Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാനത്ത് ശനിയാഴ്ചയും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്; മലയോര മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; കാസർഗോഡ് കണ്ണൂർ ജില്ലകളിൽ വൈദ്യുതിയില്ല; താമരശ്ശേരിയിൽ പൂർണ ഗതാഗത നിയന്ത്രണം; മലബാറിൽ പല ടൗണുകളും വെള്ളത്തിനടിയിൽ; ആലുവയും ഭീതിയിൽ; സംസ്ഥാനത്ത് റെയിൽ ഗതാഗതം സ്ഥംഭിച്ചു: റദ്ദാക്കിയത് 18 ട്രെയിൻ സർവ്വീസുകൾ; ഏറ്റവും വലിയ ദുരന്തം കവളപ്പാറയിലും പുത്തുമലയിലും; ഇതുവരെ തുറന്നത് 18 ഡാമുകൾ; മഴക്കെടുതിയിൽ 35 മരണം

സംസ്ഥാനത്ത് ശനിയാഴ്ചയും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്; മലയോര മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; കാസർഗോഡ് കണ്ണൂർ ജില്ലകളിൽ വൈദ്യുതിയില്ല; താമരശ്ശേരിയിൽ പൂർണ ഗതാഗത നിയന്ത്രണം; മലബാറിൽ പല ടൗണുകളും വെള്ളത്തിനടിയിൽ; ആലുവയും ഭീതിയിൽ; സംസ്ഥാനത്ത് റെയിൽ ഗതാഗതം സ്ഥംഭിച്ചു: റദ്ദാക്കിയത് 18 ട്രെയിൻ സർവ്വീസുകൾ; ഏറ്റവും വലിയ ദുരന്തം കവളപ്പാറയിലും പുത്തുമലയിലും; ഇതുവരെ തുറന്നത് 18 ഡാമുകൾ; മഴക്കെടുതിയിൽ 35 മരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദ്ദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. അതിരൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരണസംഖ്യ 35 ആയി ഉയർന്നു. മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലുമാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ദുരന്തമുണ്ടായത്. കവളപ്പാറയിൽ 30ലധികം കുടുംബങ്ങൾ അധിവസിച്ച മേഖലയിലേക്ക് ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയിൽ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. കവളപ്പാറയ്ക്ക് പുറമെ കോട്ടക്കുന്നിലും, വഴിക്കടവിലും കോഴിക്കോട് കക്കയത്തും ഉരുൾപൊട്ടലുണ്ടായി. പാലക്കാട് അട്ടപ്പാടിയിൽ നിരവധി തവണ ഉരുൾ പൊട്ടി.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നദികളെല്ലാം അപകടകരമായി ഒഴുകുകയാണ്. സംസ്ഥാനത്തെ ട്രയിൻ ഗതാഗതം ഏറെക്കുറെ നിലച്ചമട്ടാണ്. മംഗലാപുരത്തിനും കോഴിക്കോടിനും ഇടയിൽ മാത്രമാണ് നിലവിൽ ട്രെയിൻ സർവീസ് നടക്കുന്നത്. 18 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഇതിന് പുറമെ ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.റോഡ്- റെയിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ മലബാർ മേഖല തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.സംസ്ഥാനത്തിനകത്ത് കഴിവതും യാത്ര ഒഴിവാക്കമം എന്നാണ് നിർദ്ദേശം. സംസ്ഥാനത്ത് ഇന്ന് അറുപത്തിനാലായിരത്തോളം പേരാണ് വിവിധ ജില്ലകളിലായി തയ്യാറാക്കിയ 730ൽ അധികം ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.

നാളെ 24 മണിക്കൂറിൽ 204 മില്ലി മീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. അതിനാൽ കേരള ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായും പാലിക്കണമെന്നും സർക്കാർ അറിയിച്ചു.

നാളെയും മഴ ശക്തമായി തന്നെ തുടരും എന്നാണ് സൂചന. മലബാർ മേഖലയിലാണ് മഴ ശക്തമായി തുടരുക. അതുകൊണ്ട് തന്നെ രക്ഷാപ്രവവർത്തനത്തേയും അത് കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 18 ഡാമുകൾ തുറന്നിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 10 ശനി ) ജില്ലാകലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

കോഴിക്കോട് വയനാട് അതിർത്തിയായ താമരശ്ശേരി ചുരത്തിൽ ഹെവി വെഹിക്കിൾ ഗതാഗതം പൂർണമായും നിരോധിച്ചു. രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹനഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. കോഴിക്കോട് കക്കയം ഡാമിന്റെ പരിസരത്തുള്ളവരെ എത്രയും വേഗം മാറ്റി പാർപ്പിക്കണമെന്നും ഉത്തരവുണ്ട്.ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നത് കാരണം അരീക്കോട് 220 കെവി ലൈനും കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 കെവി ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് മൂലം കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ വൈദ്യുതി മുടങ്ങും

നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ 50 നും 100 നും ഇടയിൽ ആളുകളെ കാണാതായതായി നിലമ്പൂർ എംഎൽഎ പി.വി അൻവർ അറിയിച്ചു. മലയുടെ താഴ്‌വാര പ്രദേശമായ ഒരു ഗ്രാമം ഒന്നായി ഒലിച്ചുപോയെന്നും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നും അൻവർ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തരത്തിൽ പ്രതികരണം നടത്തിയത്. ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് അറിയിക്കുവാനുള്ളത്. പോത്തുകല്ല് പഞ്ചായത്തിൽ പെട്ട കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ,30-ഓളം വീടുകൾ മണ്ണിനടിയിലായിട്ടുണ്ട്.ഏകദേശം അൻപതിനും നൂറിനുമിടയിൽ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭ്യമായ വിവരം.മലയുടെ താഴ്‌വരയായ ഒരു പ്രദേശം ഒന്നാകെ ഉരുൾപൊട്ടലിൽ പെട്ട് ഒലിച്ച് പോയി മണ്ണിൽ അമരുകയാണുണ്ടായത്.

ദുരന്തപ്രദേശത്ത് നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.തിരച്ചിൽ ഏറെ ദുഷ്‌ക്കരമാണ്.സൈന്യത്തിന്റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ,അവരെ രക്ഷിക്കാനാകൂ.പ്രദേശത്തേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ട്.സിഗ്നൽ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്.രാവിലെ മുതൽ തന്നെ,ഞാനുൾപ്പെടെ കവളപ്പാറയിൽ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.സർക്കാർ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തും.കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.കവളപ്പാറയിലെ ജനങ്ങൾക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു-ഇതായിരുന്നു അൻവറിന്റെ കുറിപ്പ്. ഇതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി പുറം ലോകത്ത് എത്തുന്നത്.

മൂന്ന് ദിവസമായ കനത്ത മഴയായിട്ടും നേരത്തെ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ അടക്കമുള്ള പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടവും പൊലീസും യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും ജനങ്ങളെ ഒഴിപ്പിക്കാൻ നടപടി എടുത്തിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷപ്പെടുമായിരുന്നുമെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഉണ്ടായ ഉരുൾ പൊട്ടലിൽ ഏകദേശം മുപ്പതോളം വീടുകൾ തകർന്നിരുന്നു. പതിനഞ്ച് വർഷം മുമ്പ് മണ്ണിടിച്ചിലുണ്ടായ പ്രദേശമാണ് കവളപ്പാറ. അന്ന് ഇത്ര ജനവാസമില്ലാത്തതിനാൽ വലിയ ദുരന്തം ഉണ്ടായില്ല. കഴിഞ്ഞ വർഷം പ്രളയകാലത്ത് അതീവ ജാഗ്രത കവളപ്പാറ നിവാസികൾക്ക് ലഭിച്ചിരുന്നു. ചെറിയ മണ്ണിടിച്ചിലുണ്ടായതിനാൽ അഞ്ച് ദിവസത്തോളം ജനങ്ങളെ ഭൂദാനത്തുള്ള സർക്കാർ സ്‌കൂളിലെ ക്യാമ്പിൽ പാർപ്പിച്ചു. എന്നാൽ ഇത്തവണ മഴ കനത്തിട്ടും ജാഗ്രതക്കുറവുണ്ടായി.

കവളപ്പാറയ്ക്ക് സമീപത്തുള്ള ഭൂദാനം, തുടിമുട്ടി, പനങ്കയം, കൂവക്കോൽ, കൊട്ടുപാറ, പാതാർ എന്നവിടങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. പൂളപ്പാടം മുസ്ലിം പള്ളി, എൽപി സ്‌കൂൾ, മാർത്തോമ പള്ളി എന്നിവിടങ്ങളിലായി മൂന്ന് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മൂന്ന് ക്യാമ്പുകളിലുമായി 2000ഓളം പേരാണ് ഉള്ളത്. കവളപ്പാറയ്ക്ക് പുറമെ പാതാർ, മുരികാഞ്ഞിരം എന്നീ പ്രദേശങ്ങളിലും ചെറിയ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് നിരവധി വീടുകളാണ് തകർന്നത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് ആദ്യം ഉരുൾപൊട്ടിയ ആഡ്യൻപാറയും കവളപ്പാറയ്ക്ക് അടുത്താണ്.

തീവണ്ടി ഗതാഗതം താറുമാറായി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ റെയിൽ ഗതാഗതം താറുമാറിയ അവസ്ഥയിലാണ്.18 ട്രെയിനുകൾ പൂർണമായും റദ്ദാക്കിയപ്പോൾ ആറെണ്ണം ഭാഗികമായി റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ

16348 മംഗലാപുരം തിരുവനന്തപുരം
16603 മംഗലാപുരം തിരുവനന്തപുരം മാവേലി എക്സപ്രസ്
16630 മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്
16356 മംഗലാപുരം കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്
16306 കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്
56605 കോയമ്പത്തൂർ തൃശ്ശൂർ പാസഞ്ചർ
56663 തൃശ്ശൂർ കോഴിക്കോട് പാസഞ്ചർ
56363 നിലമ്പൂർ കോട്ടയം
18568 കൊല്ലം വിശാഖപട്ടണം എക്സപ്രസ്
16604 തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസ്
16629 തിരുവനന്തപുരം മംഗലാപുരം മലബാർ എക്സ്പ്രസ്
.12431 തിരുവനന്തപുരം നിസാമുദ്ദീൻ
.16347 തിരുവനന്തപുരം മംഗലാപുരം മാംഗ്ലൂർ എക്സ്പ്രസ്
16349കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്
22640 ആലപ്പുഴ ചെന്നൈ എക്സ്പ്രസ്
16338എറണാകുളം ഓഖ എക്സ്പ്സ്
13352 ആലപ്പുഴ ധൻബാദ് എക്സ്പ്രസ്
22653 തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്

തുറന്നത് 18 ഡാമുകൾ

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിവരെ തുറന്നത് 18 ഡാമുകളെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

ഇടുക്കി: കല്ലാർകുട്ടി ഡാം, പാംബ്ള ഡാം (ലോവർ പെരിയാർ), മലങ്കര ഡാം, ഇരട്ടയാർ ഡാം.
പത്തനംതിട്ട: മണിയാർ (തടയണ).
എറണാകുളം: ഭൂതത്താൻകെട്ട് (തടയണ), നേരിയമംഗലം ഡാം.
തൃശൂർ: പെരിങ്ങൽകുത്ത് ഡാം, അസുരൻകുണ്ഡ് ഡാം, പൂമല ഡാം.
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാം, മംഗലം ഡാം, വാളയാർ ഡാം, മൂലത്തറ (റഗുലേറ്റർ).
വയനാട്: കാരാപ്പുഴ.
കോഴിക്കോട്: കക്കയം ഡാം, കുറ്റ്യാടി.
കണ്ണൂർ: പഴശ്ശി (തടയണ).

പുത്തുമലയിൽ ഒലിച്ചു പോയത് നൂറേക്കറോളം സ്ഥലം

വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് നൂറേക്കറോളം സ്ഥലമാണ് ഒലിച്ചുപോയി. ഇവിടെ 15 പേരെ കാണാനില്ലെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു. ഒമ്പത് പേരുടെ മൃതദേഹം ലഭിച്ചു. അതിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. നാൽപതോളം വീടുകൾ തകർന്ന് ഒലിച്ചു പോയി. വാഹനങ്ങളും സ്ഥാപനങ്ങളും മണ്ണിനടിയിലാണ്. ബുധനാഴ്ച രാത്രി ചെറിയ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച രാലിലെ ഇവിടുത്തെ ആളുകളെ പൂർണമായും മാറ്റിത്താമസിപ്പിച്ചിരുന്നു. അതിനാൽ കൊടിയ ദുരന്തം ഒഴിവായി.

6 മുറികളുള്ള ഒരു പാടി പൂർണമായി ഒലിച്ചു പോയി. ഇവിടെയുണ്ടായിരുന്ന ലോറൻസിന്റെ ഭാര്യ കമല, ചന്ദ്രന്റെ ഭാര്യ അജിത, പനീർസെൽവം, ഭാര്യ റാണി എന്നിവരെ കാണാതായി. എസ്റ്റേറ്റിന്റെ പാടിക്കു സമീപം കന്റീൻ നടത്തുന്ന ഷൗക്കത്തിന്റെ ഒന്നര വയസുള്ള മകളുടെ മൃതദേഹം കിട്ടി. ഷൗക്കത്തും ഭാര്യയും ആശുപത്രിയിൽ. പുത്തുമല ബസ് സ്റ്റോപ്പിനു സമീപം കെഎസ്ആർടിസി ഡ്രൈവർ നൗഷാദിന്റെ ഭാര്യ ഹാജിറയുടെ മൃതദേഹം ലഭിച്ചു. ക്യാംപിലേക്ക് തൊഴിലാളികളെ എത്തിച്ച് കാറിൽ മടങ്ങുകയായിരുന്ന അവറാൻ, അബൂബക്കർ എന്നിവരെ കാണാതായി. ഇവർ സഞ്ചരിച്ച കാർ വെള്ളത്തിൽ ഒലിച്ചു പോകുന്നതു കണ്ടതായി തൊഴിലാളികൾ പറയുന്നു.

എസ്റ്റേറ്റിലെ ഒരു ജീവനക്കാരനെയും (ഇയാളുടെ പേര് അറിയില്ല) കാണാനില്ല. തിരിച്ചറിഞ്ഞത് ഒന്നര വയസുകാരിയുടെയും ഹാജിറയുടെയും ശരീരങ്ങൾ മാത്രം. പുത്തുമല ജുമാ മസ്ജിദ് പൂർണമായും തകർന്നു. ഇവിടെ ആരും ഉണ്ടായിരുന്നില്ലെന്ന് മുഹിയൂദ്ദിൻ സഖാഫി. കാഴ്ചക്കാരായി എത്തിയവർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് ഇതേവരെ വ്യക്തമായിട്ടില്ല. ഉണ്ടെങ്കിൽ ദുരന്തസംഖ്യ ഇനിയും വർധിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു

രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0471-251 7500, 0471-232 2056 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്കും രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP