Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേര രാജാക്കന്മാരുടെ കാലത്തെ ആയുധപ്പുര; നിർമ്മാണം ഉളികൊണ്ട്; ഒരാൾക്ക് കഷ്ടി ഇരുന്നുപ്രവേശിക്കാവുന്ന വിസ്തീർണം മാത്രം; മധ്യഭാഗത്തെത്തിയാൽ എണീറ്റ് നിൽക്കാം; ഭൂതത്താൻകെട്ട് വനത്തിലെ പുരാതന ഗുഹ കാണാൻ സഞ്ചാരികളുടെ തിരക്ക്; ഗൈഡുകളെ അടക്കം സൗകര്യങ്ങൾ ഒരുക്കി വനംവകുപ്പും

ചേര രാജാക്കന്മാരുടെ കാലത്തെ ആയുധപ്പുര; നിർമ്മാണം ഉളികൊണ്ട്; ഒരാൾക്ക് കഷ്ടി ഇരുന്നുപ്രവേശിക്കാവുന്ന വിസ്തീർണം മാത്രം; മധ്യഭാഗത്തെത്തിയാൽ എണീറ്റ് നിൽക്കാം; ഭൂതത്താൻകെട്ട് വനത്തിലെ പുരാതന ഗുഹ കാണാൻ സഞ്ചാരികളുടെ തിരക്ക്; ഗൈഡുകളെ അടക്കം സൗകര്യങ്ങൾ ഒരുക്കി വനംവകുപ്പും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഭൂതത്താൻകെട്ട് വനത്തിലെ പുരാതന ഗുഹ കാണാൻ വിനോദ സഞ്ചാരികളുടെ തിരക്ക്. ഭൂതത്താൻകെട്ട് -ഇടമലയാർ റോഡിൽ നിന്നും കഷ്ടി 300 മീറ്ററോളം അകലെ വനത്തിനുള്ളിലെ ഗുഹകാണുന്നതിനും അകത്ത് പ്രവേശിക്കുന്നതിനുമായി അവധി ദിവസങ്ങളിൽ സന്ദർശകരുടെ തിരക്കേറിയിട്ടുണ്ട്. മഴ പെയ്തതിനെത്തുടർന്ന് ഗുഹാ മുഖത്തെത്തുന്ന പാറയിൽ നേരിയ തെന്നൽ അനുഭവപ്പെടുന്നുണ്ടെങ്കിലും പ്രായഭേദമന്യേ ഇവിടെയെത്തുന്നവർ ഗുഹയിൽ പ്രവേശിച്ച് മൊബൈലിന്റെ ഫ്ളാഷ് വെട്ടത്തിൽ ഉള്ളിലെ കാഴ്ചകൾ കണ്ട ശേഷമാണ് മടങ്ങുന്നത്.

തെന്നി വീഴാതിരിക്കാൻ ഇവിടെ ചാരിവച്ചിട്ടുള്ള ഇല്ലിയിൽ പിടിച്ചാണ് പലരും ഗുഹയിൽക്കയറി പറ്റുന്നത്. കവാടത്തിൽ ഒരാൾക്ക് കഷ്ടി ഇരുന്ന് പ്രവേശിക്കാവുന്നത്ര ഉയരമേ ഉള്ളു. ഉള്ളിലേയ്ക്ക് കടക്കും തോറും വിസ്താരം കൂടികൂടി വരും. മധ്യഭാഗത്തെത്തുമ്പോൾ ഒരാൾക്ക് കഷ്ടി ഉയർന്ന് നിൽക്കാം. 15 മീറ്ററോളം ദൂരം ചെല്ലുമ്പോൾ ഗുഹ ഇടത്തേയ്ക്കും വലത്തേയ്ക്കുമായി തിരിയുന്നുമുണ്ട്. അടുത്തകാലത്താണ് ഇത്തരത്തിലുള്ള ഒരു ഗുഹ ഇവിടെയുണ്ടെന്നുള്ള വാർത്ത സഞ്ചാരികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചത്. ഭൂതത്താൻകെട്ടിൽ വിനോദസഞ്ചാരികൾ കൂടുതലെത്തുന്ന പഴയ ഭൂതത്താൻകെട്ടിലേയ്ക്കുള്ള വനപാതയിൽ നിന്നുനോക്കിയാൽ ഈ ഗുഹയുടെ കവാടം കാണാം. ഒറ്റ നോട്ടിൽ ഒരു പാറക്കെട്ടെന്നേ തോന്നു. അടുത്തെത്തി പരിശോധിച്ചാൽ ഇരുട്ടുകാരണം ഉള്ളിലെ കാഴ്ചകൾ കാണാനും കഴിയില്ല.

അടുത്തകാലത്ത് വനപാത വഴിയുള്ള സന്ദർശനത്തിന് വനംവകുപ്പ് പാസ്സ് ഏർപ്പെടുത്തിയിരുന്നു. പിന്നാലെ പ്രദേശവാസികളിൽ ഏതാനും പേർക്ക് ഗൈഡുകളായി പ്രവർത്തിക്കുന്നതിന് അധികൃതർ അനുമതിയും നൽകി. ഇവരിൽ ചിലരാണ് ഇത്തരത്തിൽ ഒരു ഗുഹ ഇവിടെയുണ്ടെന്നുള്ള വിവരം പുറം ലോകത്തെത്തിച്ചത്. ഇവിടെ ഗൈഡായി സേവനം അനുഷ്ടിച്ചുവരുന്ന റോയി എബ്രാഹിമിനൊപ്പമാണ് കൂടുതൽ സഞ്ചാരികളും ഈ ഗുഹ സന്ദർശിച്ചിട്ടുള്ളത്. ഏ ഡി 800 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ് ഗുഹയെന്നും ചേര രാജാക്കന്മാരുടെ കാലത്ത് ഈ ഗുഹ ആയുധപ്പുരയായി ഉപയോഗിച്ചിരുന്നു എന്നും മറ്റുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരമെന്നും റോയി പറഞ്ഞു. ഈ ഗുഹയുടെ ഉത്പത്തിയെക്കുറിച്ച് ആധികാരികമായ വിവരമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലന്നും തനിക്കൊപ്പം ഗുഹ സന്ദർശിച്ച പുരാവസ്തുഗവേഷകരിൽ ചിലർ ഗുഹയുടെ നിർമ്മാണം ഉളികൊണ്ടാണെന്ന് അഭിപ്രായപ്പെട്ടെന്നും ഉളിക്ക് കൊത്തിയതുപോലുള്ള പാടുകൾ ഗുഹയ്ക്കുള്ളിലെ പാറയിൽ കാണാനുണ്ടെന്നും റോയി കൂട്ടിച്ചേർത്തു.

ഗുഹയിൽ വായുസഞ്ചാരത്തിനായി ഒരു ഭാഗത്തുനിന്നം ദ്വാരം കാണാം. ഇതുവഴി കാറ്റുകടന്നുവരുന്നത് വ്യക്തമായി അനുഭവച്ചറിയാനും സാധിക്കും. ഗുഹയിൽക്കടന്നാൽ രണ്ടായി തിരിയുന്ന ഭാഗത്തേയ്ക്ക് വരെ മാത്രമേ റോയി സന്ദർശകരെ കൊണ്ടുപോകാറുള്ളു. മുകളിലേയ്ക്ക് കയറിയാൽ മുള്ളൻ പന്നി, ചെന്നായ് ഉൾപ്പെടെയുള്ള ജീവികൾ ഉണ്ടാവാമെന്നുള്ള സംശയത്തെത്തുടർന്നും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് ഈ ക്രമീകരണം. ഇത് ലംഘിച്ച് ഒരിക്കൽ മുന്നോട്ടുപോയ വിനേദസഞ്ചാരികളിൽ ഒരാൾക്ക് പ്രസവിച്ച് കിടന്നിരുന്ന മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നതായും റോയി വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP