Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാർക്ക് എട്ടിന്റെ പണി വരുന്നു! ജെഎൻയുവിൽ എസ്എഫ്‌ഐയെ തോൽപ്പിച്ച് ചെയർമാനായ കനയ്യ കുമാർ ചെങ്കൊടി നാട്ടാൻ തിരുവനന്തപുരത്തേക്ക്; സിപിഐയുടെ പുതിയ മുഖമായ ഫാസിസ്റ്റ് വിരുദ്ധ പോരാളി എത്തുന്ന ആവേശത്തിൽ എഐഎസ്എഫ്; എസ്എഫ്‌ഐയുടെ അവകാശ പത്രികാ റാലിയിൽ കനയ്യയുടെ ആസാദി.. ഗാനം പാടി ആവേശം പ്രകടിപ്പിച്ച കുട്ടിസഖാക്കൾ ആശയക്കുഴപ്പത്തിലാകുമോ?

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാർക്ക് എട്ടിന്റെ പണി വരുന്നു! ജെഎൻയുവിൽ എസ്എഫ്‌ഐയെ തോൽപ്പിച്ച് ചെയർമാനായ കനയ്യ കുമാർ ചെങ്കൊടി നാട്ടാൻ തിരുവനന്തപുരത്തേക്ക്; സിപിഐയുടെ പുതിയ മുഖമായ ഫാസിസ്റ്റ് വിരുദ്ധ പോരാളി എത്തുന്ന ആവേശത്തിൽ എഐഎസ്എഫ്; എസ്എഫ്‌ഐയുടെ അവകാശ പത്രികാ റാലിയിൽ കനയ്യയുടെ ആസാദി.. ഗാനം പാടി ആവേശം പ്രകടിപ്പിച്ച കുട്ടിസഖാക്കൾ ആശയക്കുഴപ്പത്തിലാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐക്കാർ തമ്മിലടിച്ചതിന്റെയും നെഞ്ചിൽ കുത്തിയതിന്റെയും ഗുണം മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് ലഭിച്ചു തുടങ്ങുന്നു. കോളേജിൽ 18 വർഷത്തിന് ശേഷം കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതിന് പിന്നാലെ എഐഎസ്എഫും സംഘടനാ പ്രവർത്തനം കോളേജിൽ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും യൂണിവേഴ്‌സിറ്റി കോളേജിലേക്കുള്ള എഐഎസ്എഫിന്റെ ചുവടുവെപ്പ് ആവേശകരമാക്കാൻ വേണ്ടിയുള്ള ആലോചനയിലാണ് സിപിഐയുടെ വിദ്യാർത്ഥി സംഘടന.

ഇന്ന് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിൽ യൂണിറ്റ് സമ്മേളനം നടത്തുന്നതിന്റെ തുടർച്ചയായി സിപിഐ ദേശീയ നിർവാഹക സമിതി അംഗവും യുവജന നേതാവുമായ കനയ്യകുമാറിനെ കോളേജിൽ എത്തിച്ച് പ്രവർത്തകർക്ക് ആവേശം പകരാനാണ് എഐഎസ്എഫ് നേതൃത്വം പരിപാടിയിടുന്നത്. ഇതിന്റെ ഭാഗമായി എഐഎസ്എഫ് നേതൃത്വം കനയ്യയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. കനയ്യകുമാർ അനുകൂലമായി പ്രതികരിച്ചതായും വിവരമുണ്ട്. എന്നാൽ, സിപിഎം നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന കനയ്യ തിരുവനന്തപുരത്ത് എത്തുമോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. അതേസമയം വിദ്യാർത്ഥി സംഘടനയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന വിഷയത്തിൽ വിശാലമായ കാഴ്‌ച്ചപ്പാട് വേണമെന്നാണ് കനയ്യയയുടെ ആവശ്യം അതുകൊണ്ട് കനയ്യ എത്തിയേക്കുമെന്നുമാണ് അറിയുന്നത്.

അഖിൽ എന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറന്നു. സംഭവം നടന്ന് ഉടനെ തന്നെ ആരോപണവിധേയമായ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഇത്തരത്തിലുള്ള അക്രമസംഭവങ്ങളെ ന്യായീകരിക്കാൻ കഴിയില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്എഫ്ഐ നേതൃത്വത്തിന്റെ ഇടപെടൽ. കോളേജിൽ മറ്റു സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്ന ആക്ഷേപം നിലനിന്നിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പസിൽ യൂണിറ്റ് രൂപീകരിച്ചെന്ന് പ്രഖ്യാപിച്ചായിരുന്നു എഐഎസ്എഫ് രംഗത്തുവന്നത്. യൂണിറ്റ് ഭാരവാഹികളെയും പ്രഖ്യാപിച്ച് കോളേജിലെ സംഘടനാ പ്രവർത്തനം ശക്തമാക്കാൻ പോകുന്നു എന്ന സന്ദേശമാണ് എഐഎസ്എഫ് നൽകിയത്.

ഇതിന്റെ തുടർച്ചയായാണ് എഐഎസ്എഫിന്റെ പുതിയ നീക്കങ്ങൾ. ഇന്ന് ക്യാമ്പസിൽ യൂണിറ്റ് സമ്മേളനം നടത്തി സംഘടനയുടെ ശക്തി വിളിച്ചോതുന്നതിനൊടൊപ്പം പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കനയ്യകുമാറിനെ ക്യാമ്പസിൽ എത്തിക്കാനുള്ള തീരുമാനം നേതൃത്വം കൈക്കൊണ്ടത്. ഓഗസ്റ്റ് രണ്ടിന് എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ കനയ്യകുമാർ കേരളത്തിൽ എത്തുന്നുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി കനയ്യകുമാറിനെ ക്യാമ്പസിൽ എത്തിക്കാനാണ് നേതൃത്വം പദ്ധതിയിടുന്നത്.

ഇതിലുടെ കൂടുതൽ വിദ്യാർത്ഥികളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്യാമ്പസിൽ സംഘടനയുടെ കൊടിമരം നാട്ടുമെന്നും എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്. കനയ്യയുട വരവോടെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയിൽ നിന്നും കൂടുതൽ പേർ എഐഎസ്എഫിൽ എത്തുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു. ജെഎൻയുവിൽ എസ്എഫ്‌ഐക്കെതിരെ മത്സരിച്ച് യൂണിവേഴ്‌സിറ്റി യൂണിയന്റെ ചെയർമാനായ വ്യക്തിയാണ് കനയ്യ കുമാർ. അന്ന് എസ്എഫ്‌ഐയുടെ കുത്തക തകർക്കുകയായിരുന്നു കനയ്യ ചെയ്തത്. യൂണിവേഴ്‌സിറ്റി കോളേജും വർഷങ്ങളായി എസ്.എഫ് ഐയുടെ കുത്തകയാണ്.

ഇവിടെ എഐഎസ്എഫ് പ്രവർത്തനം ഊർജ്ജിതമാക്കുമ്പോൾ അത് ക്ഷീണം ചെയ്യുക എസ്എഫ്‌ഐക്ക് തന്നെയാണ്. കഴിഞ്ഞ ആഴ്‌ച്ച എസ്എഫ്‌ഐ സംഘടിപ്പിച്ച അവകാശ പത്രികയിൽ എസ്എഫ്‌ഐ അംഗങ്ങൾ ആവേശത്തോടെ ഏറ്റുപാടിയത് കനയ്യ കുമാറിന്റെ ആസാദി സോംഗ് ആയിരുന്നു. അതിൽ നിന്നു തന്ന കനയ്യയോട് കേരളത്തിലെ യുവതയുടെ ആവേശം എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്. ജില്ലയിൽ സംഘടനയുടെ പ്രവർത്തനം ശക്തമാക്കാൻ ലക്ഷ്യമിട്ട് എസ്എഫ്ഐയ്ക്ക് സർവ്വാധിപത്യമുള്ള ക്യാമ്പസുകളായ തിരുവനന്തപുരം സംസ്‌കൃത കോളേജ്, ആർട്സ് കോളേജ് എന്നിവിടങ്ങളിലും യൂണിറ്റ് രൂപീകരിക്കാൻ എഐഎസ്എഫ് തീരൂമാനിച്ചിട്ടുണ്ട്. കനയ്യ എത്തിയാൽ അത് ആവേശകരമാകും എന്ന കാര്യം ഉറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP