Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെക്സിറ്റ് കഴിഞ്ഞാലും രണ്ട് കൊല്ലം കൂടി യൂറോപ്യൻ യൂണിയനുമായി കച്ചവടം തുടരും; അയർലണ്ടിനെ വേലികെട്ടി തിരിക്കില്ല; പിടിവാശി അൽപം കുറച്ച് ബോറിസ് ജോൺസൻ; എന്നിട്ടും പൗണ്ട് വിലയിടിവ് തുടരുന്നു

ബ്രെക്സിറ്റ് കഴിഞ്ഞാലും രണ്ട് കൊല്ലം കൂടി യൂറോപ്യൻ യൂണിയനുമായി കച്ചവടം തുടരും; അയർലണ്ടിനെ വേലികെട്ടി തിരിക്കില്ല; പിടിവാശി അൽപം കുറച്ച് ബോറിസ് ജോൺസൻ; എന്നിട്ടും പൗണ്ട് വിലയിടിവ് തുടരുന്നു

സ്വന്തം ലേഖകൻ

ബ്രെക്സിറ്റ് വിഷയത്തിൽ തന്റെ പിടിവാശിക്ക് അൽപം അയവ് വരുത്തി പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തി. ഇത് പ്രകാരം ബ്രെക്സിറ്റ് നടന്നാലും യുകെയ്ക്ക് യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിലും കസ്റ്റംസ് യൂണിയനിലും 2021 വരെ നിലകൊള്ളാനാവുമെന്നാണ് അദ്ദേഹം സൂചന നൽകിയിരിക്കുന്നത്.അതായത് യൂണിയനോട് ഗുഡ് ബൈ പറഞ്ഞാലും രണ്ട് വർഷം കൂടി യൂണിയനുമായി കച്ചവടം തുടരാൻ തയ്യാറാണെന്നാണ് ബോറിസ് പറയുന്നത്. ഇതിന് പുറമെ അയർലണ്ടിനെ ബ്രെക്സിറ്റിന് ശേഷം വേലികെട്ടി തിരിക്കില്ലെന്നും ബോറിസ് പറയുന്നു. എന്നാൽ ഇത്തരത്തിൽ വിട്ട് വീഴ്ചക്ക് ബോറിസ് തയ്യാറായിട്ടും പൗണ്ട് വിലയിടിവ് തുടരുന്ന അപകടകരമായ അവസ്ഥയും നിലനിൽക്കുന്നുണ്ട്.

ബ്രസൽസുമായി പുതിയൊരു ബ്രെക്സിറ്റ് ഡീലിനായി വിലപേശുന്നതിന് ഇനിയും സാധ്യതയുണ്ടെന്നും ബോറിസ് പറയുന്നു. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും യുകെ ഒക്ടോബർ 31 ഓടെ യൂണിയൻ വിട്ട് പോവുമെന്നും വെയിൽസിൽ വച്ച് നടത്തിയ പ്രസ്താവനകൾക്കിടെ അദ്ദേഹം ആവർത്തിക്കുന്നു. കഴിഞ്ഞ ആഴ്ച പ്രധാനമനമന്ത്രി കസേരയിൽ എത്തുന്നത് വരെ ബ്രെക്സിറ്റിന്റെ കാര്യത്തിൽ തീരെ വിട്ട് വീഴ്ചയില്ലാത്ത നിലപാടായിരുന്നു ബോറിസ് കൈക്കൊണ്ടിരുന്നത്. അതായത് ഡീൽ നേടിയാലും ഇല്ലെങ്കിലും ഒക്ടോബർ 31ന് കടുത്ത രീതിയിൽ ബ്രെക്സിറ്റ് നടപ്പിലാക്കുമെന്നായിരുന്നു ബോറിസ് തറപ്പിച്ച് പറഞ്ഞിരുന്നത്.

അയർലണ്ടിനെ വേലികെട്ടി തിരിക്കില്ലെന്ന് ബോറിസ്

ബ്രെക്സിറ്റിന് ശേഷം കടുത്ത രീതിയിൽ അയർലണ്ടുമായി അതിർത്തി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി തെരേസയുടെ ഡീലിൽ ഉണ്ടായിരുന്ന സംവിധാനമായ ബാക്ക് സ്റ്റോപ്പ് ഒഴിവാക്കുമെന്ന നിലപാട് നേരത്തെയുണ്ടായിരുന്നതിനാൽ ഐറിഷ് പ്രധാനമന്ത്രി താവോയിസെച്ച് ലിയോ വരാദ്കറുമായി ബോറിസ് ഇക്കാര്യത്തിൽ നേരത്തെ ഏറ്റ് മുട്ടിയിരുന്നു. എന്നാൽ തെരേസയുടെ കരാറിലെ ചില ഘടകങ്ങൾ നിലനിർത്തുന്നതിൽ വിരോധമില്ലെന്നാണ് വെയിൽസ് സന്ദർശന വേളയിൽ ബോറിസ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് യുകെ യൂണിയനിൽ നിന്നും വിട്ട് പോകുന്നത് മൂലം ബിസിനസുകൾക്ക് മേലുള്ള ആഘാതം കുറയ്ക്കുന്നതിനായി തെരേസയുടെ ഡീലിലുണ്ടായിരുന്ന ട്രാൻസിഷൻ പിരിയഡ് പോലുള്ള സംഗതികൾ സ്വീകരിക്കാൻ താൻ ഒരുക്കമാണെന്നാണ് ബോറിസ് ഇപ്പോൾ പറയുന്നത്.

ബ്രെക്സിറ്റിന് ശേഷം അയർലണ്ടിനെ യുകെയിൽ നിന്നും വേർതിരിക്കുന്നതിനായി ഒരു വേലി കെട്ടിത്തിരിക്കില്ലെന്നാണ് ഇന്നലെ രാവിലെ ഐറിഷ് പ്രധാനമന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ബോറിസ് ഉറപ്പേകിയിരിക്കുന്നത്.ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും ഇതാദ്യമായാണ് ചർച്ച നടത്തിയിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം ഐറിഷ് അതിർത്തിയിൽ കടുത്ത പരിശോധനകളൊഴിവാക്കുമെന്നും ബോറിസ് ഉറപ്പേകിയിട്ടുണ്ട്. എന്നാൽ തെരേസയുടെ ഡീലിലുള്ള ബോർഡർ ബാക്ക്സ്റ്റോപ്പ് പ്ലാൻ അത്യാവശ്യമാണെന്നാണ് വരാദ്കർ അഭിപ്രായപ്പെട്ടിരിക്കുന്നത്.എന്നാൽ ഇതിന് മുമ്പ് ബാക്ക്സ്റ്റോപ്പിനെ കുറിച്ച് യൂറോപ്യൻ യൂണിയനോട് ബോറിസ് കടുത്ത രീതിയിലായിരുന്നു പ്രതികരിച്ചിരുന്നത്.

പൗണ്ട് വിലയിടിവ് തുടരുന്നു

ബോറിസ് ഇത്തരത്തിൽ ബ്രെക്സിറ്റ് വിഷയത്തിൽ വിട്ട് വീഴ്ചക്ക് തയ്യാറായെങ്കിലും പൗണ്ട് വിലയിടിവ് തുടരുന്നുവെന്നാണ്പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം മൂന്ന് വർഷത്തിനിടെ പൗണ്ട് വിലയിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച മാസമായിരിക്കുകയാണ് ഈ ജൂലൈ. നോ ഡീൽ ബ്രെക്സിറ്റ് ലോക സമ്പദ് വ്യവസ്ഥയിൽ തന്നെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ഇൻവെസ്റ്റർമാർ ഭയപ്പെടുന്നത്. പൗണ്ട് വില 1.210 ഡോളറിലേക്കാണ് കൂപ്പ് കുത്തിയിരിക്കുന്നത്.

2017 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ബോറിസ് പ്രധാനമന്ത്രിയായതിന് ശേഷം പൗണ്ട് വിലയിൽ 0.036 ഡോളറിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. ബോറിസ് കടുത്ത ബ്രെക്സിറ്റ് ഡിലൊന്നുമില്ലാതെ നടപ്പിലാക്കുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഭയം കാരണമാണ് പൗണ്ട് വില താഴുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP