Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പെരിയാറിന് പിന്നാലെ പറമ്പിക്കുളം-ആളിയാർ പദ്ധതിയുടെ ഗുണഫലവും തമിഴ്‌നാട് കൊണ്ടുപോകുമോ? തമിഴ്‌നാട് അനധികൃതമായി നിർമ്മിച്ച കോണ്ടൂർ കനാൽ അറ്റകുറ്റപ്പണി നടത്തി പൂർണ സജ്ജമാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് തമിഴ്‌നാടിനുള്ള അംഗീകാരമെന്ന് വിമർശനം; ചാലക്കുടി പ്രളയത്തിൽ മുങ്ങാതിരിക്കാനുള്ള മുൻകരുതൽ മാത്രമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മുല്ലപ്പെരിയാറിന് പിന്നാലെ പറമ്പിക്കുളം-ആളിയാർ പദ്ധതിയുടെ ഗുണഫലവും തമിഴ്‌നാട് കൊണ്ടുപോകുമോ? തമിഴ്‌നാട് അനധികൃതമായി നിർമ്മിച്ച കോണ്ടൂർ കനാൽ അറ്റകുറ്റപ്പണി നടത്തി പൂർണ സജ്ജമാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് തമിഴ്‌നാടിനുള്ള അംഗീകാരമെന്ന് വിമർശനം; ചാലക്കുടി പ്രളയത്തിൽ മുങ്ങാതിരിക്കാനുള്ള മുൻകരുതൽ മാത്രമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് അവാകശം സ്ഥാപിച്ചത് എങ്ങനെയാണെന്ന് പൊതുസമൂഹത്തിന് അറിവുള്ള കാര്യമാണ്. ഇതിന് പിന്നാലെ വേനൽകാലത്ത് പറമ്പിക്കുളം-ആളിയാർ അണക്കെട്ടുകളിൽ നിന്നും തമിഴ്‌നാട് കേരളത്തിലെ കർഷകർക്ക് വേണ്ടത്ര വെള്ളം ലഭ്യമാക്കാത്ത അവസ്ഥയുമുണ്ട്. ഇതിനിടെ പറമ്പിക്കുളം-ആളിയാർ അന്തർസംസ്ഥാന നദീജല കരാറിന് വിരുദ്ധമായി കോണ്ടൂർ കനാൽ അറ്റകുറ്റപ്പണി നടത്തി പൂർണ സജ്ജമാക്കണമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിന് കത്തയച്ച സംഭവം സ്വയം വിനയാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഈ സംഭവത്തിൽ പ്രതിഷേധവുമായി കർഷകർ. ചിറ്റൂർപ്പുഴ പദ്ധതിയിലെ ജലസേചനത്തിനും ഭാരതപ്പുഴ തടത്തിലെ കുടിവെള്ള പദ്ധതികൾക്കും ലഭിക്കേണ്ട വെള്ളം വഴിമാറ്റി കൊണ്ടുപോകുന്ന തമിഴ്‌നാടിന്റെ നടപടികൾക്ക് തുറന്ന അനുമതിയാണ് സർക്കാരിന്റെ നിലപാടെന്നാണ് ആരോപണം. തമിഴ്‌നാടിന്റെ അനധികൃത നിർമ്മാണങ്ങളെ പ്രോത്സാഹിപ്പിക്കുന് വിധത്തിലായിപ്പോയി ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് ഉയയരുന്ന വിമർശനം. പലപ്പോഴും ആളിയാർ കരാർ പാലിക്കാതെ കേരളത്തിലെ കർഷകരെ ദുരിതത്തിൽ ആക്കുന്നവരാണ് ഇക്കൂട്ടർ.

പറമ്പിക്കുളം-ആളിയാർ പദ്ധതി (പി.എ.പി.) കരാർ പ്രകാരം പദ്ധതിപ്രദേശത്തെ ഏത് നിർമ്മാണപ്രവൃത്തികൾക്കും ഇരുസംസ്ഥാനങ്ങളുടെയും അനുമതി വേണം. എന്നാൽ പറമ്പിക്കുളം ഗ്രൂപ്പ് അണക്കെട്ടിലെ വെള്ളം തിരുമൂർത്തി അണക്കെട്ടിലേക്ക് നേരിട്ടെത്തിക്കുന്നതിനായി തമിഴ്‌നാട് കേരളത്തിന്റെ അനുമതിയില്ലാതെ നിർമ്മിച്ചതാണ് കോണ്ടൂർ കനാൽ. ഇത് പറമ്പിക്കുളം-ആളിയാർ പദ്ധതി (പി.എ.പി.) കരാർവ്യവസ്ഥകളുടെ ലംഘനമാണെന്നായിരുന്നു ഇക്കാലമത്രയും സംയുക്ത ജലക്രമീകരണ വിഭാഗം (ജെ.ഡബ്ല്യു.ആർ.) യോഗങ്ങളിൽ കേരളം ഉന്നയിച്ചിരുന്ന പ്രധാന ആരോപണം. ഇത് വലിയൊരളവോളം ചർച്ചകളിൽ തമിഴ്‌നാടിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയനിർദ്ദേശം തമിഴ്‌നാടിന്റെ അനധികൃതനിർമ്മാണം അംഗീകരിക്കുന്നതിന് തുല്യമാണ്.

പറമ്പിക്കുളം തൂണക്കടവിൽനിന്ന് ആനപ്പാടി കനാൽവഴി വെള്ളം സർക്കാർപതി പവർ ഹൗസിൽ എത്തിച്ച് വൈദ്യുതി ഉദ്പാദിപ്പിച്ചശേഷം ആളിയാർ ഫീഡർ കനാൽവഴി ആളിയാർ അണക്കെട്ടിലേക്കോ ചിറ്റൂർപ്പുഴയിലേക്കോ എത്തിക്കമെന്നാണ് കരാർ വ്യവസ്ഥ. ഇത് നടപ്പായാൽ മാത്രമേ കരാർപ്രകാരം കേരളത്തിന് അർഹമായ വെള്ളം ലഭിക്കൂ. 49 കിലോമീറ്റർ നീളത്തിലുള്ള കൊണ്ടൂർ കനാലിൽ പാറകൾ തുരന്ന് 9.45 കിലോമീറ്റർ നീളത്തിൽ അഞ്ച് ടണലുകളും ഉണ്ട്. കഴിഞ്ഞ പ്രളയകാലത്ത് കോണ്ടൂർ കനാലിലൂടെ അധികവെള്ളം കടത്തിവിട്ടതോടെ ചിലഭാഗങ്ങളിൽ ബണ്ടുകൾ തകർന്നിരുന്നു. ഇപ്പോൾ പറമ്പിക്കുളത്തുനിന്ന് നിയന്ത്രിത അളവിൽ മാത്രമാണ് ജലം കൊണ്ടുപോകുന്നത്.

അതേസമയം തമിഴ്‌നാടിന് സഹായകരമായ തീരുമാനമല്ല കൈക്കൊണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ പറമ്പിക്കുളം അണക്കെട്ട് തുറക്കേണ്ടിവന്നത് ചാലക്കുടി പുഴയോരത്തെ പ്രളയത്തിന്റെ കാരണങ്ങളിൽ ഒന്നായിരുന്നു. ഇനിയും അണക്കെട്ട് നിറഞ്ഞാൽ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലെന്ന നിലയിലാണ് കോണ്ടൂർ കനാൽ അറ്റകുറ്റപ്പണി നടത്തണമെന്ന, സംസ്ഥാനത്തിന്റെ നിലപാടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ അന്തർസംസ്ഥാന നദീജലവിഭാഗം അധികൃതരുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP