Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പമ്പയും അച്ചൻകോവിലും മീനച്ചിലാറും മണിമലയാറും കരകവിഞ്ഞതോടെ കുട്ടനാട്ടിലെ ജലനിരപ്പ് പൊടുന്നനെ ഉയർന്നു; തോട്ടപ്പള്ളി സ്പിൽവേ ഉയർത്തി പൊഴി മുറിച്ചു വെള്ളം ഒവുക്കി നിയന്ത്രിക്കുന്നു; കർക്കിടക മഴ തുടർന്നാൽ കുട്ടനാട് വീണ്ടും ദുരിതത്തിലേക്ക്; കണ്ണൂരിലും കാസർകോട്ടും ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 26 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത് 1519 പേർ

പമ്പയും അച്ചൻകോവിലും മീനച്ചിലാറും മണിമലയാറും കരകവിഞ്ഞതോടെ കുട്ടനാട്ടിലെ ജലനിരപ്പ് പൊടുന്നനെ ഉയർന്നു; തോട്ടപ്പള്ളി സ്പിൽവേ ഉയർത്തി പൊഴി മുറിച്ചു വെള്ളം ഒവുക്കി നിയന്ത്രിക്കുന്നു; കർക്കിടക മഴ തുടർന്നാൽ കുട്ടനാട് വീണ്ടും ദുരിതത്തിലേക്ക്; കണ്ണൂരിലും കാസർകോട്ടും ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 26 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത് 1519 പേർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും കാലവർഷം തകർത്തു പെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. കനത്ത മഴ തുടരുന്നതോടെ മാധ്യകേരളത്തിലെ നദികളും നിറഞ്ഞിട്ടുണ്ട്. ഇതോടെ, കുട്ടനാട്ടുകാർ അടക്കമുള്ളവർ ഭീതിയിലാണ്. ജലനിരപ്പ് ഉയരുന്നതിനാൽ തോട്ടപ്പള്ളി സ്പിൽവേ പൊഴി പൂർണമായും മുറിച്ചാണ് താൽക്കാലിക വഴി കണ്ടെത്തിയത്. പമ്പയും അച്ചൻകോവിലാറു മീനച്ചിലാറും മണിമലപ്പുഴയും നിറഞ്ഞതാണ് കുട്ടനാട്ടിലെ ജലനിരപ്പുയരാൻ ഇടയാക്കിയത്.

കലക്ടറുടെ നിർദ്ദേശാനുസരണം ജലവിഭവ വകുപ്പ് തിങ്കളാഴ്ച പുലർച്ചെയാണ് യന്ത്ര സഹായത്തിൽ പൊഴി മുറിച്ചത്. രാവിലെ 5 മുതൽ വെള്ളം കടലിലേക്ക് ഒഴുക്കിത്തുടങ്ങി. വേലിയിറക്ക സമയത്താണ് പൊഴി പൂർണമായി മുറിച്ചു വിട്ടത്. പൊഴിമുഖം കടലിനു സമീപത്തേക്കു നീക്കുന്ന ജോലികൾ ഇതിനു മുൻപേ പൂർത്തീകരിച്ചിരുന്നു. എക്‌സിക്യൂട്ടിവ് എൻജിനീയർ കെ.പി.ഹരൻബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മേൽനോട്ടം വഹിച്ചു. രാവിലെ കലക്ടർ അദീല അബ്ദുല്ലയും സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.

സ്പിൽവേയുടെ 40 ഷട്ടറുകളും ഒരു മാസം മുൻപേ ഉയർത്തിയിരുന്നു. ഇതിൽ നാല് ഷട്ടറുകളുടെ സ്വിച്ച് ബോർഡും പാനൽ ബോർഡും തകരാറിലാണ്. മെക്കാനിക്കൽ വിഭാഗം ഇവ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. അടിയന്തര സാഹചര്യത്തിൽ ഷട്ടറുകൾ താഴ്‌ത്തേണ്ടി വന്നാൽ മറ്റു ഷട്ടറുകളിൽ നിന്നു വൈദ്യുതി എത്തിക്കേണ്ട അവസ്ഥയാണ്.

നദിയോ കായലോ കടലുമായി ചേരുന്ന ഭാഗമാണ് അഴിമുഖം. ഇതു സ്ഥിരം കവാടമായിരിക്കും. എന്നാൽ, നദിയോ കായലോ കടലുമായി താൽക്കാലികമായി മാത്രം ചേരുകയും അല്ലാത്ത സമയങ്ങളിൽ മണൽചിറയോ മറ്റോ രൂപപ്പെട്ട് തടസ്സമുണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് പൊഴി. തോട്ടപ്പള്ളിയിൽ അച്ചൻകോവിലാറും പമ്പയാറും സംഗമിച്ചെത്തിയ ശേഷം സ്പിൽവേ ചാനലിലൂടെ കടലിലേക്കു ചേരുന്ന ഭാഗത്ത് മണൽചിറ സ്വാഭാവികമായി രൂപപ്പെടാറുണ്ട്. ഇത് തോട്ടപ്പള്ളി പൊഴി എന്നാണ് അറിയപ്പെടുന്നത്.

കുട്ടനാട്ടിലെ ജലം കടലിലേക്ക് ഒഴുക്കാനുള്ള ഒരു മാർഗമാണ് തോട്ടപ്പള്ളി പൊഴി. മഴക്കാലമാകുമ്പോൾ കുട്ടനാട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ തോട്ടപ്പള്ളി പൊഴിയിലെ മണൽ യന്ത്രസഹായത്തോടെ നീക്കം ചെയ്ത് സ്പിൽവേ വഴി ജലം കടലിലേക്ക് ഒഴുക്കേണ്ടി വരും ഇതിനെ പൊഴി മുറിക്കൽ എന്നു പറയും. പൊഴിയിൽ കടലിനോട് ചേർന്നു നിൽക്കുന്ന ഭാഗമാണ് പൊഴിമുഖം. ഇവിടുത്തെ മണ്ണ് നീക്കിയാണ് കടലുമായി ചേർക്കുന്നത്. തോട്ടപ്പള്ളിയിൽ സമുദ്രനിരപ്പിനേക്കാൾ ഉയരത്തിൽ ജലം എത്തുമ്പോഴേ പൊഴി മുറിക്കാറുള്ളൂ. അല്ലെങ്കിൽ കടൽ ജലം ഉള്ളിലേക്കു കയറി കുട്ടനാട്ടിലെ കൃഷിനിലങ്ങളിലേക്കു വ്യാപിക്കും.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. കോഴിക്കോട് ബാലുശ്ശേരിക്കു സമീപം കാക്കൂരിൽ വയലിലെ വെള്ളക്കെട്ടിൽ വീണ് രാമല്ലൂർ പുതുകുളങ്ങര കൃഷ്ണൻകുട്ടി (65) മരിച്ചു. ഞായറാഴ്ച രാത്രി വീട്ടിലേക്കു മടങ്ങവേ കാൽ വഴുതി വീഴുകയായിരുന്നു. മലപ്പുറത്ത് താനാളൂർ വെള്ളിയത്ത് മുസ്തഫയുടെ മകൻ ലബീബ് (20) പുഴയിൽ ഒഴുക്കിൽപെട്ടു മരിച്ചു. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം കിഴക്കാരിയിൽ ചന്ദേക്കാരൻ രവിയുടെ മകൻ റിദുൽ (22) കുളത്തിൽ വീണു മരിച്ചു. ഇരിട്ടിയിൽ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ കോളിത്തട്ട് കാരിത്തടത്തിൽ ലിതീഷിനായി നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ തുടരുന്നു. ജീപ്പ് കണ്ടെത്തി. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കിൽപെട്ടത്.

കണ്ണൂരും കാസർകോടും അതിതീവ്ര മഴയ്ക്ക് സാധ്യത

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തു മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. സംസ്ഥാനത്ത് ഇന്നലെ 11 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു.

മഴ മുന്നറിയിപ്പ് ഇങ്ങനെ:

ഓറഞ്ച് അലർട്ട് (ഒറ്റപ്പെട്ട ഇടങ്ങളിൽ തീവ്രമഴ)
ഇന്ന്: മലപ്പുറം, കോഴിക്കോട്, വയനാട്
നാളെ: കണ്ണൂർ, കാസർകോട്

യെലോ അലർട്ട് (ശക്തമായ മഴ)
ഇന്ന്: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്
നാളെ: മലപ്പുറം, കോഴിക്കോട്, വയനാട്
വ്യാഴം: കോഴിക്കോട്, കണ്ണൂർ, കാസർകോട്
വെള്ളി: കണ്ണൂർ, കാസർകോട്

കനത്ത മഴയെ തുടർന്നു സംസ്ഥാനത്ത് 26 ദുരിതാശ്വാസ ക്യാംപുകളിലായി 1519 പേർ കഴിയുന്നുണ്ട്. കോട്ടയം ജില്ലയിലാണ് കൂടുതൽ ക്യാംപുകൾ; ജില്ലയിൽ 9 ക്യാംപുകളിലായി 208 പേരുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവുമധികം പേർ ക്യാംപുകളിൽ കഴിയുന്നത്. 4 ക്യാംപുകളിലായി 680 പേർ. പത്തനംതിട്ടയിൽ 2 ക്യാംപുകളിലായി 201 പേരും ആലപ്പുഴയിൽ 3 ക്യാംപുകളിലായി 288 പേരുമുണ്ട്. കണ്ണൂർ നഗരത്തിലെ 2 ദുരിതാശ്വാസ ക്യാംപുകളിലായി 89 പേർ കഴിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP