Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്ന പഴഞ്ചൊല്ല് പ്രതിപക്ഷം മറന്നതോടെ ബിജെപിക്കും കേന്ദ്രസർക്കാരിനും രാജ്യസഭയിൽ തുണയായത് പ്രാദേശിക കക്ഷികളുടെ പിന്തുണ; ബിഎസ്‌പിയും ബിജെഡിയും എഐഎഡിഎംകെയും വൈഎസ്ആർസിപിയും എഎപിയും സർക്കാരിനൊപ്പം നിന്നെങ്കിലും ക്ഷീണമായത് സഖ്യകക്ഷിയായ ജെഡിയുവിന്റെ ഇറങ്ങിപ്പോക്ക്; ലോക്‌സഭയിലും ബിജെപിയെ തുണയ്ക്കാൻ റെഡിയായി പ്രാദേശിക കക്ഷികൾ; കശ്മീർ ബില്ലിൽ അമിത്ഷായുടെ ചാണക്യതന്ത്രങ്ങൾ നേട്ടം കൊയ്യുന്നത് ഇങ്ങനെ

ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്ന പഴഞ്ചൊല്ല് പ്രതിപക്ഷം മറന്നതോടെ ബിജെപിക്കും കേന്ദ്രസർക്കാരിനും രാജ്യസഭയിൽ തുണയായത് പ്രാദേശിക കക്ഷികളുടെ പിന്തുണ; ബിഎസ്‌പിയും ബിജെഡിയും എഐഎഡിഎംകെയും വൈഎസ്ആർസിപിയും എഎപിയും സർക്കാരിനൊപ്പം നിന്നെങ്കിലും ക്ഷീണമായത് സഖ്യകക്ഷിയായ ജെഡിയുവിന്റെ ഇറങ്ങിപ്പോക്ക്; ലോക്‌സഭയിലും ബിജെപിയെ തുണയ്ക്കാൻ റെഡിയായി പ്രാദേശിക കക്ഷികൾ; കശ്മീർ ബില്ലിൽ അമിത്ഷായുടെ ചാണക്യതന്ത്രങ്ങൾ നേട്ടം കൊയ്യുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രതിപക്ഷം ചിന്നിച്ചിതറിയതോടെ രാജ്യസഭയിൽ ബിജെപിക്ക് ആർട്ടിക്കിൾ 370 എടുത്തുകളയാനുള്ള രണ്ടുപ്രമേയങ്ങളും ജമ്മു-കശ്മീർ പുനഃ സംഘടനാ ബില്ലും നിഷ്പ്രയാസം പാസാക്കിയെടുക്കാൻ കഴിഞ്ഞു. പ്രാദേശിക പാർട്ടികളുടെ പിന്തുണയാണ് അതിന് ബലം നൽകിയതെന്ന് പറയാതെ വയ്യ. ബിഎസ്‌പി, ബിജെഡി, എഐഎഡിഎംകെ, വൈഎസ്ആർസിപി, എഎപി എന്നിവരെല്ലാം രാജ്യസഭയുടെ കടമ്പ കടക്കാൻ മോദി സർക്കാരിന തുണയേകി. എ്ന്നാൽ, ബിജെപിയുടെ ബിഹാർ സഖ്യകക്ഷിയായ ജെഡിയും എതിർപ്പ് പ്രകടിപ്പിച്ച് വാക്ക് ഔട്ട് നടത്തിയത് സർക്കാരിന് ക്ഷീണമായി.

ബിജെപിക്ക് രാജ്യസഭയിൽ 78 അംഗങ്ങളുള്ളപ്പോൾ എഐഡിഎംകെയും 11, ബിജെഡി-7, ബിഎസ്‌പി 4, ശിവസേന-3, എഎപി-3, ശിരോമണി അകാലിദൾ -3, വൈഎസ്ആർ-സിപി-2, ആർപിഐ-എ, എൻപിഎഫ്, എൽജെപി, ബിപിഎഫ്,എജിപി-ഓരോന്നുവീതം, നാല് നോമിനേറ്റഡ് അംഗങ്ങൾ, ചില സ്വതന്ത്രർ എന്നിവരുടെ പി്്ന്തുണ സർക്കാരിന് കിട്ടി.

ലോക്‌സഭയിലാകട്ടെ ബിജെപിക്ക് 303 അംഗങ്ങളുണ്ട്. വൈഎസ്ആർസിപി-22, ശിവസേന-18, ബിജെഡി-12, ബിഎസ്‌പി-10, എൽജെഎസ്‌പി-5, എസ്എഡി-2 എന്നിവരും ചില ചെറിയ പ്രാദേശിക കക്ഷികളും ചൊവ്വാഴ്ച ബില്ലിന്റെ സുഗമമായ പാസാകലിന് സഹായകമാവും. ഇതിനകം ബിൽ അവതരിപ്പിക്കാൻ അമിത്ഷാ ലോക്‌സഭയുടെ അനുമതി തേടിക്കഴിഞ്ഞു.

പ്രതിഷേധങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിലാണ് കശ്മീരിനെ പുനഃസംഘടിപ്പിക്കാനുള്ള ബിൽ രാജ്യസഭ പാസാക്കി. 125 പേർ അനുകൂലിച്ചു. 61 പേർ എതിർത്തു. കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കുന്നത് താൽക്കാലികമെന്ന് അമിത്ഷാ ചർച്ചയക്കുള്ള മറുപടിയിൽ പറഞ്ഞു. സമാധാനം പുനഃ സ്ഥാപിച്ച ശേഷം പൂർണസംസ്ഥാന പദവി നൽകും. എത്രനാൾ കശ്മീർ കേന്ദ്രഭരണപ്രദേശമായി തുടരുമെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുകയും, ശരിയായ സമയം എത്തുകയും ചെയ്യുമ്പോൾ, ജമ്മു-കശ്മീരിലെ വീണ്ടും സംസ്ഥാനമാക്കാൻ തയ്യാറാണ്. അതിന് അൽപം സമയമെടുത്തെന്ന വരാമെങ്കിലും, ഒരുനാൾ കശ്മീർ വീണ്ടും സംസ്ഥാനമായി മാറും. സർക്കാർ തീരുമാനം രാഷ്ട്രീയം നോക്കിയല്ലെന്നും അമിത്ഷാ പറഞ്ഞു. കശ്മീരിനുള്ള പ്രത്യേകപദവി എടുത്തുകളയുന്ന പ്രമേയം രാജ്യസഭ പാസാക്കി. ജമ്മു-കശ്മീർ സാമ്പത്തിക സംവരണ ബില്ലും രാജ്യസഭ പാസാക്കി. അതേസമയം ,പാക് വിദേശ കാര്യസെക്രട്ടറി ഇന്ത്യയം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രധാന രാഷ്ട്രീയ കുടുംബങ്ങളെ അമിത് ഷാ വിമർശിച്ചു. നെഹ്റു, മുഫ്തി, അബ്ദുള്ള കുടുംബങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ് അമിത് ഷായുടെ വിമർശനം. ആർട്ടിക്കിൾ 370 ന്റെ മറവിൽ ഈ മൂന്നുകുടുംബങ്ങളും കശ്മീരിനെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. വിഷയത്തിൽ രാജ്യസഭയിൽ നടന്ന ചർച്ചക്കിടെയായിരുന്നു അമിത് ഷായുടെ പരാമർശം. ആർട്ടിക്കിൾ 370 സ്ത്രീവിരുദ്ധവും, ദളിത് വിരുദ്ധവും, വികസവിരുദ്ധവുമാണ്.

ആർട്ടിക്കിൾ 370 കൊണ്ട് കശ്മരിന് പ്രത്യേകിച്ച് പ്രയോജനമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 മൂലം ജമ്മു കശ്മീരിലെ ജനങ്ങൾ ദാരിദ്ര്യത്തിലാണ് കഴിയേണ്ടി വന്നത്. അവർക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇത് തടസ്സമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 370 ന്റെ കാര്യത്തിൽ സഭയിലെ എല്ലാ അംഗങ്ങളെയും കേൾക്കാൻ താൻ തയ്യാറാണെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമെന്നും അമിത് ഷാ പറഞ്ഞു.

ഇതാദ്യമായല്ല ഇത്തമൊരു നീക്കം. 1952 ലും 1962ലും സമാനമായ നടപടിയിലൂടെ ആർട്ടിക്കിൾ 370 കോൺഗ്രസ് സർക്കാരുകൾ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 ആണ് ജമ്മു കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതെന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വാദം ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായത് 1947 ഒക്ടോബർ 27 ന് അന്നത്തെ രാജാവ് മഹാരാജാ ഹരിസിങ് ഒപ്പുവെച്ച ലയന കരാറിന്റെ ഭാഗമായാണ്. ആർട്ടിക്കിൾ 370 നിലവിൽ വന്നത് 1954 ൽ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എടുത്ത് കളയുന്നതിനായി ഒരുനിമിഷം പോലും ആശങ്കപ്പെടേണ്ട ആവശ്യം തങ്ങൾക്കുണ്ടായിട്ടില്ല. വിഷയത്തിൽ ചർച്ച നടക്കണമെന്നതാണ് പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കാനുള്ളത്. എന്തിനാണ് ഇത്രയും കാലം ആർട്ടിക്കിൾ 370 നിലനിന്നതെന്ന് ഇന്ത്യയിലെ ജനങ്ങൾ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് 10 വർഷം തന്നാൽ കശ്മീരിനെ സമ്പൽ സമൃദ്ധമാക്കാമെന്നും അമിത് ഷാ പറഞ്ഞു.

ബില്ലിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത

കശ്മീർ വിഭജനബില്ലിലെ നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസ് ബില്ലിനെ എതിർക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യസഭ വിപ് ഭുവനേശ്വർ കലിത രാജിവച്ചു. രാജ്യത്തിന്റെ വികാരം മാറിയെന്നും അത് മനസിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും ആരോപിച്ചാണ് രാജി. കശ്മീർ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നത് ആത്മഹത്യാപരമാണെന്നും കലിത പറയുന്നു. കശ്മീർ വിഭജനത്തെച്ചൊല്ലി കോൺഗ്രസിൽ കടുന്ന ഭിന്നത തുടരുകയാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാൽ വിട്ടുവീഴ്ച പാടില്ലെന്നാണ് ഗുലാം നബി ആസാദിന്റെ നിലപാട്.

രണ്ട് ദിവസം മുൻപ് ബില്ലിനെപ്പറ്റി അറിയിക്കണമെന്ന വ്യവസ്ഥ സർക്കാർ ലംഘിച്ചെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറ?ഞ്ഞു. പ്രതിഷേധം ശക്തമാക്കുമെന്ന് തൃണമുൽ നേതാവ് ഡെറക് ഒബ്രീൻ പറഞ്ഞു. ബിജെപി അവരുടെ ആശയങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറ?ഞ്ഞു.

അതേസമയം, കശ്മീർവിഭജനബില്ലിൽ തന്ത്രപരമായ നിലപാടുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുസ്്‌ലീം ലീഗ് രാജ്യസഭാംഗം പി.ബി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ തിടുക്കം കാട്ടരുതെന്ന് പറഞ്ഞ അബ്ദുൽ വഹാബ് ബില്ലിനെ തുറന്നെതിർക്കാതിരുന്നത് ശ്രദ്ധേയമായി.

അന്താരാഷ്ട്ര പിന്തുണ തേടി ഇന്ത്യ

ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ നയതന്ത്ര ഇടപെടലുകളുമായി കേന്ദ്രസർക്കാർ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടാണ് കേന്ദ്രസർക്കാർ നിലവിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ തീരുമാനങ്ങളും സംബന്ധിച്ച് വിശദീകരിച്ചത്. രക്ഷാസമിതിയിലെ താത്കാലിക അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്കും വിദേശകാര്യമന്ത്രാലയം കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. രക്ഷാസമിതി സ്ഥിരാംഗങ്ങൾക്ക് പുറമെ താത്കാലിക അംഗങ്ങളായ ബെൽജിയം, ഡൊമനിക്കൻ റിപ്പബ്ലിക്ക്, ജർമനി, ഇൻഡോനീഷ്യ, കുവൈത്ത്, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിലെത്തിയിരുന്നു.

ആർട്ടിക്കിൾ 370 വിഷയത്തിൽ പാക്കിസ്ഥാൻ രക്ഷാസമിതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഇന്ത്യ നയതന്ത്രതലത്തിലുള്ള മുന്നൊരുക്കങ്ങൾക്കും തുടക്കമിട്ടത്. ജമ്മു കശ്മീരിൽ മികച്ച ഭരണവും സാമ്പത്തിക വികസനവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ഇന്ത്യ വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ വിശദീകരിച്ചത്. ഇതിനായി പാർലമെന്റിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ വിദേശകാര്യ മന്ത്രാലയം രക്ഷാസമിതി അംഗങ്ങളോട് വിശദീകരിച്ചുവെന്നാണ് വിവരം. ജമ്മു കശ്മീരിൽ സാമൂഹിക നീതി ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ത്യയുമായി നയതന്ത്ര ബന്ധം പുലർത്തുന്ന ബഹുരാഷ്ട്ര കൂട്ടായ്മകളായ ആസിയാനിലെ അംഗരാജ്യങ്ങൾക്ക് മുന്നിലും വിഷയത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലാറ്റിനമേരിക്ക, കരീബീയ എന്നീ മേഖലകളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രതിനിധികളോട് അടുത്ത ദിവസം ഇന്ത്യ നിലപാട് വിശദീകരിക്കും.

മെഹ്ബൂബയും ഒമർ അബ്ദുള്ളയും അറസ്റ്റിൽ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ശേഷം ഇരുവരെയും ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ഇന്ത്യയുടെ കറുത്ത ദിനമാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ തീരുമാനം മഹാദുരന്തമാണെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ തുറന്നടിച്ചിരുന്നു. സമാനമായ അഭിപ്രായ പ്രകടനം തന്നെയാണ് ഒമർ അബ്ദുള്ളയും നടത്തിയത്. തീരുമാനം ഞെട്ടിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ യോഗം ചേർന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി നിലനിർത്തുന്നതിനായി എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യോഗം അവസാനിച്ചത്.

അമർനാഥ് യാത്ര നിർത്തിവെക്കുന്ന നടപടി അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിതി തുടരുകയാണെങ്കിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരമാകുമെന്ന കാര്യം പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും അറിയിക്കാനും യോഗം തീരുമാനിച്ചിരുന്നു. എന്നാൽ യാതൊരുവിധ നീക്കത്തിനും സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്ര സർക്കാർ നടപടി എടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP