Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു കശ്മീരിന് ഇനി പുതിയ ഉദയമെന്ന് പ്രധാനമന്ത്രി; കാത്തിരിക്കുന്നത് നല്ല നാളുകൾ; 130 കോടി ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുമെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത് ബിൽ ലോക്‌സഭയും കടന്നതോടെ; പ്രത്യേക അവകാശങ്ങളില്ലാത്ത കശ്മീർ ജീവിതം ശാന്തമായി മുന്നോട്ടു പോകുമ്പോൾ പൊട്ടിത്തെറിയുടെ വക്കിലെത്തി കോൺഗ്രസ്; കേന്ദ്ര സർക്കാരിനെ പിന്തുണച്ച് എത്തുന്നവരിൽ എഐസിസി ജനറൽ സെക്രട്ടറിയും രാഹുൽ ബ്രിഗേഡിലെ പ്രധാനിയും

ജമ്മു കശ്മീരിന് ഇനി പുതിയ ഉദയമെന്ന് പ്രധാനമന്ത്രി; കാത്തിരിക്കുന്നത് നല്ല നാളുകൾ; 130 കോടി ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുമെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത് ബിൽ ലോക്‌സഭയും കടന്നതോടെ; പ്രത്യേക അവകാശങ്ങളില്ലാത്ത കശ്മീർ ജീവിതം ശാന്തമായി മുന്നോട്ടു പോകുമ്പോൾ പൊട്ടിത്തെറിയുടെ വക്കിലെത്തി കോൺഗ്രസ്; കേന്ദ്ര സർക്കാരിനെ പിന്തുണച്ച് എത്തുന്നവരിൽ എഐസിസി ജനറൽ സെക്രട്ടറിയും രാഹുൽ ബ്രിഗേഡിലെ പ്രധാനിയും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പ്രത്യേക അധികാരം നഷ്ടപ്പെടുകയും വിഭജനം യാഥാർത്ഥ്യമാകുകയും ചെയ്ത ജമ്മു കശ്മീരിൽ ഇനി പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാത്തിരിക്കുന്നത് നല്ല നാളുകളെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്ഥാപിത താൽപര്യക്കാരുടെ ബന്ധനത്തിൽനിന്ന് കശ്മീരിനെ മോചിപ്പിച്ചു. കശ്മീരിൽ പുതിയ ഉദയമാണ് പിറക്കുന്നത്, 130 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ നമ്മൾ സാക്ഷാത്കരിക്കും. നാഴികകല്ലായി മാറിയ ബിൽ വൻ പിന്തുണയോടെ പാസാക്കിയ സുപ്രധാന നിമിഷമാണിതെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും സഹോദരീ സഹോദരന്മാർ കാട്ടിയ ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയെ ഏകീകരിക്കാൻ മുന്നിൽനിന്ന് സർദാർ പട്ടേലിനും ഡോ. അംബേദ്കർക്കും ഇന്ത്യയുടെ ഐക്യത്തിനായി ജീവൻ നൽകിയ ശ്യാമപ്രസാദ് മുഖർജിക്കും ആദരമായിട്ടാണ് ബില്ലുകൾ പാസാക്കിയതെന്നും മോദി വ്യക്തമാക്കി.

പുതിയ തീരുമാനത്തിലൂടെ യുവാക്കൾക്ക് മുഖ്യധാരയിലേക്ക് ഉയർന്നുവരാനുള്ള വലിയ അവസരമാണ് ലഭിക്കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടും. കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ലഡാക്കിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് അംഗീകരിച്ചത്. മേഖലയുടെ ആകെയുള്ള വികസനത്തിനും വളർച്ചക്കും വേണ്ടിയാണ് ബില്ല് പാസാക്കിയത്. ബില്ലിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണ്.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച അമിത് ഷാ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു എന്നിവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

ബിൽ രാജ്യസഭയും ലോക്‌സഭയും പാസാക്കിയതോടെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തി. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തരിൽ പ്രധാനിയും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ എംഎൽഎയുമായ അദിതി സിംഗും രംഗത്തെത്തി. രാജ്യത്തിന് അനിവാര്യമായ തീരുമാനമാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ഭരണഘടനയനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിച്ചിരുന്നെങ്കിൽ ചോദ്യങ്ങളുയരില്ലായിരുന്നെന്നും എന്തുതന്നെ ആയാലും ഇത് രാജ്യത്തിന്റെ നല്ലതിന് വേണ്ടി തന്നെയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്മേലും കൃത്യമായ നിലപാടില്ലാതെ കോൺഗ്രസ് ഉഴറുന്നതിനിടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന് വരെ പലരും ആവശ്യപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉത്തർപ്രദേശ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് അദിതി സിങ്. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കശ്മീരിൽ വികസനം സാധ്യമാകുമെന്ന് അദിതി സിങ് പറഞ്ഞു.ബില്ലിനെ പിന്തുണച്ചത് വ്യക്തിപരമാണെന്നും അദിതി സിങ് ട്വിറ്ററിൽ കുറിച്ചു. അതേസമയം, കശ്മീരിലെ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തരുതെന്നും അദിതി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധിയുടെയും നിലപാടുകൾ തള്ളിയാണ് അദിതി ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ചത്.

ഇവർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ബിജെപി അനുകൂല പ്രസ്താവന. അഞ്ച് തവണ റായ്ബറേലി എംഎൽഎയായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിങ്. 90000 വോട്ടുകൾക്കാണ് മണ്ഡലത്തിൽനിന്ന് ജയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് അദിതി സിംഗായിരുന്നു.

മുതിർന്ന പല കോൺഗ്രസ് നേതാക്കളും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു ജനാർദ്ദൻ ദ്വിവേദി, ഹരിയാനയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപി ദീപേന്ദർ എസ് ഹൂഡ എന്നിവർ തീരുമാനത്തെ അംഗീകരിച്ച് നേരത്തെ തന്നെ രംഗത്തെത്തി. ''370-ാം അനുച്ഛേദം ഭരണഘടനയിൽ വേണ്ടതില്ലെന്നാണ് എന്റെയും വ്യക്തിപരമായ അഭിപ്രായം. ഇത് ദേശതാത്പര്യത്തിന് അനുകൂലമായ തീരുമാനമാണ്. ഇതിലൂടെ യഥാർത്ഥത്തിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാവുകയാണ്. സമാധാനപരമായി ഈ നീക്കം നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണ്'', ഹൂഡ ട്വിറ്ററിൽ കുറിച്ചു. അസമിൽ നിന്നുള്ള കോൺഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വർ കലിത ഇന്നലെത്തന്നെ ബില്ലിനോടുള്ള പാർട്ടി നിലപാടാണ് രാജിക്കു കാരണം എന്ന് പ്രഖ്യാപിച്ചത് ബിജെപിയുടെ നിശ്ശബ്ദ നീക്കത്തിന്റെ സൂചനയായിരുന്നു.

കശ്മീർ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുൻനിർത്തിയാണ് ഇന്നലെ കോൺഗ്രസ് രാജ്യസഭയിൽ പ്രതിരോധം നടത്തിയത്. ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ബില്ലവതരണത്തിനിടെ, കോൺഗ്രസ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP