Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്

വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വേദനകളുടെ ലോകത്തെ വാസം മതിയാക്കി അനിതാ തച്ചങ്കരി മടങ്ങി. ഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യയും അറിയപ്പെടുന്ന സംരഭകയുമായ അനിതയെ തേടി മരണം എത്തിയത് ഇന്ന് വെളുപ്പിന് മൂന്ന് മണിക്കായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രം കാൻസർ ബാധിതയാണെന്ന് തിരിച്ചറിഞ്ഞ അനിതയുടെ മരണത്തിൽ മനം നൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും കൊച്ചിയിലെ വീട്ടിലേക്ക് പ്രവഹിക്കുകയാണ്. തച്ചങ്കരിയെ സമാധാനിക്കാൻ പോലും അടുത്ത ബന്ധുക്കൾക്ക് കഴിയുന്നില്ല. അത്ര വികാരപരമായ രംഗങ്ങളാണ് കൊച്ചി തമ്മനത്തെ വീട്ടിലുള്ളത്.

ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ജി.പി. ടോമിൻ ജെ തച്ചങ്കരിയെ തനിച്ചാക്കി ഭാര്യ അനിതാ വിടവാങ്ങിയത് ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വവസതിയിൽ വച്ചായിരുന്നു. ഏറെ നാളായി ചികിത്സയിൽ കഴിയുന്ന അനിതയ്ക്ക് 54വയസായിരുന്നു. പരേതരായ കുറുന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്റിനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടെയും മകളായ അനിതാ മികവ് തെളിയിച്ച സംഭരംക കൂടിയായിരുന്നു. വിദേശത്തെയും ഇന്ത്യയിലെയും പഠത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അവർ. ഇതിനൊപ്പം നല്ലൊരു കുടുംബിനിയും. രണ്ട് പെൺമക്കളുടേയും വിവാഹത്തിന് കൂടിയാണ് അനിതയുടെ മടക്കം.

മലയാള സിനിമയെ കേന്ദ്രമായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പറിച്ചു നടാൻ കാരണമായ റിയാൻ സ്റ്റുഡിയോയുടെ എംഡി കൂടിയായിരുന്നു അവർ. തികഞ്ഞ മൃഗസ്‌നേഹി കൂടിയായിരുന്ന അനിതാ തെരുവു നായ്കളുടെ പുനരിധിവാസത്തിനും മറ്റുമായി നിർണായക ഇടപെടലുകൾ നടത്തിയിരുന്നു. കാർഷിക രംഗത്ത് പ്രത്യേക വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന അനിത ലണ്ടൻ സ്‌കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് എയിറ്റ്ത്ത് വേ ഗ്രൈഡിൽ പാസായ മികച്ച പിയാനോ വിദഗ്ധക്കൂടിയായിരുന്നു.

തച്ചങ്കരിയുടെ ഔദ്യോഗിക പൊലീസ് ജീവിതത്തിന്റെ വർണ്ണാഭങ്ങളൊന്നും ആസ്വദിക്കാൻ താൽപ്പര്യപ്പെടാതിരുന്ന അനിത എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു. മക്കളായ മേഘയും കാവ്യയും ഈ അടുത്ത് നാളിൽ വിവാഹിതരായിരുന്നു. ഏറെ നാൾക്ക് ശേഷം വേദനകൾ മറന്ന് അനിതാ തച്ചങ്കരി പൊതുവേദിയിലെത്തിയത് മകളുടെ വിവാഹത്തിനായിരുന്നു. അന്ന് വീൽ ചെയറിൽ വന്ന് തച്ചങ്കരിയോടൊപ്പം വിവാഹവേദിയിൽ പങ്കെടുത്ത അനിത ഏറെ സന്തോഷവതിയായിരുന്നു.

കല്യാണത്തിനു മുന്നോടിയായി എറണാകുളത്തെ വസതിയിൽ നടക്കുന്ന മധുരംവെപ്പ് ചടങ്ങിൽ തച്ചങ്കരി എഴുതി സംഗീതം നൽകിയ പാട്ട് അവതരിപ്പിച്ചത് പോലും അനിതയുടെ മനസ്സ് അറിഞ്ഞായിരുന്നു. വളർത്തി വലുതാക്കിയ മക്കൾ വീടുവിട്ടുപോകുന്നതിന്റെ വിഷമം, ദൈവം തന്ന ദാനമായ മക്കളെ ദൈവത്തെ തിരിച്ചേല്പിക്കുന്ന വിവാഹമെന്ന ദൈവിക കൂദാശയുടെ സന്തോഷം തുടങ്ങിയ കാര്യങ്ങൾ വച്ചാണ് 'ദൈവം തന്ന ദാനം...' എന്ന പാട്ട് തച്ചങ്കരി എഴുതിയത്. മക്കൾ രണ്ടുപേരും ബെംഗളൂരുവിൽ എൻജിനീയർമാരാണ്. മരുമക്കളും അവിടെത്തന്നെ എൻജിനീയർമാർ. മൂത്ത മകൾ മേഘയുടെത് മിശ്രവിവാഹമായിരുന്നു്. കോഴിക്കോട് ചേവായൂർ സ്വദേശി ഗൗതമാണ് ഭർത്താവ്. കാവ്യയെ വിവാഹം ചെയ്തത് എറണാകുളം സ്വദേശി ക്രിസ്റ്റഫറും. ജൂലായ് ആറിന് വാഴക്കാലയിലായിരുന്നു ഈ കല്യാണങ്ങൾ.

കാൻസർ ബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കിടെയാണ് തച്ചങ്കിയുടെ ഭാര്യ അനിത വിവാഹ സൽക്കാരത്തിലേക്ക് എത്തിയത്. ആശുപത്രി കിടക്കയിൽ നിന്നും വീൽചെയറിലാണ് ഇവർ എത്തിയത്. മുഖ്യമന്ത്രിയും മറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ സംബന്ധിച്ച ശേഷം വീണ്ടും ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു. അനിതയ്ക്ക് ആത്മവിശ്വാസം പകരാനും ആശ്വാസിപ്പിക്കാനും ചടങ്ങിനെത്തിയവർ ശ്രമിച്ചു. ബ്രസ്റ്റ് കാൻസറിനെ തുടർന്നായിരുന്നു അനിതയുടെ ആരോഗ്യം തളർന്നത്. അനിതയ്ക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ നിന്നുള്ള ഒരു തിരിച്ചുവരവു കൂടിയായി കല്യാണ ചടങ്ങുകൾ. മൂത്തമകളുടെ മിശ്രവിവാഹവും അനിതയുടെ കൂടെ പൂർണ്ണ സമ്മതത്തോടെയാണ് നടന്നത്.

ടോമിൻ ജെ. തച്ചങ്കരി എന്ന ഐപിഎസ്സുകാരൻ എന്നും വിവാദനായകനായിരുന്നു. തുടക്കത്തിൽ പല പ്രശ്‌നങ്ങളിലും കുടുങ്ങി. സസ്‌പെൻഷനിൽ പോലുമായി. എന്നാൽ പിന്നീട് അതിശക്തമായി തന്നെ അഴിമതിക്കെതിരായ പോരാട്ടം നടത്തി. കൺസ്യൂമർ ഫെഡിലും കെ എസ് ആർ ടി സിയിലും ഗതാഗത കമ്മീഷണറായും കൈയടി നേടി. ഇതിനെല്ലാം ചാലക ശക്തിയായി കൂടെ നിന്നത് ഭാര്യ അനിതയാണ്.

എല്ലാ വിവാദങ്ങളിലും അനിതയുടെ പിന്തുണ തച്ചങ്കരിക്ക് വലിയ കരുത്തായിരുന്നു. തച്ചങ്കരി എഎസ്‌പിയായി സർവീസിൽ എത്തിയതു മുതൽ വിവാദങ്ങളുണ്ട്. ഭരണം ഇടതായാലും വലതായാലും എന്നും തച്ചങ്കരിക്ക് താങ്ങും തണലുമാണ്. സഭയുടെ പ്രിയപുത്രനാണ്. ദേശവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രധാന ആരോപണം. 2009 ൽ ഖത്തറിൽ നടത്തിയ പര്യടനമാണ് വിവാദമായത്. ഇത്തരം വലിയ വിവാദങ്ങളിൽ പോലും പതറാതെ ഒപ്പം നിന്നും.

2006ൽ അനിതയുടെ പേരിൽ വൈറ്റിലയിലുള്ള റിയാൻ ഡിജിറ്റൽ സ്റ്റുഡിയോയിൽ നിന്ന് വ്യാജ സിഡികളുടെ വൻശേഖരം പിടികൂടി. അന്ന് ആന്റി പൈറസി നോഡൽ ഓഫീസറായിരുന്ന ഋഷിരാജ്സിംഗാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ഇതിനെയെല്ലാം സധൈര്യം നേരിട്ട സംരഭകയായിരുന്നു അനിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP