Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മ്യൂസിയം പൊലീസ് നാണം കെടുത്തിയെന്ന് ഭൂരിപക്ഷം ഫോഴ്‌സും; ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ശ്രമിച്ച കള്ളക്കളിയിൽ പൊലീസ് ഉന്നതർക്കും കടുത്ത അമർഷം; ഒരു ഐഎഎസുകാരനെ രക്ഷിക്കാൻ ഐപിഎസ് സംവിധാനം മൊത്തം നാണംകെട്ടെന്ന് വിലയിരുത്തൽ; കോടതി എടുത്തു കുടഞ്ഞാൽ എന്തു മറുപടി നൽകുമെന്നും ചോദ്യം; ശ്രീറാമിനെ മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷൽ ഐസിയുവിൽ പ്രവേശിപ്പിച്ചുള്ള നീക്കവും മാനക്കേട് സമ്മാനിച്ചെന്ന് വികാരം; ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും

മ്യൂസിയം പൊലീസ് നാണം കെടുത്തിയെന്ന് ഭൂരിപക്ഷം ഫോഴ്‌സും; ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ശ്രമിച്ച കള്ളക്കളിയിൽ പൊലീസ് ഉന്നതർക്കും കടുത്ത അമർഷം; ഒരു ഐഎഎസുകാരനെ രക്ഷിക്കാൻ ഐപിഎസ് സംവിധാനം മൊത്തം നാണംകെട്ടെന്ന് വിലയിരുത്തൽ; കോടതി എടുത്തു കുടഞ്ഞാൽ എന്തു മറുപടി നൽകുമെന്നും ചോദ്യം; ശ്രീറാമിനെ മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷൽ ഐസിയുവിൽ പ്രവേശിപ്പിച്ചുള്ള നീക്കവും മാനക്കേട് സമ്മാനിച്ചെന്ന് വികാരം; ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും

എം മനോജ് കുമാർ

തിരുവനന്തപുരം: മദ്യപിച്ച് കാലുറയ്ക്കാത്ത സമയത്ത് കാർ ഓടിച്ച് മാധ്യമ പ്രവർത്തകനെ ഇടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമനെന്ന ഐഎഎസുകാരനെ സ്‌പോട്ടിൽ രക്ഷിക്കാൻ മ്യൂസിയം പൊലീസ് നടത്തിയ നാണംകെട്ട ശ്രമങ്ങൾ കേരളത്തിലെ പൊലീസ് ഫോഴ്‌സിന് അപമാനകരമായി മാറിയെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഈ രീതിയിൽ പൊലീസ് നാണംകെടുന്നത് സമീപകാലത്ത് കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം പറയുന്നു. ഒരു ഐഎഎസുകാരനെ രക്ഷിക്കാൻ ഐപിഎസ് സംവിധാനത്തെതന്നെ മ്യൂസിയം പൊലീസ് നാണംകെടുത്തി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ശ്രീറാം വെങ്കിട്ടരാമൻ പ്രശ്‌നത്തിൽ നാണം കേട്ടത് കേരളാ പൊലീസാണ് എന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.

മാധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി എസ്‌ഐയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് വലിയ നാണക്കേട് തന്നെയാണ് സൃഷ്ടിച്ചതെന്നും എന്താണ് സംസാരിക്കുന്നത് എന്ന് പിടിപാടില്ലാത്ത വിധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരം നീങ്ങുന്നതെന്നും ഇത് പൊലീസിന്റെ നില കൂടുതൽ പരുങ്ങലിലാക്കിയെന്നും ഇവർ വിലയിരുത്തുന്നു. ഒരു വാഹനാപകടം നടക്കുമ്പോൾ, മദ്യപിച്ച് കാലുറയ്ക്കാത്ത ഒരു വ്യക്തി ഒരു ബൈക്ക് യാത്രികനെ ഇടിച്ചു കൊല്ലുമ്പോൾ പൊലീസ് അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ അപ്പാടെ അട്ടിമറിക്കുകയും ഈ അട്ടിമറിയുടെ വിവരങ്ങൾ ഒന്നൊന്നായി മാധ്യമങ്ങൾ വെളിച്ചത്തു കൊണ്ട് വന്നതോടെ പൊലീസിന്റെ വിശ്വാസ്യത തന്നെ സംശയ നിഴലിൽ ആകുകയും ചെയ്തു. നിലവിലെ സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.

ഒരു വാഹനാപകടം നടന്നാൽ പ്രതിസ്ഥാനത്തുള്ള ഒരാൾ രക്ത പരിശോധനയ്ക്ക് വിസമ്മതിക്കുമ്പോൾ രക്ത പരിശോധന നടത്താതെ പൊലീസ് മടങ്ങിയ സംഭവം ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയുകയില്ല എന്ന് തന്നെയാണ് ഉന്നത പൊലീസ് മേധാവികൾ പറയുന്നത്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുമ്പോൾ രക്തപരിശോധനയ്ക്ക് പ്രതി വിസമ്മതിക്കുകയാണെങ്കിൽ പൊലീസ് അത് സമ്മതിച്ചു മടങ്ങുക എന്ന് പറയുമ്പോൾ കോടതിയിൽ നിന്ന് ചോദ്യം ഉയരുമ്പോൾ എന്ത് മറുപടിയാണ് നൽകാൻ കഴിയുക എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചോദിക്കുന്നത്. സിആർപിസി വകുപ്പുകൾ കോടതി ഉദ്ധരിക്കുകയാണെങ്കിൽ എന്ത് മറുപടി പൊലീസിന് നല്കാൻ കഴിയുമെന്നും ഇവർ ചോദിക്കുന്നു. നഗരഹൃദയത്തിൽ നടന്ന ഒരു അപകടമാണിത്. എന്ത് സംഭവിച്ചാലും പൊലീസിന് പൊലീസിന്റെതായ നടപടിക്രമങ്ങളുണ്ട്. ഇത് അട്ടിമറിക്കാൻ മ്യൂസിയം പൊലീസിനല്ല ഒരു പൊലീസിനും കഴിയുന്ന കാര്യമല്ല.

അപകടം നടന്നത് ഒരേ ഡയറക്ഷനിലാണ്. ഇത് ആദ്യമെ കണക്കാക്കേണ്ട കാര്യമായിരുന്നു. അപകടം നടന്നാൽ കൃത്യമായ എഫ്‌ഐആർ ആദ്യം രജിസ്റ്റർ ചെയ്യണം. പ്രതിയെ അറസ്റ്റ് ചെയ്യണം. രക്ത പരിശോധന നടത്തണം. പ്രതിക്ക് പരുക്കുണ്ടെങ്കിൽ രക്ത പരിശോധനയ്ക്ക് വിടണം. ശ്രീറാം ഓടിച്ച കാർ അമിത സ്പീഡിൽ ആണ്. ഇത് വ്യക്തമാണ്. അപ്പോൾ പൊലീസ് ഈ നടപടിക്രമങ്ങൾ ആണ് ചെയ്യേണ്ടിയിരുന്നത്. ശ്രീറാം കാറിടിച്ച മാധ്യമ പ്രവർത്തകൻ മരിച്ചിട്ടുണ്ട് എന്നത് എല്ലാത്തിനും മുകളിൽ നിൽക്കുകയും ചെയ്യുന്നു. പൊലീസിന് എതിരായി ഒട്ടനവധി ആക്ഷേപങ്ങൾ വന്നു കഴിഞ്ഞു. മാധ്യമ പ്രവർത്തകൻ ആണ് മരിച്ചത് എന്നതിനാൽ മാധ്യമങ്ങൾ പിറകെ കൂടും എന്ന് പൊലീസ് മനസിലാക്കേണ്ടത് കൂടിയുണ്ടായിരുന്നു. പൊലീസ് ആക്ഷൻ നടപടികൾ വഷളാക്കി.

പ്രതിസ്ഥാനത്തുള്ള ഒരാളുടെ രക്തസാമ്പിൾ പൊലീസിന് എടുക്കാം. സിആർപിസി സെക്ഷൻ 53 ആം വകുപ്പ് പൊലീസിന് അധികാരം നൽകുന്നുണ്ട്. പ്രതിയെ പൊലീസിന് അരസ്റ്റ് ചെയ്യാം, രക്തസാമ്പിൾ എടുക്കാം. വേണമെങ്കിൽ അത്യാവശ്യം ബലപ്രയോഗവും നടത്താം. പൊലീസ് ഈ നടപടിക്രമം അട്ടിമറിച്ചു. ഇങ്ങിനെ അട്ടിമറിച്ചത് മാധ്യമങ്ങൾ പരസ്യമാക്കി. ഇത് പൊലീസിന് ദോഷം ചെയ്യുമ്പോൾ കുറ്റം ചെയ്ത ശ്രീറാം വെങ്കിട്ടരാമനെയും ഈ കാര്യങ്ങൾ ദോഷകരമായി ബാധിക്കാൻ പോവുകയാണ്. കള്ളം പറഞ്ഞത് ഒരു കാര്യം. നടപടിക്രമങ്ങൾ അട്ടിമറിക്കാൻ പൊലീസിന് ഒപ്പം നിന്ന് എന്നത് വേറെ കാര്യം. ഇങ്ങിനെ നിയമം ലംഘിക്കുന്ന, നിയമ ലംഘനത്തിനു കൂട്ട് നിൽക്കുന്ന ഒരു ഐഎഎസുകാരന് സർവീസ് ജീവിതത്തിലും അത് പ്രതിസന്ധി സൃഷ്ടിക്കും-പൊലീസ് ഉദ്യോഗസ്ഥർ തന്നെ വിരൽ ചൂണ്ടുന്നു. ഡ്രൈവിങ് സീറ്റിലെ ആളെ മാറ്റി ആൾ മാറാട്ടത്തിനു കൂട്ട് നിൽക്കുക എന്നൊക്കെ യുവ ഐഎഎസ് ഓഫീസറെ സംബന്ധിച്ച് തന്നെ അചിന്ത്യമായ കാര്യമാണ്. ഇരുപത്തിനാലും മണിക്കൂറും ഡ്യൂട്ടിയിൽ തുടരുന്ന ഒരു ഐഎഎസുകാരൻ മദ്യപിച്ച് പൊതുദൃഷ്ടിയിൽ വരാൻ തന്നെ പാടില്ല എന്നും ഐഎഎസിൽ തന്നെ നിഷ്‌ക്കർഷയുണ്ട്. അതുകൊണ്ട് തന്നെ മ്യൂസിയം പൊലീസിന്റെ നടപടിയിൽ പൊലീസ് മേധാവികൾക്കിടയിൽ തന്നെ അമർഷം കനക്കുകയാണ്.

ശ്രീറാമിനെ രക്ഷിക്കാൻ കേരളാ പൊലീസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി വി എസ് അച്യുതാനന്ദന്റെ മുൻ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി വി എസ്.ഷാജഹാൻ രംഗത്ത് വന്നിട്ടുണ്ട്. ശ്രീറാമിനെ രക്ഷിക്കാൻ മ്യൂസിയം പൊലീസ് നടത്തുന്ന ശ്രമങ്ങൾ തന്നെ അമ്പരപ്പിക്കുന്നുവെന്ന് ഷാജഹാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ജിഷ്ണു പ്രാണോയിയുടെ മരണവുമായി ബന്ധപ്പെട്ടു അമ്മ ഡിജിപി ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തും എന്നറിഞ്ഞ കാര്യം തിരക്കാൻ ഡിജിപി ഓഫീസിനു മുന്നിൽ പോയ തന്നെ പൊലീസ് ഒരു കാര്യവുമില്ലാതെ അറസ്റ്റ് ചെയ്തു. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് പൊലീസിന് തന്നെ അറിയില്ല. എന്റെ പേരിൽ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. അറസ്റ്റ് ചെയ്ത് രണ്ടു മൂന്നു മണിക്കൂർ എന്നെ പൊലീസ് ജീപ്പിലിരുത്തി നഗരം ചുറ്റിച്ചു. അറസ്റ്റ് ചെയ്ത ഉടൻ എന്നെ പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. എല്ലാ വൈദ്യ പരിശോധനയും നടത്തി. മജിസ്‌ട്രേട്ടിന് അടുത്തേക്ക് കൊണ്ടുപോയി.

ഞാൻ ചെയ്ത കുറ്റം എന്താണ് എന്ന് ചോദിച്ചപ്പോൾ ശ്രീറാമിനെ രക്ഷിക്കാൻ കുടപിടിച്ച അന്ന് എന്നെ അറസ്റ്റ് ചെയ്ത ഇതേ മ്യൂസിയം പൊലീസിന് അറിയുമായിരുന്നില്ല. അന്നത്തെ മ്യൂസിയം പൊലീസിന് മാത്രമല്ല ഇന്നത്തെ മ്യൂസിയം പൊലീസിനും അറിയില്ല. ജിഷ്ണു പ്രണോയ് പ്രശ്‌നത്തിൽ എന്നെ അറസ്റ്റ് ചെയ്ത് രണ്ടു വർഷമായിട്ടും ഇപ്പോഴും ഈ കേസിൽ ഞാൻ ചെയ്ത കുറ്റം എന്തെന്ന് എനിക്കും പൊലീസിനും അറിയില്ല. ചാർജ് ഷീറ്റും നൽകിയിട്ടില്ല. അകാരണമായി എന്നെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് ഉടനടി മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ശ്രീറാമിന്റെ കാര്യത്തിൽ സംഭവിച്ചതോ? മദ്യപിച്ച് മദോന്മത്തനായി ഒരു മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്നിട്ടും പൊലീസ് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നു. ക്രൈം നടന്നിട്ടും പൊലീസ് ശ്രീറാമിനെ അറസ്റ്റ് ചെയ്തില്ല. സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിൽ പിന്നീട് ചെന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അപകടം നടന്നിട്ട് ഒൻപത് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് രക്തസാമ്പിളുകൾ എടുത്തത്. ഇത് ശ്രീറാമിനെ രക്ഷിക്കാൻ വേണ്ടിയാണ്. മദ്യത്തിന്റെ അളവ് കുറഞ്ഞ സമയത്ത് രക്തം എടുത്തിട്ടു ശ്രീറാമിനെ രക്ഷിക്കാൻ പൊലീസ് ശ്രമം നടത്തുകയായിരുന്നു. മദ്യത്തിന്റെ അളവ് അപ്പോൾ കുറച്ചു കാണിക്കും. ശ്രീറാമിന് ഈ കേസിൽ രക്ഷപെടാൻ അവസരം ഒരുങ്ങുകയും ചെയ്യും. ഒരാഴ്ച ശ്രീറാം ജയിലിൽ കിടക്കും. ജാമ്യം വാങ്ങിക്കും. കേസ് അങ്ങിനെ കഴിയുകയും ശ്രീറാം രക്ഷപ്പെടുകയും ചെയ്യും-ഷാജഹാൻ പറയുന്നു.

അതേസമയം കോടതി മെഡിക്കൽ കോളജ് പൊലീസ് സെല്ലിലേക്ക് മാറ്റാൻ നിർദ്ദേശിച്ച ശ്രീറാം വെങ്കിട്ടരാമനെ മൾട്ടി സ്‌പെഷ്യൽ ഐസിയുവിലാണ് പൊലീസ് പ്രവേശിപ്പിച്ചത്. കർശന സുരക്ഷയിലാണ് ശ്രീറാം കഴിയുന്നത്. കൈയിലും നട്ടെല്ലിലും ചെറിയ രീതിയിലുള്ള പരുക്കു മാത്രമാണുള്ളതെന്നു മെഡിക്കൽ റിപ്പോർട്ട് ഉള്ളപ്പോഴാണ് ഈ സുഖവാസം. റിമാൻഡ് പ്രതി സ്വകാര്യ ആശുപത്രിയിൽ കഴിയുന്നകാര്യം വിവാദമായപ്പോൾ പൂജപ്പുര ജയിലെത്തിച്ച് നടത്തിയ പരിശോധനകൾക്കുശേഷം മെഡിക്കൽ കോളജിലെ പൊലീസ് സെല്ലിലേക്ക് മാറ്റുകയായിരുന്നു. ആന്തരികക്ഷതം ഉള്ളതിനാലാണ് മൾട്ടി സ്‌പെഷൽ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗികഭാഷ്യം.

അപകടം നിയമപരമായി കൈകാര്യം ചെയ്യുന്നതിൽ പൊലീസിനു വീഴ്ച വന്നെന്നു സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മ്യൂസിയം എസ്‌ഐ ജോലിയിൽ വീഴ്ച വരുത്തി എന്നു റിപ്പോർട്ടിലുള്ളതായാണ് ലഭിക്കുന്ന വിവരം. അപകടം നടന്നു മണിക്കൂറുകൾ കഴിഞ്ഞാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ശ്രീറാമിന്റെ രക്ത സാമ്പിൾ എടുക്കുന്നതിൽ വീഴ്ച വന്നു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനു പകരം സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങുമെന്നാണ് പൊതുഭരണവകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നരഹത്യയ്ക്ക് കേസെടുക്കുന്നത് ആദ്യമായാണ്. അതേസമയം ശ്രീറാമിന് സർവീസിൽ നിന്നുള്ള സസ്‌പെൻഷൻ ഇതുവരെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP