Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യസഭയും പാസാക്കിയതോടെ ഇല്ലാതാകുക ഇന്ത്യൻ മെഡിക്കൽ കൗൺസിൽ; ഏറെ വിവാദമായ വ്യവസ്ഥകൾ വോട്ടിനിട്ട് തള്ളിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചത് സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന പ്രതിപക്ഷ ആവശ്യം; സമരം ശക്തമാക്കി ഐഎംഎ; ഇന്ന് മുതൽ എല്ലാ മെഡിക്കൽ കോളജുകളിലും നിരാഹാരം അനുഷ്ടിക്കുക രണ്ട് വിദ്യാർത്ഥികൾ വീതം

ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യസഭയും പാസാക്കിയതോടെ ഇല്ലാതാകുക ഇന്ത്യൻ മെഡിക്കൽ കൗൺസിൽ; ഏറെ വിവാദമായ വ്യവസ്ഥകൾ വോട്ടിനിട്ട് തള്ളിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചത് സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന പ്രതിപക്ഷ ആവശ്യം; സമരം ശക്തമാക്കി ഐഎംഎ; ഇന്ന് മുതൽ എല്ലാ മെഡിക്കൽ കോളജുകളിലും നിരാഹാരം അനുഷ്ടിക്കുക രണ്ട് വിദ്യാർത്ഥികൾ വീതം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ബിൽ രാജ്യസഭയും പാസാക്കി. 51 ന് എതിരെ 101 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസാക്കിയത്. മെഡിക്കൽ പിജി കോഴ്‌സുകളിലേക്ക് എംബിബിഎസ് അവസാന വർഷ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് എൻഎംസി ബിൽ. സ്വകാര്യ മെഡിക്കൽ കോളജുകളിലെ അൻപതു ശതമാനം സീറ്റിലേക്കുള്ള ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

 ഡോക്ടർമാർക്കും എംബിബിഎസ് വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ബില്ലാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ രാജ്യസഭയിൽ പറഞ്ഞു. ആരോഗ്യമേഖലയിൽ മോദി സർക്കാർ നടപ്പാക്കുന്ന വലിയ പരിഷ്‌കാരമാണിതെന്നും മന്ത്രി വിശദീകരിച്ചു. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ വലിയ പരിഷ്‌കാരമെന്നാകും ഇതിനെ ചരിത്രം രേഖപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു. ബിൽ നിയമമാകുന്നതോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എംസിഐ) ഇല്ലാതാകും. പകരം 25 അംഗ ദേശീയ മെഡിക്കൽ കമ്മിഷനാകും നിലവിൽ വരിക. ഈ കമ്മിഷനാകും മെഡിക്കൽ രംഗത്തെ എല്ലാ വിഷയങ്ങളുടെയും അന്തിമ അഥോറിറ്റി.

മെഡിക്കൽ കമ്മിഷൻ അംഗങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. ബില്ലിലെ മുപ്പത്തിയേഴാം അനുച്ഛേദത്തിലാണ് ഇതിനായി ഭേദഗതി വരുത്തുക. ഈ ഭേദഗതി ഉൾപ്പെടുത്തി ബില്ലിന് ലോക്‌സഭ വീണ്ടും അംഗീകാരം നൽകണം. ഇതിനു ശേഷമാകും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബിൽ സമർപ്പിക്കുക. എന്നാൽ ബില്ലിലെ ഏറെ വിവാദമായ വ്യവസ്ഥകൾക്കെതിരായ ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളി.

മെഡിക്കൽ പഠനം നിയന്ത്രിക്കാൻ മെഡിക്കൽ കമ്മിഷൻ രൂപീകരിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. പിജി പ്രവേശനത്തിന് എംബിബിഎസ് അവസാന വർഷ പരീക്ഷ മാനദണ്ഡമാക്കും. അലോപ്പതി ഇതര വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാർക്കും പ്രാഥമികതലത്തിൽ ആധുനിക വൈദ്യശാസ്ത്ര ചികിൽസ നടത്താമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. നിലവിലെ നീറ്റ് പിജി പ്രവേശന പരീക്ഷ ഒഴിവാക്കി, നാഷനൽ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരിലുള്ള അവസാന വർഷ എംബിബിഎസ് പരീക്ഷ അടുത്തവർഷം മുതൽ പ്രവേശനമാനദണ്ഡമാക്കാനാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ്വർധൻ വ്യക്തമാക്കിയിരുന്നു.

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‌പ്പിനും മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്ദ്ധർക്കും നിയന്ത്രിത ലൈസൻസ് നൽകാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.

ബില്ലിലെ മറ്റ് പ്രധാന വ്യവസ്ഥകൾ

  • എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനം നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ.
  • പിജി പ്രവേശനത്തിനുള്ള റാങ്ക് മെച്ചപ്പെടുത്താൻ നെക്സ്റ്റ് പരീക്ഷ ഒന്നിലധികം തവണ എഴുതാം.
  • ദേശീയ മെഡിക്കൽ കമ്മിഷനിൽ ആകെ 25 അംഗങ്ങൾ. ഇതിൽ 21 പേർ ഡോക്ടർമാർ. 3 പേർ മെഡിക്കൽ മേഖലയ്ക്കു പുറത്തു നിന്നുള്ള വിദഗ്ദ്ധർ. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയായി ഒരാളും.
  • 1956ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിനു പകരമാണു ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ.
  • സ്വകാര്യ മെഡിക്കൽ കോളജുകളിൽ 75 % എംബിബിഎസ് സീറ്റുകളിൽ ഫീസ് നിയന്ത്രണം.
  • മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസ്ഥാന സർക്കാരുകളുടെ അധികാരം കേന്ദ്രം കവർന്നെടുക്കില്ല.
  • എംബിബിഎസ്, പിജി സീറ്റുകളുടെ എണ്ണം ഉയർത്തും.
  • മെഡിക്കൽ കമ്മിഷൻ ഉപദേശക സമിതിയിൽ സംസ്ഥാനങ്ങൾക്കു പ്രാതിനിധ്യം ഉറപ്പാക്കും.
  • മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യം വിലയിരുത്തുന്നതിനുള്ള വാർഷിക പരിശോധനകൾ ഒഴിവാക്കും.
  • വിദേശത്തു നിന്ന് മെഡിക്കൽ ബിരുദമെടുക്കുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ നെക്സ്റ്റ് പരീക്ഷ പാസാകണം.

ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടർമാർ സമരത്തിലാണ്. ആയുഷ് വിഭാഗത്തിൽപ്പെടുന്ന ബിരുദധാരികൾക്ക് ബ്രിജ് കോഴ്‌സ് പൂർത്തിയാക്കിയാൽ നിശ്ചിതതലം വരെ ആധുനികവൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നതിനെതിരെയാണ് പ്രതിഷേധം. ബിൽ പാസാക്കിയ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ(ഐഎംഎ) തീരുമാനം. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലുള്ള സമരമാണ് നടത്തുക. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച അർധരാത്രി മുതൽ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ടു വിദ്യാർത്ഥികൾ വീതം നിരാഹാരസമരം ആരംഭിക്കും. തുടർ സമരപരിപാടികൾ യോഗം ചേർന്നു തീരുമാനിക്കുമെന്നും ഐഎംഎ വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP