Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലമുടി മാലിന്യങ്ങൾ അമിനോ ആസിഡാക്കി കുപ്പിയിലാക്കാനുള്ള സംസ്ഥാനത്തെ ആദ്യ പദ്ധതി കണ്ണൂർ മാതമംഗലത്ത്; 25 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത് ഹരിത കേരള മിഷൻ സ്വകാര്യ കമ്പനിയുമായി സഹകരിച്ച്; സംസ്ഥാനത്ത് പ്രതിവർഷമുണ്ടാകുന്ന 150 മെട്രിക്ക് ടൺ മുടി മാലിന്യം സംസ്‌ക്കരിക്കാൻ അവസരം ഒരുങ്ങുന്നു

തലമുടി മാലിന്യങ്ങൾ അമിനോ ആസിഡാക്കി കുപ്പിയിലാക്കാനുള്ള സംസ്ഥാനത്തെ ആദ്യ പദ്ധതി കണ്ണൂർ മാതമംഗലത്ത്; 25 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത് ഹരിത കേരള മിഷൻ സ്വകാര്യ കമ്പനിയുമായി സഹകരിച്ച്; സംസ്ഥാനത്ത് പ്രതിവർഷമുണ്ടാകുന്ന 150 മെട്രിക്ക് ടൺ മുടി മാലിന്യം സംസ്‌ക്കരിക്കാൻ അവസരം ഒരുങ്ങുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: തലമുടി മാലിന്യങ്ങൾ അമിനോ ആസിഡാക്കി കുപ്പിയിലാക്കാനുള്ള സംസ്ഥാനത്തെ ആദ്യ പദ്ധതി കണ്ണൂർ മാതമംഗലത്ത് ആരംഭിക്കുന്നു. എരമം കുറ്റൂർ പഞ്ചായത്തിലെ 16 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. 25 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിലുണ്ടാവുന്ന മുടി മാലിന്യങ്ങൾ സംസ്‌ക്കരിച്ച് സമ്പൂർണ്ണമായി മുടി മാലിന്യ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ഹരിത കേരള മിഷൻ സ്വകാര്യ കമ്പനിയുമായി ചേർന്നുകൊണ്ട് തലമുടിയിൽ നിന്നും അമിനോ ആസിഡ് വേർതിരിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് പ്രതിവർഷം 150 മെട്രിക്ക് ടൺ മുടി മാലിന്യം ഉണ്ടാവുന്നുവെന്നാണ് കണക്ക്. ഇതെല്ലാം റോഡരികിലും പുഴകളിലും വലിച്ചെറിയുകയാണ് പതിവ്. ചിലപ്പോൾ മുടി കത്തിച്ച് അന്തരീക്ഷ മലിനീകരണത്തിനും കാരണമാക്കുന്നു.

പണം ഈടാക്കി മുടി ശേഖരിച്ച് വഴിയിൽ തള്ളുന്ന നിരവധി ഏജൻസികളും വ്യക്തികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് സംസ്‌ക്കരണത്തിന് കൊണ്ടു പോകാനാണ് എന്ന് ധരിപ്പിച്ചാണ് ഇത് ശേഖരിക്കുന്നത്. എന്നാൽ അയൽ സംസ്ഥാനങ്ങളിലൊന്നും ഇത്തരം സംസ്‌ക്കരണ പ്ലാന്റുകൾ പ്രവർത്തിക്കുന്നില്ല എന്നതാണ് വസ്തുത. കേരളത്തിൽ നിന്നും ഇത്തരം മാലിന്യങ്ങൾ കൊണ്ടു പോവുന്നതിന് നിരോധനവുമുണ്ട്. മുടി മാലിന്യത്തിന്റെ മറവിൽ പോകുന്ന വാഹനങ്ങളിൽ കഞ്ചാവും ലഹരി മരുന്നുകളും കടത്തുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കണ്ണൂരിൽ ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതെന്ന് ശുചിത്വ മിഷൻ സാങ്കേതിക സമിതി അംഗം ഡോ. പി.വി. മോഹനൻ പറയുന്നു.

പ്രതിദിനം 600 കിലോ ഗ്രാം മുടി സംസ്‌ക്കരിക്കാൻ കഴിയുന്ന പ്ലാന്റിൽ ഒരു വർഷത്തേക്ക് 150 മെട്രിക്ക് ടൺ മുടിയെങ്കിലും വേണം. സംസ്ഥാനത്തെ മൊത്തം മുടി മാലിന്യം 150 മെട്രിക്ക് ടൺ ആണ്. ഇത് മുഴുവൻ ലഭിച്ചാലേ പ്ലാന്റ് പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയൂ. എല്ലാ ജില്ലകളിലും ഗോഡൗണുകളും ഒരുക്കും. കണ്ണൂരിലെ വിദേശ മലയാളികളാണ് പ്ലാന്റിനായി 8 കോടി രൂപ മുതൽ മുടക്കുന്നത്. മുടിയിൽ നിന്നും അമിനോ ആസിഡ് വേർതിരിക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണിത്.

ഡെന്മാർക്കിൽ നിന്നും 40,00,000 രൂപ മുടക്കിയാണ് സാങ്കേതിക വിവരങ്ങൾ ശേഖരിച്ചത്. വേർതിരിക്കുന്ന അമിനോ ആസിഡ് മരുന്നു നിർമ്മാണത്തിനും ജൈവവളമായും ഉപയോഗിക്കാം. പ്രിസിഷൻ ഫാമിങ്, പോളി ഹൗസ് കൃഷി എന്നിവക്ക് ഇത്തരം വളങ്ങൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. സോയാപ്രോട്ടീനാണ് അതിന് വേണ്ടി ഉപയോഗിക്കുന്നത്. ഇത് വളരെ ചിലവേറിയ ഉത്പ്പന്നമാണ്. ഒരു കിലോ ഗ്രാം മുടിയിൽ നിന്ന് ഒരു ലിറ്റർ ഉത്പ്പന്നം മാത്രമാണ് ലഭിക്കുക. ഇതിന്റെ സംസ്‌ക്കരണ ചെലവ് ഭാരിച്ചതിനാൽ മുടി സൗജന്യമായി പ്ലാന്റിലെത്തിയാൽ മാത്രമേ സംരംഭം കൊണ്ടു പോകാൻ പറ്റൂ. മുടി ശേഖരിക്കുന്നതിന്റെ കടത്തു ചെലവ് ഉടമകളിൽ നിന്നും ഈടാക്കേണ്ടി വരും.

ഇപ്പോൾ ഷോപ്പുകളിൽ നിന്ന് ശേഖരിച്ച് വഴിയിൽ തള്ളുന്നതിന് പ്രതിമാസം 300 രൂപ വരെ ഈടാക്കുന്നുണ്ട്. പദ്ധതിയുടെ വിജയത്തിനായി ഹരിത കേരള മിഷനും സുചിത്വ മിഷനും രംഗത്തിറങ്ങിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ഓരോ ജില്ലകളിലേയും ബാർബർ ഷാപ്പുകളുടേയും ബ്യൂട്ടി പാർലറുകളുടേയും കണക്കെടുപ്പ് നടത്തുകയാണ്. താലൂക്ക് തലത്തിൽ ബോധവൽക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ബാർബർ ഷോപ്പ് ഉടമകളും കമ്പനിയും എഗ്രിമെന്റ് വെക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ലഭിക്കാൻ എഗ്രിമെന്റ് ഹാജരാക്കേണ്ടി വരും. അടുത്ത മാസം ആദ്യം സംസ്ഥാന തലത്തിലുള്ള മുടി ശേഖരണം കണ്ണൂരിൽ ആരംഭിക്കും.

അതിനായി പ്രത്യേക സംവിധാനമുള്ള വണ്ടിയും സജ്ജീകരിക്കും. ഹരിത കേരള മിഷന്റേയും കമ്പനിയുടേയും ബാനർ വണ്ടിയിലുണ്ടാകും. മറ്റുള്ളവർ മുടി ശേഖരിക്കുന്നത് പൂർണ്ണമായും തടയും. മാസത്തിൽ ഒരു തവണ എല്ലാ ബാർബർ ഷോപ്പുകളിലും വണ്ടിയെത്തും. മുടി ശേഖരിക്കുന്നത് പ്രത്യേക കവറുകളിലാണ്. ഗോഡൗണിൽ സൂക്ഷിക്കുന്ന മുടി ആവശ്യാനുസരണം പ്ലാന്റിലെത്തിക്കുയാണ് ചെയ്യുക. ആറ് മാസത്തിനുള്ളിൽ മുടി മാലിന്യത്തിൽ നിന്നും ഉത്പ്പന്നം പുറത്ത് വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP