Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രൂപ്പുകാർക്ക് വേണ്ടി വീതം വെക്കണം, സ്ഥാനമില്ലെങ്കിൽ പിണങ്ങിപ്പോക്കും ഭീഷണിയും; 'ഒരാൾ ഒരു പദവി' ഇനിയും തുടരേണ്ടതില്ലെന്നും അഭിപ്രായം; ജംബോ സമിതി വേണ്ടെന്ന കാര്യത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും സമാന അഭിപ്രായക്കാരെങ്കിലും എങ്ങനെ ചുരുക്കുമെന്ന കാര്യത്തിൽ എത്തും പിടിയുമില്ല; എ,ഐ ഗ്രൂപ്പിന് അതീതരായവരും നോമിനികളെ നിർദ്ദേശിച്ച് രംഗത്ത്: കോൺഗ്രസ് പുനഃസംഘടന പൊതിയാതേങ്ങയായി തുടരുന്നു

ഗ്രൂപ്പുകാർക്ക് വേണ്ടി വീതം വെക്കണം, സ്ഥാനമില്ലെങ്കിൽ പിണങ്ങിപ്പോക്കും ഭീഷണിയും; 'ഒരാൾ ഒരു പദവി' ഇനിയും തുടരേണ്ടതില്ലെന്നും അഭിപ്രായം; ജംബോ സമിതി വേണ്ടെന്ന കാര്യത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും സമാന അഭിപ്രായക്കാരെങ്കിലും എങ്ങനെ ചുരുക്കുമെന്ന കാര്യത്തിൽ എത്തും പിടിയുമില്ല; എ,ഐ ഗ്രൂപ്പിന് അതീതരായവരും നോമിനികളെ നിർദ്ദേശിച്ച് രംഗത്ത്: കോൺഗ്രസ് പുനഃസംഘടന പൊതിയാതേങ്ങയായി തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന കീറാമുട്ടിയായി തുടരുന്നു. ഭാരവാഹികളാകാനും തള്ളിക്കയറ്റാനും നേതാക്കൾ ഇടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ പുനഃസംഘടന എങ്ങുമെത്താതെ നീണ്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുനഃസംഘടന സംബന്ധിച്ചുള്ള ചർച്ചകൾ നേതൃതലത്തൽ നവടക്കുന്നുണ്ടെങ്കിലും അതൊന്നും എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദൻ എന്നിവാണ് ഇതുസംബന്ധിച്ച ചർച്ചകളുമായി മുന്നോട്ടു പോകുന്നത്. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണം എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാൽ, എങ്ങനെയെന്ന ചോദ്യമാണ് നേതാക്കളെ കുഴയ്ക്കുന്നത്. ഇതോടെ ഭാരവാഹികളുടെ എണ്ണം സംബന്ധിച്ചുപോലും ധാരണ ആയില്ല.

പുനഃസംഘടന ഇന്നലെ പൂർത്തിയാക്കുമെന്നാണു നേരത്തെ തീരുമാനിച്ചിരുന്നത്. അതു പ്രകാരം പട്ടിക അന്തിമമാക്കാനായിരുന്നു ചൊവ്വാഴ്‌ച്ചത്തെ കൂടിയാലോചന. അന്തിമപട്ടിക നീളുമെന്നു അറിയാമായിരുന്നെങ്കിലും ചില കാര്യങ്ങളിലെങ്കിലും ധാരണ പ്രതീക്ഷിച്ചിരുന്നു. ജംബോസമിതി വേണ്ടെന്ന രാഷ്ട്രീയകാര്യ സമിതിയുടെ പൊതുതീരുമാനത്തിൽ 3 നേതാക്കളും തത്വത്തിൽ ഉറച്ചുനിൽക്കുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ വാശിയിലുമാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും യോജിക്കുന്നുവെങ്കിലും തങ്ങളുടെ കയ്യിലുള്ള നീണ്ട പട്ടിക എങ്ങനെ ചുരുക്കുമെന്നതിൽ ഇരുവർക്കും പിടിയില്ല.

ഇവരുടെ പട്ടിക കൂടാതെയാണു ഗ്രൂപ്പിനതതീതമായി നിൽക്കുന്നവരുടെയും മുതിർന്ന നേതാക്കളുടെയും നോമിനികൾ. കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ, ബെന്നിബഹനാൻ എന്നിവർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുല്ലപ്പള്ളിയെ കണ്ടിരുന്നു. എല്ലാവരുടെയും ആവശ്യം തങ്ങളുടെ പ്രതിനിധികൾക്കും അവസരം വേണമെന്നതാണ്. അതേസമയം 'ഒരാൾ ഒരു പദവി' നടപ്പാക്കണമോയെന്നതിലും തർക്കം തുടരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നാണ് നേതാക്കൾ പറയുന്നത്. എംഎൽഎമാരെയും എംപിമാരെയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നു മാറ്റിനിർത്തി പട്ടിക ചുരുക്കാനാകുമെന്നതിനോടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു പൂർണയോജിപ്പില്ല.

വി.ഡി.സതീശൻ, വി എസ്. ശിവകുമാർ, എ.പി. അനിൽകുമാർ തുടങ്ങിയ എംഎൽഎമാരെ ഭാരവാഹിത്വത്തിലേക്കും കൊണ്ടുവരണമെന്ന നിലപാടിലാണ് ഐ വിഭാഗം. സതീശനെയോ ശിവകുമാറിനെയോ വർക്കിങ് പ്രസിഡന്റ് പദവിയിൽ നിയമിക്കണമെന്ന ആഗ്രഹവും ചെന്നിത്തലയ്ക്കുണ്ട്. വർക്കിങ് പ്രസിഡന്റ് പദവി ഒഴിവാക്കി പഴയ വൈസ് പ്രസിഡന്റ് സംവിധാനം മതിയെന്ന മുല്ലപ്പള്ളിയുടെ നിലപാടിനോട് എതിർപ്പില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയെന്നാണു വിവരം. എന്നാൽ ഐയിലെ കെ. സുധാകരനെ നിലവിലുള്ള വർക്കിങ് പ്രസിഡന്റ് പദവിയിൽ നിന്നൊഴിവാക്കുന്നതിനോട് ചെന്നിത്തലയ്ക്കു യോജിപ്പില്ല. ആ പദവിയിൽ തുടരാനുള്ള ശക്തമായ സമ്മർദം കൊടിക്കുന്നിൽ സുരേഷും നടത്തുന്നു.

എത്രയും വേഗം പട്ടിക ചുരുക്കി അന്തിമമാക്കുമെന്ന വാഗ്ദാനമാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേതാക്കൾക്കു നൽകുന്നത്. 15നകം ഔദ്യോഗികപട്ടിക തയാറാക്കാനാക്കുമോയെന്നാണ് ഇപ്പോൾ മൂവരും നോക്കുന്നത്. ജംബോ കമ്മിറ്റി ഒഴിവാക്കി 25 പേരടങ്ങുന്ന ഭാരവാഹി പട്ടിക തയ്യാറാക്കാനാണ് കെപിസിസിയിൽ മുല്ലപ്പള്ളി പദ്ധതിയിട്ടിരുന്നത്. ഈ കാര്യത്തിൽ മുതിർന്ന നേതാക്കൾ തമ്മിൽ നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയിരുന്നു. പരിചയ സമ്പന്നരായ നേതാക്കൾക്കൊപ്പം യുവാക്കൾക്കും വനിതകൾക്കും തുല്യ പ്രാധാന്യം നൽകണമെന്ന ഹൈക്കമാന്റ് നിർദ്ദേശങ്ങൾ പാലിച്ച് ഭാരവാഹികളെ നിശ്ചയിക്കാനാണ് ശ്രമം. എന്നാൽ എ ഐ സിസി അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചതോടെ പ്രശ്നങ്ങൾ കൈവിട്ടു പോയതു പോലെയായി. ഹൈക്കമാണ്ട് ദുർബ്ബലമായതോടെ കേരളത്തിലെ പ്രശ്നങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലും നടക്കാതെയായി.

പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന നേതൃതല ക്യാമ്പുകൾ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ക്യാമ്പുകൾ നടത്തുന്നത്. ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ സജീവമാക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്ക് കെപിസിസി പ്രസിഡന്റ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തനം സാമൂഹിക മാധ്യമങ്ങളിൽ ഒതുങ്ങുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്നും പരദൂഷണവും പാരവെപ്പും കൈമുതല്ലാക്കി ആർക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലാ നേതാക്കൾക്ക് താക്കീത് നൽകിയിട്ടുണ്ട്. അപ്പോഴും പുനഃസംഘടനയിൽ തീരുമാനമാകാത്തത് സംഘടനയെ ദുർബ്ബലപ്പെടുത്തുന്നുണ്ടെന്നതാണ് വസ്തുത.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുനഃസംഘടന ഉണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു . തെരഞ്ഞെടുപ്പിലെ വിജയവും പ്രവർത്തന മികവും നോക്കിയായിരിക്കും സ്ഥാനങ്ങൾ നൽകുക. സംഘടനാ ചുമതലയിലേക്ക് ആരൊക്കെ വേണമെന്നും അവർക്ക് എന്തൊക്കെ ചുമതലകൾ നൽകണമെന്നും ഹൈക്കമാൻഡ് നേതാക്കളുമായി മുല്ലപ്പള്ളി ആശയവിനിമയം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് രാഹുൽ ഗാന്ധി അധ്യക്ഷപദം രാജിവച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP