Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും കച്ചവട സിനിമയുടെ വഴിയിലേക്ക് സംവിധായകൻ ജയരാജ്; ജോണിവാക്കർ പോലെ ഒരു അടിപൊളി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്നും വെളിപ്പെടുത്തൽ; ഒറ്റാലിന് ശേഷം കച്ചവട സിനിമയുടെ വഴി ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച സംവിധായകൻ വീണ്ടും വാണിജ്യ സിനിമാ ലോകത്തേക്ക് തിരിയുമ്പോൾ

വീണ്ടും കച്ചവട സിനിമയുടെ വഴിയിലേക്ക് സംവിധായകൻ ജയരാജ്; ജോണിവാക്കർ പോലെ ഒരു അടിപൊളി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്നും വെളിപ്പെടുത്തൽ; ഒറ്റാലിന് ശേഷം കച്ചവട സിനിമയുടെ വഴി ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച സംവിധായകൻ വീണ്ടും വാണിജ്യ സിനിമാ ലോകത്തേക്ക് തിരിയുമ്പോൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: ജോണിവാക്കർ പോലെ തനി കച്ചവട സിനിമകളും ഒറ്റാലും ഭയാനകവും പോലുള്ള സമാന്തര സിനിമകളും ഒരുക്കിയ സംവിധായകനാണ് ജയരാജ്. മഴയുടെ പശ്ചാത്തലത്തിലാണ് ജയരാജിന്റെ നവരസ പരമ്പരയിലെ ഓരോ ചിത്രവും ഒരുക്കിയത്. വിവിധ വിഭാഗങ്ങളിൽ പെട്ട സിനിമകൾ ചെയ്തു പോരുന്നതിനിടെയാണ് താനിനി കച്ചവട സിനിമകളുടെ വഴിയലേക്കില്ലെന്ന് ജയരാജ് പ്രഖ്യാപിച്ചത്. പ്രതീക്ഷയോടെ ചെയ്ത ചില കച്ചവട സിനികൾ പരാജയപ്പെട്ടതോടെയായിരുന്നു ഈ പ്രഖ്യാപനം. ഒറ്റാൽ എന്ന സിനിമ പൂർത്തിയായ ശേഷം ഇത്തരമൊരു പ്രഖ്യാപനം നടത്തിയ ജയരാജ് താൻ വീണ്ടും നല്ലൊരു കച്ചവട സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് വ്യക്തമാക്കുന്നു. ജനയുഗം വാരാന്തത്തിന് നൽകിയ ഇന്റർവ്യൂവിലാണ് ജയരാജ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എല്ലാതരം സിനിമകളും എടുക്കാൻ ഭാഗ്യം ലഭിച്ച സംവിധായകനാണ് ഞാൻ. പ്രത്യേകമായ ഒരു കളത്തിൽ ഒരിക്കലും തളച്ചിടപ്പെട്ടില്ല. വിദ്യാരംഭത്തിൽ നിന്ന് ജോണിവാക്കറിലേക്കും അവിടെ നിന്ന് ദേശാടനത്തിലേക്കും കളിയാട്ടത്തിലേക്കുമെല്ലാം സഞ്ചരിച്ചു. ഫോർ ദി പീപ്പിളും തിളക്കവും ഒരുക്കുമ്പോൾ തന്നെ ദൈവനാമത്തിലും ഒറ്റാലും സംവിധാനം ചെയ്തു. ഞാൻ ചെയ്ത കച്ചവട സിനിമകളെല്ലാം ഞാൻ ആഗ്രഹിച്ച് ചെയ്തവ തന്നെയാണ്. ഒരു പ്രത്യേക കാലഘട്ടത്തിലാണ് ഞാൻ വലിയ കച്ചവട ചിത്രങ്ങളിൽ നിന്ന് മാറി നിന്നത്. എന്നാൽ ജോണിവാക്കർ പോലെ ഒരു കളർഫുള്ളായ കച്ചവട സിനിമ ചെയ്യാൻ ഞാൻ തയ്യാറെടുക്കുകയാണ്. എത്ര മാറി നിന്നാലും അത്തരം സിനിമകൾ എന്നെ പ്രലോഭിപ്പിക്കുന്നുണ്ട്. ഞാനതിനെ ആസ്വദിക്കുന്നുണ്ട്. അത്തരം സിനിമകൾ ഞാൻ ധാരാളം കാണാറുമുണ്ട്. അതുകൊണ്ട് തന്നെ അതിൽ നിന്നൊഴിഞ്ഞുമാറിയൊരു യാത്ര എനിക്ക് സാധിക്കില്ല. അത്തരമൊരു സിനിമ ഇനി ഒരുക്കുമ്പോൾ അത് ഏറ്റവും മികച്ചതായിരിക്കണമെന്ന് നിർബന്ധമുണ്ട്. വേറിട്ട അവതരണ ശൈലിയിലായിരിക്കണം അത് ഒരുക്കേണ്ടത്. അതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നും ജയരാജ് വ്യക്തമാക്കുന്നു.

പ്രളയകാലത്ത് കേരളത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ പരമ്പരയിലെ പുതിയ ചിത്രം 'രൗദ്രം 2018' ജയരാജ് ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കരും കെപിഎസി ലീലയുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രകൃതിയുടെ രൗദ്ര രസത്തെക്കുറിച്ചാണ് രൗദ്രം പറയുന്നത്. കേരളത്തിലുണ്ടായ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തെയാണ്. അവിടെ ഉണ്ടായ ഒരു യഥാർത്ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം. വെള്ളപ്പൊക്കത്തിൽ വീട്ടിൽ കുടുങ്ങിപ്പോയ ഒരു വൃദ്ധ ദമ്പതികളുടെ കഥയാണ് സിനിമ. ക്രിസ്ത്യാനിയായ ഭർത്താവും ഹിന്ദുവായ ഭാര്യയും. അവരുടെ കാഴ്ചപ്പാടിലൂടെ ആ പ്രകൃതി ദുരന്തത്തെ നോക്കിക്കാണുകയാണ്. വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറി. കറണ്ട് പോയി. അവർ തട്ടിൻപുറത്തേക്ക് കയറുന്നു. തട്ടിൻപുറം ഒരു ലോകമാണ്. ഒരുപാട് പഴമയുടെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടാകും. അവിടെ ആ ദമ്പതികൾ കഴിഞ്ഞു കൂടുന്ന നിമിഷങ്ങൾ.. അവിടെ നിന്ന് അവർ കാണുന്ന പ്രളയത്തിന്റെ കാഴ്ചകൾ... ഒരു യഥാർത്ഥ സംഭവത്തെ ഡോക്യുമെന്ററി ആകാത്ത രീതിയിൽ പറയുന്നത് വലിയൊരു വെല്ലുവിളിയാണ്. പുറത്തു നിന്നുള്ള പ്രളയത്തിലെ കാഴ്ചകൾ നമ്മൾ ടി വിയിൽ കണ്ടും പത്രങ്ങളിൽ വായിച്ചും അറിഞ്ഞതാണ്. എന്നാൽ അതൊന്നുമല്ലാത്തൊരു കാഴ്ചയാണ് സിനിമയിലൂടെ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

യഥാർത്ഥത്തിൽ രൗദ്രരസത്തിനായി പ്രളയമായിരുന്നില്ല നിശ്ചയിച്ചിരുന്നത്. രൗദ്രത്തിൽ രുദ്രതാണ്ഡവം തന്നെയായിരുന്നു മനസ്സിൽ രൂപപ്പെട്ടിരുന്നത്. അന്വേഷണം അഘോരികളിലും ദിഗംബരന്മാരിലും എത്തിച്ചേർന്നു. സിനിമയ്ക്കായി കുംഭമേളയുടെ വിഷ്വൽസ് ഒക്കെ എടുത്തിരുന്നു. കേരളത്തെ പ്രത്യേകിച്ച്, കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തിയ നിപ വൈറസ് ബാധയെക്കുറിച്ച് സിനിമയെടുക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. രൗദ്ര ഭാവം നിപയിലേക്ക് പകർത്താൻ നിശ്ചയിച്ചു. പുതിയൊരു സിനിമയുടെ ബീജവുമായാണ് കോഴിക്കോട് നിന്ന് മടങ്ങിയത്. നിപയെക്കുറിച്ച് പഠിക്കാൻ വീണ്ടും കോഴിക്കോട്ടെത്തുമെന്നും നിശ്ചയിച്ചു. എന്നാൽ ഇതേ പ്രമേയം ആഷിഖ് അബു സിനിമയാക്കാൻ ഒരുങ്ങുന്ന എന്നറിഞ്ഞതോടെ ആ പ്രമേയത്തിൽ നിന്നും പിന്മാറി. പിന്നീടാണ് എന്റെ ജീവിതകാലത്തെ ഏറ്റവും വലിയ ദുരന്തം വന്നുചേർന്നത്. കണ്ടറിഞ്ഞ ആ യാഥാർത്ഥ്യങ്ങൾക്കപ്പുറം രൗദ്രത്തിനായി മറ്റൊന്നും പറയാനില്ലെന്ന് മനസ്സിലായപ്പോൾ.. അത് പറയാതിരിക്കാനാവില്ലെന്ന് വ്യക്തമായപ്പോൾ രൗദ്രം പ്രളയമായി മാറുകയായിരുന്നെന്നും ജയരാജ് പറയുന്നു.

മോഹൻലാലിനൊപ്പം സിനിമയൊരുക്കാൻ കഴിയാതെ പോയതിന്റെ നിരാശയും ജയരാജ് അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. ഒരു സിനിമയ്ക്കായി മോഹൻലാലിനെ സമീപിച്ചപ്പോഴൊന്നും സിനിമ നടന്നില്ല. അദ്ദേഹം സിനിമയെടുക്കാനായി ഇങ്ങോട്ടു ബന്ധപ്പെട്ടപ്പോഴും നടന്നില്ല. എന്തോ ഒരു തടസ്സം ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ചിത്രത്തിൽ അദ്ദേഹം അഭിനയിക്കേണ്ടതായിരുന്നു. അതിനായി എല്ലാ കാര്യങ്ങളും ഒരുക്കി. പക്ഷെ ആ സിനിമ യാഥാർത്ഥ്യമായില്ല. അതിൽ ലാലിന് വലിയ വിഷമമുണ്ടായിരിക്കാം. പിന്നീട് ടി പി രാജീവനും ഞാനും കൂടി കുഞ്ഞാലി മരക്കാരെക്കുറിച്ച് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി. ഭ്രമരത്തിന്റെ സെറ്റിൽ വച്ചാണ് അത് ലാലിന് വായിക്കാൻ നൽകിയത്. നാലു വർഷത്തോളം കാത്തിരുന്നു. യാതൊരു മറുപടിയും ലഭിച്ചില്ല. പിന്നീട് ആ പ്രോജക്ട് ഞാൻ ഉപേക്ഷിച്ചു. ടി പി രാജീവൻ ആ സ്‌ക്രിപ്റ്റ് മറ്റാർക്കോ കൊടുക്കാൻ ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല. ഇപ്പോൾ ലാലും പ്രിയദർശനം ചേർന്ന് കുഞ്ഞാലിമരയ്ക്കാർ സിനിമയെടുക്കുന്നുണ്ട്. പ്രിയനൊപ്പം കുഞ്ഞാലിമരയ്ക്കാർ ഒരുക്കാനായിരിക്കും ലാലിന് കൂടുതൽ സൗകര്യപ്രദമെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP