Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ഭൂരിപക്ഷ വർഗീയതയെ ശക്തമായി ചെറുക്കുന്നതിനാലാണു തന്നെ ധാർഷ്ട്യം ഉള്ളയാളെന്ന് വിളിക്കുന്നതെങ്കിൽ ആ ധാർഷ്ട്യം ഇനിയും തുടരും; ശബരിമല വിധി നടപ്പാക്കിയത് കേന്ദ്രം പറഞ്ഞിട്ട്; ആവശ്യമെങ്കിൽ സൈന്യത്തേയും കേന്ദ്രം വാഗ്ദാനം ചെയ്തു; നിലപാടിൽ ഉറച്ച് നിന്ന് കൊണ്ട് ഫേസ്‌ബുക്ക് ലൈവിൽ മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ഭൂരിപക്ഷ വർഗീയതയെ ശക്തമായി ചെറുക്കുന്നതിനാലാണു തന്നെ ധാർഷ്ട്യം ഉള്ളയാളെന്ന് വിളിക്കുന്നതെങ്കിൽ ആ ധാർഷ്ട്യം ഇനിയും തുടരും; ശബരിമല വിധി നടപ്പാക്കിയത് കേന്ദ്രം പറഞ്ഞിട്ട്; ആവശ്യമെങ്കിൽ സൈന്യത്തേയും കേന്ദ്രം വാഗ്ദാനം ചെയ്തു; നിലപാടിൽ ഉറച്ച് നിന്ന് കൊണ്ട് ഫേസ്‌ബുക്ക് ലൈവിൽ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ഭൂരിപക്ഷ വർഗീയതയെ ശക്തമായി ചെറുക്കുന്നതിനാലാണു തന്നെ ധാർഷ്ട്യം ഉള്ളയാളെന്നു വിശേഷിപ്പിക്കുന്നതെങ്കിൽ ആ ധാർഷ്ട്യം ഇനിയും തുടരും. ഹിന്ദുവിരുദ്ധൻ എന്നു വിശേഷിപ്പിക്കുന്നതിന്റെ കാരണം അറിയില്ല. സിപിഎമ്മിന്റെ ഫേസ്‌ബുക് പേജിൽ 'പിണറായിയോടു ചോദിക്കാം' പരിപാടിയിലാണു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാൻ സൈന്യത്തെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വാദ്ഗാനം ചെയ്തിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും അവരാണ് ആവശ്യപ്പെട്ടത്. വിധി എന്തായാലും നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. അക്കാര്യത്തിൽ ഇടതു മുന്നണിയുടെയോ സർക്കാരിന്റെയോ നിലപാടിനു പ്രസക്തിയില്ല.

ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ കൂടി പണം ചെലവഴിക്കണമെന്ന കാര്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തും. പങ്കാളിത്ത പെൻഷൻ പദ്ധതിയെപ്പറ്റി വിദഗ്ധ സമിതി പഠിക്കുന്നുണ്ട്. പിഎസ്‌സി നിയമനങ്ങൾ വേഗത്തിലാക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകളോടും നിർദ്ദേശിച്ചിരുന്നു. വീഴ്ചയുണ്ടോയെന്നു ചീഫ് സെക്രട്ടറി പരിശോധിക്കും. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴ വാങ്ങിയുള്ള നിയമനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിസ്സാൻ ഉൾപ്പെടെയുള്ള കമ്പനികളെ സംസ്ഥാനത്ത് നിലനിർത്താനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പനിക്ക് സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഉദ്യോഗസ്ഥരുടെയും നിസ്സാൻ പ്രതിനിധികളുടെയും യോഗത്തിൽ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ടോക്യോയിൽനിന്ന് തിരുവനന്തപുരത്തേക്ക് വിമാനം വേണമെന്ന ആവശ്യമുണ്ട്. പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ സിവിൽ ഏവിയേഷൻ സെക്രട്ടറി പങ്കെടുക്കുന്ന വിമാനകമ്പനികളുടെ യോഗം ചേർന്ന് തീരുമാനമെടുക്കും.ചില മാധ്യമങ്ങൾ കുപ്രചാരണം നടത്തുകയാണ്. ഇത് സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ് എന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം കേരള ഫേസ്‌ബുക്ക് പേജിൽ തൽസമയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാന നഗരങ്ങളും ചില രാജ്യങ്ങളും ഈ സ്ഥാപനം അവരുടെ നാട്ടിൽ വരണമെന്ന് ആഗ്രഹിച്ചതാണ്. കേരളത്തിലാകട്ടെ എന്ന് നിസ്സാൻ തീരുമാനിച്ചു. ചില കാര്യങ്ങളിൽകൂടി തീരുമാനമാകണമെന്നുപറഞ്ഞ് നിസ്സാന്റെ കത്ത് കിട്ടിയ ഉടൻ യോഗം വിളിച്ചു തീരുമാനമെടുത്തു. ചില കാര്യങ്ങൾ സംസ്ഥാനത്തിനുമാത്രം ചെയ്യാൻ പറ്റുന്നതാകില്ല. മറ്റു കമ്പനികളെയും ഞകേരളത്തിൽ നിലനിർത്തും--മുഖ്യമന്ത്രി പറഞ്ഞു. ചിലർക്ക് താൽപ്പര്യം വിവാദം സൃഷ്ടിക്കലാണ്. റീബിൽഡ് കേരളത്തിന്റെഭാഗമായി ലോകബാങ്ക് അധികൃതർ അടക്കം പങ്കെടുത്ത യോഗത്തിന്റെ വാർത്തപോലും ജനങ്ങളിൽനിന്ന് മറച്ചു. നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ജനങ്ങളിൽ എത്തരുതെന്ന് ചിന്തിക്കുന്ന മാധ്യമങ്ങളുണ്ട്. ഇത് നമ്മുടെ നാടിന് മാത്രമുള്ള ശാപമാണ്-- മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങൾ ധർമ്മം മറക്കുന്നു

കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങളൊക്കെത്തന്നെയും മാധ്യമധർമ്മം മറന്നുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും അതിന്റെ ഭാഗമായി പച്ചനുണ പ്രചരിപ്പിക്കുന്നതിന് അവർക്ക് യാതൊരു പ്രയാസവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു മാർഗ്ഗം മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും അതിനാൽ ഇത് പെട്ടെന്ന് ഇല്ലാതാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തൊഴിലുറപ്പ് പദ്ധതി എല്ലാക്കാലത്തേക്കും നടപ്പാക്കും എന്ന് ആരും വിചാരിക്കേണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ തന്നെ പറയാൻ തയ്യാറായിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ തൊഴലുറപ്പ് പദ്ധതിയെ തളർത്തുന്ന സാഹചര്യം വലിയ തോതിൽ എതിർക്കപ്പെടേണ്ടതാണ്. കേന്ദ്രത്തിന്റെ ശ്രദ്ധയിൽ വിഷയം പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടർന്നുപോകുന്നതിനുള്ള ശക്തമായ സമ്മർദ്ദനം ചെലുത്തുക എന്നതാണ് സംസ്ഥാന സർക്കാരിന് ചെയ്യാനുള്ളത്.

എല്ലാ ജില്ലകളിലും കളക്ടർമാർ നടത്തിയ മുന്നൊരുക്കത്തിൽ, പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ആർക്കെങ്കിലും ലഭ്യമാകാനുണ്ടെങ്കിൽ മന്ത്രിമാർ പങ്കെടുത്തുകൊണ്ട് അത് നല്ല നിലയിൽ കഴിഞ്ഞ ദിവസം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.നഷ്ടപ്പെട്ട വീട് പുനഃസ്ഥാപിക്കുന്നതിൽ പ്രശ്നമുണ്ടായി. സ്വയം വീട് നിർമ്മിക്കുന്നവർക്ക് നിർമ്മാണം അനുസരിച്ച് സഹായം നൽകുന്ന നിലപാട് സർക്കാർ സ്വീകരിച്ചു. എന്നാൽ, ചിലയിടത്ത് സ്ഥലത്തിന്റെ കൈവശാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചിലർക്കുണ്ടായി. അതാണ് ചില പ്രശ്നങ്ങളായി ബാക്കിയുണ്ടായത്. പിഎസ്‌സി യുടെ കാര്യത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ട്. ചിലവകുപ്പുകൾ ഒഴിവുകൾ കൃത്യമായി അറിയിക്കാത്ത പ്രശ്നമുണ്ട്. അത് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനത്താണ് തങ്ങൾ ജീവിക്കുന്നതെന്ന് കേരളീയന് തലയുയർത്തി പറയുവാൻ സാധിക്കും.അഴിമതിയോട് വിട്ടുവീഴ്ചയില്ല.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കിന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സെക്രട്ടറിമാർക്ക് പ്രത്യേക ചുമതലകൾ നൽകി.കേരളബാങ്ക് അവസാന ഘട്ടത്തിലാണ്. ഏത് നിമിഷവും യാഥാർഥ്യമാകാം. റിസർവ് ബാങ്കിന്റെ പച്ചക്കൊടിയാണ് ഇനി കിട്ടാനുള്ളത്. അനുമതി ലഭിക്കേണ്ട തലത്തിൽ കാര്യങ്ങൾ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.പ്രവാസികളുടെ വിമാനായാത്രനിരക്ക് കഴുത്തറുപ്പൻ തന്നെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു മര്യാദയുമില്ലാതെ കിട്ടിയ അവസരം മുതലാക്കുകയാണ്. യൂണിവേഴ്സിറ്റി കോളേജിൽ തെറ്റായ കാര്യങ്ങൾ നടക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കോളേജിനെ കൂടുതൽ പ്രശസ്തിയിലേക്കെത്തിക്കാൻ ശ്രമിക്കും. സമരം നടത്തുന്നവരുടെ ആവശ്യം എന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

യൂണിവേഴ്‌സിറ്റി കോളേജിനെ തകർക്കാൻ അനുവദിക്കില്ല

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിന്റെ പേരിൽ കോളേജിനെ തകർക്കാമെന്നോ അവിടെനിന്ന് മാറ്റാമെന്നോ കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നാല് കോളേജുകളിൽ ഒന്നാണ് യൂണിവേഴ്‌സിറ്റി കോളേജ്. അവിടെയുണ്ടായ ആക്രമണം നടക്കാൻ പാടില്ലാത്തതാണ്. സംഭവത്തിൽ സർക്കാർ കർശന നടപടിയെടുത്തു. യൂണിവേഴ്‌സിറ്റി കോളേജിനെ തകർക്കാം എന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിനോട് പ്രത്യേക വിരോധം പുലർത്തി അവിടെ നിന്ന് മാറ്റാൻ മുമ്പും ശ്രമമുണ്ടായി. ഇന്ന് സമരം നടത്തുന്നവരുടെ നേതൃത്വം ഭരണത്തിലിരിക്കുമ്പോൾ ഇതിന് ശ്രമിച്ചു. സമൂഹം ഒന്നായി ചെറുത്തപ്പോൾ മുട്ട് മടക്കേണ്ടിയും വന്നു. അക്കാലത്ത് നടക്കാത്തത് ഇപ്പോൾ ഒട്ടും പറ്റില്ല. യൂണിവേഴ്‌സിറ്റി കോളേജ് അവിടെത്തന്നെ പ്രവർത്തിക്കും. കോളേജിനെ കൂടുതൽ ശക്തമാക്കും. അതേസമയം, അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP