Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു പെൺകുട്ടിയെ ചീന്തിയെറിഞ്ഞ ബിജെപി എംഎൽഎ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്നിൽ പ്രതിയായി നിൽക്കുമ്പോൾ പാർലമെന്റിൽ പോക്‌സോ ബിൽ വരിക, അതിൽ ഭരണപക്ഷം ഏറെ വാചാലരാകുക.. എന്തൊരു വൈരുധ്യമാണ്'; ശുദ്ധമായ മലയാളത്തിൽ, മൂർച്ചയുള്ള വാക്കുകളിൽ ഉന്നാവോ പെൺകുട്ടിയുടെ ദുരന്തം പാർലമെന്റിൽ ഉന്നയിച്ച് രമ്യ ഹരിദാസ്; പ്രഹരശേഷിയുള്ള വാക്കുകൾ തിരിച്ചറിഞ്ഞ് ബഹളം വെച്ച് ബിജെപി എംപിമാർ; പോക്‌സോ നിയമഭേദഗതി ചർച്ചക്കിടെ സ്മൃതി ഇറാനിയോട് ഏറ്റുമുട്ടി പെങ്ങളൂട്ടി താരമായത് ഇങ്ങനെ

'ഒരു പെൺകുട്ടിയെ ചീന്തിയെറിഞ്ഞ ബിജെപി എംഎൽഎ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്നിൽ പ്രതിയായി നിൽക്കുമ്പോൾ പാർലമെന്റിൽ പോക്‌സോ ബിൽ വരിക, അതിൽ ഭരണപക്ഷം ഏറെ വാചാലരാകുക.. എന്തൊരു വൈരുധ്യമാണ്'; ശുദ്ധമായ മലയാളത്തിൽ, മൂർച്ചയുള്ള വാക്കുകളിൽ ഉന്നാവോ പെൺകുട്ടിയുടെ ദുരന്തം പാർലമെന്റിൽ ഉന്നയിച്ച് രമ്യ ഹരിദാസ്; പ്രഹരശേഷിയുള്ള വാക്കുകൾ തിരിച്ചറിഞ്ഞ് ബഹളം വെച്ച് ബിജെപി എംപിമാർ; പോക്‌സോ നിയമഭേദഗതി ചർച്ചക്കിടെ സ്മൃതി ഇറാനിയോട് ഏറ്റുമുട്ടി പെങ്ങളൂട്ടി താരമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷയ്ക്കുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ലോക്‌സഭ പാസാക്കിയത് ഇന്നലെയാണ്. ബിൽ ലോക്‌സഭയിൽ ചർച്ച ചെയ്യുന്ന വേളയിൽ ഉന്നാവ് വിഷയം ഉയർത്തി രമ്യാ ഹരിദാസ് ബിജെപിയെ കടന്നാക്രമിച്ചു. മലയാളത്തിൽ പ്രസംഗിച്ച രമ്യയുടെ പരാമർശങ്ങൾ സർക്കാരിനെതിരാണെന്ന് തിരിച്ചറിഞ്ഞ ബിജെപി അംഗങ്ങൾ ബഹളം വച്ചു കൊണ്ടാണ് പ്രതികരിച്ചത്. മലയാളത്തിലായിരുന്നു രമ്യയുടെ പ്രസംഗമെങ്കിലും പരിഭാഷയിൽ പ്രകോപിതരായ ബിജെപി അംഗങ്ങൾ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു.

ഇരയേയും നിയമസഹായം നൽകുന്നവരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പോക്‌സോ ബിൽ പാർലമെന്റിൽ വരുന്ന സമയത്തു തന്നെ ബിജെപി എംഎൽഎയ്‌ക്കെതിരായ പരാതിയും വന്നത് വൈരുധ്യമാണെന്നും രമ്യ ചൂണ്ടിക്കാട്ടി. സ്വതസിദ്ധമായ ശൈലിയിൽ മലയാളത്തിൽ സംസാരിച്ചപ്പോൾ ബിജെപി എംപിമാർമാർ എതിർപ്പുയർത്തി. നിവൃത്തി ഇല്ലാതെയാണ് ബിജെപി എംഎൽഎയെ പുറത്താക്കിയതെന്ന് പറഞ്ഞത്. സുപ്രീംകോടതിയും മാധ്യമങ്ങളും സൃഷ്ടിച്ച സമ്മർദ്ദമാണ് നടപടി എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് രമ്യ പറഞ്ഞ്.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും രമ്യ പറഞ്ഞു. എന്നാൽ കൊണ്ടുവന്നിരിക്കുന്ന നിയമം വേണ്ടത്ര ഗൃഹപാഠം നടത്താതെയാണെന്നും രമ്യ ചൂണ്ടിക്കാട്ടി. ഇരയെയും അവർക്കു നിയമസഹായം ചെയ്യുന്നവരെയും ഉന്മൂലനം ചെയ്യാൻ ബിജെപി. ശ്രമിക്കുകയാണ്. ബലാത്സംഗത്തിന് ഇരയാകുന്നവർക്കു പരമാവധി വേഗത്തിൽ നീതി ലഭിക്കണം. അവരെ നിത്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റിയ സാഹചര്യം ഒരുക്കണം- രമ്യ പറഞ്ഞു. പരാമർശത്തെ പ്രതിപക്ഷാംഗങ്ങൾ കൈയടിച്ചു പിന്തുണച്ചു. എന്നാൽ, പരാമർശത്തിനെതിരേ ബിജെപി. അംഗം കിരൺ ഖേർ പ്രതിഷേധമുയർത്തി. രമ്യ മലയാളത്തിൽ പ്രസംഗിച്ചത് മനഃപൂർവമാണെന്നും ബില്ലിൽ രാഷ്ട്രീയം കലർത്തിയതു ശരിയായില്ലെന്നും കിരൺ പറഞ്ഞു. കിരണിനെ പിന്തുണച്ച് മറ്റ് ബിജെപി അംഗങ്ങൾ രംഗത്തുവന്നു.

ഇതോടെയാണ് ഭരണപക്ഷ ബെഞ്ചിൽ നിന്നും എതിർപ്പുയർന്നത്. എന്നാൽ, ഈ എതിർപ്പ് ഗൗനിക്കാതെ രമ്യ തന്റെ പ്രസംഗം തുടരുകയായിരുന്നു. ഒരു പാർലമെന്റ് അംഗമാണ് താനെന്നും തന്റെ അവകാശം നിർവഹിക്കുകയാണ് താനെന്നും പ്രതിപക്ഷ ബഞ്ചിലെ ബഹളങ്ങൾ ഗൗനിക്കാതെ രമ്യ പറഞ്ഞു. രമ്യ പ്രസംഗിക്കുമ്പോൾ സഭ നിയന്ത്രിച്ചിരുന്നത് മറ്റൊരു മലയാളി കൂടിയായിരുന്നു. എൻ കെ പ്രേമചന്ദ്രനായിരുന്നു ഈ സമയം ചെയറിലൂണ്ടായിരുന്നത്. ബഹളം നിയന്ത്രിച്ച് സഭ ഓർഡറിലാക്കി രമ്യയെ തുടർന്ന് സംസാരിക്കാൻ അനുവദിക്കുകയും ചെയ്തു.

ചർച്ചക്ക് മറുപടി പറയുന്ന വേളയിൽ വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രമ്യയ്ക്ക് മറുപടി നൽകി. കാര്യമായൊന്നും പറയാൻ സ്മൃതിക്കുണ്ടായിരുന്നില്ല. 'ഒന്നും രാഷ്ട്രീയവൽക്കരിക്കരുത്. എംപിയായാലും എംഎ‍ൽഎയായാലും ശിക്ഷിക്കാൻ കോടതിയുണ്ട് ' എന്നു മാത്രമായിരുന്നു സ്മൃതിയുടെ മറുപടി. അംഗം ബിജെപി.യെ ചർച്ചയിലേക്കു വലിച്ചിഴച്ചതു ശരിയായില്ല. മാത്രമല്ല, രമ്യയ്ക്കു ചുറ്റുമിരുന്ന അംഗങ്ങൾ മേശയിലടിച്ചു പ്രോത്സാഹിപ്പിക്കുകയാണു ചെയ്തതെന്നു മന്ത്രി വിമർശിച്ചു. മന്ത്രിയുടെ മറുപടിയെത്തുടർന്ന് ബഹളമടങ്ങി.

എന്തായാലും രമ്യ ഹരിദാസിന്റെ പ്രസംഗം ഭരണപക്ഷ ബെഞ്ചിനെ പ്രകോപിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. രമ്യയുടെ പാർലമെന്ററി പ്രസംഗം രാജ്യം ശ്രദ്ധയോടെ ശ്രവിച്ച ദിവസമായിരുന്നു ഇന്നലെ. ചർച്ചയിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ ബലാത്സംഗ പ്രതികൾക്കു വധശിക്ഷ നൽകാനുള്ള വ്യവസ്ഥയെക്കുറിച്ച് പരാമർശിച്ചു. വധശിക്ഷയെക്കുറിച്ചു രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കാര്യം ദേശീയതലത്തിൽ ചർച്ച ചെയ്യണം- പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തിന് ഉറപ്പുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തായാലും രമ്യ ഹരിദാസിന്റെ പ്രസംഗം ഭരണപക്ഷ ബെഞ്ചിനെ പ്രകോപിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. രമ്യയുടെ പാർലമെന്ററി പ്രസംഗം രാജ്യം ശ്രദ്ധയോടെ ശ്രവിച്ച ദിവസമായിരുന്നു ഇന്നലെ. ഇന്നലെ സഭയിൽ സംഭവിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകനായ പി ബി അനൂപ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

രമ്യ ഹരിദാസിനോട് സ്മൃതി ഇറാനി ഏറ്റുമുട്ടിയപ്പോൾ. ഉന്നാവയിലെ പെൺകുട്ടിക്കായി ലോക്‌സഭയിൽ മലയാളത്തിൽ രോഷം തിളച്ചുമറിഞ്ഞപ്പോൾ. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം ഉന്നാവയിലെ പെൺരോദനം പല തവണ ഉന്നയിക്കാൻ ശ്രമിച്ച് സ്പീക്കറുടെ മർക്കടമുഷ്ടിക്കു മുന്നിൽ തോറ്റ് പിൻവാങ്ങുകയായിരുന്നു. കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ആരും കേട്ടില്ലെന്ന് നടിച്ചു. പ്രതിഷേധങ്ങളോട് മുഖം തിരിച്ച പാർലമെന്റിൽ പ്രൊഡക്ടിവിറ്റിയുടെ ഗ്രാഫ് ഉയർന്നു പോയ്‌ക്കൊണ്ടിരുന്നു. അധികാരത്തിന്റെ രാക്ഷസരൂപങ്ങൾ വേട്ടയാടിയ ആ പെൺകുട്ടിയുടെ കണ്ണീർ പാർലമെന്റിന്റെ പരിഗണനാ പട്ടികയിൽ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെട്ട ക്രമസമാധാന പ്രശ്‌നം മാത്രമായിരുന്നു.

പാർലമെന്റിലെ ചർച്ചകളുടെ അതിര് അതിലും ഏറെ മേലെയായിരുന്നു. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന പോക്‌സോ നിയമ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ച ചെയ്തപ്പോൾ രമ്യ ഹരിദാസ് വിഷയം ഉയർത്തി. അതും ശുദ്ധമായ മലയാളത്തിൽ. മൂർച്ചയുള്ള വാക്കുകളിൽ. 'ഒരു പെൺകുട്ടിയെ ചീന്തിയെറിഞ്ഞ ബിജെപി എംഎ‍ൽഎ രാജ്യത്തിന്റെ മനസാക്ഷിക്കു മുന്നിൽ പ്രതിയായി നിൽക്കുമ്പോൾ പാർലമെന്റിൽ പോക്‌സോ ബിൽ വരിക. അതിൽ ഭരണപക്ഷം ഏറെ വാചാലരാകുക. എന്തൊരു വൈരുധ്യമാണ് ' രമ്യ ഹരിദാസ് പറഞ്ഞു തുടങ്ങി. സർക്കാരിനെ നോക്കി 'എന്ത് പ്രഹസനമാണ് സജീ' എന്ന മട്ടിൽ. പറഞ്ഞ മലയാളത്തിന്റെ പൊരുളും പ്രഹരശേഷിയും തിരിച്ചറിഞ്ഞ ബിജെപി എംപിമാർ ബഹളംവെച്ചു.

ചർച്ചകൾക്ക് മറുപടി നൽകുമ്പോൾ മന്ത്രി സ്മൃതി ഇറാനി ഏറെക്കുറെ നിരായുധയായിരുന്നു. 'ഒന്നും രാഷ്ട്രീയവൽക്കരിക്കരുത്. എംപിയായാലും എംഎ‍ൽഎയായാലും ശിക്ഷിക്കാൻ കോടതിയുണ്ട് ' ഇതിലപ്പുറം പറയാൻ വനിത ശിശുക്ഷേമ മന്ത്രിക്ക് കഴിയുമായിരുന്നില്ല. ഉന്നാവയിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന ആ പെൺകുട്ടിയെയും 'പേരില്ലാത്ത ' ഒരുപാടൊരുപാട് പെൺകുട്ടികളെയും ഓർത്ത് പാർലമെന്റ് ഒറ്റ ശബ്ദത്തിൽ പോക്‌സോ ബിൽ പാസാക്കി. ഈ നാട്ടിലെ പെൺകുട്ടികളെ നിയമം കാക്കട്ടെ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP