Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ട്രെയിൻ ഓടിക്കുന്നതിനിടയിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോയിട്ട് അടിസ്ഥാന സൗകര്യങ്ങൾ നിറവേറ്റാൻ പോലും സാധിക്കില്ല; മലമൂത്ര ശങ്ക പേടിച്ച് ആഹാരം മനഃപൂർവ്വം വേണ്ടെന്ന് വെക്കും; ഞങ്ങളും നിങ്ങളെ പോലെ മനുഷ്യരാണെന്നും ലോക്കോപൈലറ്റ് ട്രാക്കിൽ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ആഘോഷമാക്കരുതെന്നും അഭ്യർത്ഥിച്ച് മലയാളി ലോക്കോപൈലറ്റിന്റെ വികാരനിർഭരമായ കുറിപ്പ്

ട്രെയിൻ ഓടിക്കുന്നതിനിടയിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോയിട്ട് അടിസ്ഥാന സൗകര്യങ്ങൾ നിറവേറ്റാൻ പോലും സാധിക്കില്ല; മലമൂത്ര ശങ്ക പേടിച്ച് ആഹാരം മനഃപൂർവ്വം വേണ്ടെന്ന് വെക്കും; ഞങ്ങളും നിങ്ങളെ പോലെ മനുഷ്യരാണെന്നും ലോക്കോപൈലറ്റ് ട്രാക്കിൽ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ആഘോഷമാക്കരുതെന്നും അഭ്യർത്ഥിച്ച് മലയാളി ലോക്കോപൈലറ്റിന്റെ വികാരനിർഭരമായ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാതിവഴിയിൽ ട്രെയിൻ നിർത്തി ലോക്കോപൈലറ്റ് ട്രാക്കിൽ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മഹാരാഷ്ട്രയിലെ ഉൽഹാസ്‌നഗറിൽ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ട്രാക്കിൽ മൂത്രമൊഴിക്കുന്നതും, സമീപത്തെ ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്ന് പോയ ശേഷം ക്യാബിനിൽ കയറി യാത്ര തുടരുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നത്. എല്ലാവരും അത് ഷെയർ ചെയ്യുകയും വീഡിയോ ഒരു ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രെയിൻ ഓടിക്കുന്നതിനിടയിൽ ലോക്കോപൈലറ്റുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിശദമാക്കി വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരിക്കുകയാണ് മലയാളിയായ ഒരു ലോക്കോപൈലറ്റ്. ട്രെയിനിൽ ജോലി ചെയ്യുന്ന മറ്റ് സ്റ്റാഫുകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനും ആഹാരം കഴിക്കാനും, യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തപ്പോൾ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ലോക്കോ പൈലറ്റുമാർ വിശപ്പ് സഹിച്ച് ഇരിക്കണമെന്ന് പ്രദീപ് ചന്ദ്രൻ പറയുന്നു. ട്രെയിനിലെ മോട്ടോർമാൻ ക്യാബിനുകളിൽ ടോയ്ലറ്റ് സൗകര്യം പോലുമില്ല. പലപ്പോഴും പത്ത് മണിക്കൂർ വരെ ടോയ്‌ലറ്റിൽ പോകാനാകാതെ ഇരിക്കേണ്ടി വരാറുണ്ട്. തങ്ങളും മനുഷ്യരാണെന്നും നിങ്ങളിൽ പലർക്കും ഞങ്ങളുടെ അവസ്ഥ അറിയില്ലെന്നും പ്രദീപ് ചന്ദ്രൻ പോസ്റ്റിൽ പറയുന്നു.

കേരളത്തിന് വെളിയിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് കുറവാണ്. പല ട്രെയിനുകൾക്കും ഇടയ്ക്ക് സ്റ്റോപ്പില്ല. ട്രെയിൻ ഓടിച്ചു കൊണ്ടാണ് പലപ്പോഴും ഭക്ഷണം കഴിക്കുന്നത്. എത്ര നേരം കാത്തിരുന്നാലും സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. വളരെ കുറച്ച് നേരം മാത്രമേ ട്രെയിൻ നിർത്തുകയുള്ളൂ. ടോയ്‌ലറ്റിൽ പോകാനുള്ള സൗകര്യമില്ലാത്തതുകൊണ്ട് തന്നെ വിശന്നാലും ഭക്ഷണം കഴിക്കാൻ പേടിയാണ്. വഴിയിൽ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ. വെള്ളം സമയത്ത് കുടിക്കാത്തതുകൊണ്ട് മിക്ക ലോക്കോ പൈലറ്റുമാർക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട്.

ഇതിനെക്കാൾ കഠിനമാണ് മെമു ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ അവസ്ഥ. ഒരേയൊരു ലോക്കോ പൈലറ്റ് മാത്രമേ മെമുവിലുണ്ടാകൂ. ട്രെയിൻ ഓടുമ്പോൾ ലോക്കോ പൈലറ്റ് എപ്പോഴും ഡിഎംഎച്ച് എന്നൊരു ഹാൻഡിൽ അമർത്തി പിടിച്ച് വേണം ട്രെയിൻ ഓടിക്കാൻ്. ഹാൻഡിലിൽ നിന്നും കൈ എടുത്താൽ ട്രെയിൻ അവിടെ നിൽക്കും. ഈ സാഹചര്യത്തിൽ വെള്ളം കൈയിൽ ഉണ്ടായാൽ പോലും കുടിക്കാൻ പറ്റില്ല. ട്രെയിൻ നിർത്തുമ്പോൾ വെള്ളക്കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ട്രെയിൻ സ്റ്റാർട്ട് ചെയ്യാൻ പറയും. ആഹാരം കഴിക്കുന്നതിനെ പറ്റി ചിന്തിക്കാനേ പറ്റില്ല. സിംഗിൾമാൻ വർക്കിങ്ങ് ആയതു കൊണ്ട് ട്രെയിൻ നിർത്തുമ്പോൾ ലോക്കോ പൈലറ്റിന് പുറത്ത് ഇറങ്ങാൻ പോലും സാധിക്കില്ലെന്ന് പ്രദീപ് പറയുന്നു. സ്റ്റേഷനുകളിൽ എങ്കിലും അടിസ്ഥാന സൗകര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമൊരുക്കിയാൽ നന്നായിരിക്കുമെന്ന് ഈ മലയാളി ലോക്കോ പൈലറ്റ് പറയുന്നു.

പ്രദീപ് ചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇപ്പോഴത്തെ വൈറൽ വീഡിയോ ആണല്ലൊ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ട്രാക്കിൽ മൂത്രം ഒഴിക്കുന്നത്. ആ വീഡിയോ ആഘോഷിക്കുന്നവരും ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക.ലോക്കോ പൈലറ്റും മനുഷ്യരാണ്. കേരളത്തിന് വെളിയിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് കുറവാണ്. ചെന്നൈ - വിജയവാഡ 430 കിലോമീറ്ററാണ്. പല ട്രെയിനുകൾക്കും ഇടയ്ക്ക് സ്റ്റോപ്പ് ഇല്ല.

അത്രയും ദൂരം ട്രെയിനിൽ ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്ന മറ്റ് സ്റ്റാഫുകൾക്ക് ആഹാരം കഴിക്കാനും, പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല. ട്രെയിൻ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാർ ആഹാരം കഴിക്കുന്നത് തന്നെ. വഴിയിൽ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ. അത് പോലെ വെള്ളവും. വെള്ളം സമയത്ത് കുടിക്കാത്തതുകൊണ്ട് മിക്ക ലോക്കോ പൈലറ്റുമാർക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട്.

ഇനി മെമുവിന്റെ കാര്യം എടുത്താൽ, അതിൽ ഒരു ലോക്കോ പൈലറ്റ് മാത്രമേയുള്ളു. ട്രെയിൻ ഓടുമ്പോൾ ലോക്കോ പൈലറ്റ് എപ്പോഴും ഡിഎംഎച്ച് എന്നൊരു ഹാൻഡിൽ അമർത്തി പിടിച്ച് ആണ് ട്രെയിൻ ഓടിക്കേണ്ടത്. ഹാൻഡിലിൽ നിന്നും കൈ എടുത്താൽ ട്രെയിൻ അവിടെ നിൽക്കും. വാട്ടർബോട്ടിലിൽ വെള്ളം ഉണ്ടെങ്കിൽ പോലും വെള്ളം കുടിക്കാൻ കഴിയാറില്ല. ട്രെയിൻ നിർത്തുമ്പോൾ വെള്ളക്കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ട്രെയിൻ സ്റ്റാർട്ട് ചെയ്യാൻ പറയും. ആഹാരം കഴിക്കുക എന്നത് ഒരു സ്വപ്നം മാത്രം.

സിംഗിൾ മാൻ വർക്കിങ് ആയതുകൊണ്ട് ട്രെയിൻ നിർത്തുമ്പോൾ ലോക്കോ പൈലറ്റിന് പുറത്ത് ഇറങ്ങാനും കഴിയില്ല. തിരുവനന്തപുരത്ത് നിന്നും 12.50 ന് സ്റ്റാർട്ട് ചെയ്യുന്ന മെമു കന്യാകുമാരി പോയി തിരിച്ച് തിരുവനന്തപുരത്ത് വരാൻ വൈകിട്ട് 7.25 ആകും. അത്രയും സമയം വെള്ളം കുടിക്കാതെ, ആഹാരം കഴിക്കാതെ, മൂത്രം ഒഴിക്കാതെ ജോലി ചെയ്യുന്ന ഒരു ലോക്കോ പൈലറ്റിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു.

ലോക്കോയിൽ ടോയിലറ്റ് വയ്ക്കുക എന്നത് ഞങ്ങളുടെ വർഷങ്ങളായ ആവിശ്യമാണ്. പല നിവേദനങ്ങളും കൊടുത്തു, പക്ഷേ ഇപ്പോഴും ഞങ്ങൾക്ക് ട്രാക്കിൽ മൂത്രം ഒഴിക്കേണ്ട ഗതികേട് ആണ്, ദയവായി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ. ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ എടുത്ത് ആഘോഷിക്കാതിരിക്കൂ. ഞങ്ങളും മനുഷ്യരാണ്. ( എഞ്ചിനിൽ ടോയ്‌ലറ്റ് വയ്ക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാകാം, ഞങ്ങൾക്ക് സ്റ്റേഷനുകളിൽ പ്രാഥമിക ആവശ്യം നിർവ്വഹിക്കാനും , ആഹാരം കഴിക്കാനുമുള്ള സമയം അനുവദിച്ചാൽ ഞങ്ങൾ ഹാപ്പിയാണ്) 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP