Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയ വിവാഹത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ രജിസ്റ്റർ ചെയ്തു; വധൂവരന്മാർ തമ്മിൽ ശാരീരിക ബന്ധം നടന്നിരിക്കാം എന്നതിനാൽ കല്യാണം നടത്തണമെങ്കിൽ കന്യകാത്വ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന് ഇടവക വികാരി; വിശ്വാസികൾ ഉടക്കുമായി എത്തിയതോടെ വികാരിയെ അടിയന്തിരമായി സ്ഥലംമാറ്റി മലങ്കരസഭാ ഓർത്തഡോക്‌സ് സഭാ നേതൃത്വം; കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ലെന്ന് സ്ഥലം മാറ്റപ്പെട്ട വികാരി ഷിബു അച്ചനും; പത്തനംതിട്ട സെന്റ് മേരീസ് ചർച്ചിൽ കല്യാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇങ്ങനെ

പ്രണയ വിവാഹത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ രജിസ്റ്റർ ചെയ്തു; വധൂവരന്മാർ തമ്മിൽ ശാരീരിക ബന്ധം നടന്നിരിക്കാം എന്നതിനാൽ കല്യാണം നടത്തണമെങ്കിൽ കന്യകാത്വ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന് ഇടവക വികാരി; വിശ്വാസികൾ ഉടക്കുമായി എത്തിയതോടെ വികാരിയെ അടിയന്തിരമായി സ്ഥലംമാറ്റി മലങ്കരസഭാ ഓർത്തഡോക്‌സ് സഭാ നേതൃത്വം; കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ലെന്ന് സ്ഥലം മാറ്റപ്പെട്ട വികാരി ഷിബു അച്ചനും; പത്തനംതിട്ട സെന്റ് മേരീസ് ചർച്ചിൽ കല്യാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇങ്ങനെ

എം മനോജ് കുമാർ

പത്തനംതിട്ട: വിവാഹം നടത്താൻ വധുവിന്റെ കന്യകാത്വ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു ആവശ്യപ്പെട്ട ഫാദർ ജേക്കബ് ബേബി എന്ന ഷിബുവച്ചനെ പത്തനംതിട്ട സെന്റ് മേരീസ് പള്ളിവികാരി സ്ഥാനത്തും നിന്നും മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ നേതൃത്വം നീക്കം ചെയ്തു. ചാരുങ്കൽ ചെറിയാൻ ജോർജ് അച്ചനെയാണ് സഭാ നേതൃത്വം പുതുതായി നിയമിച്ചത്. വിവാഹം നടത്തിത്തരണമെങ്കിൽ വധുവിന്റെ കന്യകാത്വ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വികാരി ആവശ്യപ്പെട്ടെന്ന ആക്ഷേപം ഉയർന്നതോടെയാണ് സഭാ നേതൃത്വം ഷിബു അച്ചനെ സെന്റ് മേരീസ് പള്ളിവികാരി സ്ഥാനത്തും നിന്നും നീക്കിയത്. അതേസമയം കന്യകാത്വ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന നിർദ്ദേശം താൻ നൽകിയിട്ടില്ലെന്ന് ഷിബു അച്ചൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ, ഇടവകയിൽ നിന്നും സ്ഥലം മാറ്റിയ കാര്യം ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭുടെ തുമ്പമൺ ഭദ്രാസന ഇടവകയുടെ കുരിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പൊലീത്തയുടെ നിർദ്ദേശ പ്രകാരമാണ് വിവാദ നിർദ്ദേശം നൽകിയ ഷിബു അച്ചനെ പദവിയിൽ നിന്നും നീക്കം ചെയ്തത്. ഇടവക വികാരി ജേക്കബ് ബേബി അച്ചൻ അവധിയിൽ പ്രവേശിച്ചിരിക്കുന്നതിനാൽ പകരം വികാരിയുടെ ചുമതല നിർവഹിക്കുന്നതിനും വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള ആത്മീയ കാര്യങ്ങൾ നിർവഹിക്കുന്നതിനും ചെറിയാൻ ജോർജ് അച്ചനെ നിയോഗിച്ചിരിക്കുന്നു എന്നാണ് കുരിയാക്കോസ് മാർ ക്ലീമിസിന്റെ ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്. രാജി നൽകിയ ട്രസ്റ്റി കെ.എ.ജോർജ്, ടെനി ചാക്കോ എന്നിവരോട് തൽസ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശിച്ചതായും ഇത് സംബന്ധമായി വന്ന ഉത്തരവിൽ പറയുന്നു. മൂന്നു ദിവസം മുൻപാണ് സഭാ നേതൃത്വം ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

പള്ളിയിൽ വിവാഹം നടത്തണമെങ്കിൽ വധുവിന്റെ കന്യകാത്വ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു എന്ന ആക്ഷേപം ഉയർന്നതോടെയാണ് മലങ്കര സഭയിലെ ഈ വൈദികൻ വിവാദത്തിൽ അകപ്പെട്ടത്. മലങ്കര ഓർത്തഡോക്സ് സഭയുടെ യുവജന വിഭാഗം നേതാവായ യുവാവിനോടാണ് വികാരി ഈ ആവശ്യം ഉന്നയിച്ചത് എന്നാണ് പരാതി. നേരത്തെ രജിസ്റ്റർ വിവാഹം നടത്തിയ ഇരുവരും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കാമെന്നും അതിനാൽ പള്ളിയിൽ വിവാഹം നടത്തി തരാൻ സാധിക്കില്ലെന്നുമാണ് ഷിബുവച്ചൻ പറഞ്ഞതായി ആക്ഷേപം ഉയരുകയും ഇത് വാർത്തയാകുകയും ചെയ്തു. ഇത് വിവാദമാകുകയും ചെയ്തു.

യൂത്ത് കോൺഗ്രസ്സ് നേതാവായ യുവാവ് റോമൻ കത്തോലിക്കാ വിഭാഗത്തിൽ പെട്ട യുവതിയെയാണ് വിവാഹം ചെയ്തത്. യുവാവുമായുള്ള പ്രണയത്തിനെ തുടർന്ന് യുവതി ഓർത്തഡോക്സ് വിശ്വാസം സ്വീകരിച്ചിരുന്നു. ഇതോടെയാണ് വികാരി ഇടഞ്ഞത്. വിവാഹം നടത്തി നൽകിയെങ്കിലും മലങ്കര സഭയിൽ പുതിയ വിവാദത്തിനു തിരി ഉയരുകയായിരുന്നു. പ്രണയ വിവാഹത്തിൽ വീട്ടുകാരിൽ നിന്ന് പ്രതിഷേധം ഉയർന്നതോടെയാണ് ഇവർ മുൻപ് പത്തനംതിട്ട രജിസ്ട്രാർ ഓഫിസിൽ സ്‌പെഷ്യൽ മാരിയേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്. അപ്പോഴേക്കും വീട്ടുകാരുടെ എതിർപ്പ് മാറിയതിനാൽ യുവതി ഓർത്തഡോക്സ് വിശ്വാസം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പള്ളിയിൽ നിന്നും വീണ്ടും വിവാഹം കഴിക്കാൻ ദമ്പതികൾ തീരുമാനിച്ചത്.

എന്നാൽ രജിസ്റ്റർ വിവാഹം നടത്തിയത് സഭാ ആചാരങ്ങൾക്ക് എതിരാണെന്നും വിവാഹം രജിസ്റ്റർ ചെയ്തതുകൊണ്ടുതന്നെ ഇരുവരും ദാമ്പത്യ ബന്ധത്തിൽ ഏർപ്പെട്ടിരിക്കാം എന്നുമുള്ള വാദങ്ങളാണ് വികാരി മുന്നോട്ടു വെച്ചത്. അതുകൊണ്ടു തന്നെ വധു കന്യകയാണെന്ന് തെളിയിക്കാനുള്ള ഗൈനക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് വേണമെന്നും നിർദ്ദേശം വെച്ചു. ഇതോടെ, സംഭവം വിശ്വാസികൾക്കിടയിൽ ഒച്ചപ്പാടാക്കി. സഭാ വിശ്വാസികൾ തന്നെ രണ്ടായി തിരിഞ്ഞു. സഭാ സ്ഥാനങ്ങൾ ചിലർ രാജിവയ്ക്കുകയും ചെയ്തു. എന്നാൽ ഈ രാജി സഭാ നേതൃത്വം സ്വീകരിച്ചില്ല. വിവാദത്തിനു കാരണഭൂതനായ അച്ചനെ മാറ്റുകയാണ് ചെയ്തത്. എന്നാൽ കന്യകാത്വ പരിശോധനാ തീരുമാനം മലങ്കര സഭയിൽ പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ്. അതേസമയം അച്ചനെ മാറ്റിയത് സഭയിൽ ഗ്രൂപ്പു വഴക്കുമായി ബന്ധപ്പെട്ടാണെന്ന ആക്ഷേപവുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP