Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണം പിടിക്കാൻ സ്വതന്ത്രനെ ഒപ്പം നിർത്തിയത് പ്രസിഡന്റാക്കാമെന്ന് പറഞ്ഞ്; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് കോൺഗ്രസ് അധികാരം നൽകിയ് സിപിഎമ്മിനും; അച്ഛൻ മരിച്ചപ്പോൾ സമാധാനിപ്പിക്കാൻ ഓടിയെത്തിയവർ വാക്ക് നൽകിയതും പ്രസിഡന്റ് സ്ഥാനം; ഒടുവിൽ ശത്രുവിനെ വെട്ടാൻ മെമ്പറെ രാജിവയ്‌പ്പിച്ച് സിപിഎം ഭരണത്തിന് കുട പിടിച്ച് യുഡിഎഫ്; നിരണം തോമസിന്റെ മകനെ വെട്ടാൻ കോൺഗ്രസുകാർ കളിച്ചത് നാണംകെട്ട കളിയോ? കടപ്രയിലെ 'കർണ്ണാടക മോഡൽ' ഇങ്ങനെ

ഭരണം പിടിക്കാൻ സ്വതന്ത്രനെ ഒപ്പം നിർത്തിയത് പ്രസിഡന്റാക്കാമെന്ന് പറഞ്ഞ്; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് കോൺഗ്രസ് അധികാരം നൽകിയ് സിപിഎമ്മിനും; അച്ഛൻ മരിച്ചപ്പോൾ സമാധാനിപ്പിക്കാൻ ഓടിയെത്തിയവർ വാക്ക് നൽകിയതും പ്രസിഡന്റ് സ്ഥാനം; ഒടുവിൽ ശത്രുവിനെ വെട്ടാൻ മെമ്പറെ രാജിവയ്‌പ്പിച്ച് സിപിഎം ഭരണത്തിന് കുട പിടിച്ച് യുഡിഎഫ്; നിരണം തോമസിന്റെ മകനെ വെട്ടാൻ കോൺഗ്രസുകാർ കളിച്ചത് നാണംകെട്ട കളിയോ? കടപ്രയിലെ 'കർണ്ണാടക മോഡൽ' ഇങ്ങനെ

എസ് രാജീവ്

തിരുവല്ല : സത്യം പറഞ്ഞാൽ വിശ്വസിക്കുമോ....? പഞ്ചായത്ത് അധികാരം പിടിക്കാൻ കർണ്ണാടക മോഡൽ കളികൾ നടക്കാറുണ്ടെന്ന രസകരമായ കഥയിലൂടെയാണ് ഈ സിനിമ മുമ്പോട്ട് പോയത്. തീർത്തും അവിശ്വസനീയമെന്ന് മലയാളികൾക്ക് തോന്നുന്ന പഞ്ചായത്തിലെ ഭരണം പിടിക്കൽ കളികൾ. എന്നാൽ ഇത്തരം കർണ്ണാകട കളികൾ കേരളത്തിലും നടക്കുമെന്ന് തെളിയിക്കുകയാണ് തിരുവല്ലയിലെ കടപ്ര പഞ്ചായത്ത്. എൽ ഡി എഫ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെയും പ്രസിഡന്റിനെയും നിലനിർത്താനായി യു ഡി എഫ് അംഗത്തെ രാജിവെയ്‌പ്പിച്ച് എൽ ഡി എഫ് - യു ഡി എഫ് മുന്നണികളുടെ രാഷ്ട്രീയ നാടകം. കടപ്ര പഞ്ചായത്തിൽ ബുധനാഴ്ചയാണ് ഈ രാഷ്ട്രിയ നാടകം അരങ്ങേറിയത്. യു ഡി എഫിലെ കേരളാ കോൺഗ്രസ് ( എം ) അംഗവും രണ്ടാം വാർഡ് മെമ്പറുമായ പ്രസന്നകുമാരിയാണ് മെമ്പർ സ്ഥാനം രാജിവെച്ചത്.

സി പി എം നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കൊടി പിടിച്ചതാകട്ടെ കെ പി സി സി നിർവ്വാഹക സമിതിയംഗം ഉൾപ്പെടുന്ന കോൺഗ്രസ് കോക്കസ്. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് സീറ്റുകൾ വീതമാണ് എൽ ഡി എഫിനും യുഡിഎഫിനുമുള്ളത്. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും യു ഡി എഫ് റിബലായി മത്സരിച്ച് വിജയിച്ച സുരേഷ് തോമസിന്റെ പിന്തുണയിലായിരുന്നു സി പി എമ്മിലെ ഷിബു വർഗീസിനെ പ്രസിഡന്റാക്കി എൽ ഡി എഫ് പഞ്ചായത്ത് ഭരണം പിടിച്ചത്. യു ഡി എഫിലെ ഒരംഗം സ്ഥാനം രാജിവെച്ചതോടെ സ്വതന്ത്രന്റെ പിന്തുണയില്ലെങ്കിലും ഭരണം തുടരാമെന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം ഇരു മുന്നണികൾക്കും ഏഴ് സീറ്റുകൾ വീതം ലഭിച്ച സാഹചര്യത്തിൽ ഭരണം നേടാൻ സ്വതന്ത്രന്റെ പിന്തുണ ആവശ്യമായി വന്നതോടെയാണ് പ്രസിഡന്റ് സ്ഥാനം അടക്കം വാഗ്ദാനം ചെയ്ത് സുരേഷ് തോമസിനെ എൽ ഡി എഫ് ഒപ്പം നിർത്തിയത്. തങ്ങൾക്കൊപ്പം നിന്നാൽ പ്രസിഡന്റ് സ്ഥാനം നൽകാമെന്ന തിരുവല്ലയിൽ നിന്നുള്ള സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം ഉൾപ്പടെയുള്ള നേതാക്കളുടെ വാക്ക് വിശ്വസിച്ചാണ് സ്വതന്ത്രനായ സുരേഷ് തോമസ് എൽ ഡി എഫുമായി ബാന്ധവത്തിന് മുതിർന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടിംങ്ങ് വേളയിൽ യു ഡി എഫ് അംഗങ്ങൾ ഹാജരായാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുമെന്നതായിരുന്നു സിപി എം നേതൃത്വം സുരേഷ് തോമസിന് നൽകിയ ഉറപ്പ്.

യു ഡി എഫ് നിലപാട് മറിച്ചായാൽ ഷിബു വർഗീസിനെ മത്സരിപ്പിക്കും എന്നതുമായിരുന്നു ധാരണ. എന്നാൽ യു ഡി എഫ് റിബലായി മത്സരിച്ച സുരേഷ് തോമസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കരുതെന്ന കെ പി സി സി നിർവ്വാഹക സമിതിയംഗമായ പ്രഫ. സതീഷ് കൊച്ചു പറമ്പിൽ അടക്കമുള്ള നേതാക്കളുടെ കടുംപിടുത്തത്തിന് വഴങ്ങി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടിംങ്ങിൽ നിന്നും യു ഡി എഫ് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെയാണ് സുരേഷ് തോമസിന്റെ പിന്തുണയിൽ ഷിബു വർഗീസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആറുമാസത്തിനകം പ്രസിഡന്റ് സ്ഥാനം നൽകാമെന്ന സി പി എം നേതൃത്വം നൽകിയ ഉറപ്പാണ് ഷിബു വർഗീസിനെ പിന്തുണയ്ക്കാൻ സുരേഷ് തോമസിനെ പ്രേരിപ്പിച്ചത്. എന്നാൽ ഉറപ്പ് പറഞ്ഞ കാലാവധിയും കഴിഞ്ഞ് നാലു വര്ഷക്കാലത്തോളം പൂർത്തിയാകുന്ന വേളയിലും പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ഷിബു വർഗീസ് തയാറാകാതിരുന്നതോടെ ആവലാതിയുമായി സുരേഷ് തോമസ് സി പി എം നേതൃത്വത്തെ സമീപിച്ചിരുന്നു.

തുടർന്ന് പിന്തുണ പിൻവലിക്കുമെന്നും സി പി എം നേതൃത്വത്തെ സുരേഷ് തോമസ് അറിയിച്ചു. ഇതോടെയാണ് കേരളാ കോൺഗ്രസ് അംഗത്തെ രാജി വെയ്‌പ്പിക്കുന്നതടക്കമുള്ള ചരടുവലികൾക്ക് രഹസ്യ നീക്കം അണിയറയിൽ ആരംഭിച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ഒരു വർഷം മുമ്പ് സി പി എം നേതൃത്വം ഷിബു വർഗീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏരിയാ കമ്മിറ്റിയിലെ ഫ്രാൻസിസ് വി ആന്റണി നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന്റെ എതിർ ചേരിയിൽ ഉൾപ്പെടുന്ന ഷിബു വർഗീസ് നേതൃത്വത്തിന്റെ നിർദ്ദേശം അവഗണിച്ച് രാജി പ്രഖ്യാപനം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. സുരേഷ് തോമസിന്റ പിതാവും സംസ്ഥാന കോൺഗ്രസിലെ തല മുതിർന്ന നേതാവുമായിരുന്ന നിരണം തോമസ് കഴിഞ്ഞ ആഴ്ച നിര്യാതനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിക്കാൻ എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖ സംസ്ഥാന നേതാക്കളടക്കം എത്തിയിരുന്നു.

എത്തിയ നേതാക്കളിൽ ബഹുഭൂരിപക്ഷവും മുൻ കോൺഗ്രസ് നേതാവായിരുന്ന സുരേഷ് തോമസിനെ സ്വന്തം പാളയത്തിൽ തിരികെ എത്തിക്കണമെന്ന് അനൗദ്യോഗികമായി ഡിസിസി നേതൃത്വമുൾപ്പടെയുള്ളവരോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സുരേഷ് തോമസ് തിരികെ വരുന്നത് തങ്ങളുടെ നിലനിൽപ്പിനും പ്രാദേശികമായി ലഭിക്കുന്ന ഗ്ലാമറിനും കോട്ടം തട്ടുമെന്ന ചില കോൺഗ്രസ് നേതാക്കളുടെ ആധിയാണ് പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവിനും പ്രസിഡന്റ് പദവിക്കും വിലങ്ങുതടിയായത്. കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റായിരുന്ന നിരണം തോമസിനെ പത്തു വർഷം മുമ്പ് ചവിട്ടിയൊതുക്കി മൂലയ്ക്കിരുത്താൻ അടിപ്പണി നടത്തിയ കോക്കസ് തന്നെയാണ് അദ്ദേഹത്തിന്റെ മകനെതിരെയും പടയൊരുക്കം നടത്തുന്നത്. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 12-ാം വാർഡിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് അഞ്ഞൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് തോമസ് ജയിച്ചു കയറിയത്.

എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നിക്ഷേധിക്കുകയും 2010 ൽ കെട്ടിവെച്ച കാശുപോലും ലഭിക്കാതിരുന്ന എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ മകനെ യു ഡി എഫ് സ്ഥാനാർത്ഥിയായാക്കാൻ ചില നേതാക്കൾ തുനിഞ്ഞിറങ്ങിയതുമാണ് യു ഡി എഫിലെ തന്നെ ബഹു ഭൂരിപക്ഷത്തിന്റെ ആവശ്യപ്രകാരം രണ്ടാം അങ്കത്തിന് സുരേഷ് തോമസ് തയാറായത്. യു ഡി എഫ് സ്ഥാനാർത്ഥിയെ നൂറിൽപ്പരം വോട്ടുകൾക്ക് പിന്നിലാക്കിയാണ് ഇത്തവണ വിജയിച്ചത്.

താൻ കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത് ആഗ്രഹിക്കാത്ത കെ പി സി സി - ഡിസിസി അംഗങ്ങൾ ഉൾപ്പെടുന്ന ചില നേതാക്കളും ഷിബു വർഗീസിനൊപ്പമുള്ള സി പി എമ്മിലെ മറു പക്ഷവുമാണ് കേരളാ കോൺഗ്രസ് അംഗത്തിന്റെ രാജിക്ക് പിന്നിൽ ചരടുവലിച്ചതെന്ന സുരേഷ് തോമസിന്റെ ആരോപണം സംസ്ഥാനത്ത് രൂപപ്പെടുന്ന പുതിയ ചാണക്യ ഫോർമുലയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP