Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കശ്മീരിൽ വൻപ്രതിഷേധം അരങ്ങേറിയെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം ശരിയോ? ചെറിയ തോതിലുള്ള കല്ലേറല്ലാതെ ഒന്നും നടന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രീനഗറിൽ കണ്ണീർ വാതകം പ്രയോഗിച്ചെന്നും ആകാശത്തേക്ക് വെടിവച്ചെന്നും അൽജസീറ റിപ്പോർട്ട്; കിംവദന്തികൾ വിശ്വസിക്കരുതെന്നും വാർത്തകൾ കെട്ടിച്ചമച്ചതെന്നും പൊലീസ്; ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഭീകരവാദത്തിന് കടിഞ്ഞാണിടാനാകുമെന്ന ആത്മവിശ്വാസത്തോടെ അമിത്ഷാ

കശ്മീരിൽ വൻപ്രതിഷേധം അരങ്ങേറിയെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം ശരിയോ? ചെറിയ തോതിലുള്ള കല്ലേറല്ലാതെ ഒന്നും നടന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രീനഗറിൽ കണ്ണീർ വാതകം പ്രയോഗിച്ചെന്നും ആകാശത്തേക്ക് വെടിവച്ചെന്നും അൽജസീറ റിപ്പോർട്ട്; കിംവദന്തികൾ വിശ്വസിക്കരുതെന്നും വാർത്തകൾ കെട്ടിച്ചമച്ചതെന്നും പൊലീസ്; ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഭീകരവാദത്തിന് കടിഞ്ഞാണിടാനാകുമെന്ന ആത്മവിശ്വാസത്തോടെ അമിത്ഷാ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു-കശ്മീരിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിന് പിന്നാലെ ചെറിയ തോതിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. ഇതെ തുടർന്ന് വലിയ തോതിൽ കൂട്ടം ചേരുന്നത് ശ്രീനഗറിൽ നിരോധിച്ചു. ആളുകൾ വീടുകളിലേക്ക് മടങ്ങണമെന്ന് പൊലീസ് ഉച്ചഭാഷിണികളിലൂടെ ആവശ്യപ്പെട്ടു. വ്യാപാരികളോട് കടകൾ അടയ്ക്കാനും നിർദ്ദേശിച്ചതായി എൻഡിവി റിപ്പോർട്ട് ചെയ്തു.

ശ്രീനഗറിലും ബാരാമുള്ളയിലും, ഒറ്റപ്പെട്ട പ്രതിഷേധ പ്രകടനങ്ങൾ നടന്നതായും 20 പേരിലധികം അവയിൽ പങ്കെടുത്തിട്ടില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ശനിയാഴ്ച അറിയിച്ചത്. സംസ്ഥാനത്ത് വൻപ്രതിഷേധപ്രകടനങ്ങൾ നടന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അവകാശവാദത്തെ കുറിച്ച് പൊലീസ് മേധാവി ദിൽബാഗ് സിങ് പറഞ്ഞത് ഇങ്ങനെ: ചെറിയ തോതിലുള്ള കല്ലേറുണ്ടായി. അതൊക്കെ അപ്പോൾ തന്നെ കൈകാര്യം ചെയ്തു. താഴ്‌വരയിൽ പതിനായിരത്തോളം പേർ പങ്കെടുത്ത പ്രതിഷേധം അരങ്ങേറിയെന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് സ്ഥിതിഗതികൾ സമാധാനപരമാണെന്നും, അക്രമങ്ങൾ എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംസ്്ഥാന പൊലീസിന്റെ ട്വീറ്റും വന്നിട്ടുണ്ട്.

താഴ് വരയിൽ വെടിവപ്പ് നടന്നുവെന്ന തരത്തിലുള്ള കിംവദന്തികൾ വിശ്വസിക്കരുതെന്ന് ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യനും, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈദിന് മുന്നോടിയായുള്ള ഷോപ്പിംഗിന് ശ്രീനഗറിൽ ഇന്നലെ നല്ല തിരക്കായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ, അൽജസീറയുടെ റിപ്പോർട്ട് പ്രകാരം പ്രതിഷേധങ്ങളെ അമർച്ച ചെയ്യാൻ, സുരക്ഷാസേന കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചപ്രാർത്ഥനയ്ക്ക് ശേഷമാണ് കർഫ്യൂ ലംഘിച്ച് ആയിരങ്ങൾ ശ്രീനഗറിൽ പ്രതിഷേധം നടത്തിയത്. ചിലർ കറുത്ത കൊടികളും, പ്ലാക്കാർഡുകളും ഏന്തിയിരുന്നു. ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം, അനുച്ഛേദം 370 റദ്ദാക്കിയത് അംഗീകരിക്കാനാവില്ല- പ്ലാക്കാർഡുകളിൽ എഴുതിയത് ഇങ്ങനെയാണെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു.

അതേസമയം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ തീവ്രവാദത്തിന് കടിഞ്ഞാണിടാനാകുമെന്നും, ജനജീവിതം മെച്ചപ്പെടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുന്നതിൽ തനിക്ക് ആദ്യം വിമുഖതയുണ്ടായിരുന്നു. മതിയായ ഭൂരിപക്ഷമില്ലാത്തതാണ് കാരണം. ബിൽ അവതരിപ്പിച്ച ദിവസവും പാസാകുമോയെന്ന് തനിക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ, ഭൂരിപക്ഷം പാർട്ടികളും പിന്തുണച്ചതോടെ, ബിൽ പാസായി, ഷാ പറഞ്ഞു. താൻ എംഎൽഎ ആയിക്കുമ്പോഴും, അനുച്ഛേദം 370 റദ്ദാക്കണമെന്ന് ഉറച്ച പക്ഷക്കാരനായിരുന്നു. ഏതായാലും, ബിൽ അവതരിപ്പിച്ചപ്പോൾ, വിദ്യാർത്ഥി നേതാവെന്ന നിലയിൽ ആർട്ടിക്കിൾ 370 നെ എതിർത്ത വെങ്കയ്യ നായിഡുവായിരുന്നു ചെയർമാനെന്ന പ്രത്യേകതയുമുണ്ട്, ഷാ പറഞ്ഞു.

ബിൽ പാസാക്കിയ ശേഷം കേന്ദ്ര ഭരണപ്രദേശത്ത് അക്രമങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ഇപ്പോൾ സമ്പൂർണസമാധാനവുമുണ്ട്. മാറ്റങ്ങളെ അവർ അംഗീകരിച്ചുകഴിഞ്ഞു, ജാവ്‌ദേക്കർ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത നടൻ രജനീകാന്തും ബിൽ പാസാക്കിയതിന് മോദിയെയും, അമിത്ഷായെയും പ്രശംസിച്ചു. ഇരുവരും കൃഷ്ണനെയും, അർജ്ജുനനെയും പോലെയാണെന്നും രജനീകാന്ത് പറഞ്ഞു.

അതിനിടെ, ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടി എംപിമാരായ അക്‌ബർ ലോണും, ഹസ്‌നൈൻ മസൂദിയുമാണ് സർക്കാരിന്റെ നിയമം അനധികൃതമാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP