Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ പോകുമ്പോൾ വേണ്ടവിധത്തിൽ മുന്നൊരുക്കങ്ങൾ നടക്കും; പറഞ്ഞ കാര്യങ്ങളിൽ ഒരു വാക്കോ വാചകമോ അടർത്തിയെടുത്താണ് ട്രോളുകൾ ഉണ്ടാക്കുന്നത്; ചർച്ചകളിൽ പരമാവധി സഭ്യമായി ഭാഷയിൽ സംസാരിക്കാനാണ് ആഗ്രഹം; നല്ല പ്രൊഡക്ട് ആയതു കൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് വ്യാപകമായി വോട്ട് വർദ്ധിച്ചത്; ചാനൽ ചർച്ചകളിൽ താരമായ യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ മറുനാടനോട് മനസ്സു തുറക്കുന്നു

ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ പോകുമ്പോൾ വേണ്ടവിധത്തിൽ മുന്നൊരുക്കങ്ങൾ നടക്കും; പറഞ്ഞ കാര്യങ്ങളിൽ ഒരു വാക്കോ വാചകമോ അടർത്തിയെടുത്താണ് ട്രോളുകൾ ഉണ്ടാക്കുന്നത്; ചർച്ചകളിൽ പരമാവധി സഭ്യമായി ഭാഷയിൽ സംസാരിക്കാനാണ് ആഗ്രഹം; നല്ല പ്രൊഡക്ട് ആയതു കൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് വ്യാപകമായി വോട്ട് വർദ്ധിച്ചത്; ചാനൽ ചർച്ചകളിൽ താരമായ യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ മറുനാടനോട് മനസ്സു തുറക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പങ്കെടുക്കുക എന്നത് ഇന്ന് വെറുമൊരു ചർച്ചാ ഉപാധി മാത്രമായല്ല രാഷ്ട്രീയക്കാർ കാണുന്നത്. അത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ വീട്ടിലെ ഒരു അംഗമായി ആളുകളിൽ ചിന്ത വളർത്താനുമുള്ള മാർഗ്ഗമാണിത്. കേരളത്തിൽ നിന്നും ചാനൽ ചർച്ചകളിലൂടെ താരമായി അവരവരുടെ പാർട്ടികളിൽ ശോഭിച്ചിട്ടുള്ള നേതാക്കൾ ഒരുപാടുണ്ട്. അക്കൂട്ടത്തിലാണ് രാജ്‌മോഹൻ ഉണ്ണിത്താനും എം സ്വരാജും ജ്യോതികുമാർ ചാമക്കാലയും കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും അടക്കമുള്ളവർ. അടുത്തകാലത്ത് ബിജെപിയിൽ ചാനൽ ചർച്ചകളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് യുവമോർച്ചാ സെക്രട്ടറി സന്ദീപ് വാര്യർ.

ബിജെപി നേതാക്കളുടെ ചാനൽ ചർച്ചകൾ പലപ്പോഴും അബദ്ധങ്ങളിൽ മുങ്ങുന്ന ഘട്ടത്തിൽ ശാന്തമായി പ്രതികരിച്ചും വ്യക്തമായ മറുപടി നൽകിയുമാണ് അടുത്തകാലത്ത് സന്ദീപ് ശ്രദ്ധ നേടുന്നത്. ഇതോടെ സൈബർ ഇടങ്ങളിൽ അടക്കം സന്ദീപ് വാര്യർക്ക് നിരവധി ആരാധകരുമുണ്ട്. സംഘപരിവാർ ഇടങ്ങളിൽ ജനകീയനായ സന്ദീപ് മറുനാടൻ മലയാളിയിലെ ഷൂട്ട് അറ്റ് സൈറ്റിൽ ഇന്നത്തെ അതിഥിയായെത്തി. സന്ദീപുമായി നടത്തിയ അഭിമുഖത്തിലേക്ക്.

  • യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സന്ദീപ് വാര്യരെ എല്ലാവരും അറിയും? അതിനപ്പുറത്തേക്ക് ആരാണ് സന്ദീപ് വാര്യർ?

എന്റെ വീട് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ ചെത്തല്ലൂർ എന്ന് പറയുന്ന ഗ്രാമത്തിലാണ്. പഴയ വള്ളുവനാടിന്റെ ഭാഗമാണ്. നാറാണത്ത് ഭ്രാന്തന്റെ ജന്മസ്ഥലം കൂടിയാണ് ചെത്തല്ലൂർ. കലാഗ്രാമമായ വെള്ളിനേഴിയുടെ തൊട്ടടുത്താണ്. അച്ഛൻ, അമ്മ, ഭാര്യ, കുട്ടി- നാലുപേരാണ് വീട്ടിൽ വേറെയുള്ളത്. അച്ഛൻ സൈനികനായിരുന്നു. അതിന് ശേഷം റെയിൽവേയിൽ നിന്നാണ് റിട്ടയർ ചെയ്തത്. അമ്മ ചെത്തല്ലൂർ സ്‌കൂളിലെ പ്രഥമാധ്യപിക ആയിട്ടാണ് വിരമിച്ചത്. ചെറുപ്പം മുതലേ രാഷ്ട്രീയ ആഭിമുഖ്യം ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിപാടികളിൽ പങ്കെടുക്കുകയും ഒക്കെ ചെയ്തതിന്റെ ഫലമായി ഒരു ഇടത് പക്ഷ അനുഭാവമായിരുന്നു തുടക്കത്തിൽ. പിന്നീട് അടൽജിയോടുള്ള വലിയൊരു ആരാധന വന്നു. അക്കാലത്ത് ബിജെപിയുടെ ദേശീയ നേതൃത്വത്തിൽ ത്രിമൂർത്തികളായി അടൽജിയും അദ്വാനിജിയും ജോഷിജിയും വന്ന സമയത്ത് അവരെക്കുറിച്ചുള്ള ധാരാളം വാർത്തകൾ വായിച്ചു. അഴിമതി രഹിതമായി കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന നല്ല ഒരു നേതൃത്വം ബിജെപിക്ക് ഉണ്ട് എന്ന് മനസ്സിലാകുന്നു. അതേസമയം ആ കാലഘട്ടത്തിൽ കോൺഗ്രസ് നേതൃരാഹിത്യത്തിലുള്ള അവസ്ഥയായിരുന്നു. മറ്റ് പാർട്ടികളുടെ പരിപാടികളോട് ഒരു വിരക്തിയും ബിജെപിയുടെ പരിപാടികളോട് ചെറുപ്പത്തിൽ തന്നെ ഒരു താല്പര്യം തോന്നിത്തുടങ്ങി. പതുക്കെപതുക്കെ ബിജെപി പ്രവർത്തകനായി മാറുകയായിരുന്നു.

  • യുവമോർച്ചയിലാണോ പ്രവർത്തനം തുടങ്ങുന്നത്?

യുവമോർച്ചയുടെ പഞ്ചായത്ത് തല ചുമതലയാണ് ആദ്യം കിട്ടിയ സംഘടനാ ചുമതല. അതിന് ശേഷം ബിജെപിയുടെ പഞ്ചായത്ത് ചുമതലയിലേക്ക് വന്നു. തുടർന്ന് യുവമോർച്ചയുടെ ജില്ലാ ചുമതലയിൽ വന്നു. അവിടുന്ന് ബിജെപിയുടെ നിയോജക മണ്ഡലം ചുമതലയിലേക്ക് വരികയാണുണ്ടായത്. അതിനിടയ്ക്ക് കുറച്ചുകാലം പ്രവാസിയായി. മൂന്നര വർഷക്കാലം സൗദി അറേബ്യയിൽ ഉണ്ടായിരുന്നു. അവിടെ നിൽക്കുമ്പോഴും മനസ്സ് രാഷ്ട്രീയ പ്രവർത്തനത്തിലായിരുന്നു. എബിവിപിയിൽ ഞാൻ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. ഞാൻ പഠിക്കുന്ന കാലത്ത് അവിടെയെങ്ങും എബിവിപി പ്രവർത്തനം ഉണ്ടായിരുന്നില്ല.

  • ആ സമയത്ത് എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നോ?

എട്ടാം ക്ലാസിൽ ഞാൻ എസ്എഫ്ഐയുടെ സ്ഥാനാർത്ഥിയായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ഇടതുപക്ഷ ലൈനായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ എസ്എഫ്ഐ സ്ഥാനാർത്ഥിയായി മത്സരിച്ചു. എംഎസ്എഫിന് മൃഗീയ ഭൂരിപക്ഷമുള്ള ഒരു വിദ്യാലയമായിരുന്നു.

  • യുവമോർച്ച സെക്രട്ടറി എന്നതിനപ്പുറം മറ്റെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ?

പൂർണ്ണസമയം സംഘടന പ്രവർത്തനമാണ്. വേറൊന്നിലും ശ്രദ്ധിക്കാൻ തോന്നാറുമില്ല, സമയം കിട്ടാറുമില്ല. സംഘടന എനിക്ക് നൽകിയിരിക്കുന്നത് തൃശ്ശൂർ ജില്ലയുടെ ഇൻചാർജ്ജാണ്. നിലവിൽ മെമ്പർഷിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയുടെ ചുമതലയുണ്ട്. മിക്കവാറും യാത്രകളിലായിരിക്കും.

  • യുവമോർച്ചയിൽ അനേകം സെക്രട്ടറിമാരുണ്ട്, പക്ഷേ ചാനലുകളിൽ വരുന്നത് സന്ദീപ് മാത്രമാണ്. എങ്ങനെയാണ് ചാനൽ ചർച്ചയുടെ മുഖമായി സന്ദീപ് മാറുന്നത്?

ഇടക്കാലത്ത് ജന്മഭൂമിയുടെ ലോക്കൽ കറസ്പോണ്ടന്റ് എന്ന നിലയ്ക്ക് മണ്ണാർക്കാട് പ്രവർത്തിച്ചിരുന്നു. ആദ്യം മുതലേ മാധ്യമപ്രവർത്തനത്തിനോട് ഒരു താല്പര്യമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പണ്ട് 66എയർ സുപ്രീംകോടതി റദ്ദ് ചെയ്ത സമയത്ത് ചില ചർച്ചകളിലെല്ലാം പങ്കെടുത്തിരുന്നു. അതിന് ശേഷം ആധാറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് യാദൃശ്ചികമായി ഏഷ്യാനെറ്റ് ന്യൂസിൽ ബിജെപിയെ പ്രതിനിധീകരിക്കേണ്ട ചുമതല വന്നു. അത്യാവശ്യം നന്നായി കൈകാര്യം ചെയ്തു എന്നാണ് കണ്ട ആളുകൾ പറയുന്നത്. അതിനെ തുടർന്ന് മറ്റ് മാധ്യമങ്ങളെല്ലാം വിളിക്കുകയായിരുന്നു. തുടർന്ന് പാർട്ടിയും അനുമതിയും നിർദ്ദേശവും തന്നു.

  • ബിജെപിയെ പ്രതിനിധീകരിച്ച് ചാനലുകളിൽ എത്തുന്ന പല നേതാക്കളും പരാജയപ്പെടുമ്പോൾ സന്ദീപ് വ്യത്യസ്തനാണ്. ഹോംവർക്ക് ചെയ്തോണോ പങ്കെടുക്കുന്നത്?

മറ്റ് നേതാക്കൾ പരാജയപ്പെടുന്നു എന്ന് പറയുന്നതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. മാധ്യമപ്രവർത്തകരുടെ ഒരു അജണ്ടയുണ്ട്, ബിജെപിയുടെ ആളുകൾ വരുന്ന സമയത്ത് സമയം കൊടുക്കാതിരിക്കുകയും മറ്റുമുള്ള പ്രശ്നങ്ങളൊക്കെയുണ്ട്. ഞാൻ പ്രിപ്പയർ ചെയ്തിട്ടേ പോകാറുള്ളു. പരമാവധി ഒരു വിഷയം പഠിച്ചതിന് ശേഷം മാത്രം പോകുക എന്നതാണ് എന്റെ രീതി. പണ്ട് മുതലേ പത്രവായനയുണ്ട്. ദേശീയ മാധ്യമങ്ങൾ കൃത്യമായി പിന്തുടരും.

ഇന്റർനെറ്റ് ഇന്ത്യയിൽ വന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയ ഒരാളാണ് ഞാൻ. അത്കൊണ്ട് തന്നെ ലോകത്ത് നടക്കുന്ന മാറ്റങ്ങളെ കുറിച്ചൊക്കെ കൃത്യമായ ഒരു ധാരണയുണ്ട്. അത് ഉപയോഗിക്കാൻ കഴിയാറുണ്ട്. ട്രോളുകൾ ഇറക്കുന്നതൊക്കെ രാഷ്ട്രീയ എതിരാളികളാണ്. പറഞ്ഞ കാര്യങ്ങളിൽ ഒരു വാക്കോ വാചകമോ അടർത്തിയെടുത്താണ് ട്രോളുകൾ ഉണ്ടാക്കുന്നത്. ഞാൻ പരമാവധി സഭ്യമായ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ, ബിജെപിയെ വല്ലാതെ ആക്ഷേപിക്കുന്ന ചർച്ചകളിൽ അതിനനുസരിച്ച് പ്രതികരിച്ചിട്ടുമുണ്ട്.

  • ചർച്ചകളിൽ പ്രതിരോധിക്കാൻ പ്രയാസപ്പെട്ടിട്ടുണ്ടോ?

ഒരിക്കലുമില്ല. ഏറ്റവും നല്ല പ്രോഡക്ട് മാർക്കറ്റ് ചെയ്യാനാണ് എളുപ്പം. ചാനൽ ചർച്ചകളിൽ ഏറ്റവും കൂടുതൽ ഡിഫൻസീവായി പോകുന്നത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയുമൊക്കെ നേതാക്കളാണ്. അവരുടെ കയ്യിലുള്ളത് മോശം പ്രോഡക്ടാണ്. ഞങ്ങൾക്ക് നല്ല പ്രോഡക്ടുണ്ട്. നല്ല ബ്രാൻഡ് അംബാസിഡർമാരുണ്ട്. അതുകൊണ്ട് അത് മാർക്കറ്റ് ചെയ്യാൻ ബുദ്ധിമുട്ടില്ല.

  • പശുവിന്റെ പേരിൽ കൊലപാതകം നടത്തുന്നു, ഹിന്ദുക്കൾ അല്ലാത്തവർ പാക്കിസ്ഥാനിൽ പോകണം എന്ന് പറയുന്നു. ഇതൊക്കെയാണോ നല്ല പ്രോഡക്ടിന്റെ ലക്ഷണങ്ങൾ?

ഒരിക്കലുമല്ല. പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ പ്രധാനമന്ത്രി തന്നെ അപലപിച്ചിട്ടുണ്ട്. പശു സംരക്ഷകർ എന്ന് പറഞ്ഞു നടക്കുന്ന ആളുകളെ വളരെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. പ്രധാനമന്ത്രിയുടെ നയമാണ് എന്റെയും നയം. പാർട്ടിയുടെ നയം വ്യക്തമാണ്.

  • ബിജെപി എംപിമാർ പോലും പറയാറുണ്ട് പാക്കിസ്ഥാനിൽ പോകണമെന്ന്. അതിന് ന്യായം വല്ലതുമുണ്ടോ?

അത് ഓരോ വിഷയത്തിന്റെയും വ്യത്യസ്തത അനുസരിച്ചിരിക്കും. ചില ആളുകൾ, നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ ഈ രാജ്യം വിടും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം ആളുകളോട് അത്പോലെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു എന്ന് വരും. ഓരോ പ്രസ്താവനകളും വ്യത്യസ്തമാണ്.

  • ഞാൻ തികച്ചും ബിജെപിയുടെ ദേശീയതക്ക് യോജിക്കാത്ത ഒരു നിലപാട് എടുക്കുന്നു. അപ്പോൾ ഞങ്ങൾ ഇങ്ങനെയൊക്കെയാണ്. താല്പര്യമില്ലാത്തവർ പോ എന്ന് പറയുന്നു. അതിനോട് യോജിക്കുന്നുണ്ടോ?

എൻഐഎ നിയമം അമന്റ് ചെയ്യാൻ ലോക്സഭയിൽ വോട്ടിനിടേണ്ട കാര്യം പോലുമില്ല. നോക്കൂ, ബിജെപി എന്ത് വിശാലമായാണ് ചെയ്തത്. രണ്ട് എംപിമാരുള്ള ഒരു ചെറിയ പാർട്ടി പറഞ്ഞത് പോലും കേട്ട് ജനാധിപത്യമര്യാദ കാണിച്ചവരല്ലേ ഞങ്ങൾ.

  • വളരെ നല്ല പ്രോഡക്ടായിട്ടും എന്താണ് കേരളത്തിൽ ബിജെപിക്ക് തിരുവനന്തപുരത്ത് ഒരു എംപിയെ പോലും കിട്ടാത്തത്?

കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപി ജയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ കാഴ്‌ച്ചവെച്ചിട്ടുള്ളത്. അധികം വൈകാതെ തന്നെ കേരളത്തിലും ബിജെപി വിജയിക്കുന്ന ഒരു സാഹചര്യം ഉണ്ടാകും. കേരളവും ബംഗാളും തമിഴ്‌നാടും ഒക്കെ വിജയിച്ച് കഴിഞ്ഞാൽ മാത്രമേ ബിജെപിയുടെ ലക്ഷ്യം പൂർത്തിയാകു.

  • കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വവും ശബരിമലയും ബിഡിജെഎസ് സഖ്യവും ബിജെപിക്ക് അനുകൂല ഘടകങ്ങളായിരുന്നു. എന്നിട്ടും ബിജെപി തോറ്റത് ഒരുലക്ഷം വോട്ടിനാണ്.

നല്ല പ്രോഡക്ടായതുകൊണ്ടാണല്ലോ കേരളത്തിൽ വ്യാപകമായി ബിജെപിക്ക് വോട്ട് വർദ്ധിച്ചത്. പാലക്കാട് ബിജെപിയുടെ വോട്ട് രണ്ട് ലക്ഷത്തി പരിനേഴായിരമായി വർദ്ധിച്ചു. തൃശ്ശൂരിൽ മൂന്ന് ലക്ഷത്തോളം വോട്ടായി. പത്തനംതിട്ടയിൽ മൂന്ന് ലക്ഷത്തോളം വോട്ടായി. എല്ലാ മണ്ഡലങ്ങളിലും വൻതോതിൽ വോട്ട് വർദ്ധനവുണ്ടായിട്ടുണ്ട്. ഭൂരിപക്ഷം ഏകീകരിച്ചാൽ വർഗീയത എന്ന് വിളിക്കുന്നതാണ് കേരളത്തിലെ സാഹചര്യം.

  • എന്താണ് കേരളത്തിൽ ഒരു പ്രസിഡന്റിനെ പോലും നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ കഴിയാത്തത്? ഇത്ര നല്ല പ്രോഡക്ടായിട്ടും?

ഏതെങ്കിലും ഒന്നോരണ്ടോ സംസ്ഥാനത്തെ കാര്യങ്ങൾ ചെയ്യേണ്ട ദേശീയ നേതൃത്വമല്ല. അവർക്ക് വിവിധ സംസ്ഥാനങ്ങളിലെ വിവിധ വിഷയങ്ങളെ അഡ്രസ് ചെയ്യേണ്ടതുണ്ട്. കേരളത്തിൽ കൃത്യമായി കാര്യങ്ങൾ പോകുന്നുണ്ട്.

  •  കെ സുരേന്ദ്രൻ വളരെ ജനകീയനായ ഒരു ബിജെപി നേതാവാണ്. ഞങ്ങൾ ഒരു സർവേ നടത്തിയിരുന്നു. ബിജെപിക്കാരാണ് വോട്ട് ചെയ്തത്. 89 ശതമാനം പേരും കെ സുരേന്ദ്രനാണ് വോട്ട് ചെയ്തത്. പിള്ളക്ക് രണ്ട് ശതമാനം വോട്ടേ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ സർവേ പോലെ ചെയ്യണം എന്നല്ല പറയുന്നത്. അങ്ങനെ ജനകീയ പിന്തുണ ഉണ്ടായ സുരേന്ദ്രനെ പ്രസിഡന്റ് ആക്കരുത് എന്ന് ചിലർ തീരുമാനിച്ചതിന് പിന്നിൽ ജാതി ആണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ?

ചുമ്മാ പറയുന്നതാണത്. ബിജെപിയിൽ ഏതെങ്കിലും സ്ഥാനം കൊടുക്കുന്നത് ജാതിയോ കുടുംബ മഹിമയോ കുടുംബ പാരമ്പര്യമോ നോക്കിയല്ല. കഴിവും മാനദണ്ഡവും നോക്കി ദേശീയ നേതൃത്വമാണ് ചെയ്യുന്നത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുകയാണ്. അതിലപ്പുറം മറ്റൊരു പരിഗണനയുമില്ല. അർഹിക്കുന്ന ആളുകൾക്ക് പരിഗണന കൊടുക്കുന്ന പാർട്ടിയാണ് ബിജെപി. എല്ലാവർക്കും പ്രവർത്തിക്കാനുള്ള സ്പേയ്സും ബിജെപിയിലുണ്ട്.

  • സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം പോലും ഇത്ര വൈകാനുള്ള കാരണമെന്താണ്?

അങ്ങനെയൊന്നുമല്ല. ബിജെപിയുടെ ദേശീയ തലത്തിലെ സ്ഥാനാർത്ഥി ലിസ്റ്റ് പരിശോധിച്ചാലറിയാം, മറ്റ് സ്ഥലങ്ങലിലുമൊക്കെ ഏകദേശം അതേസമയമാണ് ലിസ്റ്റ് വന്നത്. സിപിഎം വളരെ നേരത്തേ നിശ്ചയിച്ചതുകൊണ്ട് ബിജെപി വൈകിപ്പോയി എന്ന് തോന്നിയതാണ്. ബിജെപി ജയിക്കാതിരിക്കാൻ മാധ്യമങ്ങൾ എന്തൊക്കെ പ്രചരണം നടത്തിയിരുന്നു. പാർട്ടി ഒറ്റക്കെട്ടായല്ലേ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP