Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി കസേരയിലേക്ക് കാലെടുത്തുവെക്കാൻ തയ്യാറായ യെദ്യൂരപ്പയെ ഞെട്ടിച്ച നീക്കത്തിലൂടെ അധികാരം പിടിച്ച സഖ്യത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബിജെപി; അപ്രതീക്ഷമായി കിട്ടിയ പദവിയിൽ ഇരിപ്പുറയ്ക്കാതെ 'കുമാരയണ്ണ'യുടെ പടിയിറക്കം; ഓപ്പറേഷൻ ലോട്ടസ് വിജയിപ്പിച്ച യെദ്യൂരപ്പ നാലാം തവണ മുഖ്യമന്ത്രി കസേരയിലേക്ക്; വിമത എംഎൽഎമാർ മടങ്ങിവരുന്നത് ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രം; ഡി കെ ശിവകുമാറിന്റെ തന്ത്രങ്ങളും വിജയിക്കാതെ 14 മാസം പ്രായമായ സർക്കാറിന് നാടകീയ പതനം

മുഖ്യമന്ത്രി കസേരയിലേക്ക് കാലെടുത്തുവെക്കാൻ തയ്യാറായ യെദ്യൂരപ്പയെ ഞെട്ടിച്ച നീക്കത്തിലൂടെ അധികാരം പിടിച്ച സഖ്യത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബിജെപി; അപ്രതീക്ഷമായി കിട്ടിയ പദവിയിൽ ഇരിപ്പുറയ്ക്കാതെ 'കുമാരയണ്ണ'യുടെ പടിയിറക്കം; ഓപ്പറേഷൻ ലോട്ടസ് വിജയിപ്പിച്ച യെദ്യൂരപ്പ നാലാം തവണ മുഖ്യമന്ത്രി കസേരയിലേക്ക്; വിമത എംഎൽഎമാർ മടങ്ങിവരുന്നത് ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രം; ഡി കെ ശിവകുമാറിന്റെ തന്ത്രങ്ങളും വിജയിക്കാതെ 14 മാസം പ്രായമായ സർക്കാറിന് നാടകീയ പതനം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ കുമാരസ്വാമി മുഖ്യമന്ത്രിയായത്, തീർത്തും അവിചാരിതമായ ഞെട്ടിക്കുന്ന നീക്കത്തിലൂടെയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ പിന്തുണച്ച് സർക്കാർ ഉണ്ടാക്കുമെന്ന് കരുതിയിടത്താണ് കോൺഗ്രസ്-ജെഡിഎസ് സഖ്യം രൂപം കൊള്ളുന്നതും പുതിയ സർക്കാർ രൂപീകരിക്കുന്നതും. അങ്ങനെ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായ 'കുമാരയണ്ണ'യുടെ പടിയിറക്കമാണ് 14 മാസങ്ങൾക്ക് ശേഷം ഉണ്ടായത്. വിശ്വാസവോട്ടിൽ പരാജയപ്പെട്ട് കുമാരസ്വാമി സർക്കാർ താഴെ വീണപ്പോൾ ചിരിച്ചും കൈയുയർത്തി വിജയ ചിഹ്നം കാണിച്ചുമാണ് യെദ്യൂരപ്പയും കൂട്ടരും സന്തോഷം പങ്കിട്ടത്. പുതിയ സർക്കാർ രൂപീകരിക്കാനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് ബിജെപി കടന്നിടടുണ്ട്. എന്നാൽ ന്യൂനപക്ഷ സർക്കാറായി നിലകൊള്ളുമോ യെദ്യൂരപ്പ സർക്കാർ എന്നാണ് ഇനി അറിയേണ്ടത്.

ഇന്ന് തന്നെ ബിജെപി പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും. രാവിലെ ബിജെപി നിയമസഭാ കക്ഷി യോഗം കഴിഞ്ഞ ശേഷം ഗവർണറെ കാണാനാണ് അവർ തയ്യാറെടുക്കുന്നത്. അതോടെ നാലാം തവണയാകും യെദ്യൂരപ്പ മുഖ്യമന്ത്രി ക്കസേരയിലിരിക്കുക. നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും രാഷ്ട്രപതി ഭരണത്തിനും ശേഷം 2007 നവംബർ 12ലാണ് ബി.എസ് യെദ്യൂരപ്പ കർണാടകത്തിൽ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ദക്ഷിണേന്ത്യയിൽ ബിജെപി അക്കൗണ്ട് തുറന്നത് യെദ്യൂരപ്പയിലൂടെയായിരുന്നു. പക്ഷേ ഏഴുദിവസം മാത്രമേ ആദ്യ യെദ്യൂരപ്പ സർക്കാറിന് ആയുസ്സുണ്ടായിരുന്നുള്ളൂ.

തിരഞ്ഞെടുപ്പിന് ശേഷം 2008 മെയ് 30 ന് വീണ്ടും മുഖ്യമന്ത്രിയായി ചുമതലേയേറ്റ യെദ്യൂരപ്പ മൂന്നു വർഷവും രണ്ടുമാസവും ഭരിച്ചു. 2018 മെയ് 17നാണ് യെദ്യൂരപ്പയുടെ മൂന്നാമൂഴം. ഭൂരിപക്ഷം തെളിയിക്കാനാവാതെ ആറുദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന് അദ്ദേഹം പടിയിറങ്ങി. പിന്നീട് അധികാരത്തിലെത്തിയ കോൺഗ്രസ്-ജനതാദൾ എസ് കൂട്ടുകക്ഷി സർക്കാരിനെ മറിച്ചിട്ട് വീണ്ടും ഭരണത്തിലെത്തുമ്പോൾ മധുരപ്രതികാരത്തിന്റെ മെമ്പൊടികൂടിയുണ്ട് അദ്ദേഹത്തിന്റെ നാലാമൂഴത്തിന്.

224 അംഗ കർണാടക നിയമസഭയിൽ 20 പേരാണ് വിശ്വാസ വോട്ടെടുപ്പിന് എത്താതിരുന്നത്. 99 പേരാണ് എച്ച് ഡി കുമാരസ്വാമിക്കൊപ്പം നിന്നത്. മുംബൈയിൽ ആഡംബര ഹോട്ടലിൽ കഴിയുന്ന വിമത എംഎ‍ൽഎമാർ യെദ്യൂരപ്പ സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രമേ തിരിച്ചുവരൂവെന്നാണ് റിപ്പോർട്ട്.

രണ്ടാം തവണയാണ് കാലാവധി പൂർത്തിയാക്കാനാകാതെ ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രി കസേരയൊഴിയുന്നത്. ബദ്ധവൈരികളുമായി കൈകോർത്ത് നേടിയ കസേരയുടെ ആയുസ് ഇത്രയേ ഉണ്ടാകൂ എന്ന് അദ്ദേഹം മുന്നേ മനസിലാക്കിയതാണ്. മുഖ്യമന്ത്രിയായത് കാളകൂട വിഷം കഴിച്ചതുപോലെയാണെന്നാണ് കുമാരസ്വാമി ഒരിക്കൽ പറഞ്ഞത്. പലപ്പോഴും രാഷ്ട്രീയവും പദവികളും തളികയിൽ വച്ചു കിട്ടിയ കുമാരണ്ണയുടെ കാര്യത്തിൽ അതു സത്യവുമാണ്. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് കുമാരസ്വാമിയുടെ രാഷ്ട്രീയ അരങ്ങേറ്റം. അന്ന് അച്ഛൻ എച്ച്.ഡി. ദേവെഗൗഡ മുഖ്യമന്ത്രി. മൂന്നാം മുന്നണി എന്ന ദേശീയ പരീക്ഷണ നാടകത്തിൽ അപ്രതീക്ഷിതമായി നായകവേഷം കിട്ടിയ ദേവെഗൗഡ പ്രധാനമന്ത്രിയായി. കന്നി എംപിമാരിൽ ഏറ്റവും ഗ്ലാമർ താരമായി കുമാരസ്വാമി.

എന്നാൽ രണ്ടു വർഷംകഴിഞ്ഞ് വീണ്ടുമെത്തിയ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുപോലും കിട്ടാതെ തോൽവി. 1999ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശാന്തനൂരിൽനിന്ന് അടുത്ത തോൽവി. 2004ൽ നിയമസഭയിലേക്കു വിജയിച്ചായിരുന്നു തിരിച്ചുവരവ്. രണ്ടു വർഷത്തിനകം ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി. 2007ൽ ധാരണപ്രകാരം ബിജെപിക്കു മുഖ്യമന്ത്രി പദം കൈമാറേണ്ട ഘട്ടത്തിൽ സഖ്യം വിട്ടു.

2009ൽ വീണ്ടും ലോക്‌സഭാംഗം. 2013ൽ ദൾ സംസ്ഥാന അധ്യക്ഷനായെങ്കിലും മണ്ഡ്യ, ബെംഗളൂരു റൂറൽ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പാർട്ടി തോൽവിയെ തുടർന്ന് രാജിവച്ചു. 2013ൽ രാമനഗരയിൽനിന്ന് നിയമസഭയിൽ, പ്രതിപക്ഷ നേതാവ്. 2014ൽ വീണ്ടും ദൾ സംസ്ഥാന അധ്യക്ഷൻ. 2018 ൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത രാഷ്ട്രീയ കരുനീക്കങ്ങളിൽ കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ 14 മാസത്തിനിപ്പുറം അപ്രതീക്ഷിതമല്ലെങ്കിലും പദവിയിൽ നിന്നുള്ള പടിയിറങ്ങുകയാണ്.

വിമതരുടെ മടക്കം യെദ്യൂരപ്പ സർക്കാർ വന്നതിന് ശേഷം മാത്രം

വിശ്വാസ വോട്ടെടുപ്പിനെത്താതെ മുംബൈയിൽ തങ്ങിയ വിമത എംഎ‍ൽഎ മാർ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രമേ തിരിച്ചെത്തൂവെന്ന് റിപ്പോർട്ട്. മുംബൈയിലെ ആഡംബര ഹോട്ടലിൽ കഴിയുന്ന കോൺഗ്രസിലേയും ജെഡിഎസിലേയും വിമതർ എല്ലാവരും സന്തോഷവാന്മാരാണെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച രാത്രി നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട എച്ച്.ഡി കുമാരസ്വാമി സർക്കാർ ഗവർണർക്ക് രാജി നൽകി. പുതിയ സർക്കാർ രൂപീകരിക്കാനുള്ള അന്തിമ നീക്കങ്ങളിലാണ് ബി.എസ് യെദ്യൂരപ്പയും കൂട്ടരും. സഖ്യകക്ഷി സർക്കാരിന് പിന്തുണ പിൻവലിച്ച് എംഎ‍ൽഎ മാർ മുംബൈയിലേക്ക് കടന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറിയത്. കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ എംഎ‍ൽഎ മാരെ കാണാൻ എത്തിയെങ്കിലും പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തിരിച്ചയക്കുകയായിരുന്നു. സർക്കാരിന് പിന്തുണ പിൻവലിച്ചതിന് പിന്നിൽ ബിജെപി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിമത എം എൽ എമാർ വ്യക്തമാക്കുകയും ചെയ്തു.

ഡികെയുടെ തന്ത്രങ്ങളും ഏഴിയില്ല, രക്ഷയില്ലാതെ പടിയിറക്കം

2018 മേയിലായിരുന്നു കർണാടകയിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ്. 104 സീറ്റിൽ ജയിച്ച ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ ഗോവയിലും മണിപ്പുരിലും മേഘാലയയിലുമെല്ലാം ബിജെപി പ്രയോഗിച്ചു വിജയിച്ച തന്ത്രം കോൺഗ്രസ് തിരിച്ചു പ്രയോഗിക്കുന്നതാണു കർണാടകയിൽ കണ്ടത്. 78 സീറ്റു നേടിയ കോൺഗ്രസ് 38 സീറ്റു നേടിയ ജനതാദൾ (എസ്)ബിഎസ്‌പി (37പ്ലസ് വൺ) സഖ്യത്തിനൊപ്പം ചേർന്നു സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തോടെ മുഖ്യമന്ത്രി കസേരയിൽ നോട്ടമിട്ട യെദ്യൂരപ്പയുടെ മോഹങ്ങൾ മങ്ങി.

മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യം ഇതിനെ എതിർത്തെങ്കിലും മെയ്‌ 15നു ഫലം വന്നതോടെ തീരുമാനം മാറ്റേണ്ടി വന്നു. സംസ്ഥാനത്തു മൂന്നാം സ്ഥാനത്തിരിക്കേണ്ട പാർട്ടിക്ക് മുഖ്യമന്ത്രിപദം എന്ന മോഹനവാഗ്ദാനം മുന്നിൽവച്ചതോടെ, ദൾ നേതാക്കളായ എച്ച്.ഡി.ദേവെ ഗൗഡയും, കുമാരസ്വാമിയും സമ്മതം മൂളി. 15നു വൈകിട്ട് നാലിനു തന്നെ ദളിനുള്ള പിന്തുണക്കത്തു നൽകാൻ ശ്രമിച്ചെങ്കിലും ഗവർണർക്കു സമയമുണ്ടായിരുന്നില്ല. പിറ്റേന്നു നിയമസഭാകക്ഷി യോഗത്തിനു പിന്നാലെ കോൺഗ്രസ് നേതാക്കൾക്കു കാര്യങ്ങളുടെ ഗതി ബോധ്യപ്പെട്ടു: ഗവർണർ ക്ഷണിക്കുക ബിജെപിയെയായിരിക്കും. രാത്രി സുപ്രീം കോടതിയെ സമീപിക്കുകയാണ് ഏക മാർഗം. സർക്കാരുണ്ടാക്കാൻ യെഡിയൂരപ്പയെ ക്ഷണിച്ചും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമനുവദിച്ചുമുള്ള ഗവർണർ വാജുഭായ് വാലയുടെ നടപടി കോൺഗ്രസും ജെഡിഎസും സംയുക്ത ഹർജിയിൽ കോടതിയിൽ ചോദ്യം ചെയ്തു.

സുപ്രീംകോടതിയിൽ നിയമപരമായി നീങ്ങുന്നതിനിടെ കുതിരക്കച്ചവടത്തിന്റെ സൂചനകളും തെളിഞ്ഞു തുടങ്ങി. അതോടെ കോൺഗ്രസ്, ദൾ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്കു മാറ്റി. കർണാടകയിലെ കോൺഗ്രസിന്റെ കരുത്തൻ ഡി.കെ.ശിവകുമാറിനായിരുന്നു അവിടെ എംഎൽഎമാരുടെ 'സംരക്ഷണച്ചുമതല'. പക്ഷേ റിസോർട്ടിലെ എംഎൽഎമാർക്കും ബിജെപി ദൂതന്മാരുടെ സന്ദേശം ലഭിച്ചു തുടങ്ങിയതോടെ എല്ലാവരുമായി കൊച്ചിക്കു പോകാൻ തീരുമാനിച്ചു. വിമാനം തയാറാക്കിയപ്പോൾ വിമാനത്താവളത്തിൽനിന്നു യാത്രാനുമതിയില്ല. വിമാനയാത്ര മുടങ്ങിയേക്കുമെന്നു മുന്നിൽ കണ്ടു ബസുകൾ ഏർപ്പാടാക്കിയതു ഗുണമായി.

നാടകീയ നീക്കങ്ങൾ, ഒടുവിൽ വീഴ്‌ച്ച

പുതുച്ചേരിയിലേക്കു പോകുന്നെന്നു പ്രചാരം കൊടുത്തെങ്കിലും പോയതു ഹൈദരാബാദിലേക്ക്. രാത്രി യാത്ര ചെയ്തു ഹൈദരാബാദിലെത്തുന്നതിനിടെ സാമാജികർക്ക് ബിജെപി ക്യാംപിൽനിന്നു വിളി വന്നുകൊണ്ടേയിരുന്നു. അവയെല്ലാം ഒന്നുവിടാതെ റിക്കോർഡു ചെയ്തതു പിന്നീടു ഗുണപ്പെട്ടു. കുതിരക്കച്ചവടത്തിനു ബിജെപി നേതാക്കൾ ശ്രമിക്കുന്നതിനു കോടതിയിൽ തെളിവായി സമർപ്പിച്ചു. യെഡിയൂരപ്പയും മകൻ ബി.വൈ. വിജയേന്ദ്രയും ഉൾപ്പെടെയുള്ളവരുടേതെന്ന് ആരോപിച്ച് കൂറുമാറ്റ പ്രേരണയ്ക്കു തെളിവായി നാല് ഓഡിയോ ക്ലിപ്പുകൾ കോൺഗ്രസ് പുറത്തുവിടുകയും ചെയ്തു. അതിനിടെ സുപ്രീം കോടതി വിധി വന്നു.

ഗവർണറെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പിഴവ് തിരുത്തുക, ആ തിരുത്തൽ അതിരുകടക്കാതെ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക അതാണു മെയ്‌ 17നും 18നുമായി നാലു മണിക്കൂറിലേറെ വാദം കേട്ടശേഷം സുപ്രീം കോടതി ചെയ്തത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തടയുന്നതു ഗവർണറുടെ അധികാരത്തിലുള്ള കടന്നുകയറ്റമാകുമെന്നു കോടതി വിലയിരുത്തി. ഗവർണർക്കു യെഡിയൂരപ്പ നൽകിയ കത്തുകൾ തർക്കവിഷയമാണെന്നും പിന്നീടു വിശദമായി പരിശോധിക്കാമെന്നും വ്യക്തമാക്കിയ കോടതി, ഹർജിക്കാരുടെ പ്രധാനചോദ്യം എടുത്തുപറഞ്ഞു: 104, 117 ഏതാണു വലിയ സംഖ്യ?

ഭരണഘടനയുടെ 361ാം വകുപ്പ് ഗവർണറുടെ നടപടികൾക്കു സംരക്ഷണം നൽകുന്നുവെന്നു കേന്ദ്രവും കർണാടക സർക്കാരും വാദിച്ചു. എങ്കിൽത്തന്നെ ഗവർണറുടെയെന്നല്ല, രാഷ്ട്രപതിയുടെയും നടപടികളും തീരുമാനങ്ങളും പുനഃപരിശോധിക്കാൻ സുപ്രീം കോടതിക്കു സാധിക്കുമെന്നു ഹർജിക്കാരും. അതു കോടതി ശരിവച്ചു. തുടർന്നാണ് 15 ദിവസംകൊണ്ടു ഭൂരിപക്ഷം തെളിയിച്ചാൽ മതിയെന്ന ഗവർണറുടെ തീരുമാനത്തെ ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷൺ എന്നിവരുടെ പ്രത്യേക ബെഞ്ച് തിരുത്തിയത്. സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി എത്രയും വേഗം വിശ്വാസ വോട്ടെടുപ്പു വേണമെന്നും കോടതി നിലപാടെടുത്തു. എല്ലാം സുതാര്യമാക്കാൻ ജനങ്ങൾക്കു കാണാനാകും വിധം വോട്ടെടുപ്പു നടപടികളുടെ ലൈവ് സംപ്രേഷണത്തിനും കോടതി നിർദ്ദേശം നൽകി.

സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായതോടെ, അധികാരമേറ്റ് 56ാം മണിക്കൂറിൽ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ രാജിവച്ചു. സർക്കാർ രൂപീകരണത്തിനുള്ള ബിജെപി ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ഗവർണർ ദൾ-കോൺഗ്രസ് സഖ്യത്തെ ക്ഷണിച്ചു. ഇരു പാർട്ടികളുടെയും സംയുക്ത നിയമസഭാകക്ഷി യോഗത്തിനു ശേഷം കുമാരസ്വാമി രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചെങ്കിലും അതിനു മുൻപു തന്നെ തെളിയിക്കുമെന്ന് കുമാരസ്വാമി അറിയിച്ചു.

വിശ്വാസവോട്ടെടുപ്പ് ദിവസം കോൺഗ്രസ് എംഎൽഎമാരായ പ്രതാപ് ഗൗഡ പാട്ടീലിനെയും ആനന്ദ് സിങ്ങിനെയും കാണാതായെങ്കിലും വൈകിട്ടോടെ ഇരുവരും തിരിച്ചെത്തി. രണ്ടു വട്ടം ബിജെപി എംഎൽഎയും മന്ത്രിയുമായിരുന്ന ആനന്ദ് സിങ് പാർട്ടിയുമായി ഇടഞ്ഞ് 2017 ഫെബ്രുവരിയിലാണു കോൺഗ്രസിൽ ചേർന്നത്. 2008ൽ ബിജെപി എംഎൽഎ ആയിരുന്ന പ്രതാപ് ഗൗഡയാകട്ടെ, 2013ൽ കോൺഗ്രസ് ക്യാംപിലേക്കു മാറിയ വ്യക്തിയാണ്. ഹോട്ടലിൽ തങ്ങുകയായിരുന്ന ഇവരെ ബിജെപി തടഞ്ഞു വച്ചിരിക്കുകയായിരുന്നെന്നായിരുന്നു കോൺഗ്രസ് ആരോപണം. തുടർന്നു പൊലീസ് സംഘത്തോടൊപ്പം കോൺഗ്രസ് നേതാക്കൾ ക്രസന്റ് റോഡിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ എത്തി. വോട്ടെണ്ണൽ ദിവസം മുതൽ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതിരുന്ന ആനന്ദിനോടും പ്രതാപിനോടും സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് പുറപ്പെടുവിച്ചിരുന്നു. ഉച്ചയൂണിന് തൊട്ടു മുൻപ് പ്രതാപ് ഗൗഡ പാട്ടീൽ വൻ പൊലീസ് അകമ്പടിയോടെ സഭയിലെത്തി. ഉച്ചയൂണിനു ശേഷം സഭ ചേരുമ്പോൾ ആനന്ദ് സിങ്ങുമെത്തിയതോടെ അഭ്യൂഹങ്ങൾക്കു പരിസമാപ്തി.

വിശ്വാസവോട്ടെടുപ്പിനൊടുവിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദൾ (എസ്) കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റു. ജയനഗർ, രാജരാജേശ്വരി നഗർ, രാമനഗർ, ജാംഖണ്ഡി എന്നിവിടങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകളും നടന്നിരുന്നു. ഇതിൽ രാജരാജേശ്വരി നഗറിലും ജയനഗറിലും ജാംഖണ്ഡിയിലും കോൺഗ്രസിനായിരുന്നു ജയം. ഇവിടങ്ങളിലെല്ലാം ജെഡി(എസ്) കോൺഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്തു. രാമനഗറിൽ കുമാരസ്വാമിയുടെ ഭാര്യ അനിത ജെഡി(എസ്) സ്ഥാനാർത്ഥിയായി മത്സരിച്ച് കോൺഗ്രസ് പിന്തുണയോടെ ജയിച്ചു കയറി. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ ബിജെപി തന്ത്രങ്ങൾ കൂടുതൽ ശക്തമാക്കി. അതെത്തി നിന്നതാകട്ടെ കുമാരസ്വാമി സർക്കാറിനെ താഴെവീഴ്‌ത്തുന്ന അവസ്ഥയിലും. എന്താണു സംഭവിച്ചത്?

സഖ്യസർക്കാരിന്റെ ആദ്യമാസത്തിൽതന്നെ അസ്വാരസ്യം ഉടലെടുത്തു. മന്ത്രിസഭയിൽ ഉൾപ്പെടാത്തതിൽ അതൃപ്തരായ എംഎൽഎമാർ ബിജെപിയിലേക്കു മാറുമെന്നു ഭീഷണി മുഴക്കി. ഡി.കെ.ശിവകുമാറിന്റെ തന്ത്രജ്ഞതയിൽ കൊഴിഞ്ഞുപോക്കു തടയാനായി. കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചതോടെ എംഎൽഎമാരുടെ വിമതസ്വരങ്ങൾ അടങ്ങി. സഖ്യസർക്കാരിനെ മുന്നോട്ടുനയിക്കുന്നതിലെ പ്രയാസങ്ങളെപ്പറ്റി മുഖ്യമന്ത്രി കുമാരസ്വാമി പൊതുവേദിയിൽ മനസ്സുതുറന്നു. സർക്കാരിനെതിരെ രണ്ട് കോൺഗ്രസ് എംഎൽഎമാർ പരസ്യമായി രംഗത്തെത്തി. ഇവർക്ക് കോൺഗ്രസിന്റെ നോട്ടിസ്.

2018 ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ അതൃപ്തരായ 10 കോൺഗ്രസ് എംഎൽഎമാരുമായി ബിജെപി സംഭാഷണം തുടങ്ങി. എം.ബി.പാട്ടീൽ, എം ടി.ബി.നാഗരാജ്, സതീഷ് ജാർക്കിഹോളി, രാമലിംഗ റെഡ്ഡി, റോഷൻ ബെയ്ഗ് തുടങ്ങിയ എംഎൽഎമാർ സഖ്യസർക്കാരുമായി നീരസത്തിൽ. ഓപറേഷൻ താമരയുടെ മൂന്നാം പതിപ്പിനു ബിജെപി തുടക്കമിട്ടതായി അഭ്യൂഹം. ഭരണപക്ഷത്തെ 15 എംഎൽഎമാർ സമീപിച്ചതായി മുതിർന്ന ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ. നാലുമാസം പ്രായമുള്ള കുമാരസ്വാമി സർക്കാരിനെ വീഴ്‌ത്താൻ ബിജെപി ഭരണഘടനാവിരുദ്ധ ശ്രമങ്ങൾ നടത്തുന്നതായി ഭരണപക്ഷത്തിന്റെ ആരോപണം.

കോൺഗ്രസുമായുള്ള സഖ്യം ബിഎസ്‌പി അധ്യക്ഷ മായാവതി ഉപേക്ഷിച്ചതിനെ തുടർന്ന് ഏക എംഎൽഎ മഹേഷ് മന്ത്രിസഭയിൽനിന്ന് പുറത്തായി. പിന്തുണ തുടർന്നു. രണ്ടുവീതം നിയമസഭാ, ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് മൂൻതൂക്കം. ഒരു ലോക്‌സഭാ സീറ്റിൽ മാത്രമായി ബിജെപി വിജയമൊതുങ്ങി. അതിനിടെ സ്വതന്ത്ര എംഎൽഎമാരായ ശങ്കറും നാഗേഷും സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബിജെപി പക്ഷത്തേക്കു മാറി. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമം വിജയിക്കാത്തതിനാൽ രണ്ടു പേരും മടങ്ങി. ശങ്കറും നാഗേഷും വീണ്ടും പിന്തുണ പിൻവലിച്ചു, പിന്നാലെ തിരിച്ചെത്തി. ശങ്കർ പിന്നീട് കോൺഗ്രസിൽ ചേർന്നു. നാഗേഷ് ചാഞ്ചാട്ടക്കാരനായ സ്വതന്ത്രനായി തുടർന്നു.

7 കോൺഗ്രസ് എംഎൽഎമാരും ഒരു ജെഡിഎസ് എംഎൽഎയും സഭാ നടപടികളിൽനിന്ന് വിട്ടുനിന്നതോടെ നാടകത്തിന്റെ മട്ടുമാറി. ഇവരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും 30 40 കോടി രൂപ വീതം വാഗ്ദാനമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. മുംബൈയിലെ ഹോട്ടലിൽ ആയിരുന്നെന്നു കരുതുന്ന എംഎൽഎമാർ ദിവസങ്ങൾക്കുശേഷം തിരിച്ചെത്തി. വിമത കോൺഗ്രസ് എംഎൽഎ ഉമേഷ് ജാദവ് രാജിവച്ച് ബിജെപിയിൽ. പൊതുതിരഞ്ഞെടുപ്പിൽ ഗുൽബർഗ ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഉമേഷ് ജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റോടെ ബിജെപിക്കു വമ്പൻ വിജയം. 2 ലോക്‌സഭാ സീറ്റിലേക്കു സഖ്യസർക്കാർ ചുരുങ്ങി. ഇതോടെയാണ് രണ്ടാം ഘട്ട ഓപ്പറേഷൻ താമരയ്ക്ക് തുടക്കമാകുന്നത്.

20 വിമതർ ബിജെപിയിൽ ചേരുമെന്നും ഇടക്കാല തിരഞ്ഞെടുപ്പാണു ബിജെപി ആഗ്രഹിക്കുന്നതെന്നും യെഡിയൂരപ്പ. രമേഷ് ജാർക്കിഹോളി, ഡോ. കെ.സുധാകർ എന്നിവർ യെഡിയൂരപ്പയുമായി ചർച്ച നടത്തി. കർണാടക വിഷയം പാർലമെന്റിൽ അടക്കം ഉന്നയിച്ചിട്ടും ഫലമുണ്ടായില്ല. മുംബൈയിൽ എംഎൽഎമാരെ കാണാനെത്തിയ ഡി.കെ.ശിവകുമാറിനെ പൊലീസ് തടഞ്ഞതുമെല്ലാം വാർത്തയായി. ാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതർ സുപ്രീംകോടതിയിൽ.

ഭൂരിപക്ഷം തെളിയിക്കാൻ സമയക്രമം നൽകിയ ഗവർണറുടെ നിർദ്ദേശം സർക്കാരും സ്പീക്കറും തള്ളിയ കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. 22ന് രാത്രി 11.40 വരെ നിയമസഭാ സമ്മേളനം തുടർന്നിട്ടും വിശ്വാസവോട്ടെടുപ്പ് നടന്നില്ല. അതോടെയാണ് സ്പീക്കർ ഇടപെട്ട് 23ന് വൈകിട്ട് ആറിനകം വിശ്വാസവോട്ടെടുപ്പ് നടത്തുമെന്നു പ്രഖ്യാപിച്ചത്. വോട്ടെടുപ്പിനൊടുവിൽ കുമാരസ്വാമി സർക്കാർ നിലംപതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP