൾക്കും കത്തു നൽകിയത്.

നിസ്സാൻ ഡിജിറ്റൽ റിസർച്ച് ഹബ്ബ് സ്ഥാപിക്കാൻ വേണ്ടി ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാമെന്നും മറ്റു സാഹചര്യങ്ങൾ ഒരുക്കാമെന്നും തുടങ്ങും മുമ്പ് സർക്കാർ വാഗാദ്‌നം നൽകിയിരുന്നു. ഈ വാക്കു പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നു അടിവരയിട്ടു പറഞ്ഞു കൊണ്ടാണ് നിസ്സാൻ മോട്ടോർ കോർപ്പറേഷൻ ചീഫ് ഡിജിറ്റൽ ഓഫീസർ സ്വാമിനാഥൻ ടി വി നാല് പേജ് കത്തയച്ചത്. സർക്കാറിന്റെ വാഗ്ദാനം പോലെ സമയബന്ധിതമായി കാര്യങ്ങൾ നീങ്ങാൻ സഹായം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഹബ്ബ് സ്ഥാപിക്കുന്നതിനുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും കയറി ഇറങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് കത്തിൽ സ്വാമിനാഥൻ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.

ഡിജിറ്റൽ ഹബ്ബ് സ്ഥാപിക്കാനായി ടെക്‌നോപാർക്കിൽ എ ഗ്രേഡ് സ്‌പേസ് ഇല്ലാത്തതിനാൽ ടെക്ടോപാർക്കിലെ ഇൻഫോസിസ് കാമ്പസിൽ താൽക്കാലികമായാണ് ഇപ്പോൾ നിസ്സാൻ ഓഫീസ് പ്രവർത്തിക്കുന്നത്. സ്റ്റാബ് ഡ്യൂട്ടി രജിസ്‌ട്രേഷൻ ഫീസിൽ ഇളവ് നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, വാക്കു പറഞ്ഞതു പോലെ രജിസ്‌ട്രേഷൻ വകുപ്പ് അതിന് തയ്യാറായില്ലെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം. ലോക നിലവാരത്തിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് ആ നിലയിൽ പ്രവർത്തിക്കാൻ ഉതകുന്ന സാഹചര്യം ഇല്ലെന്നാണ് നിസ്സാൻ ചൂണ്ടിക്കാട്ടുന്നു. കണക്ടിവിറ്റി ഒരു പ്രധാന പ്രശ്‌നമായി മാറുന്നു എന്ന് നിസ്സാൻ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ജീവനക്കാർക്ക് യാത്ര ചെയ്യേണ്ടതുണ്ട്. എന്നാൽ, ഡൽഹി, ചെന്നൈ ഹൈദരാബാദ്, ബംഗളുരു തുടങ്ങിയ നഗരങ്ങളിലേക്ക് വിമാനങ്ങൾ കുറവാണെന്നതും ഈ ആഗോള കമ്പനിയെ കുഴപ്പത്തിലാക്കുന്നു. മാത്രമല്ല, തിരുവനന്തപുരത്തു നിന്നും ഉയർന്ന വിമാനക്കൂലിയും മറ്റും നിസ്സാൻ ജീവനക്കാരെ ബാധിക്കുന്നതായി കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന കാര്യമാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരത്തു നിന്നും സിൽക്ക് എയർ സർവീസ് നിർത്തിയതോടെ സിംഗപ്പൂർ വഴി നിസ്സാൻ ഹെഡ്ക്വാർട്ടേഴ്‌സായ ടോക്യോയിലേക്കുള്ള യാത്രയും ബുദ്ധിമുട്ടുള്ള കാര്യമായി മാറി. ഇത് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിറ്റർ ഹബ്ബിലേക്കുള്ള യാത്ര ദുരിതത്തിൽ ആക്കുന്ന കാര്യമാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. സിൽക്ക് എയർ സർവീസ് അവസാനിപ്പിച്ചതോടെ ബിസിനസ് ക്ലാസ് സൗകര്യത്തിൽ സിംഗപ്പൂർ - തിരുവനന്തപുരം സർവീസ് ലഭ്യമല്ലാത്ത അവസ്ഥ വന്നു. നിസ്സാൻ ഡിജിറ്റൽ ഹബ്ബിനായി ധാരണാ പത്രം ഒപ്പിട്ട വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഹബ്ബ് ചെന്നൈയിലേക്ക് മാറ്റേണ്ട കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാനകാര്യം. അതേസമയം കമ്പനിയെ തിരുവനന്തപുരത്ത് തന്നെ നിലനിർത്താൻ സർക്കാർ ശ്രമിക്കുമെന്നും ചീഫ് സെക്രട്ടറി വിഷയം ചർച്ച ചെയ്യുമെന്നും മുക്യമന്ത്രിയുടെ ഐ ടി സെക്രട്ടറി എം ശിവശങ്കർ വ്യക്തമാക്കി.

നാവിൽ വെള്ളമൂറുന്ന മീൻകറി വിളമ്പി പിണറായിയുടെ ക്ഷണം

ഇടതുമുന്നണി സർക്കാറിന്റെ നേട്ടമെന്ന് ഉദ്‌ഘോഷിച്ച പദ്ധതിയാണ് നിസ്സാൻ ഹബ്ബിന്റെ വരവ്ജപ്പാന് പുറത്തുള്ള നിസ്സാന്റെ ഏറ്റവും വലിയ ഓഫീസിൽ 3000 ത്തോളം ജീവനക്കാരുണ്ട്. പിണറായി സർക്കാർ ചുവപ്പുപരവതാനി വിരിച്ചാണ് നിസ്സാനെ ഇങ്ങോട്ട് സ്വാഗതം ചെയ്തത്. തീവ്രശ്രമത്തിന് ശേഷമാണ് കരാർ ഉറപ്പിക്കാൻ കഴിഞ്ഞതും. ജാപ്പനീസ് കമ്പനി മേധാവികളെ വീട്ടിൽ ക്ഷണിച്ച് വരുത്തി, മീൻകറി അടക്കമുള്ള ഊണ് വിളമ്പിയാണ് പിണറായി സൗഹൃദത്തിന്റെ കരങ്ങൾ നീട്ടിയത്. കരാറിന് മുമ്പുള്ള ആദ്യകാലകൂടിക്കാഴ്ചകളിൽ ശശി തരൂർ എംപിയും കേരളത്തിലെ അനുകൂലസാഹചര്യങ്ങളെ കുറിച്ച് വാചാലനായിരുന്നു. എന്നാൽ, കമ്പനി പ്രവർത്തനം തുടങ്ങിയ ശേഷം സർക്കാർ വേണ്ട വിധം സഹായങ്ങൾ ചെയ്തിട്ടില്ലെന്നാണ് മനസിലാകുന്നത്.

, ധാരണ പത്രത്തിൽ ഒപ്പിടുമ്പോൾ തന്നെ ഒരു ആഗോള കമ്പനി പ്രവർത്തിക്കാൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്ന് വാഗ്ദാനം നൽകിയതല്ലാതെ മറ്റു കാര്യങ്ങളൊന്നും സർക്കാർ ചെയ്തില്ല. ഇതാണ് നിസ്സാനെ കുഴപ്പത്തിലാക്കിയതും. ധാരണ പത്രം ഒപ്പിട്ടതോടെ എല്ലാ കാര്യങ്ങളും സർക്കാർ മറക്കുകയായിരുന്നു.

നിസ്സാൻ മോട്ടോർ കോർപ്പറേഷന്റെ സാങ്കേതികവിദ്യാ പ്രവർത്തനങ്ങൾക്കുള്ള ആഗോള കേന്ദ്രമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന നിസ്സാൻ ഡിജിറ്റൽ ഹബ്ബ് തുടങ്ങിയത്. നിസ്സാൻ തലസ്ഥാനത്ത് വന്നതിനു പിന്നാലെ കൂടുതൽ ആഗോള കമ്പനികൾ തലസ്ഥാനത്തേക്ക് എത്തിയേക്കുമെന്നും സർക്കാർ പ്രതീക്ഷിച്ചിരുന്നു.

നിസ്സാൻ മോട്ടോർ കോർപ്പറേഷന്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററായിട്ടാകും ഹബ് പ്രവർത്തിക്കുന്നത്. നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ് തുടങ്ങിയവയാകും ശ്രദ്ധാകേന്ദ്രങ്ങൾ. നിസ്സാന്റെ ഡ്രൈവർരഹിത വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും സാങ്കേതിക പിന്തുണയുൾപ്പെടെയുള്ള കാര്യങ്ങളും ഡിജിറ്റൽ ഹബ്ബിൽ നിന്നുണ്ടാകും. നിസ്സാന്റെ വിവിധ രാജ്യങ്ങളിലുള്ള സോഫ്‌റ്റ്‌വേർ, ഐ.ടി. വികസനകേന്ദ്രങ്ങൾക്ക് സമാനമായ പ്രവർത്തനങ്ങളും ഹബ്ബിലുണ്ടാകും. ലോകത്താകെയുള്ള നിസ്സാന്റെ ഡിജിറ്റൽ മേഖലയിലെ ജീവനക്കാരിൽ പകുതിയോളം പേരും തലസ്ഥാനത്തെ ഡിജിറ്റൽ ഹബ്ബിലാകും പ്രവർത്തിക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ, സർക്കാർ വാഗ്ദാനം പാലിക്കാതെ വന്നതോടെ കമ്പനി ഇവിടെ നിന്നും പറിച്ചു നടേണ്ട അവസ്ഥയിലാണ്.

ലോകത്തിൽ തന്നെ നിസ്സാൻ കമ്പനിയുടെ ആദ്യ ഡിജിറ്റൽ ഹബ്ബ് കേരളത്തിൽ തുടങ്ങുന്നത്, ഐ ടി ടെക്കനോളജിയുടെ സൗഹൃദ അന്തരീക്ഷത്തിന്റെ ഉത്തമ ഉദ്ദാഹരണമാണ് എന്നായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞത്. 350 ജീവനക്കാരുമായാണ് ഡിജിറ്റൽ ഹബ് പ്രവർത്തനം തുടങ്ങുന്നത്. നിസാൻ കേരളത്തിൽ നിന്നും പ്രവർത്തനം പറച്ചു നട്ടാൽ അത് ഐ ടി രംഗത്ത് കേരളത്തിന് വലിയ തിരിച്ചടിയായി മാറുമെന്ന വിലയിരുത്തലാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ട് സർക്കാർ വിഷയത്തിൽ വേണ്ട വിധത്തിൽ ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP