Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതേതരവാദിയായ എ എ റഹീം ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണം നടത്തി അടിച്ചെടുത്തത് 3.44 ലക്ഷം രൂപ; അഞ്ചുവർഷത്തെ ഗവേഷണം ഏഴുവർഷമായി നീട്ടി നൽകിയിട്ടും മുൻ സിൻഡിക്കേറ്റംഗത്തിന് തീസിസ് സമർപ്പിക്കാനായില്ല; ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ഗവേഷണ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാകുന്നത് കേരള സർവകലാശാലയുടെ വിവരാവകാശ രേഖയിലൂടെ

മതേതരവാദിയായ എ എ റഹീം ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണം നടത്തി അടിച്ചെടുത്തത് 3.44 ലക്ഷം രൂപ; അഞ്ചുവർഷത്തെ ഗവേഷണം ഏഴുവർഷമായി നീട്ടി നൽകിയിട്ടും മുൻ സിൻഡിക്കേറ്റംഗത്തിന് തീസിസ് സമർപ്പിക്കാനായില്ല; ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ഗവേഷണ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാകുന്നത് കേരള സർവകലാശാലയുടെ വിവരാവകാശ രേഖയിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമൂഹിക നീതിയേയും സത്യസന്ധതയേയും മതനിരപേക്ഷതയേയും കുറിച്ച് വാചാലമായി പറയുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹീം കേരള യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി ചെയ്യാനെന്ന പേരിൽ തട്ടിയെടുത്തത് മൂന്നര ലക്ഷത്തോളം രൂപ. 2010 മെയ് മാസം നാലാം തീയതി മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥിയായി കേരള യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്ത റഹീം ഇതുവരെയും തന്റെ പ്രബന്ധം സർവകലാശാലയിൽ സമർപ്പിച്ചിട്ടില്ല. എന്നാൽ ഗവേഷണ വിദ്യാർത്ഥികൾക്കായി സർവകലാശാല നൽകുന്ന ഗ്രാന്റ് ഇനത്തിൽ 3,44,744 രൂപ റഹീം കൈപ്പറ്റിയതായും കേരള യൂണിവേഴ്‌സിറ്റി നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു.

2011 ജനുവരി നാല് മുതലാണ് റഹീം തന്റെ ഗവേഷണം ആരംഭിച്ചത്. ഇസ്ലാമിക് പഠനവിഭാഗത്തിലായിരുന്നു ഡിവൈഎഫ്‌ഐ നേതാവിന്റെ ഗവേഷണം. ആധുനിക വിദ്യാഭ്യാസവും അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും എന്നതായിരുന്നു മതേതര കമ്യൂണിസ്റ്റ് യുവ നേതാവിന്റെ ഗവേഷണ വിഷയം. ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് തലവൻ ഡോ. എസ് ഷറഫുദ്ദീൻ ആയിരുന്നു ഗൈഡ്. സാധാരണ ഗതിയിൽ അഞ്ച് വർഷമാണ് ഗവേഷണ കാലാവധി. ഇതനുസരിച്ച് 2015 മെയ് നാല് വരെയായിരുന്നു റഹീമിന് ഗവേഷണം നടത്തി പ്രബന്ധം സമർപ്പിക്കാനുള്ള സമയം. അഞ്ച് വർഷം കൊണ്ട് ഗവേഷണം എങ്ങുമെത്താതെ വന്നപ്പോൾ വീണ്ടും രണ്ടു വർഷം കൂടി സമയം നീട്ടി നൽകി. ഇതിനിടയിൽ ഒരു തവണ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റിലേക്കും യുവവിപ്ലവകാരി എത്തപ്പെട്ടു. 2005ലായിരുന്നു ഇത്. ഇതിന് ശേഷം 2016ൽ വീണ്ടും ഒരിക്കൽ കൂടി ഈ ആദർശശാലി കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി.

എന്നാൽ അഞ്ചുവർഷം എന്നുള്ളത് ഏഴ് വർഷം ആക്കി നീട്ടിയിട്ടും ഗവേഷണം മാത്രം എങ്ങുമെത്തിയില്ല. 2018 ഡിസംബർ 27ന് കേരള സർവകലാശാല നൽകിയിരിക്കുന്ന വിവരാവകാശ രേഖ പ്രകാരം എ എ റഹീം ഇപ്പോൾ ഗവേഷണ വിദ്യാർത്ഥി അല്ലെന്ന് വ്യക്തമാക്കുന്നു. മൂന്നര വർഷം കൊണ്ട് 3,44,744 രൂപ റഹീം ഫെലോഷിപ്പ് ഇനത്തിൽ കൈപ്പറ്റിയതായും എന്നാൽ പ്രബന്ധം സമർപ്പിച്ചിട്ടില്ലെന്നും വിവരാവകാശ രേഖ പറയുന്നു. അതായത്, സർവകലാശാല നൽകുന്ന പണം വാങ്ങുകയും ഗവേഷണത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്തു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഫെലോഷിപ്പ് വാങ്ങി ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഹാജർ നിർബന്ധമാണ്. എന്നാൽ, എ എ റഹീം ഗവേഷണത്തിൽ ഏർപ്പെട്ടു എന്ന് പറയുന്ന കാലഘട്ടത്തിലാണ് 2011ൽ വർക്കലയിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് സിപിഎമ്മിന്റെ സ്റ്റാർ കാമ്പയിനറിൽ ഒരാൾ റഹീം ആയിരുന്നു. തെരഞ്ഞെടുപ്പ് കാലയളവിൽ എങ്ങനെ ഹാജർ കിട്ടി എന്നതും ഉത്തരമില്ലാത്ത ചോദ്യമായി കിടക്കുന്നു. ആദർശവും സത്യസന്ധതയും പറയുന്ന വിപ്ലവയുവജന നേതാവ് പൊതുമുതൽ ദുർവിനിയോഗം ചെയ്തു എന്ന് വ്യക്തമാകുന്നതാണ് കേരള സർവകലാശാല നൽകിയിരിക്കുന്ന വിവരാവകാശ രേഖ.

നഷ്ടമായത് ഒരു വിദ്യാർത്ഥിയുടെ അവസരം

കേവലം മേനി പറയാൻ വേണ്ടി മാത്രം പിഎച്ച്ഡി ക്ക് രജിസ്റ്റർ ചെയ്തതോടെ റഹീം നഷ്ടമാക്കിയത് മറ്റൊരു വിദ്യാർത്ഥിക്ക് കിട്ടേണ്ട അവസരവും ഫെല്ലോഷിപ്പുമാണ്. അർഹരായ വിദ്യാർത്ഥികളുടെ അവസരം നഷ്ടമാക്കുകയും പൊതുമുതൽ അടിച്ചുമാറ്റുകയുമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ചെയ്തിരിക്കുന്നത്. പേരിന് മുന്നിൽ ഡോക്ടർ എന്നും അഡ്വക്കേറ്റ് എന്നും മറ്റും ചേർക്കാൻ വേണ്ടി മാത്രം പിഎച്ച്ഡിയും നിയമവും ഒക്കെ പഠിക്കുന്ന രാഷ്ട്രീയക്കാരാണ് കേരളത്തിലേത്. കൂടുതൽ പേരും ഇതരസംസ്ഥാനങ്ങലെ ആശ്രയിച്ചാണ് ഇത്തരം ബിരുദങ്ങൾ സമ്പാദിക്കുന്നത്. എന്നാൽ, എ എ റഹീം കേരള സർവകലാശാലയിൽ തന്നെ രജിസ്റ്റർ ചെയ്തു എന്ന് മാത്രമല്ല, ഫെല്ലോഷിപ്പ് വാങ്ങിയ ശേഷം പ്രബന്ധം സമർപ്പിക്കുക പോലും ചെയ്തതുമില്ല.

റഹീമിന്റെ ഇസ്ലാമിക് സ്റ്റഡിയും ഹിന്ദു സഖാക്കളുടെ സംഘ സർട്ടിഫിക്കറ്റും

പാർട്ടിക്കുള്ളിൽ മറ്റൊരു വിവാദത്തിനാണ് റഹീമിന്റെ പിഎച്ച്ഡി വിവരാവകാശ രേഖ വഴിമരുന്നിടുന്നത്. കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരിൽ മതേതരവാദിയായും മതരഹിത ജീവിതം നയിക്കുന്ന ആളായും സ്വയം പരിചയപ്പെടുത്തുന്ന ആളാണ് എ എ റഹീം. സ്വന്തം ജീവിതം തന്നെയാണ് അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുക. എന്നാൽ അദ്ദേഹം ഗവേഷണത്തിനായി തെരഞ്ഞെടുത്തതാകട്ടെ ഇസ്ലാമിക് സ്റ്റഡീസും.

പാർട്ടിക്കുള്ളിലെ ഹിന്ദു നേതാക്കൾ ആരെങ്കിലും ഹിന്ദു മതത്തെ സംബന്ധിച്ച പഠനത്തിന് മുതിർന്നാൽ എന്ത് പുകിലാകും ഉണ്ടാകുക എന്നാണ് ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഉയരുന്ന ചോദ്യം. അമ്പലത്തിൽ പോകുകയോ കൈകൂപ്പി ഒന്ന് തൊഴുകയോ ചെയ്താൽ സംഘി സർട്ടിഫിക്കറ്റ് നൽകുന്ന സഖാക്കൾ എന്താണ് ഇതിനെ വിമർശിക്കാത്തത് എന്നും ഇവർ ചോദിക്കുന്നു. പാർട്ടിയിൽ ഇസ്ലാം മത വിശ്വാസികൾക്ക് ചില 'പ്രിവിലേജുകൾ' ഉണ്ടെന്നാണ് ഇവർ പറയുന്നത്.

അമ്പലത്തിൽ പോയാൽ ഹിന്ദു സഖാക്കളെ പുറത്താക്കുന്ന പാർട്ടിയിലാണ് വെള്ളിയാഴ്‌ച്ചകളിൽ പള്ളികളിൽ പോകുന്നതിന് ഇസ്ലാം സഖാക്കൾക്ക വിലക്കില്ലാത്തത്. അടിയുറച്ച ഇസ്ലാം മത വിശ്വാസിയായ കെ ടി ജലീലിന് പള്ളിയിൽ പോകാനും പാർട്ടി ജാഥയുടെ ഇടയിൽ പോലും നിസ്‌കരിക്കാനും അവസരമുണ്ട്. എന്നാൽ കടകംപള്ളിയോ പത്മകുമാറോ അമ്പലത്തിൽ പോകുകയോ കൈകൂപ്പി തൊഴുകയോ ചെയ്താൽ അവർ സംഘികളായി ചിത്രീകരിക്കപ്പെടുന്നു. ഇത് സംഘപരിവാറിന് ആളെ കൂട്ടാൻ മാത്രമേ ഉപകരിക്കൂ എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP