Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രാജസ്ഥാനിലെ മാനേജർ അച്ചന് എപ്പോഴും പുള്ളി പറയും പോലെ നിൽക്കണം ഇരിക്കണം പെരുമാറണം; അച്ചന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്നതോടെ കുറ്റം മുഴുവൻ എനിക്കായി; എന്റെ ഈ രീതി കൊണ്ട് അച്ചന്മാർക്ക് എന്നെ ഇഷ്ടമില്ല': സഭയിൽ തനിക്കും ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര; യൗവനം മുഴുവൻ ഊറ്റിയെടുത്ത് സഭകൾ കന്യാസ്ത്രീകളെ പുറത്താക്കുകയാണ്; ക്രിസ്തു സഭയ്‌ക്കൊപ്പമില്ലെന്നും സിസ്റ്റർ

'രാജസ്ഥാനിലെ മാനേജർ അച്ചന് എപ്പോഴും പുള്ളി പറയും പോലെ നിൽക്കണം ഇരിക്കണം പെരുമാറണം; അച്ചന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്നതോടെ കുറ്റം മുഴുവൻ എനിക്കായി; എന്റെ ഈ രീതി കൊണ്ട് അച്ചന്മാർക്ക് എന്നെ ഇഷ്ടമില്ല': സഭയിൽ തനിക്കും ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര; യൗവനം മുഴുവൻ ഊറ്റിയെടുത്ത് സഭകൾ കന്യാസ്ത്രീകളെ പുറത്താക്കുകയാണ്; ക്രിസ്തു സഭയ്‌ക്കൊപ്പമില്ലെന്നും സിസ്റ്റർ

എം മനോജ് കുമാർ

 കൽപ്പറ്റ: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി സഭയിൽ നിന്നും പുറത്താക്കിയാലും അതിജീവനത്തിനായുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര. തിരുവസ്ത്രം ഊരിവെച്ച് സന്യാസി സഭയിൽ നിന്നും പുറത്തിറങ്ങിയാലും കന്യാസ്ത്രീ ജീവിതം തുടരുമെന്നും സിസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു. കന്യാസ്ത്രീ ജീവിതം തുടരുന്നതുകൊണ്ട് വിവാഹജീവിതത്തിനും താൻ ഒരിക്കലും സന്നദ്ധയല്ല. ആതുരസേവനം മുഖമുദ്രയാക്കി ജനങ്ങൾക്കിടയിൽ തന്നെ ജീവിക്കും-ലൂസി കളപ്പുര പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിലെ പങ്കാളിത്തം കാരണമുള്ള ഈ പുറത്താക്കൽ തന്നെ തെല്ലും അലോസരപ്പെടുത്തുന്നില്ല

തിരുവസ്ത്രം ഊരി ഏൽപ്പിച്ച് മഠത്തിൽ നിന്നും വെളിയിൽ ഇറങ്ങണം എന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന കൽപ്പന. നമ്മൾ എങ്ങോട്ട് പോകാനാണ് അവർ ഉദ്ദേശിക്കുന്നത്. എനിക്ക് ഒരു ആനുകൂല്യവും നൽകാതെയാണ് ഈ പടിയിറക്കൽ. സഭയിൽ നിന്ന് എന്നെ പുറത്താക്കിയെങ്കിലും ഞാനിപ്പോൾ കൽപ്പറ്റ കരയ്ക്കാമലയിലെ മഠത്തിൽ തന്നെ തുടരുകയാണ്. ഒരു കന്യാസ്ത്രീയെ കാരണം കൂടാതെ പുറത്താക്കുമ്പോൾ ആ കന്യാസ്ത്രീയ്ക്ക് അപ്പീൽ നൽകാം. ആ അപ്പീലിന് സമയമുണ്ട്. ജീവിതം ഈ സന്യാസി സഭയ്ക്ക് വേണ്ടി ഉഴിഞ്ഞുവെച്ചതാണ്. എന്റെ യൗവനവും കഴിയാറായിരിക്കുന്നു. അങ്ങിനെ വെറും കയ്യോടെ സന്യാസിനി എന്ന നിലയിൽ എനിക്ക് ഇറങ്ങിപ്പോകാൻ കഴിയില്ല. എത്രയോ കന്യാസ്ത്രീകൾ ഒരു ബാഗ് മാത്രം എടുത്ത് ഇറങ്ങിയിരിക്കുന്നു. എനിക്ക് തന്നെ അറിയാവുന്ന എത്രയോ കേസുകളുണ്ട്. യൗവനം മുഴുവൻ സഭയ്ക്ക് നൽകി വാർധക്യത്തിൽ ഇറങ്ങിപ്പോരേണ്ടി വരുന്ന എത്രയോ കന്യാസ്ത്രീകളുണ്ട്. യൗവനം മുഴുവനൂറ്റിയെടുത്താണ് സഭ ഇവരെ പടിക്ക് പുറത്താക്കുന്നത്. ഇപ്പോൾ എന്റെ യൗവനവും കഴിയുന്ന അവസ്ഥയിൽ തന്നെയാണ് സഭ എന്നെയും വെറും കയ്യോടെ പുറത്താക്കുന്നത്. ഒരു ആനുകൂല്യവും അനുവദിക്കാതെയാണ് ഈ പുറത്താക്കൽ എന്നതാണ് വിചിത്രം.

സഭ പുറത്താക്കിയ കന്യാസ്ത്രീകൾ ആലംബഹീനർ

എത്രയോ കന്യാസ്ത്രീകൾ സഭയിൽ നിന്നുള്ള പുറത്താക്കൽ കാരണം ആലംബഹീനരായി കഴിയുന്നുണ്ട്. സഭയ്ക്ക് എത്രയോ സ്ഥാപനങ്ങളുണ്ട്. ആശുപത്രികളുണ്ട്, സ്‌കൂളുകളുണ്ട്. ഈ സ്ഥാപനങ്ങളിൽ കന്യാസ്ത്രീകൾക്ക് ജോലി നൽകാൻ സഭ എന്തുകൊണ്ട് മടിക്കുന്നു. ഒരു ഓഫീസ് ജോലി പോലും കൊടുക്കാതെയാണ് കന്യാസ്ത്രീകളെ സഭ നിഷ്‌ക്കരുണം വെളിയിൽ തള്ളുന്നത്. എന്ത് മനുഷ്യത്വമാണ് സഭയ്ക്കുള്ളത്? സന്യാസിനികൾ ജീവരക്തം നൽകുന്നത് സഭയ്ക്കാണ്. സഭ കൊടുംക്രൂരതയ്ക്ക് ഒരിക്കലും മടിക്കില്ലാ എന്നതിന്റെ തെളിവാണ് സന്യാസിനികളെ വാർധക്യത്തിൽ മഠത്തിനു വെളിയിൽ തള്ളുന്നത്. ഇതിനു മാറ്റം വരണം. സന്യാസിനികൾക്ക് സംരക്ഷണം നൽകാൻ സഭയ്ക്ക് കടമയുണ്ട്. മഠത്തിൽ നിന്ന് സന്യസിനികളെ പിന്തള്ളുമ്പോൾ ഇവർ എവിടെ താമസിക്കും എന്ന് സഭ ആലോചിക്കേണ്ടതുണ്ട്. ഞങ്ങളുടെ ഒരു സിസ്റ്റർ തന്നെ പാലക്കാടുണ്ട്. ഇവർ പുറത്താക്കപ്പെട്ടതാണ്. ജീവിക്കാൻ ഒരഞ്ചു സെന്റ് ഭൂമി എങ്കിലും നൽകാൻ ഇവർ ആവർത്തിച്ച് ആവശ്യപ്പെട്ടതാണ്. ഒന്നും നൽകിയില്ല. പരിതാപകരമാണ് ഇവരുടെ ജീവിതം. ഇത്തരം അവസ്ഥ വരുമ്പോൾ സന്യാസിനികളുടെ ജീവിതം എങ്ങിനെയാകും എന്ന് ചിന്തിക്കേണ്ടതുമുണ്ട്.

നല്ല മനസുകളെ സഭ അടിച്ചമർത്തുകയാണ്. ഞാനും എന്താണ് ചെയ്തത്. ശരിയായ വഴിയിലാണ് സഞ്ചരിച്ചത്. എന്നിട്ടും എന്നോടു നീതികേട് കാട്ടി. തെറ്റുകളെ നിയമമായി സഭ കാണുകയാണ്. ശരികളെ എന്തിനാണ് ഇവർ നിയമത്തിനുള്ളിൽ പെടുത്തുന്നത്. ക്രിസ്തു സഭയ്‌ക്കൊപ്പം ഇല്ല. ക്രിസ്തുവിന്റെ ഒരവശേഷിപ്പും ക്രിസ്ത്യൻ സഭകൾ നിലനിർത്തുന്നില്ല. ക്രിസ്തു സാധാരണ ജനങ്ങൾക്കൊപ്പമാണ് ഉള്ളത്. സഭയിൽ ഉള്ളവർ ഉള്ളതിനെ സംരക്ഷിക്കാൻ ആർത്തി പൂണ്ടുള്ള കളികൾ കളിക്കുകയാണ്. സാധാരണക്കാർ ക്രിസ്തുവിനെ കാണുകയും ക്രിസ്തു അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നുണ്ട്. ഇത് ഞാൻ കാണുന്നുമുണ്ട്. എന്നെ സഭയിൽ നിന്ന് പുറത്താക്കിയ വിവരം വന്നപ്പോൾ ഏറ്റവും പാവപ്പെട്ട ഇവിടുത്തെ ഫാമിലി എന്നെ വിളിച്ചു. എന്താണ് നടക്കുന്നത് എന്ന് അവർക്ക് മനസിലായില്ല. മഠത്തിൽ എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ വന്നു താമസിക്കാനാണ് അവർ ആവശ്യപ്പെട്ടത്. അവർക്ക് വീടുപോലുമില്ല. ഒരു ചായ്‌പ്പ് മാത്രമാണ് ഉള്ളത്. അതിനകത്തെക്കാണ് അവർ വിളിച്ചത്. ഈ വീട്ടിലെ കുട്ടിക്ക് രാത്രി എന്നെ കണ്ടേ തീരൂ. കുട്ടിയുടെ കരച്ചിൽ എനിക്ക് കേൾക്കാം.നാളെ നേരിട്ട് കാണാം എന്ന് പറഞ്ഞു ഞാൻ തന്നെ അവളെ സമാധാനിപ്പിച്ചു.

ഇതിലാരാണ് സുവിശേഷം ജീവിക്കുന്നത്. ആരാണ് യേശുക്രിസ്തുവിനോപ്പം ജീവിക്കുന്നത്. എനിക്ക് സ്വസ്ഥതയോടെ ഉറങ്ങാൻ അനുമതി തന്ന ദൈവസ്‌നേഹമാണിത്, ഇങ്ങിനെയൊക്കെ കാണുമ്പോൾ സഭയെ നയിക്കുന്നവർ ജീവിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. സിസ്റ്റർമാർ ഇല്ലാത്ത പ്രാർത്ഥനകൾ ഉണ്ടാക്കി, കുറെ നുണ പ്രാർത്ഥനകൾ ചൊല്ലിക്കൂട്ടുന്നു. അതിൽ സംതൃപ്തിപ്പെട്ടു ഉള്ള സ്ഥലവും സ്വത്തുക്കളും സംരക്ഷിക്കാൻ വേണ്ടി കള്ളത്തരങ്ങളും എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു കുടുംബം പുലർത്തുന്ന സാധാരണ മനുഷ്യനാണ് ക്രിസ്തുവിന്റെ പഠനം പൂർത്തിയാക്കുന്നത്. എന്തായാലും കന്യാസ്ത്രീകൾക്ക് നേരെയുള്ള സഭാ നടപടികൾക്ക് എതിരെ പ്രതികരിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ പുറത്താക്കൽ പ്രശ്‌നത്തിൽ നീതി തേടി വത്തിക്കാൻ പ്രതിനിധികൾക്ക് അപ്പീൽ നൽകും. അതിനുശേഷം നിയമപോരാട്ടം തുടരും-സിസ്റ്റർ പറയുന്നു.

എന്നെ സന്യാസി സഭയിൽ നിന്നും അധികാരികൾ പുറത്താക്കിയിരിക്കുന്നു. ആ കത്തിന് ജോർജ് ആലഞ്ചേരി പിതാവിന്റെ അനുമതി വേണം. ഇവർ അതിന്റെയും മുകളിൽ പോയി ഇന്ത്യൻ വത്തിക്കാൻ പ്രതിനിധിയുണ്ട്. അവരുടെ ഒപ്പാണ് എന്നെ പുറത്താക്കാൻ എന്റെ സന്യാസിനി സഭ സ്വീകരിച്ചത്. അതുപോലെ റോമിൽ നിന്നും അനുമതി വേണം. മെയ്‌ പതിനഞ്ചിനാണ് എന്നെ ഇവർ സന്യാസി പുറത്താക്കുന്നത്. മൂന്നു മാസം കൊണ്ട് അനുമതികൾ അവർ മേടിച്ചെടുക്കുകയും ചെയ്തു. ഈ അപ്രുവൽ കാണിച്ചാണ് എന്നെ സഭ പുറത്താക്കിയത്. ഇപ്പോൾ ഞാൻ റോമിലേക്ക് എഴുതുന്നത് കാരണം റോമിൽ നിന്നും അതിന്റെ മറുപടി വരുന്നത് വരെ എനിക്ക് ഇപ്പോഴുള്ള മഠത്തിൽ തന്നെ തുടരാം. അതുവരെ ഡിസ്മിസൽ ലെറ്റർ സസ്‌പെൻഷനിൽ ആയിരിക്കും. അതിനാൽ മഠത്തിൽ തങ്ങാം. കഴിഞ്ഞ സെപ്റ്റംബർ മുതൽ എന്നെ അവർ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. എന്നെ മഠത്തിൽ നിന്നും പുറത്താക്കിയ രീതിയിൽ തന്നെയാണ് ഇവരുടെ പെരുമാറ്റം. കയ്‌പ്പേറിയ അനുഭവങ്ങൾ മഠത്തിൽ നിന്നും നേരിടേണ്ടി വന്നപ്പോൾ അത് ഞാൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആക്കി ഇട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത പ്രശ്‌നത്തിൽ കർശന നിലപാട് സ്വീകരിച്ചതോടെ മഠത്തിൽ നിന്നുള്ളവർ മുഴുവൻ എന്റെ ശത്രുക്കൾ ആയി മാറി. ശത്രുക്കളോട് ആളുകൾ എങ്ങിനെ പെരുമാറും. അത് മാതിരിയാണ് മഠത്തിലുള്ളവർ എന്നോടു പെരുമാറിയത്. ഇപ്പോൾ പുറത്താക്കപ്പെട്ടതിനെ തുടർന്ന് നിയമനടപടികൾക്കുള്ള ഒരുക്കത്തിലാണ് ഞാൻ.

സിസ്റ്റർ ലൂസി കളപ്പുര ജീവിതം പറയുന്നു

നല്ല സാമ്പത്തിക ശേഷിയുള്ള കണ്ണൂർ കരിക്കൊട്ടക്കിരിയിലുള്ള എന്റെ കുടുംബത്തിലാണ് എന്റെ ജനനം. ഒത്തിരി നീതിമാനും സത്യസന്ധനുമായിരുന്നു എന്റെ ചാച്ചൻ. അതായത് എന്റെ പിതാവ് സ്‌കറിയ. റോസയാണ് അമ്മ. പതിനൊന്നു മക്കൾ ഉള്ള വലിയ കുടുംബമായിരുന്നു എന്റെത്. ആറു ആൺകുട്ടികളും അഞ്ചു പെൺകുട്ടികളും ഉള്ള കുടുംബം. ഇതിൽ അഞ്ചാമത്തെ പെൺകുട്ടിയാണ് ഞാൻ. അതായത് ഏഴാമത്തെ ആൾ. എല്ലാവരുടെയും സ്‌നേഹം ഏറ്റുവാങ്ങിയാണ് എന്റെ ജീവിതം മുന്നോട്ടു നീങ്ങിയത്.
കന്യാസ്ത്രീകളാണ് ചെറുപ്പത്തിൽ എന്റെ അദ്ധ്യാപകരായിരുന്നത്. രണ്ടിലും മൂന്നിലും അവർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. കരിക്കൊട്ടക്കിരി സെന്റ് തോമസ് സ്‌കൂളിലാണ് ഞാൻ പഠിച്ചത്. ഇതേ സ്‌കൂളിൽ തന്നെയാണ് പത്താം തരം വരെ ഞാൻ പഠിച്ചത്.

മനുഷ്യരെ സ്‌നേഹിക്കുന്ന ആളുകളുടെ പ്രശ്‌നത്തിൽ സ്വതന്ത്രമായി ഇടപെടുന്ന ഒരാളായിരുന്നു. ഈ നീതിബോധം കൊച്ചു നാൾ മുതൽ എന്നെ സ്വാധീനിച്ചിരുന്നു. ചാച്ചന്റെ ജീവിത മാതൃക കണ്ടാണ് എല്ലാവർക്കും നന്മ ചെയ്യണമെന്ന ബോധം എന്നിൽ ഉദിക്കുന്നത്. അങ്ങിനെയാണ് സന്യാസ ജീവിതത്തിലേക്ക് എനിക്ക് ആഗ്രഹം വരുന്നത്. അന്നത്തെ എന്റെ അറിവിൽ ഉള്ള കാര്യം ഒരു സിസ്റ്റർ ആകുക എന്നതായിരുന്നു. ചാച്ചൻ കർഷകൻ ആയിരുന്നു. കർഷക കുടുംബമായിരുന്നു ഞങ്ങളുടേത്. ഏക്കർ കണക്കിന് ഭൂമിയും ഞങ്ങൾക്കുണ്ടായിരുന്നു. ഏകദേശം 25 എക്കറിനും മുകളിൽ വരുന്ന ഭൂമിയായിരുന്നു അത്. ചാച്ചൻ പക്ഷെ ഒന്നും ചെയ്യത്തില്ല. എല്ലാം നോക്കി നടത്തുക മാത്രമായിരുന്നു ചെയ്തത്. ഹാർട്ട് പേഷ്യന്റ് ആയിരുന്നു ചാച്ചൻ. അതിനുള്ള ട്രീറ്റ്‌മെന്റും ചാച്ചൻ എടുത്തിരുന്നു. പിള്ളേർ പതിനൊന്നു പേർ ഉള്ളതുകൊണ്ട് എല്ലാവരുടെയും കാര്യം സെറ്റിൽ ചെയ്യാനായിരുന്നു ചാച്ചനു ധൃതി. മേജർ സർജറിക്ക് ചാച്ചൻ വിധേയനായി. അതോടെ ചാച്ചൻ മക്കളെ എല്ലാവരെയും സെറ്റിൽ ചെയ്യാൻ തീരുമാനമെടുത്തു.

വീട്ടുകാർ മുഴുവൻ എതിർത്തിട്ടും സ്വീകരിച്ചത് കന്യാസ്ത്രീ ജീവിതം

കല്യാണങ്ങൾ, വീടുകൾ എല്ലാം ധൃതിയിൽ നടത്തിക്കൊണ്ടിരുന്നു. മേജർ ഓപ്പറേഷന് ശേഷം പത്ത് വർഷമായിരുന്നു ചാച്ചനു കാലാവധി പറഞ്ഞത്. 1983ലാണ് മേജർ ഓപ്പറേഷൻ കഴിഞ്ഞത്. പത്ത് വർഷത്തിനു ശേഷം 199-ൽ ചാച്ചൻ മരിക്കുകയും ചെയ്തു. ഹൃദയവാൽവ് മാറ്റി വയ്ക്കുകയാണ് ചാച്ചനു നടത്തിയത്. സർജറിക്ക് ശേഷമുള്ള ഈ പത്തു വർഷ കാലാവധി മാത്രമേ ചാച്ചൻ പൂർത്തീകരിക്കുകയും ചെയ്തുള്ളൂ. ചാച്ചൻ വളരെ സന്തോഷവാനായിരുന്നു. സർജറി ചെയ്ത കാര്യമൊന്നും ചാച്ചന്റെ സംഭാഷണത്തിൽ പ്രകടമായിരുന്നില്ല. വലിയ സോഷ്യൽ ആയിരുന്നു. എല്ലാവരുമായും വ്യക്തിബന്ധവുമുണ്ടായിരുന്നു. ആരെയും ചാച്ചൻ കുറച്ചു കണ്ടില്ല. ചാച്ചന് അസുഖമുണ്ടെന്നു ചാച്ചനോട് സംസാരിച്ച ആർക്കും മനസിലാക്കാൻ കഴിയുകയുമില്ല.

മരണവീട്, കല്യാണം, മാമോദീസ ചടങ്ങുകൾ എല്ലാത്തിനും ചാച്ചൻ സജീവമായിരുന്നു. നന്നായി തമാശ പറയുമായിരുന്നു. സ്പിരിച്വൽ ആയിരുന്നു. കലഹമുള്ള വീടുകളിലും ദാരിദ്രമുള്ള വീടുകളിലും ചാച്ചൻ ഉണ്ടാവുകയും ചെയ്യുമായിരുന്നു. ഈ ചാച്ചന്റെ മാതൃകയാണ് എല്ലാവർക്കും നല്ലത് ചെയ്യാനുള്ള ആഗ്രഹമായി എന്നെ കന്യാസ്ത്രീ ചിന്തയിലേക്ക് നയിച്ചത്. എസ്എസ്എൽസി കഴിഞ്ഞപ്പോൾ ഞാൻ കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ചു. കന്യാസ്ത്രീ ആകുക എന്നത് എന്റെ ഇൻഡിപ്പെൻഡന്റ് തീരുമാനമായിരുന്നു. എന്റെ വീട്ടിൽ നിന്ന് തടസം വന്നു. മൂത്ത സഹോദരൻ പറഞ്ഞു. മഠങ്ങൾ ഒന്നും പോരാ. നീ അവിടെ പോകേണ്ട. ചാച്ചനും എതിര് നിന്നു. ചാച്ചന് ഞാൻ കന്യാസ്ത്രീ ആകുന്നത് ഇഷ്ടമായിരുന്നില്ല. പക്ഷെ ഞാൻ തീരുമാനത്തിൽ ഉറച്ചുനിന്നു. പ്രീഡിഗ്രി കഴിഞ്ഞതോടെ ഞാൻ തീരുമാനം കൈക്കൊണ്ടു. ഇതോടെ ചാച്ചനും വഴങ്ങി. എന്നെ കന്യാസ്ത്രീ മഠത്തിൽ ചേർത്തപ്പോൾ ഹോസ്റ്റൽ ഫീസ് വരെ ചാച്ചനാണ് നൽകിയത്.

ആദ്യം കൂടത്തായി ആയിരുന്നു. പിന്നെ വയനാട് ദ്വാരക. മൂന്നാം വർഷം തലശ്ശേരി കുന്നോത്ത്. ഇവിടങ്ങളിലാണ് പരിശീലനം പൂർത്തിയായത്. പിന്നെ സിസ്റ്റർ ആയി കോഴിക്കോട് മലാപ്പറമ്പ് ആദ്യ വർഷം. പ്രൊവിൻഷ്യാൾമാരുടെ തുണിയൊക്കെ അലക്കണം, തേച്ച് കൊടുക്കണം, കത്തുകൾ ഒക്കെ പോസ്റ്റ് ചെയ്യണം. ഗസ്റ്റ് റൂമിൽ വരുന്നവരെ സ്വീകരിക്കണം. ഇങ്ങിനെയുള്ള പണികൾ ആയിരുന്നു. പിന്നെ മൂന്നു വർഷം കൂത്തുപറമ്പ് നിർമ്മലഗിരിയിൽ ഡിഗ്രി ചെയ്തു. മലബാറും മാനന്തവാടിയും വേറെയായിരുന്നു. ഞാൻ വയനാട് ഓപ്പ്റ്റ് ചെയ്തു.

ഈ ഓപ്ഷൻ കഴിഞ്ഞ ശേഷമാണ് ഞാൻ നിർമ്മല ഗിരിയിൽ പഠിക്കുന്നത്. പിന്നെ ഒരു വർഷം കന്യാസ്ത്രീ ഫോർമേഷൻ ഉണ്ടായിരുന്നു. അത് ആലുവായിൽ ആയിരുന്നു. പിന്നെ എന്നെ ബിഎഡിനു വിടാൻ നോക്കി. പക്ഷെ ബിഎഡ് എനിക്ക് കിട്ടിയില്ല. പിന്നെ ഒരു വർഷം തിയോളജി പഠിക്കാൻ വിട്ടു. അത് കഴിഞ്ഞാണ് പിന്നെ ബിഎഡ് ചെയ്യുന്നത്. അത് ഹാസൻ ജില്ലയിൽ, കർണാടകയിൽ. മാനസഗംഗോത്രിയിൽ നിന്നാണ് ബിഎഡ് എടുത്തത്. ബിഎഡ് കഴിഞ്ഞപാടെ രാജസ്ഥാനിൽ രണ്ടു വർഷം പഠിപ്പിക്കാൻ പോണം എന്ന് പറഞ്ഞു. രാജസ്ഥാനിൽ മഠങ്ങൾ ഉണ്ട്. അവിടെ ഒരു ബിഎഡ്കാരിയെ വേണം എന്ന് പറഞ്ഞു. അങ്ങിനെ രാജസ്ഥാൻ കോട്ടയിൽ ആയിരുന്നു. കൃത്യമായി രാജസ്ഥാൻ ഭൂന്തിയിൽ. രണ്ടു വർഷം എന്നെ പഠിപ്പിച്ചു. അവിടെ നിന്ന് പെട്ടെന്ന് പോകേണ്ടി വന്നു. അതിനുള്ള കാരണങ്ങൾ ഉണ്ടായിരുന്നു.

രാജസ്ഥാനിലെ മാനേജർ അച്ചന് ലൈംഗിക താത്പര്യങ്ങൾ; എതിർത്തതോടെ അവിടം വിടേണ്ടി വന്നു

രാജസ്ഥാനിലെ മാനേജർ അച്ചന്റെ സമീപനം എനിക്ക് ഇഷ്ടമായില്ല. അത് പൂർണമായും എനിക്ക് അസ്വീകാര്യമായിരുന്നു. ലൈംഗിക താത്പര്യങ്ങൾ ആണ് ഈ മാനേജർ അച്ചനെ നയിച്ചത്. അയാൾക്ക് ഇഷ്ടമായ രീതിയിൽ നമ്മൾ അയാളോട് പെരുമാറണം. അയാൾ പറയുന്നത് പോലെ നിൽക്കണം. ഇരിക്കണം. പെരുമാറണം. ഇതാണ് ആ അച്ചന്റെ രീതി. അച്ചന്റെ ഇംഗിതങ്ങൾക്ക് വഴങ്ങായതോടെ എന്നെ കുറ്റപ്പെടുത്തി പറയാൻ തുടങ്ങി. മൂന്നാം ക്ലാസ് വരെയുള്ള സ്‌കൂളിന്റെ പ്രിൻസിപ്പാൾ ആണ് ഞാൻ. അദ്ദേഹം മാനേജർ അച്ചനും. അത് മതിയല്ലോ. വളർന്നുകൊണ്ടിരിക്കുന്ന സ്‌കൂൾ ആണിത്. അദ്ദേഹത്തിന്റെ ഇഷ്ടത്തിനു ഞാൻ ഒരിക്കലും നിന്നില്ല. ഇപ്പോഴും നിൽക്കില്ല. ഇതാണ് എന്റെ രീതി. അതുകൊണ്ട് തന്നെ അച്ചന്മാർക്ക് എന്നോടു താത്പര്യമില്ല. മറ്റുള്ള സിസ്റ്റേഴ്‌സ് എല്ലാം അങ്ങിനെയൊക്കെ പോകാറുണ്ട്. അപ്പോൾ കുറ്റം മുഴുവൻ എനിക്കായി. അസംബ്ലിയിൽ അയാൾ എന്റെ കുറ്റം മുഴുവൻ വിളിച്ചു പറയും. പ്രൊവിൻഷ്യൽ ജനറൽ ഇവിടെ വന്നപ്പോൾ ഞാൻ പറഞ്ഞു. ഇവിടെ പറ്റത്തില്ല. എനിക്ക് തിരികെ പോകണം.

സ്‌കൂളിലെ പിള്ളേർക്ക് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. ഒത്തിരി സ്‌നേഹവും എന്നോടുണ്ടായിരുന്നു. രക്ഷിതാക്കളുമായി നല്ല ബന്ധവുമുണ്ടായിരുന്നു. ഞാൻ നിർബന്ധിച്ചപ്പോൾ പിന്നെ അവിടെനിന്നും പോന്നു. അടുത്ത ചുമതല കിട്ടി. പഞ്ചാബിനു അടുത്തുള്ള ഒരു മഠത്തിൽ പോകാനാണ് ആവശ്യപ്പെട്ടത്. ഒരു വർഷം പഞ്ചാബിൽ ഉണ്ടായിരുന്നു. അപ്പോൾ പിന്നീട് ഇവിടെ ഒരു പോസ്റ്റുണ്ട് എന്ന് പറഞ്ഞു എന്നെ ഇങ്ങോട്ട് വിളിച്ചു. ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന ദ്വാരകയിൽ തന്നെ. അങ്ങിനെയാണ് ദ്വാരകയിലേക്ക് ഞാൻ എത്തുന്നത്. ഇവിടെ വന്ന ശേഷം പിന്നീട് എങ്ങും പോയില്ല. ഇവിടുത്തെ സ്‌കൂളിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിൽ മാത്തമാറ്റിക്‌സ് ടീച്ചറുടെ ഒഴിവുണ്ടായിരുന്നു. 1997 മുതൽ ദ്വാരകയിൽ ഞാൻ പഠിപ്പിച്ചു തുടങ്ങി. പിന്നീട് എനിക്ക് മാറ്റം വന്നില്ല. ഇവിടെ നിന്നും ഇപ്പോൾ ഞാൻ പടിയിറങ്ങണം എന്നാണ് മഠം അധികൃതർ പറഞ്ഞിരിക്കുന്നത്. എല്ലാം കന്യസ്ത്രീയ്ക്ക് നീതി തേടിയുള്ള പോരാട്ടത്തിന്റെ പേരിൽ. കന്യാസ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടരുത്. ഈ ചിന്ത എന്നിൽ ദൃഡമായി നിലനിൽക്കുന്നു. രാജസ്ഥാനിൽ നിന്നും ഞാൻ തിരികെ പോരാൻ ഇടയാക്കിയതും ഇത് കാരണം കൊണ്ടാണ്. പിന്നീടും അച്ചന്മാരുടെ ലൈംഗിക ആക്രമണങ്ങൾ പിന്നീടും എനിക്ക് നേരെ വന്നിട്ടുണ്ട്. പക്ഷെ ഒരിടത്തും ഞാൻ മുട്ടുമടക്കിയിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ചപ്പോൾ നീതിക്ക് വേണ്ടി പോരാടാൻ ഞാൻ രംഗത്ത് വന്നത്.

ബിഷപ്പ് ഫ്രാങ്കോ ചെയ്തത് മനസാക്ഷിക്ക് നിരക്കാത്ത തെറ്റുകളാണ്. നികൃഷ്ടമായിപ്പോകാതെ ഇപ്പോഴും ചില കാര്യങ്ങൾ ആസ്വാദനത്തിൽ നിൽക്കുന്നു. അതിനെ നമുക്ക് എന്ത് എന്ന് പറയാൻ കഴിയും. ഇനിയെങ്കിലും മാതാപിതാക്കൾ കുട്ടികളെ കന്യാസ്ത്രീകൾ ആക്കാൻ വിടുമ്പോൾ ആലോചിക്കണം. നമുക്ക് ഒന്നും അങ്ങിനെ പറഞ്ഞു തരാൻ ആളുകൾ ഉണ്ടായിരുന്നില്ല. സാമൂഹ്യ പ്രവർത്തനം, അനുകമ്പ എന്നൊക്കെ കരുതിയാണ് ഞാൻ തിരുവസ്ത്രം അണിഞ്ഞത്. ഇനിയുള്ള തലമുറ ഇതേ രീതിയിൽ കന്യാസ്ത്രീകൾ ആകാതെ, ഒറ്റയ്ക്ക് വരാതെ, വിവാഹ ജീവിതവും പൗരോഹിത്യവും ബന്ധപ്പെടുത്തി പോകുന്ന ഒരു രീതിയിൽ വരണം. 21ആം നൂറ്റാണ്ട് പകുതി ആവുമ്പോൾ അത്തരത്തിലൊരു മാറ്റം ക്രൈസ്തവ സഭയിൽ അനിവാര്യമാണ്. പണ്ടത്തെ പുരോഹിതർ അല്ല ഇപ്പോഴുള്ളത്. സാഹചര്യങ്ങളും വ്യത്യസ്തം. അത് ഓർക്കേണ്ട കാര്യമാണ്. വിരൽ തുമ്പിൽ എല്ലാ സാധ്യതകളുമുണ്ട്. കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ സഭയിലും അനിവാര്യമാണ്-സിസ്റ്റർ ലൂസി കളപ്പുര പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP