Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറിൽ അഞ്ചു പേരേയും ഒരുമിച്ച് നിർത്തിയിട്ടും ജോസഫിന് വേണ്ടി രംഗത്തിറങ്ങി കോൺഗ്രസ് നേതാക്കൾ കളിക്കുന്നത് ജോസഫും മാണിയും തല്ലുമ്പോൾ സ്ഥാനം ഒപ്പിക്കാമെന്ന മോഹം കൊണ്ട്; സ്ഥാനം നഷ്ടപ്പെട്ടാലും കോൺഗ്രസിന്റെ മോഹം അംഗീകരിക്കരിക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം; കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ കേരളാ കോൺഗ്രസുകാരുടെ വികാരം അണപൊട്ടിയൊഴുകുന്നു; പങ്കിടൽ ഫോർമുല അംഗീകരിക്കില്ല; ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് അട്ടിമറി നടന്നാൽ യുഡിഎഫ് ഐക്യം വെറുതെയാകും

ആറിൽ അഞ്ചു പേരേയും ഒരുമിച്ച് നിർത്തിയിട്ടും ജോസഫിന് വേണ്ടി രംഗത്തിറങ്ങി കോൺഗ്രസ് നേതാക്കൾ കളിക്കുന്നത് ജോസഫും മാണിയും തല്ലുമ്പോൾ സ്ഥാനം ഒപ്പിക്കാമെന്ന മോഹം കൊണ്ട്; സ്ഥാനം നഷ്ടപ്പെട്ടാലും കോൺഗ്രസിന്റെ മോഹം അംഗീകരിക്കരിക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം; കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ കേരളാ കോൺഗ്രസുകാരുടെ വികാരം അണപൊട്ടിയൊഴുകുന്നു; പങ്കിടൽ ഫോർമുല അംഗീകരിക്കില്ല; ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് അട്ടിമറി നടന്നാൽ യുഡിഎഫ് ഐക്യം വെറുതെയാകും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസി(എം)ലെ ജോസ്-ജോസഫ് വിഭാഗങ്ങളുടെ തർക്കം തുടരുന്നതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ തന്നെ. ജോസഫ് വിഭാഗം മുൻ നേതാവും ഇപ്പോൾ ജോസ് കെ മാണി പക്ഷക്കാരനുമായ സെബാസ്റ്റ്യൻ കുളത്തിങ്കലിനെ പ്രസിഡന്റാക്കാൻ യു.ഡി.എഫ്. തീരുമാനിച്ചിരുന്നു. ഇതിനായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ആറു കേരളാ കോൺഗ്രസ് അംഗങ്ങൾക്കു വിപ്പ് നൽകുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ, അജിത് മുതിരമലയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പി.ജെ. ജോസഫ് വിപ്പ് നൽകി. ഇതാണ ്പ്രതിസന്ധിക്ക് കാരണം. കേരളാ കോൺഗ്രസിന് ആറു പേരാണ് ഉള്ളത്. ഇതിൽ അഞ്ച് പേരും ജോസ് കെ മാണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ വിട്ടു വീഴ്ച വേണ്ടെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം.

ആറു മാസം വീതം സ്ഥാനം പങ്കുവയ്ക്കാമെന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ആറിൽ അഞ്ച് പേരും തങ്ങൾക്കൊപ്പമായതിനാൽ ഈ ഫോർമുല അംഗീകരിക്കാനാവില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. ജോസഫിന് വേണ്ടി കോൺഗ്രസ് ചരട് വലികൾ നടത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. എങ്ങനേയും കേരളാ കോൺഗ്രസിന്റെ കോട്ടയത്തെ മുൻതൂക്കം തകർക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ട് പേരുണ്ട്. കേരളാ കോൺഗ്രസിന് ആറും. ഇടതു പക്ഷത്തിന് ഏഴും പിസി ജോർജിന്റെ ജനപക്ഷത്തിന് ഒരു അംഗവും. കേരളാ കോൺഗ്രസിലെ ഭിന്നത മുതലെടുത്ത് ജില്ലാ പഞ്ചായത്തിൽ ചുവടുറപ്പിക്കാൻ സിപിഎമ്മും ശ്രമിക്കും. അത്തരത്തിലൊരു അട്ടിമറി നടന്നാൽ കോട്ടയത്ത് യുഡിഎഫ് ഐക്യം വെറുതെയാകും.

രണ്ടു കൂട്ടരുമായും നടത്തിയ ചർച്ച വിഫലമായതോടെ ഇന്നലത്തെ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ജോസ്, ജോസഫ് വിഭാഗങ്ങളും അതേ നിലപാട് സ്വീകരിച്ചതോടെയാണ് ഇന്നലെ ക്വാറം തികയാതെ വോട്ടെടുപ്പ് മാറ്റേണ്ടിവന്നത്. പ്രശ്നപരിഹാരത്തിനു കോൺഗ്രസ് അംഗങ്ങളുമായി കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ തിരുവനന്തപുരത്തു ചർച്ച നടത്തിയിരുന്നു. വിപ്പു നൽകാൻ ജോസഫിനു മാത്രമാണ് അധികാരമെന്നും അജിത് സ്ഥാനാഥിയാകുമെന്നും മോൻസ് ജോസഫ് എംഎ‍ൽഎ. പിന്നീടു പറഞ്ഞു. ചിഹ്നം നൽകിയയാൾക്കാണ് വിപ്പു നൽകാൻ അധികാരമെന്നും യു.ഡി.എഫ്. കെട്ടുറപ്പോടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നും ജോസ് കെ.മാണിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ പങ്കിടണമെന്ന് കോൺഗ്രസ് പറയുന്നു. ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിനാണ് ലഭിക്കുക. ഇരുവിഭാഗവും തിരുവനനന്തപുരത്ത് യുഎഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. അതേ സമയം ഈ നിർദ്ദേശത്തോട് ജോസ് കെ. മാണി വഴങ്ങിയിട്ടില്ലെന്നാണ് സൂചന. യുഡിഎഫ് ഘടകക്ഷികളുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം അറിയിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ ജോസ് കെ.മാണിയെ അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും ധാരണയാകാത്തതിനെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഇരുവിഭാഗങ്ങളും സ്ഥാനം പങ്കിടാൻ ഏകദേശ ധാരണയായിരിക്കുന്നത്.

യു.ഡി.എഫ്. അംഗങ്ങൾ വിട്ടുനിന്നതിനെത്തുടർന്ന് ക്വാറം തികയാത്തതിനാൽ ബുധനാഴ്ച നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് തിരഞ്ഞെടുപ്പ് നടക്കും. ഇതിന് ക്വാറം ബാധകമായിരിക്കില്ല. ഭരണത്തിന്റെ അവസാനവർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിനു നൽകാൻ കോൺഗ്രസ് പ്രതിനിധി രാജിവെച്ചു. എന്നാൽ, ജോസ്, ജോസഫ് വിഭാഗങ്ങൾ പ്രത്യേകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരാണ് ഇരുവിഭാഗവുമായും ചർച്ച നടത്തിയത്. തർക്കം കേരള കോൺഗ്രസിലാണെങ്കിലും തലവേദന കോൺഗ്രസിനാണ്. ഇരുപക്ഷത്തെയും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ. ആരെ പിന്തുണച്ചാലും ആ പക്ഷത്തെ കോൺഗ്രസ് അംഗീകരിക്കുന്നെന്നു വരും. ഈ സാഹചര്യത്തിലാണ് തർക്കം തീർക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയത്.

കോട്ടയത്തെ ജില്ലാ പഞ്ചായത്ത് ഭരണത്തെ അനിശ്ചിതത്വത്തിലാക്കുന്നത് കോൺഗ്രസിലെ എ വിഭാഗമാണ്. ജോസ് കെ മാണി പക്ഷത്തെ തളർത്തനാണ് കോൺഗ്രസിലെ പഴയ ആന്റണി ഗ്രൂപ്പിന്റെ തീരുമാനം. കോട്ടയം രാഷ്ട്രീയത്തിൽ കെ എം മാണിയെ ഒതുക്കാൻ പലപ്പോഴും എ വിഭാഗം ശ്രമിച്ചിരുന്നു. കോട്ടയത്ത് കോൺഗ്രസിന് മുൻതൂക്കം നേടാനായിരുന്നു ഇത്. എന്നാൽ കെ എം മാണിയുടെ ഇടപെടലുകൾ മൂലം ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് (എം)നെ ഒതുക്കാൻ പി ജെ ജോസഫുമായി കോൺഗ്രസിലെ ആന്റണി വിഭാഗം കൈകോർക്കുന്നത്. ഇന്നത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ കളിച്ചത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും ചേർന്നായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റെ തോമസ് ചാഴിക്കാടനെ തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് കോൺഗ്രസ് പുതിയ തന്ത്രവുമായി എത്തുകയാണ്. ഇതോട് മാണി ഗ്രൂപ്പ് പ്രവർത്തകർ ഒന്നടങ്കം കോൺഗ്രസിനെതിരെ തിരിയുകയാണ്. 2010 ലെ മാണിയുമായുള്ള ലയന സമയത്ത് പി ജെ ജോസഫിനെ എതിർത്തവർ ഇന്ന് പിജെയെ പിന്തുണയ്ക്കുന്നു എന്നതാണ് വൈരുദ്ധ്യം. കെ എം മാണിയുടെ മരണ ശേഷമുണ്ടായ പിളർപ്പിൽ നിയമപമരമായും സംഘടനാപരമായും ഏറെ മുന്നിൽ നിൽക്കുന്ന ജോസ് കെ മാണി പക്ഷത്തെ അണികൾക്കിടയിലോ, സംഘടനയിലോ നേരിടാനാവില്ല എന്ന ബോധ്യത്തിൽ നിന്നുയർന്ന പദ്ധതിയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നടന്നത്.

കേരളാ കോൺഗ്രസിന്റെ ഒരംഗത്തെയെങ്കിലും ജോസ് കെ മാണി വിഭാഗത്തിൽ നിന്നും അടർത്തിയെടുത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടപ്പ് നടത്താതിരിക്കുകയും കേരളാ കോൺഗ്രസ് (എം) ന്റെ ശക്തികേന്ദ്രത്തിൽ ജോസ് കെ മാണി വിഭാഗത്തെ ഒന്ന് കൊച്ചാക്കുകയും ചെയ്യുക എന്ന പദ്ധതി രൂപപ്പെട്ടത് തന്നെ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്കിടയിലായിരുന്നു. കോട്ടയത്ത് ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ട് അംഗങ്ങളുണ്ട്. കേരളാ കോൺഗ്രസിന് ആറും. മുൻ ധാരണ അനുസരിച്ചാണ് ഇപ്പോൾ പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകുന്നത്. എന്നാൽ കേരളാ കോൺഗ്രിലെ അഞ്ചു പേരും ഒന്നിച്ചു നിന്നിട്ടും കോൺഗ്രസ് ജോസ് കെ മാണിയെ തള്ളി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കേരളാ കോൺഗ്രസിലെ കൂടുതൽ നേതാക്കളെ അടർത്തിയെടുത്ത് ജോസഫിന് നൽകി കേരളാ കോൺഗ്രസിനെ കോട്ടയത്ത് തകർക്കുകയാണ് ലക്ഷ്യം.

കേരളാ കോൺഗ്രസിൽ പാർട്ടി ചെയർമാനാണ് എല്ലാ അധികാരങ്ങളും എന്ന് പ്രചരിപ്പിക്കുന്നതും പൂർണമായും തെറ്റാണ്. സത്യത്തിൽ യാതൊരു അധികാരങ്ങളുമില്ലാത്ത പാർട്ടി നേതാവാണ് കേരളാ കോൺഗ്രസ് (എം) ചെയർമാൻ. കേരളാ കോൺഗ്രസ് പാർട്ടിയുടെ അധികാരങ്ങളൊക്കെ സംസ്ഥാന കമ്മിറ്റിക്കാണ്. അങ്ങനെയാണ് പാർട്ടി ഭരണഘടന. പാർട്ടി ചെയർമാനും വർക്കിങ് ചെയർമാനും തിരഞ്ഞെടുക്കപ്പെട്ട മറ്റു സംസ്ഥാന ഭാരവാഹികളും ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കേണ്ടത്.

പാർട്ടി ഭരണഘടനയുടെ 16-ാം വകുപ്പ് 1-ാം വകുപ്പ് പ്രകാരം പാർട്ടിയുടെ ഏത് ഭരണ കേന്ദ്രവും നേതാവും സംസ്ഥാന കമ്മിറ്റിക്ക് വിധേയമായിട്ടാണ് പ്രവർത്തിക്കേണ്ടത്. 8-ാം ഉപവകുപ്പ് പ്രകാരം സംസ്ഥാന കമ്മിറ്റിയാണ് പാർട്ടിയുടെ പരമാധികാര സമിതി. പക്ഷെ, മാണിയെ ചോദ്യം ചെയ്ത് ആരും മുന്നോട്ട് വന്നില്ല. സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കുന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിക്കാണ് നിലവിൽ പാർലമെന്റ് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള അധികാരമെന്നും മറ്റ് തിരഞ്ഞെടുപ്പുകളിൽ താഴെ തട്ടിലുള്ള കമ്മിറ്റികളിലേയ്ക്ക് സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി ആ അധികാരം നൽകാനാകുമെന്നും 16-ാം വകുപ്പിലെ 10-ാം ഉപവകുപ്പ് വ്യക്തമാക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കെ എം മാണിചെയർമാനായിരുന്നപ്പോൾ സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിയാണ് ആ അധികാരങ്ങൾ ജില്ലാ കമ്മിറ്റികൾക്കും ജില്ലാ പ്രസിഡന്റിനും നൽകിയത്. നിലവിൽ കേന്ദ്ര കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലും പി ജെ ജോസഫ്തന്നെ തൊടുപുഴ കോടതിയിൽ ഫയൽ ചെയ്ത പാർട്ടി ഭരണഘടനയ്ക്ക്24 പേജുകളും 32 വകുപ്പുകളുമാണുള്ളത്. അതിലാണെങ്കിൽ ചെയർമാന്റെ അധികാരങ്ങൾ വ്യക്തമാക്കുന്നില്ല മറ്റ് കമ്മികളുടെ അധികാരങ്ങൾ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ഭരണഘടനാ പ്രകാരം വിപ്പു നൽകേണ്ടത് പാർട്ടി ജില്ലാ പ്രസിഡന്റ് തന്നെയാണ്. ഇതാണ് ജോസഫ് അട്ടിമറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP