Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകാശഗംഗയിൽ അവസരം കിട്ടിയത് സ്ഫടികം ജോർജ്ജിന്റെ കൃപയാൽ; നടനെന്ന നിലയിൽ സെൽഫ് മാർക്കറ്റ് ചെയ്യാത്തതിനാൽ അവസരം കിട്ടാത്തതു കൊണ്ടാണ് തിരിച്ചുവരവിന് 20 വർഷത്തെ ഗ്യാപ്പ് വന്നത്; ശുക്‌രിയാ.. പാടിയ പെൺകുട്ടിയെ ഇഷ്ടപ്പെട്ടത് അഭിമുഖത്തിൽ കണ്ട്; വിവാഹശേഷം ശബ്നം സംഗീതത്തിൽ നിന്നും ഇടവേളയെടുത്തു; പുതുമഴയായി ഭാര്യ പാടിയപ്പോൾ വിനയേട്ടന് ഇഷ്ടമായി; കവർ സോങ്ങായി എനിക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്തതും ശബ്നം തന്നെ; ആകാശഗംഗ രണ്ടാം വരവിന്റെ വിശേഷങ്ങളുമായി നടൻ റിയാസും ഭാര്യ ശബ്നവും

ആകാശഗംഗയിൽ അവസരം കിട്ടിയത് സ്ഫടികം ജോർജ്ജിന്റെ കൃപയാൽ; നടനെന്ന നിലയിൽ സെൽഫ് മാർക്കറ്റ് ചെയ്യാത്തതിനാൽ അവസരം കിട്ടാത്തതു കൊണ്ടാണ് തിരിച്ചുവരവിന് 20 വർഷത്തെ ഗ്യാപ്പ് വന്നത്; ശുക്‌രിയാ.. പാടിയ പെൺകുട്ടിയെ ഇഷ്ടപ്പെട്ടത് അഭിമുഖത്തിൽ കണ്ട്; വിവാഹശേഷം ശബ്നം സംഗീതത്തിൽ നിന്നും ഇടവേളയെടുത്തു; പുതുമഴയായി ഭാര്യ പാടിയപ്പോൾ വിനയേട്ടന് ഇഷ്ടമായി; കവർ സോങ്ങായി എനിക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്തതും ശബ്നം തന്നെ; ആകാശഗംഗ രണ്ടാം വരവിന്റെ വിശേഷങ്ങളുമായി നടൻ റിയാസും ഭാര്യ ശബ്നവും

എം.എസ് ശംഭു/പി എസ് സുവർണ

 കൊല്ലം:ആകാശഗംഗ എന്ന വിനയൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റിയാസ്. ഉണ്ണി എന്ന കഥാപാത്രമായിട്ടാണ് റിയാസ് ആകാശഗംഗയിൽ എത്തിയത്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം താരത്തെ അധികം ആരും കണ്ടിരുന്നില്ല. ഇരുപത് വർഷങ്ങൾക്ക് ശേഷം ആകാശ ഗംഗ രണ്ടാം ഭാഗത്തിലൂടെ റിയാസ് വീണ്ടുമെത്തുമ്പോൾ ചിത്രത്തിലെ പുതുമഴയായി എന്ന കവർ സോങ്ങാണ് വൈറലായി മാറിയിരിക്കുന്നത്. കവർ പാടിയത് റിയാസിന്റെ ഭാര്യയും ഗായികയുമായ ഷബ്‌നം റിയാസുമാണ്. അഴകിയ രാവണനിലെ വെണ്ണിലാചന്ദനകിണ്ണം പാടിയാണ് ശബ്‌നം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സൂപ്പർഹിറ്റായ നിറത്തിലെ ശുക് രിയാ പാട്ടും ശബ്ദത്തിന്റേതായി കേരളം ഏറ്റുപാടി. പിന്നെ കുടുംബവും കുട്ടികളുമായി തിരക്കായ ശബ്ദം ഇപ്പോൾ ഗാനരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ ഭർത്താവിനും ഭാര്യക്കും ആകാശഗംഗ തിരിച്ചുവരവിന്റേതായി മാറി. താരകുടുംബത്തിന്റെ വിശേഷങ്ങളുമായുള്ള പ്രത്യേക അഭിമുഖത്തിലേക്ക്:

  • ആകാശഗംഗയിലേക്കുള്ള മടങ്ങി വരവും ഭാര്യ തുണച്ച കവർ സോങ്ങും?

റിയാസ്: വിനയൻ സാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആകാശഗംഗ എനിക്ക് നേടി തന്നത് വലിയ അവസരമായിരുന്നു. ഉണ്ണി എന്ന കഥാപാത്രം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.അതിന് ശേഷം ഞാൻ തിരഞ്ഞെടുത്ത ചില കഥകൾ എന്റെ കരിയറിനെ ദോശം ചെയ്തു. ഒരു നടൻ എന്ന നിലയിൽ സെൽഫ് മാർക്കറ്റ് ചെയ്യാൻ എനിക്ക് അറിയില്ലായിരുന്നു. നടനെന്ന രീതിയിൽ വളരെ വലിയ ഗ്യാപ്പിന് ശേഷം തിരിച്ചെത്തുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആകാശ ഗംഗ രണ്ടിലൂടെ ഞാൻ തിരിച്ചുവരുന്നത്. വിനയൻ സാർ ആകാശഗംഗ രണ്ടാം ഭാഗത്തെകുറിച്ച് ചിന്തിച്ചത് എന്റെ ഭാഗ്യമായിരിക്കും. അന്നുള്ള താരങ്ങളിൽ ഞാനും ഇടവേള ബാബുച്ചേട്ടനും മാത്രമാണ് ഇപ്പോഴുള്ളത്. രാജൻ പി ദേവ് ചേട്ടൻ, സുകുമാരി ചേച്ചി, കലാഭവൻ മണി,കൽപന ചേച്ചി, എൻ.എഫ് വർഗീസ് തുടങ്ങി അനശ്വരരായ നടി നടന്മാർ ആ സിനിമയുടെ ഭാഗമായിരുന്നു. രണ്ടാം ഭാഗത്തിൽ കൂടുതലും പുതുമുഖങ്ങളാണ്.

  • എന്തുകൊണ്ട് 20 വർഷത്തെ ഇടവേള? അവസരങ്ങൾ തഴയപ്പെട്ടിട്ടുണ്ടോ?

അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടല്ല. ആരും സിനിമാ മേഖലയിൽ എന്നെ അങ്ങനെ തഴഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഞാൻ ആരോടും അവസരം ചോദിക്കാൻ മനെക്കെട്ടില്ല എന്നതാണ് പ്രശ്നം. ആകാശ ഗംഗ പുറത്തിറങ്ങിയ സമയത്ത് ഒരു നാല് വർഷത്തിലധികം താരം എന്ന നിലയിൽ ഞാൻ ചർച്ചയായി. വിനയൻ സറിനോട് അവസരം ചോദിച്ചിരുന്നെങ്കിൽ എനിക്ക് പണ്ടേ ലഭിച്ചേനെ. വിനയൻ സാറുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാൻ. ആകാശഗംഗ രണ്ടാം വരവ് വരുന്നു എന്ന് അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ എനിക്ക് വളരെയധികം സന്തോഷം തോന്നി.

ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് ഇപ്പോഴത്തെ ഒരു ചിത്രം അയക്കാൻ പറഞ്ഞു. പിന്നീട് അദ്ദേഹം നിനക്ക് ആകാശ ഗംഗ രണ്ടാംഭാഗത്തിൽ ഒരു വേഷമുണ്ടെന്നും അറിയിച്ചു. ജനങ്ങളുടെ മനസിൽ ആഴത്തിൽ ഇറങ്ങി ചെന്ന ഒരു സിനിമ എന്നതും, ടെക്നോളജി ഇത്രയധികം വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ചുരുങ്ങിയ ഗ്രാഫിക്സുകൾ കൊണ്ട് ഒരുക്കിയ ചിത്രം എന്ന രീതിയിൽ ആകാശഗംഗ ഒന്നാം ഭാഗം സമ്മാനിച്ചത് വലിയ വിജയമായിരുന്നു. മറ്റൊരു കാര്യം 20 വർഷം കൊണ്ട് മലയാള സിനിമ വളരെയധികം മാറിയിട്ടുണ്ട് . രണ്ടാം ഭാഗം ന്യൂജെൻ ട്രീറ്റ്മെന്റിലാകും എത്തുക. അന്നത്തെ പല താരങ്ങളും ഇന്നില്ല എന്നതും ഈ സിനിമയുടെ അഭാവത്തിൽ ചിലതാണ്. അത്രയും പ്രഗൽഭരായ കലാകാരന്മാർ അഭിനയിച്ച സിനിമയിൽ ഒരു പുതുമുഖ നടനായി എത്താൻ കഴിഞ്ഞതും വലിയ കാര്യമാണ്. എന്നാൽ രണ്ടാം ഭാഗത്തിൽ ഇപ്പോഴത്തെ പല താരങ്ങളേയും ഉൾപ്പെടുത്തി ഗംഭീരമാക്കിയിട്ടുണ്ട്.

  • താങ്കളെ തേടിയെത്തിയ ഉണ്ണി എന്ന കഥാപാത്രം?

മലയാളത്തിൽ പുതുമുഖങ്ങൾ അധികം ഇല്ലാതിരുന്ന സമയാത്താണ് എന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. അന്ന് കുഞ്ചാക്കോ ബോബൻ മാത്രമാണ് മറ്റൊരു പുതുമുഖം. ആ കാലഘട്ടത്തിലാണ് സിനിമയിലേക്കുള്ള എൻട്രി. ഇലവൻകോട് ദേശം എന്ന സിനിമയിൽ ചെറിയവേഷം ചെയ്തു നിൽക്കുന്ന സമയത്താണ് വിനയൻ സാർ പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം കണ്ടത്. സ്ഫടികം ജോർജ് ചേട്ടനാണ് എന്നെ ആകാശഗംഗയിലേക്ക് എത്തിക്കുന്നത്. അതിനാൽ തന്നെ കടമ്പകൾ അധികം കടക്കേണ്ടി വന്നില്ല.

  • ഭാര്യ പാടിയ കവർ സോങ് വൈറലായതിന് പിന്നിൽ?

റിയാസ്: സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങിയപ്പോൾ എനിക്കുള്ള ഗിഫ്റ്റ് എന്ന രീതിയിലാണ് ശബ്നം ഈ പാട്ട് പാടാൻ ആലോചിക്കുന്നത്. സംഗീത സംവിധായകൻ ഇഷാൻ ദേവുമായിട്ട് ആലോചിച്ച ശേഷമാണ് ഈ പാട്ടിന്റെ കവർ കമ്പോസ് ശബ്നം ഒരുക്കുന്നത്. ആകാശഗംഗ എന്ന സിനിമ കുടുംബത്തിന്റെ അംഗം ആയതിനാൽ തന്നെ ഇത് വിനയേട്ടന് അയച്ച് കൊടുക്കാൻ ഞാൻ തീരുമാനിച്ചു. പാട്ട് വിനയേട്ടൻ കേട്ടതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞതിന് ശേഷം ഉഗ്രനായിട്ടുണ്ട്. നമുക്ക് ആകാശഗംഗ പ്രോജക്ടിലേക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പിന്നീടാണ് ചിത്രത്തിന്റെ കവർ സോങ്ങായി ശബ്നം പാടിയ പാട്ട് എത്തുന്നത്.

  • വെണ്ണിവാ ചന്ദന കിണ്ണം... ശുക്രിയ.. ഇപ്പോൾ പുതുമഴയായി ...കവർ സോങ് വൈറലായപ്പോൾ ഈ ശബ്ദം എവിടെയായിരുന്നെന്ന് കമന്റുകളെത്തി? അതിനെ കുറിച്ച് പറയാമോ?

ശബ്നം റിയാസ്: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇളയമകൻ ജനിച്ചതോടെ പൂർണമായും സംഗീതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. റിയാസിക്ക ആകാശഗംഗയിലേക്ക് തിരിച്ചെത്തുമ്പോൾ ഇക്കായ്ക്ക് നൽകാൻ ഒരു സമ്മാനമെന്ന് മാത്രമേ ഞാൻ കരുതിയുള്ളു. പക്ഷേ കവർ സോങ് ആകുമെന്നോ, പാട്ട് വൈറലായി മാറുമെന്നോ എന്നൊന്നും കരുതിയില്ല. നിരവധി കമന്റുകൾ അനുകൂലിച്ച് എത്തിയപ്പോൾ സന്തോഷം തോന്നി.

പത്തു വയസിലാണ് അഴകിയ രാവണനിലെ വെണ്ണിലാ ചന്ദനക്കിണ്ണം പാടി പിന്നണി ഗാനരംഗത്തേക്ക് ഞാനെത്തിയത്. പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നിറം എന്ന ചിത്ത്രതിൽ ശുക് രിയ എന്ന ഗാനം ഞാൻ ആലപിക്കുന്നത്. ശുക് രിയ കേരളക്കര ഏറ്റുപാടുകയും ചെയ്തു. പിന്നീട് സ്റ്റേജ് ഷോകളിൽ നിരവധി അവസരങ്ങൾ തേടിയെത്തുകയും ചെയ്തു. കൗമാര കാലഘട്ടത്തിൽ തന്നെ നായികമാർക്ക് വേണ്ടി പാട്ട് പാടുന്ന ഘട്ടത്തിലേക്ക് എന്റെ വോയ്സ് എത്തിചേർന്നിരുന്നു. ചാനൽ ഷോകളിൽ അവതാരികയായി എത്തിയതും നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു. അയോധ്യ എന്ന ചിത്രത്തിലൂടെ കഥകളി പദം ആദ്യമായി ഫീമെയിൽ ശബ്ദത്തിൽ പാടുന്നതും ഞാനായിരുന്നു.

  • സിനിമാ മേഖലയിൽ നിന്ന് വിവാഹം? പ്രണയവിവാഹമായിരുന്നോ?

ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഇക്ക എന്നെ വിവാഹം ആലോചിക്കുന്നത്. പ്രണയവിവാഹം ആയിരുന്നില്ല. ഒരു അഭിമുഖം കണ്ടതിന് പിന്നലെയാണ് ഇക്ക വിവാഹം ആലോചിക്കുന്നത്. വിവാഹശേഷം സ്റ്റേജ് ഷോകൾ റിയാലിറ്റി ഷോകൾ തുടങ്ങിയവയിൽ ജഡ്ജായി എത്തി. മകളെ പ്രസവിച്ചതിന് ശേഷം രണ്ടുവർഷം പുറത്തേക്ക് ഇറങ്ങാൻ മടിച്ചു. പിന്നീട് പട്ടുറുമാൽ അടക്കം നിരവധി ഓഫറുകൾ റിയാലിറ്റി ഷോകളിലേക്ക് എത്തി. ഏഷ്യാനെറ്റിലെ മൈലാഞ്ചി അടക്കമുള്ള വേദികളിൽ എത്തി.പിന്നീട് സുഹൃത്തുക്കൾ ചോദിച്ച് തുടങ്ങിയപ്പോളാണ് മൈലാഞ്ചിയിലുടെ തിരിച്ചുവരവിന് ഒരുങ്ങിയത്. പത്ത് വർഷത്തിലധം ഗ്യാപ്പിന് ശേഷമാണ് തിരിച്ചെത്തിയത്.

  • സംഗീതത്തിൽ പി.ജി ഒപ്പം സൂഫി സംഗീതവും?

പി.ജി കർണാട്ടിക് മ്യൂസിക്കാണ് ഞാൻ ചെയ്തത്്. അപ്പോഴാണ് ഡെസർട്ടേഷന്റെ ഭാഗമായി സൂഫി മ്യൂസിക്ക് തിരഞ്ഞെടുക്കാൻ തിരുമാനിച്ചത്. സൂഫിസത്തോട് വളരെയധികം താൽപര്യം പുലർത്തുന്ന ആളായിരുന്നു ഞാനും. ഒപ്പം ഖവാലീസ് കേൾക്കുന്നതും ഇഷ്ടമായതോടെ കമ്പം ഏറി. കോളജിൽ അവതരിപ്പിച്ച തീസിസ് ബുക്ക് രൂപത്തിൽ പ്രസിദ്ധീകരിക്കണം എന്ന് എല്ലാവരും തീർത്തപ്പോൾ അത് പിന്നീട് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ലായാലി സൂഫിയ എന്ന പേരിൽ പിന്നീട് സൂഫി സംഗീതവും കവർ സോങ്ങുകളും കേന്ദ്രീകരിച്ചു.ആരും എടുക്കാത്ത പാട്ടുകൾ തിരഞ്ഞെടുത്ത് കവർ ചെയ്യണം എന്ന് ആഗ്രഹിച്ചപ്പോഴാണ് ചിത്ര ചേച്ചി പാടിയ പുതുമഴയായി എന്ന ഗാനം കവർ സോങ്ങാക്കാന് തിരഞ്ഞെടുത്തത്. ഇഷാനെ ഇക്കാര്യം അറിയിച്ചപ്പോൾ തന്നെ ഇഷാൻ പാട്ടിന് വളരെ ഭംഗിയായി സംഗീതം ഒരുക്കുകയും ചെയ്തു. ഒരുപാട് ഓർക്കസ്ട്രയോ ഒന്നും തന്നെ പുതുമഴയായി എന്ന ഈ കവറിൽ ഉൾപ്പെടുത്തിയിട്ടില്ല.

(തുടരും..)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP