Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനാധിപത്യത്തിന്റെ വിജയമെന്ന് യെഡിയൂരപ്പ; കുമാരസ്വാമി ബദ്ധവൈരികളുമായി കൈകോർത്ത് നേടിയ മുഖ്യമന്ത്രി പദം കാലാവധി പൂർത്തിയാക്കാതെ ഒഴിയുന്നത് രണ്ടാം തവണ; ആഘോഷത്തിലാറാടി ബിജെപി ക്യാമ്പ്; വോട്ടുചെയ്യാത്ത എംഎൽഎയെ പുറത്താക്കി ബിഎസ്‌പി; കർണാടകയിലെ വീഴ്ച ഉണർന്നെണീക്കാനുള്ള പ്രതിപക്ഷ നീക്കത്തിനേറ്റ കനത്ത പ്രഹരം; ബിജെപി സർക്കാർ രൂപീകരണം പ്രധാനമന്ത്രിയും അദ്ധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

ജനാധിപത്യത്തിന്റെ വിജയമെന്ന് യെഡിയൂരപ്പ; കുമാരസ്വാമി ബദ്ധവൈരികളുമായി കൈകോർത്ത് നേടിയ മുഖ്യമന്ത്രി പദം കാലാവധി പൂർത്തിയാക്കാതെ ഒഴിയുന്നത് രണ്ടാം തവണ; ആഘോഷത്തിലാറാടി ബിജെപി ക്യാമ്പ്; വോട്ടുചെയ്യാത്ത എംഎൽഎയെ പുറത്താക്കി ബിഎസ്‌പി; കർണാടകയിലെ വീഴ്ച ഉണർന്നെണീക്കാനുള്ള പ്രതിപക്ഷ നീക്കത്തിനേറ്റ കനത്ത പ്രഹരം; ബിജെപി സർക്കാർ രൂപീകരണം പ്രധാനമന്ത്രിയും അദ്ധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; കർണാടകയിൽ വിശ്വാസവോട്ടെടുപ്പിന്റെ തുണയില്ലാതെ കുമാരസ്വാമി സർക്കാർ വീണതോടെ ബിജെപി ക്യാംപിൽ ആഹ്ലാദം. ബിജെപി ഓഫിസിനു മുൻപിൽ പ്രവർത്തകർ ആഘോഷപ്രകടനം നടത്തി. ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്നു സർക്കാർ പതിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.ഉണർന്നെണീക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് വൻ പ്രഹരമാണ് കർണാടക സർക്കാരിന്റെ പതനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഈ വിജയം ബിജെപിയുടെ ആത്മവിശ്വാസം കൂട്ടും. ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ഒരു സ്വപ്നമായിരുന്നു കർണാടക.

2018 മേയിൽ എച്ച് ഡി കുമാരസ്വാമി അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷം ബംഗളൂരുവിൽ സംഘടിച്ചതും ആ സ്വപ്‌നത്തിന്റെ ബലത്തിലായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണം പ്രതിപക്ഷ കൂട്ടായ്മയിലൂടെ അവസാനിപ്പിക്കാം എന്ന സൂചന കർണാടകം നൽകി. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ പോലും ഭരണസഖ്യം തകർന്നടിഞ്ഞു. എച്ച് ഡി ദേവഗൗഡയും തോറ്റു. മികച്ച ഭരണത്തിലൂടെ രാജ്യത്താകെ മാതൃകയാകാനുള്ള അവസരം കളഞ്ഞു.

സ്ഥിരം തമ്മിലടിയും രണ്ടു പാർട്ടികൾക്കുമിടയിലെ ഭിന്നതയും കുടുംബഭരണത്തിന്റെ പ്രകടനവും ജനവികാരം എതിരാക്കി. കർണാടക സർക്കാരിന്റെ പതനം എപ്പോഴെന്ന ചോദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉയർന്നിരുന്നു. ബിജെപിയുടെ രഹസ്യനീക്കം തിരിച്ചറിയാൻ കോൺഗ്രസ് വൈകുകയും ചെയ്തു.

സുപ്രീംകോടതിയെ വിമത എംഎൽഎമാർ ആദ്യം സമീപിക്കാനുള്ള സാധ്യതയും കോൺഗ്രസ് മുൻകൂട്ടി കണ്ടില്ല. പാർട്ടിയിലെ ആശയക്കുഴപ്പം പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളെയും ബാധിച്ചു. കർണാടകത്തിലെ സഖ്യസർക്കാരും തകരുമ്പോൾ തൽക്കാലം തെക്കേ ഇന്ത്യയിൽ കോൺഗ്രസ് ഭരണം പുതുച്ചേരിയിൽ മാത്രമായി ഒതുങ്ങുന്നു.

വികസനത്തിന്റെ പുതിയ യുഗം കർണാടകയിൽ വരും, വരുംദിനങ്ങളിൽ കർഷകർക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നു യെഡിയൂരപ്പ പറഞ്ഞു. ഇന്ന് ബിജെപി നിയമസഭാകക്ഷിയോഗം ചേരും.

ബിജെപി സർക്കാർ രൂപീകരിച്ചതിനു ശേഷമേ മുംബൈയിൽ ഹോട്ടലിൽ തങ്ങുന്ന വിമത എംഎൽഎമാർ കർണാടകയിലേക്ക് തിരിച്ചെത്തുകയുള്ളൂ എന്നാണു സൂചന. ഹോട്ടലിൽ കഴിയുന്ന വിമത എംഎൽഎമാർ സന്തോഷവന്മാരാണെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്ത ശേഷമെ എംഎൽഎമാർ പാർട്ടിയിൽ ചേരുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുവെന്നു ബിജെപി നേതാവ് ജഗദീഷ് ഷെട്ടർ പറഞ്ഞു.

കേന്ദ്രസർക്കാർ, ഗവർണർ വാജുഭായ് വാല, മഹാരാഷ്ട്ര സംസ്ഥാന സർക്കാർ, ബിജെപി കേന്ദ്ര നേതൃത്വം എന്നിവർ ഒത്തൊരുമിച്ചാണ് കർണാടകയിലെ ദൾകോൺഗ്രസ് സഖ്യസർക്കാരിനെ വീഴ്‌ത്തിയതെന്നു കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. ബിജെപിയുടെ അധാർമിക നീക്കത്തിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സർക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്യാൻ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമുണ്ടായിരുന്നിട്ടും വിശ്വാസ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന ബിഎസ്‌പി എംഎൽഎ എൻ.മഹേഷിനെ പാർട്ടി പുറത്താക്കി. പാർട്ടി നിർദ്ദേശങ്ങൾ ലംഘിച്ചതു ഗൗരവകരമായ വീഴ്ചയാണെന്നും അതുകൊണ്ടുതന്നെയാണ് അടിയന്തര നടപടിയെന്നും ബിഎസ്‌പി അധ്യക്ഷ മായാവതി പറഞ്ഞു.

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എൽ അനുകൂലിച്ചപ്പോൾ. 105 പേർ എതിർത്തു. 204 എം എൽ എമാരാണ് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തത്.പതിനാറ് കോൺഗ്രസ്- ജെ ഡി എസ് എം എൽ എമാരുടെ രാജിയെ തുടർന്നാണ് കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമായത്. തുടർന്ന് സർക്കാർ താഴെവീഴാതിരിക്കാൻ കോൺഗ്രസും ജെ ഡി എസും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. എന്നാൽ വിമത എം എൽ എമാർ നിലപാടിൽ ഉറച്ചുനിന്നു. രണ്ട് സ്വതന്ത്ര എം എൽ എമാരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.

കുമാസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ അനുകൂലിക്കുന്നവരുടെ കണക്കാണ് ആദ്യം എടുത്തത്. തുടർന്ന് എതിർക്കുന്നവരുടെ എണ്ണവും എടുത്തു. ഈ കണക്ക് പിന്നീട് ഉദ്യോഗസ്ഥർ സ്പീക്കർക്ക് കൈമാറി. ശേഷം വിശ്വാസവോട്ടെടുപ്പിൽ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുടെ കണക്ക് വായിച്ച സ്പീക്കർ വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.

വീണ്ടും കാലാവധി കഴിയാതെ പടിയിറക്കം

രണ്ടാം തവണയാണ് കാലാവധി പൂർത്തിയാക്കാനാകാതെ ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രി കസേരയൊഴിയുന്നത്. ബദ്ധവൈരികളുമായി കൈകോർത്ത് നേടിയ കസേരയുടെ ആയുസ് ഇത്രയേ ഉണ്ടാകൂ എന്ന് അദ്ദേഹം മുന്നേ മനസിലാക്കിയതാണ്. മുഖ്യമന്ത്രിയായത് കാളകൂട വിഷം കഴിച്ചതുപോലെയാണെന്നാണ് കുമാരസ്വാമി ഒരിക്കൽ പറഞ്ഞത്.ബിജെപിക്ക് ആഘോഷരാവ്; വോട്ടുചെയ്യാത്ത എംഎൽഎയെ പുറത്താക്കി ബിഎസ്‌പി'ആക്‌സിഡന്റൽ പൊളിറ്റീഷൻ' എന്നാണ് കുമാരസ്വാമി സ്വയം വിശേഷിപ്പിക്കുന്നത്. പലപ്പോഴും രാഷ്ട്രീയവും പദവികളും തളികയിൽ വച്ചു കിട്ടിയ കുമാരണ്ണയുടെ കാര്യത്തിൽ അതു സത്യവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP