Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും

കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐ എസ് എസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഐഎഎസ് ക്ലബ്ബിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പം മദ്യപാന പാർട്ടിയിൽ പങ്കെടുത്തത് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ആണോ എന്ന അന്വേഷണത്തിന് പൊലീസ്. കവടിയാറിലെ വിവേകാനന്ദ പാർക്കിൽ അടിച്ചു പൂസായ ശ്രീറാമിനെ ഇറക്കിവിട്ടതും ജില്ലാ കളക്ടറാണെന്നാണ് ഉയരുന്ന ആരോപണം. കേസിൽ ശ്രീറാമിനെ രക്ഷിക്കാൻ കളക്ടർ ഇടപെട്ടുവെന്നാണ് മറ്റൊരു ആക്ഷേപം. ശ്രീറാമിന്റെ മദ്യപരിശോധന നടത്താതിരിക്കാനുള്ള മൂന്നാം ശക്തി ഗോപാലകൃഷ്ണനാണെന്നാണ് ഉയരുന്ന ആരോപണം.

ബഷീറിന്റെ മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ബഷീർ ഓഫീസ് നിന്നിറങ്ങിയ സമയംമുതൽ മ്യൂസിയത്ത് അപകടം നടക്കുന്നതുവരെയുള്ള എല്ലാക്യാമറകളും ഒരേസമയം നിശ്ചലമായതും സംശയത്തിന്റെ ആക്കം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ ഉന്നത ഇടപെടൽ നടന്നുവെന്നാണ് ആക്ഷേപം. കേരള പത്ര പ്രവർത്തക യൂണിയൻ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് സൂചന. പിജെ അരുൺ എന്നയാളിട്ട പോസ്റ്റിലാണ് ഇ്ക്കാര്യം പറയുന്നത്. ഈ സാഹചര്യത്തിലാണ് വിവാദങ്ങൾ ആളികത്തുന്നത്. ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് പരിമിതികളും ഉണ്ട്. ഇതെല്ലാം അന്വേഷണത്തേയും ബാധിക്കും. ഓൺലൈൻ പത്രമായ പത്രവും ഈ വാർത്ത നൽകിയിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയ ചർച്ച തുടങ്ങിയത്. ഈ പരാതിയിൽ വ്യക്തത വരുത്താൻ യൂണിയൻ തയ്യാറാകുന്നതുമില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പത്രപ്രവർത്തകർ ഈ വിവരം കൊണ്ടു വന്നിട്ടുണ്ട്. ഗൗരവത്തോടെ കാണുമെന്ന് മറുപടിയും നൽകി.

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച കാർ ഇടിച്ച് ബഷീർ കൊല്ലപ്പെട്ട കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം എത്തിക്കഴിഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വണ്ടിയുടെ സ്പീഡ് എത്ര ആയിരുന്നു എന്നുള്ള റിപ്പോർട്ട് എന്ന് കിട്ടുമെന്ന് ചോദിച്ച കോടതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ചൊവ്വാഴ്ചത്തേക്ക് വിധി പറയാൻ മാറ്റി. അപകടമുണ്ടാക്കിയ വാഹനം പുതിയ മോഡൽ ആണെന്നും അതിൽ ചിലപ്പോൾ റിക്കാർഡർ കാണുമെന്നും സ്റ്റേറ്റ് അറ്റോർണി വിലയിരുത്തി. കേസിൽ തെളിവുകൾ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ വ്യക്തമാക്കി. അതേസമയം, മദ്യപിച്ചല്ല കാർ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമൻ ഹൈക്കോടതിയിൽ പറഞ്ഞു. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയിൽ പറഞ്ഞു. ഈ വാദത്തിലേക്ക് കാര്യങ്ങളെത്തിച്ചത് മദ്യപരിശോധന വൈകിപ്പിച്ചതാണ്. ഇതിനിടെയാണ് കളക്ടറുടെ ഇടപെടലുകളും ചർച്ചയാകുന്നത്.

തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ശ്രീറാം കോടതിയിൽ പറയുന്നു. കാറിന്റെ ഇടത് ഭാഗമാണ് തകർന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും സംഭവിച്ചില്ല. ഇത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയിൽ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്ന് ശ്രീറാം മറുപടി നൽകി. ഇതോടെ കാറോടിച്ചത് ആരെന്ന കാര്യത്തിലും സംശയങ്ങൾ ഉയരുന്നത്. അതിനിടെ ശ്രീറാം കാർ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നിലനിൽക്കും എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. അപകടം ഉണ്ടാകാൻ സാധ്യത ഉള്ള കാര്യം അയാൾക്ക് അറിയാമായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനിടെയാണ് പുതിയ വിവാദങ്ങൾ ചർച്ചയാകുന്നത്.

കവടിയാർ ജംഗ്ഷനിലുള്ള ഓഫീസിൽ നിന്നിറങ്ങുമ്പോൾ ശ്രീറാം വെങ്കിട്ടരാമനും അപരിചിതയായ സ്ത്രീയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തിരിക്കാമെന്നും, അതിന്റെ വൈരാഗ്യത്തിൽ പിന്തുടർന്നുവന്നു കാറിടിച്ച് കൊല്ലാനുള്ള സാദ്ധ്യതയുണ്ടെന്നുമാണ് കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നതായാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത് ഇടിയുടെ ആഘാതവും അവിടെ സംഭവിച്ച അപകടം നടന്ന സ്ഥലത്തിന്റെ പ്രത്യേകതകളും, മൊബൈൽ ഫോൺ കാണാതായതും, ക്യാമറകൾ ഒരേസമയം കണ്ണടച്ചതും, ഈ സംശയത്തിന് ബലം കൂട്ടുന്നു. ബഷീറിന്റെ ബൈക്കിന് ചെയിസ് ചെയ്തു എന്ന സാഹചര്യം ഒഴിവാക്കാനാണ് ക്യാമറകൾ ഒന്നിച്ച് ഓഫ് ചെയ്തതെന്ന് സംശയിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം

ഏറ്റവും വിചിത്രമായിട്ടുള്ളത് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ക്യാമറ പോലും പ്രവർത്തിച്ചിരുന്നില്ല എന്ന വാദമാണ്. ഇതിനെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. തിരുവനന്തപുരത്തെ ഐ.എ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഐ.എ.എസ്സുകാരുടെ ക്ലബ്ബിലാണ് മദ്യാപാന പാർട്ടി നടന്നത്. തിരുവനന്തപുരം ജില്ലാകളക്ടറാണ് പാർട്ടിക്ക് നേതൃത്വം നൽകിയതെന്ന് വിവരമുണ്ട്. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാകളക്ടർ നിയമവിരുദ്ധമായ മദ്യസൽക്കാരത്തിന് കൂട്ടുനിൽക്കുന്നത് അത്യന്തം ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും സംഭവം നടന്നശേഷം ആരൊക്കെ പ്രതിക്ക് വേണ്ടി ഇടപെട്ടിട്ടുണ്ടെന്നത് വിശദമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിനിടെ ഇത്തരത്തിൽ പരാതി കൊടുത്തിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികളും സൂചന നൽകുന്നു. അങ്ങനെ ഈ പരാതിയും വിവാദത്തിലാകുന്നു. എങ്കിലും സോഷ്യൽ മീഡിയയിലെ പരാതികൾ ഗൗരവത്തോടെയാണ് പൊലീസും എടുക്കുന്നത്. 

ഇതിനൊപ്പമാണ് ജില്ലാ കളക്ടർ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നുവെന്ന വിവരവും പുറത്തു വരുന്നത്. ജില്ലാ കളക്ടറും ശ്രീറാം വെങ്കിട്ടരാമനും അടുത്ത സുഹൃത്തുക്കളായിരുന്നു. സർവ്വേ ഡയറക്ടറായി ചുമതലയേറ്റതിന്റെ സന്തോഷം കളക്ടറുമായി പങ്കുവയ്ക്കാനാണ് ശ്രീറാം ആഗ്രഹിച്ചത്. ഇതുകൊണ്ട് കൂടിയാണ് പാർട്ടി നടന്നത്. ഈ പാർട്ടിയിൽ വഫ പങ്കെടുത്തിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. എന്നാൽ ജില്ലാ കളക്ടർ ജില്ലയുടെ അധികാരിയാണ്. അതിനാൽ കളക്ടറെ ചോദ്യം ചെയ്യാനും കഴയില്ല. ഇത്തരം നിരവധി സങ്കീർണ്ണമായ പ്രശ്നങ്ങൾ ഈ കേസ് അന്വേഷിക്കുന്ന പൊലീസിനുണ്ട്. മെറിൻ ജോസഫ് ഐപിഎസിനെതിരേയും സംശയങ്ങളുണ്ട്.

തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയാണ് കവടിയാർ മുതൽ വെള്ളയമ്പലം വരെ. രാജ്ഭവനും മന്ത്രിമന്ദിരങ്ങളും ഉള്ള റോഡ്. ഇവിടെ സിസിടിവി ക്യാമറ പ്രർത്തിച്ചിരുന്നില്ലെന്നത് ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ് തെളിവുകൾ അപ്രത്യക്ഷമായതെന്നതാണ് ഉയരുന്ന സംശയം. കവടിയാറിൽ നിന്നും ബഷീർ മ്യൂസിയത്തെ അപകട സ്ഥലത്ത് എത്തുന്നത് വരെയുള്ള വീഡിയോയിൽ സത്യമുണ്ടെന്നാണ് ഏവരും കരുതുന്നത്. ഈ വീഡിയോ അപ്രത്യക്ഷമാക്കിയത് ഗൂഢാലോചന മറയ്ക്കാനാണെന്നാണ് ഉയരുന്ന സൂചന. വഫയ്ക്കും മെറിനുമായി അടുത്ത ബന്ധമുണ്ട്. വഫയുടെ വീട്ടിൽ പലപ്പോഴും മെറിൻ ജോസഫ് എത്തിയതായി പൊലീസിന് വിവരവും കിട്ടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖത്തിൽ വഫ പറഞ്ഞതിൽ പലതും സംശയങ്ങൾ കൂട്ടുകയും ചെയ്തു. കിട്ടിയ വിവരങ്ങളും അഭിമുഖവുമായി യാതൊരു ബന്ധവുമില്ല.

വഫയും ശ്രീറാമും രാത്രി മുതൽ ഒരുമിച്ചുണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്. അപകടത്തിന് ശേഷം അതിവേഗ തിരക്കഥകൾ ഒരുങ്ങി. ഇതിന് കാരണം മുൻകൂട്ടിയുള്ള ഗൂഢാലോചനയാകാമെന്നാണ് സംശയം. ഹണി ട്രാപ്പ് പോലുള്ള കുടുക്കിൽ ശ്രീറാം പെട്ടിരുന്നോ എന്നും പൊലീസിലെ ഉന്നതർക്ക് സംശയമുണ്ട്. ശ്രീറാമിന്റെ ഇമേജ് തകർക്കുകയും ഭീഷണിപ്പെടുത്തി കാര്യസാധ്യത്തിനുമുള്ള നീക്കങ്ങൾ നടന്നോ എന്നാണ് പരിശോധിക്കുന്നത്. അതായത് ഹണി ട്രാപ്പിൽ കുടുങ്ങിയ വേദനയിൽ ശ്രീറാം കൂടുതലായി മദ്യപിച്ചു. മദ്യപാന സ്വഭാവം തിരിച്ചറിഞ്ഞ് ഇതിന് പ്രോത്സാഹനവും നടന്നു. കവടിയാറിലെ വിവേകാന്ദ പാർക്കിൽ നിന്ന് രാത്രി പന്ത്രണ്ടരയോടെ ശ്രീറാമിന് ലിഫ്റ്റ് കൊടുത്തുവെന്നാണ് വഫയുടെ മൊഴി. ഇത് നിലനിൽക്കാൻ വേണ്ടിയാണ് ക്യാമറ തെളിവുകൾ ഇല്ലെന്ന് പറയുന്നതെന്ന സംശയവും സജീവം. ക്യാമറകൾ ഉണ്ടായിരുന്നുവെങ്കിൽ കാർ യാത്രയും ലിഫ്റ്റ് കൊടുക്കലും തെളിഞ്ഞേനെ. ഈ തെളിവുകൾ ഉന്നത ഇടപെടലിലൂടെ നഷ്ടമായതാണെന്ന സംശയം സജീവമാണ്.

ശ്രീറാമുമായി ഉള്ളതായി വഫ വിശദീകരിക്കുന്ന ബന്ധവും സംശയത്തിന് ആക്കം കൂട്ടുന്നു. ഷോയ്ക്കിടയിലെ പരിചയം. പിന്നെ ഒരു വർഷം മുമ്പ് ഓഫീസിൽ കാണുന്നു. അതിന് ശേഷം എസ് എം എസ്. രാത്രി വീട്ടിൽ നിന്ന് പറന്നെത്തി വഫ ശ്രീറാമിനെ കൂട്ടുന്നു. ഇതിന് പിന്നിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. വഫ അന്ന് നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നത്. മെറിൻ ജോസഫിന്റെ ദരൂഹമായ ഇടപെടലും പ്രശ്‌നമാണ്. ഈ വിഷയത്തിൽ മെറിൻ ജോസഫിനേയും പൊലീസ് ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. മെറിനും വഫയും തമ്മിലെ ബന്ധത്തിലെ ദുരൂഹത മാറ്റാനാണ് ഇത്. കോഴിക്കോട് കമ്മീഷണറായിരിക്കെ നിപ എത്തിയപ്പോൾ മെറിൻ അവിടെ നിന്നും സ്ഥലം മാറി. ഇതിന് പിന്നിൽ കോഴിക്കോട്ടെ ഉന്നതന്റെ സഹായം കിട്ടിയെന്ന കഥയും പൊലീസിൽ ചർച്ചയാണ്. അത്തരം ബന്ധങ്ങൾ കൂടി സംശയത്തിന് പുതു മാനം നൽകുന്നു.

ശ്രീറാമിനെ മദ്യ ലഹരിയിൽ ആക്കി കുഴപ്പത്തിൽ ചാടിക്കാനുള്ള ക്വട്ടേഷൻ ആരെങ്കിലും ആർക്കെങ്കിലും നൽകിയോ എന്നതും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ശ്രീറാം വ്യക്തമായി ഒന്നും പറയുന്നുമില്ല. നിലവിൽ താനാണ് കാർ ഓട്ടിച്ചതെന്ന് ശ്രീറാമും പറയുന്നു. കസ്റ്റഡിയിൽ എടുത്ത് പൊലീസ് മുറയിൽ ചോദ്യം ചെയ്യാൻ കഴിയാത്തതു കൊണ്ട് ശ്രീറാമിന് ഈ വാദം മാറ്റേണ്ടിയും വരില്ല. സിസിടിവി ദൃശ്യമില്ലാത്തതു കൊണ്ട് ശാസ്ത്രീയമായും കുറ്റം തെളിയിക്കാനാവില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ഈ കേസിൽ അട്ടിമറി നടക്കുകയും ചെയ്തു. വഫയ്ക്ക് വേണ്ടി സിവിൽ സർവ്വീസ് ലോബി കൃത്യമായ ഇടപെടൽ നടത്തിയെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രിയെ ഭയന്ന് ഔദ്യോഗിക അന്വേഷണത്തിന് പൊലീസിലും ഭയമുണ്ട്. അതിനാൽ അനൗദ്യോഗിക അന്വേഷണമാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP