Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും പിൻവാങ്ങിയ എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എംപിയുടെ തീരുമാനം കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരും സ്വാഗതം ചെയ്യും; കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠ സഹോദരൻ എന്ന നിലയിലാണ് രമ്യയെ ഉപദേശിച്ചത്; രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കിൽ സഹപ്രവർത്തകരുടെ സ്‌നേഹസഹായം സ്വീകരിക്കുന്നതിൽ തെറ്റുണ്ടാകുമായിരുന്നില്ല; യൂത്ത് കോൺഗ്രസുകാരുടെ സമ്മാന കാർ വേണ്ടെന്ന് വെച്ച ആലത്തൂർ എംപിയെ അഭിനന്ദിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും പിൻവാങ്ങിയ എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എംപിയുടെ തീരുമാനം കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരും സ്വാഗതം ചെയ്യും; കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠ സഹോദരൻ എന്ന നിലയിലാണ് രമ്യയെ ഉപദേശിച്ചത്; രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കിൽ സഹപ്രവർത്തകരുടെ സ്‌നേഹസഹായം സ്വീകരിക്കുന്നതിൽ തെറ്റുണ്ടാകുമായിരുന്നില്ല; യൂത്ത് കോൺഗ്രസുകാരുടെ സമ്മാന കാർ വേണ്ടെന്ന് വെച്ച ആലത്തൂർ എംപിയെ അഭിനന്ദിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌നേഹ സമ്മാനമായി നൽകാനിരുന്ന കാർ വേണ്ടെന്നു വെച്ച ആലത്തൂർ എംപി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിരിവിലൂടെ കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും കെപിസിസി ഉപദേശം മാനിച്ച് പിന്മാറിയ രമ്യയുടെ തീരുമാനത്തെ കോൺഗ്രസ് പ്രവർത്തകർ അഭിനന്ദിക്കുന്നു എന്നു പറഞ്ഞെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് മുല്ലപ്പള്ളി ഈ വിവാദ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചത്.

കെപിസിസി അധ്യക്ഷൻ എന്ന നിലയിലല്ല, മറിച്ച് ഒരു ജ്യേഷ്ടനെന്ന നിലയിലാണ് താൻ രമ്യയെ ഉപദേശിച്ചതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കിൽ സഹപ്രവർത്തകരുടെ സ്‌നേഹ സഹായം സ്വീകരിക്കുന്നതിൽ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കൽ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് മുൻനിർത്തിയായിരുന്നു തന്റെ ഉപദേശമെന്നാണ് മുല്ലപ്പള്ളി ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ വിഷയത്തിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ രമ്യയോട് കാണിച്ച സന്മനസിനെ ഞാൻ അഭിനന്ദിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പിരിവിലൂടെ സ്വന്തമായി കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും കെപിസിസി ഉപദേശം മാനിച്ച് പിൻവാങ്ങുന്നു എന്ന എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യും. ഗാന്ധിയൻ മൂല്യങ്ങളിൽ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങൾ കീഴടക്കിയത് എന്നതിൽ നാം എല്ലാവരും അഭിമാനിക്കുന്നു.

ഉയർത്തെഴുന്നേറ്റ ഇന്ത്യൻ സ്ത്രീത്വത്തിന്റെ തിളക്കമാർന്ന മുഖമാണ് രമ്യാ ഹരിദാസ്്. രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കിൽ സഹപ്രവർത്തകരുടെ സ്‌നേഹ സഹായം സ്വീകരിക്കുന്നതിൽ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കൽ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠസഹോദരൻ എന്ന നിലയിലാണ് ഞാൻ രമ്യയെ ഉപദേശിച്ചത്.

ദേശീയപ്രസ്ഥാന കാലത്തെ പ്രോജ്വലമായ മൂല്യബോധമാണ് ഓരോ കോൺഗ്രസുകാരന്റെയും മൂലധനം. അത് കൈമോശം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രമ്യയ്ക്ക് അത് സാധിക്കുമെന്ന ഉത്തമബോധ്യം എനിക്കുണ്ട്. യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ രമ്യയോട് കാണിച്ച സന്മനസിനെ ഞാൻ അഭിനന്ദിക്കുന്നു. രമ്യയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

യൂത്ത് കോൺഗ്രസുകാർ സമ്മാനമായി നൽകാനുള്ള കാർ വേണ്ടെന്ന് വെക്കുന്ന തീരുമാനം രമ്യ കൈക്കൊണ്ടത് മുല്ലപ്പള്ളി ഈ വിഷയത്തൽ കൈക്കൊണ്ട നിലപാടിനെ തുടര്ന്നാണ്. വായ്പ എടുത്ത് കാർ വാങ്ങുന്നതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ടാണ് അതിന് തുനിയാത്തത് എന്ന് രമ്യ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വാടക കാറിൽ യാത്ര തുടങ്ങാനാണ് രമ്യ ആലോചിക്കുന്നത്. മുതലാളിമാരുടെയൊന്നും സഹായത്തോടെ കാർ വാങ്ങുകയുമില്ല. സ്വന്തമായി കാർ വാങ്ങുന്നതിൽ കരുതലോടെ മാത്രമേ എംപി തീരുമാനം എടുക്കൂ. ചാടിക്കയറി അത്തരമൊരു തീരുമാനമെടുക്കേണ്ടെന്നാണ് രമ്യാ ഹരിദാസിന് കിട്ടുന്ന ഉപദേശവും.

അതിനിടെ രമ്യാ ഹരിദാസിന് പുതുവഴിയിലൂടെ കാർ വാങ്ങി കൊടുക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി രംഗത്ത് വരുന്നതിൽ യൂത്ത് കോൺഗ്രസിൽ അമർഷം ശക്തമാണ്. ഗ്രൂപ്പുകൾക്ക് അതീതമായ കൂട്ടായ്മ ആലത്തൂരിൽ രൂപപ്പെട്ടിരുന്നു. സിപിഎം കോട്ടയിൽ രമ്യാ ഹരിദാസിന് വിജയമൊരുക്കിയത് ഈ പ്രവർത്തനമാണ്. രമ്യ ജയിക്കുമെന്ന് കെപിസിസി നേതൃത്വം സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് ജയിക്കാനാകില്ലെന്ന് കരുതിയാണ് രമ്യയെ സ്ഥാനാർത്ഥിയാക്കിയതും. എന്നാൽ പെങ്ങളൂട്ടി അപ്രതീക്ഷിതമായി ജയിച്ചു. ദേശീയ തലത്തിൽ പോലും ചർച്ചയായി. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമെല്ലാം രമ്യയെ പ്രകീർത്തിച്ചു. പുതിയ രാഷ്ട്രീയത്തിന് കേരളത്തിലെ കോൺഗ്രസിൽ രമ്യയുടെ വിജയം കളമൊരുക്കുമെന്നും സൂചനയെത്തി. കടൽ കിഴവന്മാരെ പുറത്ത് നിർത്തി യുവരക്തങ്ങളെ രംഗത്തിറക്കിയുള്ള പരീക്ഷണം വിജയം നൽകുമെന്ന പാഠമാണ് രമ്യയുടെ വിജയം നൽകിയത്. ഇതോടെയാണ് ഗ്രൂപ്പ് നേതാക്കൾ അങ്കലാപ്പിലായത്.

അതുകൊണ്ടാണ് കിട്ടിയ അവസരത്തിൽ രമ്യയെ പിന്തുണച്ചവരെ മാനസികമായി തകർക്കാൻ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചതെന്നാണ് ആലത്തൂരിലെ കോൺഗ്രസുകാരുടെ വിലയിരുത്തൽ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴും നേടുകയാണ് അവരുടെ ശ്രമം. ഇതിന് രമ്യയുടെ എംപി പദവിയുടെ കരുത്ത് ഉപയോഗിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ വിവാദങ്ങൾ തൽകാലം ഒഴിവാക്കുന്ന തീരുമാനം ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാർ എടുക്കും. രമ്യയുടെ പ്രവർത്തനങ്ങൾക്ക് അവർ എല്ലാ പിന്തുണയും നൽകും. രമ്യയുടെ ഓഫീസും ഉടൻ ഉദ്ഘാടനം ചെയ്യും. ചരിത്ര വിജയം നേടിയ പെങ്ങളൂട്ടിക്ക് എല്ലാവിധ പിന്തുണയും തുടരും.

രമ്യയുടെ ആവശ്യത്തിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പിരിവെടുത്തിരുന്നു. ഇത് ഇനി ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കും. കണക്കും വെളിപ്പെടുത്തും. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന യൂത്ത് കോൺഗ്രസ് യോഗം തീരുമാനങ്ങളെടുക്കും. തൽകാലം വാടക കാറിൽ എംപി യാത്ര തുടങ്ങുമെന്നാണ് സൂചന. മുതലാളിമാരിൽ നിന്ന് പണം വാങ്ങി ഇന്നോവാ കാർ വാങ്ങുന്ന ഇടപാടിന് രമ്യയെ കിട്ടില്ലെന്നാണ് സൂചന. മുമ്പ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് ജനപ്രതിനിധി പ്രവാസി വ്യവസായിയെ സ്വാധീനിച്ച് ഇന്നോവ വാങ്ങിയതും ഫാൻസി നമ്പറിന് കൂടുതൽ തുക മുതലാളിയിൽ നിന്ന് വാങ്ങിയതുമെല്ലാം കോൺഗ്രസിൽ വലിയ ചർച്ചയായിരുന്നു. ഈ നേതാവിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനും ചരട് വലികൾ നടക്കുന്നുണ്ട്. ഇതിലൊന്നും ആർക്കും പ്രതിഷേധമോ പ്രതികരണമോ ഇല്ല. എന്നാൽ പുതു രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തേടി യൂത്ത് കോൺഗ്രസ് രംഗത്തെത്തുമ്പോൾ ആദർശത്തിന്റെ പ്രതിരൂപമായ മുല്ലപ്പള്ളി തന്നെ രമ്യാ ഹരിദാസിനെതിരെ രംഗത്ത് വന്നതിലാണ് അണികൾക്ക് അമർഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP