Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജമാണിക്യം, ജി ആർ ഗോകുൽ, ശ്രീറാം വെങ്കിട്ടരാമൻ.. ഇപ്പോഴിതാ നിശാന്തിനിയും മെറിൻ ജോസഫും; സുതാര്യമില്ലാത്ത ഇടപാടുകൾക്ക് ഒരിക്കലും കൂട്ടു നിൽക്കാത്ത കൊല്ലം കമ്മീഷണറും അവധിയെടുത്ത് ലണ്ടനിലേക്ക്; സോഷ്യൽ മീഡിയയിൽ താരമായ ഐപിഎസുകാരിയുടെ ലക്ഷ്യം ഓക്‌സ്ഫോർഡ് സർവകലാശാലയിൽ മാസ്റ്റേഴ്‌സ് ഇൻ പബ്ലിക് പോളിസി കോഴ്സ്; നിശാന്തിനിക്ക് അവസരമൊരുങ്ങുന്നത് സ്‌കോളർഷിപ്പോടെ എം എസ് സി പൊലീസിങ് പഠിക്കാൻ; സമാധാനം തേടി ഐപിഎസിലെ കൂടുതൽ ചുണക്കുട്ടികൾ വിദേശത്തേക്ക്

രാജമാണിക്യം, ജി ആർ ഗോകുൽ, ശ്രീറാം വെങ്കിട്ടരാമൻ.. ഇപ്പോഴിതാ നിശാന്തിനിയും മെറിൻ ജോസഫും; സുതാര്യമില്ലാത്ത ഇടപാടുകൾക്ക് ഒരിക്കലും കൂട്ടു നിൽക്കാത്ത കൊല്ലം കമ്മീഷണറും അവധിയെടുത്ത് ലണ്ടനിലേക്ക്; സോഷ്യൽ മീഡിയയിൽ താരമായ ഐപിഎസുകാരിയുടെ ലക്ഷ്യം ഓക്‌സ്ഫോർഡ് സർവകലാശാലയിൽ മാസ്റ്റേഴ്‌സ് ഇൻ പബ്ലിക് പോളിസി കോഴ്സ്; നിശാന്തിനിക്ക് അവസരമൊരുങ്ങുന്നത് സ്‌കോളർഷിപ്പോടെ എം എസ് സി പൊലീസിങ് പഠിക്കാൻ; സമാധാനം തേടി ഐപിഎസിലെ കൂടുതൽ ചുണക്കുട്ടികൾ വിദേശത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സത്യസന്ധരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ചട്ടംലംഘിച്ച് തട്ടിക്കളിക്കുന്നത് പിണറായി സർക്കാരിന്റെ ഇഷ്ട വിനോദമാണ്. സുതാര്യമല്ലാത്ത ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തതിനെ തുടർന്ന് സിവിൽ സർവിസ് ഉദ്യോഗസ്ഥരെ തട്ടിക്കളിക്കുന്നുവെന്നാണ് ഒരുപറ്റം യുവ ഉദ്യോഗസ്ഥരുടെ ആരോപണം. മന്ത്രിമാരുടെ ധാർഷ്ട്യവും ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നു. ഇതിന് കൂട്ടു നിൽക്കാനാവാത്തവർ പുതിയ ലാവണം തേടും. അങ്ങനെ മെറൻ ജോസഫ് ഐപിഎസും കേരളം വിടുകയാണ്. പഠിക്കാനുള്ള അവധിയെടുക്കുകയാണ് മെറിൻ.

കേരളത്തിലെ രണ്ടു വനിതാ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ബ്രിട്ടനിലെ രണ്ടു പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ ഉന്നത പഠനത്തിന് അവസരം ലഭിക്കുകയാണ്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിനും ആർ. നിശാന്തിനിക്കുമാണ് ബ്രിട്ടിഷ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫിസിന്റെ ബിരുദാനന്തര ബിരുദ പഠനത്തിനു നൽകുന്ന ചീവ്‌നിങ് സ്‌കോളർഷിപ്പ് ലഭിച്ചത്. മെറിൻ ഓക്‌സ്ഫഡ് സർവകലാശാലയിൽ മാസ്റ്റേഴ്‌സ് ഇൻ പബ്ലിക് പോളിസിയും നിശാന്തിനി ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജിൽ എംഎസ്സി പൊലീസിങ് കോഴ്‌സും ചെയ്യും. സെപ്റ്റംബറിൽ ക്ലാസ് ആരംഭിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് മെറിൻ ഒരു വർഷത്തെ അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്. നിശാന്തിനി ഇപ്പോൾ യുകെയിലാണു താമസിക്കുന്നത്. ഭർത്താവായ രാജമാണിക്യം ഐഎഎസ് അവിടെ പഠനം തുടരുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ തട്ടിക്കളി മടുത്താണ് രാജമാണിക്യം യുകെയിൽ എത്തിയത്.

ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടുവർഷം എന്ന കേന്ദ്രചട്ടം പോലും സംസ്ഥാന സർക്കാർ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചതിന് വേട്ടയാടപ്പെട്ട് എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ അപ്രധാന തസ്തികയിലേക്ക് ഒതുക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമൻ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലും ഇടുക്കി കലക്ടർ ജി.ആർ.ഗോകുൽ ഹാർവാർഡ് സർവകലാശാലയിലും ഉന്നതപഠനത്തിന് പോയിരിക്കുകയാണ്. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും പേരെടുത്ത ഐ.പി.എസ് ദമ്പതികളായ അജിതാബീഗവും സതീഷ് ബിനോയും ഹൈദരാബാദിലെ ദേശീയ പൊലിസ് അക്കാദമിയിൽ പരിശീലക വേഷത്തിലും.

കേന്ദ്ര ഡെപ്യൂട്ടേഷന് എൻഒസി തേടിയ ഇവരെ സ്ഥലംമാറ്റി പകരം നിയമനം നൽകാതെ പുറത്തുനിർത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടതിന് ശേഷമാണ് ഇവർക്ക് അനുമതി നൽകിയത്. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരിക്കെയാണ് എം.ജി രാജമാണിക്യം പഠിക്കാനായി യുകെയിൽ എത്തിയത്. കേരളാ കേഡറിലെ മൃൺമയി ജോഷി ശശാങ്ക്, സ്വാഗത് ഭണ്ഡാരി എന്നിവരും വിദേശത്ത് പഠനത്തിലാണ്.മൃൺമയി ജോഷി ഓക്‌ഫോഡ് യൂണിവേഴ്‌സിറ്റിയിൽ പബ്ലിക് പോളിസിയിലും ഭണ്ഡാരി അമേരിക്ക ഹോസ്റ്റൺ സർവ്വകലാശാലയിൽ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനുമാണ് ചെയ്യുന്നത്.

പലരുടെയും ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം സിവിൽ സർവ്വീസ് ആണെങ്കിൽ, ഐഎഎസ് പദവിയിലിരിക്കുമ്പോഴും ഉപരിപഠനത്തിന് പോകുന്ന ഉദ്യോഗസ്ഥരുമുണ്ട്. 12 മുതൽ 24 മാസത്തേക്കാണ് ശമ്പളത്തോടു കൂടിയുള്ള അവധിയിൽ ഇവർക്ക് വിദേശപഠനം നടത്താവുന്നത്. മുമ്പും ഉദ്യോഗസ്ഥർ ഉപരിപഠനം നടത്തിയിരുന്നു. സർക്കാരിന് വിദഗ്ധരെയാണ് ആവശ്യം. വിഷയങ്ങളിലെ പ്രത്യേക പഠനം അവരെ കൂടുതൽ സമർത്ഥരാക്കും. പിന്നീട് ജോലിയിൽ പ്രത്യേക കർത്തവ്യം നിർവഹിക്കുമ്പോൾ ഇത് ഉപകാരപ്പെടുമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്. 12 വർഷത്തെ സേവനത്തിന് ശേഷം 1993-94 കാലഘട്ടത്തിൽ ജിജി തോംസൺ സാമൂഹ്യശാസ്ത്രത്തിൽ ബിരുദമെടുത്തിരുന്നു. ജോലി ചെയ്തതിന് ശേഷം ഇവർ സ്വകാര്യ മേഖലയിലേക്ക് കടക്കുമ്പോൾ, സർവ്വീസിലെയും ഉന്നതവിദ്യാഭ്യാസത്തിലെയും പരിചയവും പരിജ്ഞാനവും ഇവർക്ക് ഉപകാരമാകും. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും സ്വകാര്യമേഖലയിൽ നിന്നും ആളുകളെ എടുക്കാറുണ്ട്. ഇതിൽ കൂടുതലും ഐഎഎസ് ഓഫീസർമാരാണ്. അതുകൊണ്ടാണ് പലരും ഉന്നത പഠനത്തിന് പോകുന്നത്.

രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് വിദേശപഠനം നടത്താനുള്ള വ്യവസ്ഥ നടപ്പിലാക്കിയത്. സർവ്വീസിൽ കയറി ഒമ്പത് വർഷത്തിന് ശേഷമോ വിരമിക്കുന്നതിന് അഞ്ച് വർഷം മുമ്പോ സർക്കാർ ചെലവിൽ ഇവർക്ക് ഉന്നത വിദ്യാഭ്യാസം നടത്താം. ഈ സാധ്യതയാണ് മെറിനും തെരഞ്ഞെടുക്കുന്നത്. മെറിൻ ജോസഫ് ഐപിഎസ് എന്ന പേര് മലയാളി ആദ്യം കേൾക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ഒരു പക്ഷേ ജോലി ലഭിക്കുന്നതിനു മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഏക വനിത ഐപിഎസ് ഉദ്യോഗസ്ഥയും മെറിൻ ജോസഫ് തന്നെയായിരിക്കും.

ശ്രീലേഖയ്ക്കും, സന്ധ്യയ്ക്കും ശേഷം ഐ പി എസ് സ്വന്തമാക്കുന്ന മലയാളിമങ്കകൂടിയാണ് മെറിൻ. ട്രെയിനിങ്ങ് സമയത്ത് മെറിൻ യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ഇതുകണ്ട് ദേ സുന്ദരി ഐ പി എസുകാരി കൊച്ചിയിൽ എസിപിയാകുന്നു എന്നാരോ തട്ടിവിട്ടു സംഭവം ഹിറ്റായി. മെറിനു ഫേസ്‌ബുക്ക് പേജുവരെ ആരാധകർ ഉണ്ടാക്കിക്കൊടുത്തു. ഇതിന് ശേഷം സത്യസന്ധമായ ഇടപെടലുകളിലൂടെ മെറിൻ താരമായി. ഈയിടെ ഗൾഫിൽ പോയി പോക്സോ കേസിലെ പ്രതിയെ പൊക്കിയതും മെറിനായിരുന്നു. ഇത്തരത്തിലൊരു ഉദ്യോഗസ്ഥയാണ് തൽകാലത്തേക്ക് കേരളത്തിൽ നിന്ന് അവധിയെടുത്ത് പഠനത്തിന് പോകുന്നത്. നിലവിൽ കൊല്ലത്ത് കമ്മീഷണറാണ് മെറിൻ.

മലയാളിയാണെങ്കിലും മെറിൻ പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. അമ്മ കോട്ടയംകാരിയും അച്ഛൻ റാന്നി സ്വദേശിയും, സിവിൽസർവ്വീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ സൗകര്യാർത്ഥം അഞ്ചാം വയസിൽ മെറിൻ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പറന്നതാണ്.പിന്നീട് അവധിക്കാലം ആഘോഷിക്കാനെത്തുന്ന മറുനാടൻ മലയാളിയായി മെറിൻ. ഇപ്പോഴിതാ മലയാളിയുടെ സ്വന്തം ഐപിഎസുകാരിയുമായി. ഡൽഹി സെന്റ് സേവ്യർസ് കോളേജിലായിരുന്നു മെറിന്റെ കോളേജ് വിദ്യാഭ്യാസം. അച്ഛൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായതുകൊണ്ട് തന്നെ കുഞ്ഞുനാൾ മുതലെ മെറിന്റെ സ്വപ്നം സിവിൽ സർവ്വീസ് തന്നെയായിരുന്നു. എംഎ ഫൈനൽ ഇയർ പരീക്ഷ കഴിഞ്ഞ് മെറിൻ സിവിൽ സർവ്വീസ് പരീക്ഷ എഴുതി ആദ്യ ശ്രമത്തിൽ തന്നെ ഈ മിടുക്കിക്കുട്ടി ഐ പി എസ് സ്വന്തമാക്കി, കാക്കി കുഴപ്പമില്ല എന്നു തോന്നിയതു കൊണ്ട് രണ്ടാമതൊരു തവണ കൂടി മെറിൻ സിവിൽ സർവ്വീസ് ശ്രമിച്ചുനോക്കിയില്ല. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന യൂത്ത് സമ്മിറ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചതും മെറിനായിരുന്നു.

മൂന്നാർ തേയില തോട്ടങ്ങളിൽ പെണ്ണൊരുമൈ പ്രവർത്തകർ സമരം ആരംഭിച്ചപ്പോൾ ക്രമസമാധാന ചുമതല എസ്‌പിയായ മെറിനായിരുന്നു. സംയമനത്തോടെ സമരക്കാരെ നേരിട്ട മെറിൻ മാധ്യമങ്ങളുടെയും ജനപ്രതിനിധികളുടേയും എന്തിന് സമരക്കാരുടെ പോലും കയ്യടിവാങ്ങി. നിവിൻ പോളിയുടെ കൂടെ നിന്ന് ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിലിട്ടത്, ഐബി ഈഡൻ എംഎൽഎയാണ് ഫോട്ടോ എടുത്തത്. ംഎൽഎയെ കൊണ്ട് ഫോട്ടോ എടുപ്പിച്ചെന്നായിരുന്നു മെറിനു നേരെയുള്ള ആക്ഷേപം, അച്ചടക്ക നടപടിയും വന്നു. തലസ്ഥാന നഗരിയിൽ വച്ചായിരുന്നു നടുറോഡിൽ കീഴുദ്യോഗസ്ഥൻ മെറിനു കുട ചൂടികൊടുക്കുന്ന ഫോട്ടോയായിരുന്നു രണ്ടാമത്തെ പണി. മെറിൻ കീഴുദ്യോഗസ്ഥനെകൊണ്ട് കുട ചൂടിച്ചുവെന്നൊക്കെയായി ആരോപണം. പതിവുപോലെ മെറിന്റെ കുട ചിത്രവും വൈറലായി ഇതും മേലുദ്യോഗസ്ഥരുടെ നെറ്റി ചുളിച്ചു., തുടർന്നാണ് മെറിൻ മൂന്നാറിലേക്ക് എഎസ്‌പിയായി. പിന്നെ കോഴിക്കോട്. ഇപ്പോൾ കൊല്ലത്തും. ഒന്നും സ്ഥിരമല്ലാത്തതു കൊണ്ടാണ് തൽകാലം കേരളത്തിൽ നിന്ന് മെറിൻ അവധിയെടുക്കുന്നത്.

സത്യസന്ധരായ ഐപിഎസുകാർക്ക് ഒരു സർക്കാരും സമാധാനം നൽകാറില്ല. രാജു നാരായണ സ്വാമിയെ പിരിച്ചു വിടാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. മൂന്നാർ ഓപ്പറേഷനിലൂടെ ശ്രദ്ധേയനായ സുരേഷ് കുമാർ വിആർഎസ് വാങ്ങി. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നീണ്ട കാല സസ്പെൻഷനിലും. കോഴിക്കോട് മുൻ കളക്ടർ പി പ്രശാന്തും സത്യസന്ധമായി പ്രവർത്തിച്ച് പണി വാങ്ങിയ ഉദ്യോഗസ്ഥനാണ്. ഇത്തരത്തിൽ നിരവധി പേർ കേരളത്തിലുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് യുവ ഐപിഎസുകാർ പഠനത്തിന്റെ വഴിയേ പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP