Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിക്ക് മൃഗീയ ആധിപത്യമുള്ള ലോക്സഭയിൽ പ്രതിപക്ഷ നിരയുടെ ശബ്ദമായി മലയാളി എംപിമാർ; സംസാരിക്കാൻ എണീക്കുമ്പോൾ തന്നെ സഭ കാതോർക്കുന്നവരായി പ്രേമചന്ദ്രനും ശശി തരൂരും; നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ച് ഹൈബിയും പ്രതാപനും ആന്റോയും അടക്കമുള്ളവർ; മലയാളത്തിൽ പ്രസംഗിച്ചും താരമായി രമ്യ ഹരിദാസ്; 17ാം ലോക്സഭയുടെ ആദ്യസമ്മേളനത്തിൽ കേരള എംപിമാരുടേത് മികച്ച പ്രകടനം; അപവാദമായത് രണ്ടു ചോദ്യങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി മാത്രം

ബിജെപിക്ക് മൃഗീയ ആധിപത്യമുള്ള ലോക്സഭയിൽ പ്രതിപക്ഷ നിരയുടെ ശബ്ദമായി മലയാളി എംപിമാർ; സംസാരിക്കാൻ എണീക്കുമ്പോൾ തന്നെ സഭ കാതോർക്കുന്നവരായി പ്രേമചന്ദ്രനും ശശി തരൂരും; നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ച് ഹൈബിയും പ്രതാപനും ആന്റോയും അടക്കമുള്ളവർ; മലയാളത്തിൽ പ്രസംഗിച്ചും താരമായി രമ്യ ഹരിദാസ്; 17ാം ലോക്സഭയുടെ ആദ്യസമ്മേളനത്തിൽ കേരള എംപിമാരുടേത് മികച്ച പ്രകടനം; അപവാദമായത് രണ്ടു ചോദ്യങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപിക്ക് മൃഗീയ ആധിപത്യമുള്ള ലോക്‌സഭയിൽ നിരന്തരം ഡിബേറ്റുകളിൽ പങ്കെടുത്തും ചോദ്യങ്ങൾ ഉന്നയിച്ചും യഥാർത്ഥ പ്രതിപക്ഷത്തിന്റെ റോൾ നിർവ്വഹിക്കുന്നത് കേരളത്തിൽ നിന്നും എംപിമാരാണ്. ബിജെപി കൊണ്ടുവരുന്ന ബില്ലുകളിൽ അടക്കം ഭേദഗതി നിർദ്ദേശിച്ചും സഭാ നടപടികളിൽ കൃത്യമായി ഇടപെട്ടും പോരായ്മകൾ ചൂണ്ടിക്കാട്ടിയും ശോഭിക്കുകയാണ് മലയാളി എംപിമാർ. ആദ്യത്തെ ലോക്‌സഭാ സമ്മേളനം അവസാനിക്കുമ്പോൾ മികച്ച ഇടപെടലാണ് ഇവരിൽ നിന്നും ഉണ്ടാത്.

സഭയിൽ ചോദ്യമുന്നയിക്കുന്നതിലും സംവാദത്തിലുമൊക്കെ ദേശീയ ശരാശരിയിലും മുകളിലാണ് മലയാളി എംപി.മാർ. ചുരുക്കത്തിൽ ബിജെപിയുടെ യഥാർത്ഥ പ്രതിപക്ഷമായി മാറുന്നത് മലയാകളാണ് എന്നതാണ് ശ്രദ്ധേയം. എന്നാൽ, സഭയിലെ ഇടപെടലുകളിൽ ഏറെ പിന്നിലാണ് വയനാട് എംപി.യും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി എന്നത് നിരാശ നൽകുന്ന കാര്യമാണ്. മണ്ഡലത്തിൽ ഇടപെടൽ നടത്തുന്നതിലും ശോഭിക്കാത്ത രാഹുൽ സഭയിലെ കാര്യങ്ങളിലും വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല. കാശ്മീർ വിഷയത്തിൽ അടക്കം കാര്യമായ ഇടപെടൽ നടത്തുന്നതിൽ രാഹുൽ പരാജയമാകുയായിരുന്നു.

പാർലമെന്റ് സമ്മേളനം സമാപിച്ചശേഷം പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ വിലയിരുത്തലിലാണ് മലയാളി എംപിമാർ മികച്ച പ്രകടനവുമായി മുന്നിലെത്തിയത്. സഭയിൽ മിന്നുന്ന പ്രസംഗം കാഴ്‌ച്ചവെച്ചു കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും കൈയടി നേടുന്നത് കേരളത്തിൽ നിന്നുള്ള രണ്ട് പേരാണ്. തിരുവനന്തപുരം എംപി ശശി തരൂരും കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനവും. ഇരുവരും ഒരു വിഷയം അവതരിപ്പിക്കാൻ എഴുനേറ്റാൽ സഭ അവരെ കേൾക്കാനായി കാതോർക്കുന്ന അവസ്ഥയുണ്ട്.

ചോദ്യങ്ങളുടെ കാര്യത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. രണ്ടുമാസംനീണ്ട സമ്മേളന കാലയളവിൽ അദ്ദേഹം 59 ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. 54 ചോദ്യങ്ങളുന്നയിച്ച ശശി തരൂർ രണ്ടാമതാണ്. പുതിയ എംപി.മാരിൽ 53 ചോദ്യങ്ങളുന്നയിച്ച ഹൈബി ഈഡനാണ് മുന്നിൽ. 50 ചോദ്യങ്ങളുന്നയിച്ച ടി.എൻ. പ്രതാപനാണ് രണ്ടാം സ്ഥാനക്കാരൻ. സംവാദങ്ങളിൽ എൻ.കെ. പ്രേമചന്ദ്രനാണ് മുന്നിൽ. അദ്ദേഹം 47 ചർച്ചകളിൽ പങ്കാളിയായി. 22 സംവാദങ്ങളിൽ പങ്കെടുത്ത് ശശി തരൂർ രണ്ടാംസ്ഥാനത്തുണ്ട്. കേരളത്തിലെ ഏക സിപിഎം. എംപി. ആരിഫ് 21 സംവാദങ്ങളിൽ പങ്കാളിയായി മൂന്നാമതാണ്. തരൂരും പ്രേമചന്ദ്രനും നാലുവീതം സ്വകാര്യബില്ലുകളും ഹൈബി ഈഡൻ രണ്ടും കൊടിക്കുന്നിൽ സുരേഷ് ഒന്നും സ്വകാര്യബില്ലുകൾ അവതരിപ്പിച്ചു.

രാഹുൽഗാന്ധിയാവട്ടെ, രണ്ടു ചോദ്യങ്ങളേ സഭയിൽ ഉന്നയിച്ചിട്ടുള്ളൂ. സംവാദത്തിലെ പങ്കാളിത്തമാവട്ടെ ഒരുതവണ മാത്രവും. കെ സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും അടക്കമള്ളവർ ചോദ്യങ്ങൾ ഉന്നയിക്കുന്ന കാര്യത്തിലും സംവാദത്തിലും പിന്നിലാണെങ്കിലും ഇവർ മണ്ഡലത്തിൽ സജീവമായി നിൽക്കുന്നവരാണ് എനന പ്രത്യേകതയുണ്ട്. പ്രതിപക്ഷത്തിന്റെ ശുഷ്‌കമായ പ്രതിഷേധങ്ങൾക്കിടയിൽ ഈ സമ്മേളന കാലയളവിൽ പാർലമെന്റിൽ സർക്കാർ പാസ്സാക്കി എടുത്തത് 20തോളം ബില്ലുകളായിരുന്നു. സെലക്ട് കമ്മിറ്റിയുടേയോ പാർലമെന്റ് സമിതിയുടേയോ പരിശോധനയക്ക് വിടാതെ ആണ് ഇത്രയും ബില്ലുകൾ പാസ്സാക്കിയത്. എങ്കിലും ഈ ബില്ലുകൾക്ക് നേരെ ഉയർന്ന ഏക ശബദ്ം മലയാളികളുടേതായിരുന്നു.

ലോക്സഭയിൽ എണ്ണത്തിൽ കുറവാണെങ്കിലും സുപ്രധാന വിഷയങ്ങളിൽ വലിയ ഇടപെടലുകളോ ചെറുത്ത് നിൽപ്പുകളോ പ്രതിപക്ഷം നടത്തുന്നില്ല എന്നത് യുഎപിഎ ബില്ലിന്റെ കാര്യത്തിലടക്കം കണ്ടതാണ്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ദയനീയമായ പ്രകടനമാണ് സഭയിൽ നടത്തുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട ഭരണ ചക്രം ചലിപ്പിക്കുന്നതിൽ ഭരണ പക്ഷത്തോളം തന്നെ നിർണായകമാണ് പ്രതിപക്ഷത്തിന്റെ റോളും. എന്നാൽ ദൗർഭാഗ്യവശാൽ രാജ്യത്ത് പ്രതിപക്ഷം എവിടെ എന്ന് ചോദിക്കേണ്ടി വരികയാണ് പലഘട്ടത്തിലും പൊതുജനത്തിന്. പാർലമെന്റിലും സ്ഥിതി വ്യത്യസ്തമല്ല. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ആകെയുള്ളത് വെറും 52 എംപിമാർ മാത്രമാണ്. അവരിൽ തന്നെ എത്ര പേർ സഭയിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട് എന്ന് ചോദിച്ചാൽ വിരലിൽ എണ്ണാവുന്നവർ പോലുമില്ല എന്നതാണ് സത്യം.

കോൺഗ്രസ് എംപിയും പാർലമെന്ററി പാർട്ടി നേതാവുമായ സോണിയാ ഗാന്ധി മുതൽ സമാജ്വാജി പാർട്ടി എംപി അഖിലേഷ് യാദവ്, ബിജെപിയുടെ സണ്ണി ഡിയോൾ, പ്രഗ്യ സിങ് ടാക്കൂർ, തൃണമൂലിന്റെ മിമി ചക്രബർത്തി, നുസ്രത്ത് ജഹാൻ എന്നിവർ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ബിജെപിയെ വിറപ്പിച്ച തൃണമൂൽ യുവ എംപി മഹുവ മൊയിത്ര തന്നെ വരവ് അറിയിക്കുകയും ചെയത്ു. ശിവസേന എംപി ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ 84 ചോദ്യങ്ങൾ ചോദിച്ചു. അസദ്ദുദ്ദീൻ ഒവൈസി തുടങ്ങിവർ സഭയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്നവരാണ്.

അതിനിർണായകമായ കാശ്മീർ ബില്ലിൽ അടക്കം എതിർപ്പുയർത്തിയത് മലയാളികളായിരുന്നു. കേന്ദ്രസർക്കാരിന്റെ തീരുമാനം കൂടുതൽ കശ്മീരി യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് തള്ളിയിടാൻ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു തിരുവനന്തപുരം എംപിയായ ശശി തരൂർ വാദിച്ചത്. ഇത് നോട്ട് അസാധുവാക്കലിന് തുല്യമായ നടപടിയാണെന്നും തരൂർ വിശേഷിപ്പിച്ചു. കശ്മീരിലെ ജനതയ്ക്കും അന്താരാഷ്ട്രസമൂഹത്തിനും ഇത്ര കാലമായി നൽകി വന്ന വാഗ്ദാനങ്ങളാണ് കേന്ദ്ര സർക്കാർ ലംഘിച്ചത്. കശ്മീർ സന്ദർശിക്കാൻ സർവ്വകക്ഷിയോഗത്തെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്ന ബിൽ പാസാക്കുന്ന അവസരത്തിൽ അവിടത്തെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയെന്ന് തരൂർ വിമർശിച്ചു.

കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരുടെ മേൽ യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് മുസ്ലിം ലീഗ് എംപിയായ പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിട്ടാക്കി. ബിജെപി നടപ്പാക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് കൗശലമാണ്. ഭൂരിപക്ഷമെന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. ജനാധിപത്യപരമായ ഒരു നടപടിയും പാലിക്കാതെ സർക്കാർ ഏകാധിപത്യം സ്ഥാപിക്കുകയാണെന്നും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മീരിനു മേലുള്ള നടപടികളെ എൻ കെ പ്രേമചന്ദ്രനും ശക്തമായി വിമർശിച്ചു. നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഫെഡറൽ ജനാധിപത്യ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനവുമാണെന്ന് എൻ കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. കശ്മീരി ജനതയെ മുഖ്യധാരയിലേയ്ക്ക് എത്തിച്ച് ദേശീയ ഐക്യം ഉറപ്പാക്കുന്നതിന് പകരം കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. ഇത് ചരിത്രപരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന പദവിയുള്ള ഒരു പ്രദേശത്തെ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്നത്. ജമ്മു കശ്മീർ സംസ്ഥാനം വിഭജിച്ച് രൂപപ്പെടുത്തിയ ലഡാഖ് നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശവും ജമ്മു കശ്മീർ നിയമസഭയോടു കൂടിയ കേന്ദ്രഭരണപ്രദേശവുമാണ്.

രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്നായിരുന്നു ആലപ്പുഴ എംപി എ എം ആരിഫിന്റെ വിമർശനം. ബാബറി മസ്ജിദ് തകർത് മനുഷ്യഹൃദയങ്ങളെ രണ്ടായി മുറിച്ച അതേ ശക്തികളാണ് ഇപ്പോൾ കശ്മീരിനെ വിഭജിച്ചത്. എങ്ങും ഭീതിപടർന്നിരിക്കുകയാണെന്നും ആരിഫ് പറഞ്ഞു.

സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിക്ക് ബിൽ പാസാക്കുന്നത് താരതമ്യേന എളുപ്പമായിരുന്നെങ്കിലും പലപ്പോഴും മികച്ച വാദമുനകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ എത്തിയത്. ഇതിന് നേതൃത്വം നൽകിയതാകട്ടെ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, കെ മുരളീധരൻ, എൻ കെ പ്രേമചന്ദ്രൻ, കെ സുധാകരൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി തുടങ്ങിയ കേരള എംപിമാരായിരുന്നു. ഇതിനിടെ പ്രമേയം വലിച്ചു കീറിയതിന് ടിഎൻ പ്രതാപനം ഹൈബി ഈഡനും സ്പീക്കറുടെ ശാസന നേരിടുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച കശ്മീർ പ്രമേയം വലിച്ചു കീറിയതിന് ഹൈബിയെയും പ്രതാപനയെും സ്പീക്കർ ഓം ബിർള ചേംബറിൽ വിളിച്ചു വരുത്തിയാണ് ശാസിച്ചത്.

മലയാളി എംപി.മാരുടെ പ്രകടനം ഇങ്ങനെ (ചോദ്യം, സംവാദം എന്ന ക്രമത്തിൽ):

അടൂർ പ്രകാശ് ചോദ്യം (48, 15)

ആന്റോ ആന്റണി (59, 11)

എംപി. ആരിഫ് (2, 21)

ബെന്നി ബെഹനാൻ (33, 11)

ഡീൻ കുര്യാക്കോസ് (25, 10)

ഇ.ടി. മുഹമ്മദ് ബഷീർ (17, 18)

ഹൈബി ഈഡൻ (53, 9)

കെ. മുരളീധരൻ (20, 8)

കെ. സുധാകരൻ (5, 2)

എം.കെ. രാഘവൻ (42, 5)

എൻ.കെ. പ്രേമചന്ദ്രൻ (44, 47)

പി.കെ. കുഞ്ഞാലിക്കുട്ടി (25, 12)

രാജ്‌മോഹൻ ഉണ്ണിത്താൻ (3, 5)

രമ്യാ ഹരിദാസ് (46, 9)

ശശി തരൂർ (54, 22)

കൊടിക്കുന്നിൽ സുരേഷ് (50, 16)

ടി.എൻ. പ്രതാപൻ (50, 12)

തോമസ് ചാഴിക്കാടൻ (11, 5)

വി.കെ. ശ്രീകണ്ഠൻ (17, 8)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP