Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭയിൽ അംഗബലം കൂട്ടാൻ ബിജെപി; മുത്തലാഖും പൗരത്വ ഭേദഗതി ബില്ലും അവതരിപ്പിക്കാൻ ഭൂരിപക്ഷം വേണമെന്നുള്ള ബോധത്തിൽ നിന്ന് പുതിയ തന്ത്രം മെനയാൻ മോദിയും കൂട്ടരും; എതിർപാളയത്തിൽ നിന്ന് രാജി വെപ്പിച്ച് പാർട്ടിയിൽ ചേർക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി

രാജ്യസഭയിൽ അംഗബലം കൂട്ടാൻ ബിജെപി; മുത്തലാഖും പൗരത്വ ഭേദഗതി ബില്ലും അവതരിപ്പിക്കാൻ ഭൂരിപക്ഷം വേണമെന്നുള്ള ബോധത്തിൽ നിന്ന് പുതിയ തന്ത്രം മെനയാൻ മോദിയും കൂട്ടരും; എതിർപാളയത്തിൽ നിന്ന് രാജി വെപ്പിച്ച് പാർട്ടിയിൽ ചേർക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: മുത്തലാഖ്, പൗരത്വ ഭേദഗതി ബില്ലുകൾ രാജ്യസഭയിൽ പാസാക്കാൻ അംഗബലം വർധിപ്പിക്കാനുള്ള ശ്രമത്തിൽ ബിജെപി. 245 അംഗ രാജ്യസഭയിൽ നിലവിൽ 78 അംഗങ്ങളാണ് ബിജെപി.ക്കുള്ളത്. ലോക്സഭയിൽ ബിൽ അനായാസം പാസാകുമെങ്കിലും രാജ്യസഭയിലെ അംഗബലത്തിലുള്ള കുറവ് ഇതിന് പ്രധാന തടസ്സമാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസാക്കാൻ ബിജെപി സർക്കാരിന് സാധിച്ചില്ല. അതു കൊണ്ട് തന്നെ ഇത്തവണ എങ്ങനെ എങ്കിലും അംഗബലം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മുത്തലാഖ്, പൗരത്വ ഭേദഗതി ബില്ലുകൾ സഭയിൽ എത്തുന്നതിനുമുമ്പ് അംഗബലം കൂട്ടണം. അതിനാൽ എതിർപാളയത്തിൽ നിന്ന് അംഗങ്ങളെ അടർത്തിയെടുത്തോ രാജിവെപ്പിച്ചോ പാർട്ടിയിൽ ചേർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തെലുഗുദേശം പാർട്ടിയിലെ നാല് അംഗങ്ങൾ കഴിഞ്ഞമാസം ബിജെപി.യിൽ ചേർന്നിരുന്നു. നാല് വർഷമായി ബിജെപിയുടെ ഘടകകക്ഷിയായിരുന്ന തെലുഗ് ദേശം പാർട്ടി കുറച്ച് നാൾ മുൻപ് പാർട്ടി വിട്ടെങ്കിലും ആകെ ഉണ്ടായിരുന്ന ആറ് അംഗങ്ങളിൽ നാല് പേരും ബിജെപിയിലേക്ക് തിരിച്ച് വന്നത് പ്രതീക്ഷ നൽകുന്നുണ്ട്. സമാജ്വാദി പാർട്ടി അംഗമായ നീരജ് ശേഖർ കഴിഞ്ഞയാഴ്ചയാണ് രാജ്യസഭാംഗത്വം രാജിവെച്ച് ബിജെപി.യിൽ ചേർന്നത്. ഇവരെ ഒന്നും ഉൾപ്പെടുത്താതെയാണ് 78 അംഗങ്ങൾ ഇപ്പോൾ ബിജെപിക്കുള്ളത്.

സമാജ്വാദി പാർട്ടിയിൽ ഇനിയും അതൃപ്തരായ നിരവധി അംഗങ്ങളുണ്ടെന്നും കൂടുതൽപേർ ബിജെപി.യിൽ ചേരാൻ സാധ്യതയുണ്ടെന്നും നീരജ് ശേഖർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള മറ്റ് പാർട്ടി അംഗങ്ങൾ രാജിവച്ചാൽ അവരെ രാജ്യസഭയിലേക്ക് ജയിപ്പിക്കാനാണു ബിജെപിയുടെ തന്ത്രം. അതുകൊണ്ടു തന്നെ 2020-ഓടെ എൻ.ഡി.എ.യ്ക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണു ബിജെപി.യുടെ കണക്കുകൂട്ടൽ. ബി.ജെ.ഡി., വൈ.എസ്.ആർ.കോൺഗ്രസ് പാർട്ടി, ടി.ആർ.എസ്. തുടങ്ങിയ പാർട്ടികളിൽനിന്ന് വിഷയാധിഷ്ഠിത പിന്തുണയാണു ബിജെപി. പ്രതീക്ഷിക്കുന്നത്. സഖ്യകക്ഷികളായ ശിവസേന, ജെ ഡി യു, എ ഐ ഡി എം കെ എന്നിവരുടെ സീറ്റുകൾ കൂടി ചേർത്താൽ 124 എന്ന സംഖ്യ മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

124 അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സഭയിൽ ഭൂരിപക്ഷം ലഭിക്കുകയുള്ളൂ. 245 അംഗങ്ങളാണ് ഇപ്പോൾ സഭയിലുള്ളത്. അതിൽ 241 പേർ തിരഞ്ഞെടുക്കപ്പെട്ടവരും ബാക്കി 4 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമാണ്. രാജ്യസഭയിലെ മൂന്നിലൊന്ന് അംഗങ്ങൾ രണ്ടുവർഷം കൂടുമ്പോൾ വിരമിക്കുകയും ഈയൊഴിവുകളിലേക്ക് പിന്നീട് തിരഞ്ഞെടുപ്പു നടക്കുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞാൽ രാജ്യസഭയിലെ അംഗത്വത്തിലും ഇത് പ്രതിഫലിക്കും. ബിജെപി.ക്ക് വൻ ഭൂരിപക്ഷമുള്ള ഉത്തർപ്രദേശിൽ മാത്രം 2020-ൽ പത്തുസീറ്റുകൾ ഒഴിവുവരുമെന്നാണ് കണക്കുകൂട്ടൽ. ആകെ മൊത്തം 115 അംഗങ്ങളാണ് ഇപ്പോൾ എൻ ഡി എക്കുള്ളത്. ബിജെപിക്ക് 78 ഉം.

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് തന്നെ പ്രധാനപ്പെട്ട പല നിയമനിർമ്മാണങ്ങളും സർക്കാരിന് നടത്താൻ സാധിക്കുന്നില്ല. പലപ്പോഴും ബില്ലുകൾ ധനബില്ലായി വ്യാഖ്യാനിച്ചാണ് സർക്കാർ ഇപ്പോൾ ഈ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുന്നത്. അതാകുമ്പോൾ ലോക്‌സഭയുടെ പിന്തുണ മാത്രം ലഭിച്ചാൽ മതി. ധനബിൽ അവതരിപ്പിക്കുമ്പോൾ ചില നിർദേശങ്ങൾ മാത്രമേ രാജ്യസഭ നൽകുകയുള്ളൂ. ഇതിനെ സംബന്ധിച്ച അന്തിമ തീരുമാനങ്ങളെല്ലാം ലോക്‌സഭയാണ് എടുക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, ഇന്ത്യയിൽ ആറു വർഷം താമസിച്ചാൽ പൗരത്വം നൽകാൻ ഉദ്ദേശിക്കുന്നതാണ് പൗരത്വഭേദഗതി ബിൽ. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്‌ലിം ഇതര മതവിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള ഈ ബിൽ
കഴിഞ്ഞ വർഷമാണ്് ലോക്‌സഭയിൽ പാസാക്കിയത്. ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്കാണു ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കോൺഗ്രസിന്റെയും ഇടതു കക്ഷികളുടെയും ശക്തമായ പ്രതിഷേധം ഈ വിഷയത്തിലുണ്ടായിരുന്നു. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ജാമ്യമില്ലാ കുറ്റവും മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കുന്ന തരത്തിലാണ് മുത്തലാഖ് ബിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ബിൽ അവതരിപ്പിച്ചെങ്കിലും രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അംഗബലം കൂട്ടുന്നതിനെ പറ്റി ബിജെപി ചിന്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP