Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും! സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഒരമ്മയെ പോലെ രാവും പകലുമില്ലാതെ ഇടപെട്ടിരുന്ന വിദേശകാര്യ മന്ത്രി; കാരുണ്യവും സഹാനുഭൂതിയും നിറച്ച് അധികാരം തലയക്ക് പിടിക്കാതെ പാവങ്ങൾക്ക് ആശ്വാസമെത്തിച്ച എല്ലാവരുടേയും 'അമ്മ'; സോഷ്യൽ മീഡിയയിലൂടെ സുഷമാ സ്വരാജ് കണ്ണീരൊപ്പിയത് വിദേശത്ത് നിന്ന് വേദനകൾ പങ്കുവച്ച സാധാരണക്കാരുടെ; വിടവാങ്ങുന്നത് പകരക്കാരില്ലാത്ത നേതാവ്

നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും! സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഒരമ്മയെ പോലെ രാവും പകലുമില്ലാതെ ഇടപെട്ടിരുന്ന വിദേശകാര്യ മന്ത്രി; കാരുണ്യവും സഹാനുഭൂതിയും നിറച്ച് അധികാരം തലയക്ക് പിടിക്കാതെ പാവങ്ങൾക്ക് ആശ്വാസമെത്തിച്ച എല്ലാവരുടേയും 'അമ്മ'; സോഷ്യൽ മീഡിയയിലൂടെ സുഷമാ സ്വരാജ് കണ്ണീരൊപ്പിയത് വിദേശത്ത് നിന്ന് വേദനകൾ പങ്കുവച്ച സാധാരണക്കാരുടെ; വിടവാങ്ങുന്നത് പകരക്കാരില്ലാത്ത നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി എങ്ങനെയാകണം എന്നതിനു വിശദമായ മറുപടിയുടെ ആവശ്യമില്ല. 'സുഷമ സ്വരാജ്' എന്ന പേരു പറഞ്ഞാൽ മതി. അതിൽ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. വിദേശകാര്യമന്ത്രി ചെയ്യേണ്ടത് മറ്റു രാജ്യങ്ങളിലെ ഭരണാധികളുമായി ചർച്ച നടത്തുക മാത്രമാണെന്ന പൊതുധാരണ സുഷമാജി മാറ്റിമറിച്ചു. സോഷ്യൽ മീഡിയയുടെ സഹായത്തോടെ അവർ നിരവധി പേരുടെ കണ്ണീരൊപ്പി.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഒരമ്മയെപ്പോലെ രാവും പകലുമില്ലാതെ ഇടപെട്ടിരുന്ന ഇന്ത്യ കണ്ട ഏറ്റവും ശക്തയായ വിദേശകാര്യ മന്ത്രിയായിരുന്നു സുഷമാ സ്വരാജ്. അധികാരം തലയ്ക്ക് മത്ത് പിടിപ്പിക്കുന്നതല്ല, കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ആണെന്ന് തെളിയിച്ചുകൊടുത്ത ഭരണാധികാരിയും. അധികാരം ഭ്രമിപ്പിക്കുന്നതല്ല എന്ന് തെളിയിച്ചുകൊണ്ട് മോദിയുടെ രണ്ടാം മന്ത്രിസഭയിൽ നിന്നും അവർ മാറി നിന്നു. മോദിയുടേയും വാജ്‌പേയിയുടേയും മന്ത്രിസഭകളിൽ അംഗമായിരുന്നു അവർ. രണ്ടാം മോദി മന്ത്രിസഭയിലും അവർക്ക് സ്ഥാനം ലഭിക്കുമായിരുന്നു. എന്നാൽ വേണ്ടെന്ന് പറഞ്ഞ് വിശ്രമത്തിലേക്ക് മാറി.

1970 കളിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ സുഷമ, ഡൽഹി മുഖ്യമന്ത്രിയും 15ാം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവുമായി. ബിജെപിയുടെ 4 കേന്ദ്ര സർക്കാരുകളിൽ മന്ത്രിയായ ഏക ബിജെപി നേതാവാണ്. വാക്കിലും നോക്കിലും തീപ്പൊരി. 1999 ൽ കർണാടകയിലെ ബെല്ലാരിയിൽ കോൺഗ്രസ് കോട്ടയിൽ സോണിയാ ഗാന്ധിക്കെതിരെ പൊരുതി വീണു. അന്നു കന്നട പഠിച്ച്, കന്നടയിൽ പ്രസംഗിച്ച്, ബെല്ലാരി ഉഴുതുമറിച്ചു. 25ാം വയസ്സിലായിരുന്നു ആദ്യ മത്സരം. 1977 ൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ അംബാല കന്റോൺമെന്റിൽ കോൺഗ്രസിലെ ദേവ് രാജ് ആനന്ദിനെ 9824 വോട്ടിന് തോൽപിച്ചു കന്നി ജയം. അന്ന് സംസ്ഥാന തൊഴിൽമന്ത്രിയായി. രണ്ടു വട്ടം ഹരിയാന നിയമസഭയിലും ഒരു വട്ടം ഡൽഹി നിയമസഭയിലും അംഗമായി. ലോക്‌സഭയിലേയ്ക്കു ജയിച്ചതു 4 തവണ. രാജ്യസഭാംഗമായതു 3 തവണയും.

ആരോഗ്യ പ്രശ്‌നങ്ങൾ ഗുരുതരമാണെന്ന് സുഷമ തിരിച്ചറിഞ്ഞിരുന്നു. കിഡ്‌നി മാറ്റി വച്ചപ്പോൾ തന്നെ വിരമിക്കലിന്റെ സൂചനകൾ അവർ നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സ്വയം പ്രഖ്യാപിച്ചു. മോദിയേക്കാൾ പ്രായക്കൂടുതലുള്ള സുഷമ മത്സരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിൽ ബിജെപിക്കും അതിന് വഴങ്ങേണ്ടി വരുമായിരുന്നു. എന്നാൽ മോദിയുടെ പിന്നിൽ ജൂനിയറായ അമിത് ഷാ കരുത്ത് കാട്ടുന്നത് തിരിച്ചറിഞ്ഞ് സുഷമാ പിന്നോട്ട് പോവുകയായിരുന്നു. എൽ കെ അദ്വാനിയുടെ ശിഷ്യയെന്ന നിലയിലാണ് തൊണ്ണൂറുകളിൽ സുഷമാ ബിജെപിയുടെ കരുത്തിന്റെ മുഖമായത്. ഡൽഹിയിൽ ജനകീയ മുഖവുമായി അധികാരവും നേടി. ഡൽഹയിൽ ബിജെപി തോറ്റതോടെ സുഷമാ പതിയെ പിന്നോട്ട് മാറി. അതുകഴിഞ്ഞ് ദേശീയ രാഷ്ട്രീയത്തിൽ കരുത്ത് കാട്ടി. പിന്നെ മോദി സർക്കാരിൽ കരുത്ത് കാട്ടി. ഇന്ത്യ കണ്ട ഏറ്റവും മികച്ച മന്ത്രിയെന്ന പേരുമെടുത്തു.

വിദേശ ഭരണാധികാരികളുമായുള്ള ഇടപെടലിനു ഒപ്പം തന്നെ വിദേശത്തുള്ള ഭാരതീയരുടെ സുരക്ഷക്കും സുഖസൗകര്യങ്ങൾക്കും മുന്തിയ പരിഗണന വേണമെന്നു ഇപ്പോൾ ഇന്ത്യയുടെ വിദേശനയത്തിലെ നയമാണ്. വിദേശനയത്തിലെ ജഡപ്രകൃതമായ ചിട്ടവട്ടങ്ങൾക്കനുസരിച്ച് ചിന്തിക്കാതെ വൈകാരികമായ ആവശ്യങ്ങൾക്കും സുഷമാജിയുടെ അമ്മമനസ്സിൽ സ്ഥാനമുണ്ടായിരുന്നു. ഫലം ഉടനടി ലഭിക്കുമെന്നു നിസ്തർക്കവുമായി. യെമൻ സ്വദേശിനിയായ ഇന്ത്യക്കാരന്റെ ഭാര്യയേയും കുട്ടിയേയും സംഘർഷപ്രദേശത്തു രക്ഷിച്ചത് ഇതിൽ എടുത്ത് പറയേണ്ടതാണ്.

അഫ്ഗാനിസ്ഥാനിലെ താലിബാനികളിൽ നിന്നു തമിഴ്‌നാട് സ്വദേശിയായ കൃസ്ത്യൻ പുരോഹിതനെ ഇന്ത്യയിലെത്തിച്ചതും ശ്രദ്ധേയം. മെക്സിക്കോയിൽ അപകടത്തിൽ പരിക്കേറ്റ ഭർത്താവിനെ സന്ദർശിക്കാൻ പാലക്കാട് സ്വദേശിനിയായ സംഗീതക്കു 50 മിനിറ്റിനുള്ളിൽ പാസ്പോർട്ട് ലഭ്യമായി. മന്ത്രി സുഷമ സ്വരാജ് നേരിട്ടു നടത്തിയ ഇടപെടലാണ് സഹായകരമായത്. ' നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും!'- അതു വീൺവാക്കായിരുന്നില്ല. വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തോടെ വിദേശമന്ത്രിയായിരിക്കെ ഇക്കഴിഞ്ഞ അഞ്ചു വർഷവും ഈ ഉറപ്പ് സുഷമ പാലിച്ചപ്പോൾ ജനം ആ സ്നേഹവും കരുതലും നെഞ്ചേറ്റി. ര

ണ്ടാം നരേന്ദ്ര മോദി സർക്കാരിൽ നിന്ന് ആരോഗ്യപരമായ കാരണങ്ങളാൽ സ്വയം പിന്മാറിയപ്പോൾ നാട്ടുകാരും പ്രവാസികളുമായ ഇന്ത്യക്കാർ ഏറ്റവും നിരാശരായത് സുഷമ സ്വരാജ് എന്ന അറുപത്തിയേഴുകാരിയുടെ അസാന്നിധ്യം ഓർത്തായിരുന്നു. മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളായ സുഷമ സ്വരാജ്. മാധ്യമങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന നിശ്ശബ്ദതയുടെ രാഷ്ട്രീയമായിരുന്നു മന്ത്രിയായിരിക്കെ അവസാനനാളുകളിൽ സുഷമ സ്വീകരിച്ചത്. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ സമൂഹമാധ്യമങ്ങളിലെ യുക്തമായ ഇടപെടലുകളിലൂടെ ഏവരുടെയും ആദരം നേടി. തന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൂക്ഷ്മമായി തയാറാക്കിയ പ്രസ്താവനകളിലൂടെയുള്ള പ്രതികരണം വിമർശനങ്ങൾക്ക് അതീതമാക്കാൻ ശ്രദ്ധിച്ചു.

2017 ജൂണിലാണു കരൺ സായ്‌നി എന്നയാളുടെ തമാശ ട്വീറ്റ് വന്നത്. '987 ദിവസം മുൻപു ചൊവ്വയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ്. ഭക്ഷണം തീരുകയാണ്. എന്നാണ് മംഗൾയാൻ 2 പുറപ്പെടുക?'. ഉടൻ സുഷമയുടെ മറുപടിയെത്തി - 'നിങ്ങൾ ചൊവ്വയിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും!'. സഹായം തേടിയ ഒരാളെപ്പോലും ഉപേക്ഷിച്ചില്ലെന്നതു സുഷമയിലെ നന്മയുടെ സാക്ഷ്യമായി. ഒൻപതാം വയസ്സിൽ ട്രെയിൻ മാറിക്കയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യക്കാരി പെൺകുട്ടി 15 വർഷത്തിനുശേഷം 2015ൽ ഇന്ത്യയിൽ തിരിച്ചെത്തി. രക്ഷിതാക്കളെ തേടി ഇന്ത്യയിലെത്തിയ ഗീതയെ തിരിച്ചയയ്ക്കുന്നില്ലെന്നു സുഷമ സ്വരാജ് രാജ്യത്തെ അറിയിച്ചു. ഗീത ഇന്ത്യയുടെ മകളാണ്. കുടുംബത്തെ കണ്ടുമുട്ടിയില്ലെങ്കിൽ പോലും പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്ക്കില്ല. കേന്ദ്ര സർക്കാർ ഗീതയെ സംരക്ഷിക്കുമെന്നും സുഷമ പറഞ്ഞപ്പോൾ ലോകം കേട്ടതു മാനവികതയുടെ ശബ്ദമായിരുന്നു.

6 വർഷം പാക്ക് ജയിലിൽ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്ട്‌വെയർ എൻജിനീയർ ഹമീദ് നിഹാൽ അൻസാരി മോചിതനായതു സുഷമയുടെ മന്ത്രാലയത്തിന്റെ ഇടപെടലിൽ. സുഷമയെ കെട്ടിപ്പിടിച്ചു ഹമീദിന്റെ ഉമ്മ ഫൗസിയ പറഞ്ഞു: 'എന്റെ രാജ്യം മഹത്തരം. എന്റെ മാഡം (സുഷമ) ഏറ്റവും മഹതി.' ഓൺലൈനിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ 2012 ൽ അഫ്ഗാനിസ്ഥാനിലൂടെ പാക്കിസ്ഥാനിലെത്തിയ ഹമീദിനെ ചാരവൃത്തി ആരോപിച്ചാണു പട്ടാളക്കോടതി 2015 ൽ തടവുശിക്ഷയ്ക്കു വിധിച്ചത്. അദ്ദേഹത്തിന്റെ മോചനത്തിനായി 96 തവണയാണു പാക്ക് സർക്കാരുമായി ബന്ധപ്പെട്ടത്.

സൗദിയിൽ തൊഴിലുടമ തന്നെ അടിമയാക്കി വച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചു പഞ്ചാബി യുവതിയുടെ വിഡിയോ പുറത്തുവന്നപ്പോഴും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടു. എത്രയും വേഗം ആളെ കണ്ടെത്താൻ സൗദിയിലെ ഇന്ത്യൻ സ്ഥാനപതിക്കു മന്ത്രി നിർദ്ദേശം നൽകി. ഒരു വയസ്സുള്ള പാക്ക് ബാലികയ്ക്ക് ഇന്ത്യയിൽ ഹൃദയ ശസ്ത്രക്രിയ നടത്താൻ കേന്ദ്രസർക്കാർ മെഡിക്കൽ വീസ നൽകുമെന്നു സുഷമ വ്യക്തമാക്കിയത് 2017 ഒക്ടോബറിൽ. കുട്ടിയുടെ അമ്മയുടെ അഭ്യർത്ഥന എത്തി മണിക്കൂറുകൾക്കുള്ളിൽ വീസ അനുമതി നൽകിക്കൊണ്ടു മന്ത്രി ട്വിറ്ററിൽ കുറിപ്പിട്ടത് സമൂഹമാധ്യമങ്ങളിൽ തരംഗമായി.

സുഷമ സ്വരാജായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒന്നാം നമ്പർ വനിതാതാരം. എന്നാൽ, ആരോഗ്യകാരണങ്ങളാൽ മൽസരരംഗത്തുനിന്നു സുഷമ മാറിയതോടെ 2 പേരെയാണു പാർട്ടി ആ നിരയിലേക്ക് ഉയർത്തിക്കാട്ടിയത് - കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനെയും സ്മൃതി ഇറാനിയെയും. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയായതോടെയാണ് തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ലെന്നു സുഷമ ഉറപ്പിച്ചത്. ഏറ്റവുമൊടുവിൽ ജമ്മു കശ്മീരിൽ 370, 35 എ വകുപ്പുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെയും അമിത് ഷായെയും അനുമോദിച്ചായിരുന്നു സുഷമയുടെ ട്വീറ്റ്. ജീവിതത്തിൽ ഈ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ട്വീറ്റിലെ അവസാന വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP