Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ ആദ്യ വിശുദ്ധയുടെ പ്രധാന തിരുന്നാൾ ആഘോഷം ഇന്ന്; വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി ആയിരങ്ങൾ എത്തുന്നു

കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ ആദ്യ വിശുദ്ധയുടെ പ്രധാന തിരുന്നാൾ ആഘോഷം ഇന്ന്; വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി ആയിരങ്ങൾ എത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഭരണങ്ങാനം: കത്തോലിക്കാ സഭയിലെ ഇന്ത്യയിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ ആഘോഷം ഇന്ന്. വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടന കേന്ദ്രത്തിലെത്തുന്നത്. ഉച്ചയ്ക്ക് 12ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണം നടക്കും.

പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 4.45നും 6നും കുർബാന നടന്നു. 7.15ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. 7.30നു മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിച്ചു. തുടർന്ന് 8.15നും 9.15നും കുർബാന. 10ന് തിരുനാൾ റാസയും സന്ദേശവും- ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. 12ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണം. തുടർന്ന് 2.30, 3.30, 4.30 കുർബാന. 5.30നുള്ള കുർബാനയോടെ തിരുനാൾ സമാപിക്കും.

അൽഫോൻസാമ്മയുടെ വിലാപയാത്ര കടന്നുപോയ വഴിയിലൂടെ നടത്തിയ ജപമാല-മെഴുകുതിരി പ്രദക്ഷിണത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. അൽഫോൻസാമ്മയുടെ സംസ്‌കാര വേളയിൽ പങ്കെടുത്തത് ഏതാനും ആളുകളായിരുന്നെങ്കിൽ ഇന്നലെ ആ വിശുദ്ധ സന്നിധിയിലേക്ക് എത്തിയത് ജനസമുദ്രമാണ്.

സ്നേഹമാണ് സഹനത്തെ മധുരമുള്ളതാക്കുന്നതെന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുർബാന അർപ്പിച്ച് കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ച് മഠം ചാപ്പലിലേക്ക് ജപമാല, മെഴുകുതിരി പ്രദക്ഷിണം ആരംഭിച്ചു. പ്രദക്ഷിണം അൽഫോൻസാമ്മ താമസിച്ച ക്ലാര മഠത്തിൽ എത്തിയപ്പോൾ വടവാതൂർ സെമിനാരി പ്രഫ. ഫാ. ഡോ. ജോസഫ് കടുപ്പിൽ സന്ദേശം നൽകി. പ്രദക്ഷിണം എട്ടരയോടെ തീർത്ഥാടന കേന്ദ്രത്തിൽ സമാപിച്ചു.

സഹനം സ്വർഗത്തിലേക്കുള്ള എളുപ്പവഴി: മാർ ഐറേനിയോസ്

സഹനത്തിന്റെ പാതയെ അൽഫോൻസാമ്മ സ്വർഗത്തിലേക്കുള്ള എളുപ്പവഴിയാക്കിയെന്നു പത്തനംതിട്ട രൂപത മെത്രാപ്പൊലീത്ത സാമുവൽ മാർ ഐറേനിയോസ്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഫാ. ഏബ്രഹാം തകടിയേൽ, ഫാ. ഡോ. ജോസഫ് മുത്തനാട്ട്, ഫാ. ജോർജ് അമ്പഴത്തിനാൽ, ഫാ. ജോസഫ് പരവുമ്മേൽ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു.

മൗനത്തിന്റെ വിശുദ്ധ ബലി

തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് ആദ്യമായി നടത്തിയ മൗനത്തിന്റെ വിശുദ്ധ ബലി വേറിട്ട അനുഭവമായി. അയ്മനം നവധ്വനി ആശ്രമം ഡയറക്ടർ ഫാ.ബിജു മൂലക്കരയാണ് ബധിരർക്കും മൂകർക്കുമായി ആംഗ്യ ഭാഷയിൽ കുർബാനയ്ക്കു കാർമികത്വം വഹിച്ചത്. എല്ലാ വർഷവും ബധിരരും മൂകരുമായ ഒട്ടേറെപ്പേർ തീർത്ഥാടന കേന്ദ്രത്തിൽ എത്താറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP