Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി; ഇനി സാധ്യത ഒറ്റപ്പെട്ട കനത്ത മഴയ്ക്കും പരക്കെ ചെറിയ മഴയ്ക്കും മാത്രം; അന്തരീക്ഷം കൂടുതൽ തെളിയുമെന്നും വിലയിരുത്തൽ; സംസ്ഥാനത്ത് മഴക്കുറവ് 4 ശതമാനത്തിലെത്തിയെന്ന് ഔദ്യോഗിക കണക്കുകൾ; പാലക്കാട് കിട്ടിയത് ശരാശരിയെക്കാൾ 21 ശതമാനം അധിക മഴ; ഇടുക്കിയിൽ കുറവ് 24 ശതമാനവും; കൂടുതൽ മഴ പെയ്തത് വൈത്തിരിയിലും; ഇനി പ്രതിസന്ധി കുട്ടനാട്ടിൽ; പേമാരിയിൽ പൊലിഞ്ഞത് 83 ജീവനുകൾ

കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി; ഇനി സാധ്യത ഒറ്റപ്പെട്ട കനത്ത മഴയ്ക്കും പരക്കെ ചെറിയ മഴയ്ക്കും മാത്രം; അന്തരീക്ഷം കൂടുതൽ തെളിയുമെന്നും വിലയിരുത്തൽ; സംസ്ഥാനത്ത് മഴക്കുറവ് 4 ശതമാനത്തിലെത്തിയെന്ന് ഔദ്യോഗിക കണക്കുകൾ; പാലക്കാട് കിട്ടിയത് ശരാശരിയെക്കാൾ 21 ശതമാനം അധിക മഴ; ഇടുക്കിയിൽ കുറവ് 24 ശതമാനവും; കൂടുതൽ മഴ പെയ്തത് വൈത്തിരിയിലും; ഇനി പ്രതിസന്ധി കുട്ടനാട്ടിൽ; പേമാരിയിൽ പൊലിഞ്ഞത് 83 ജീവനുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലവർഷ ദുരിതങ്ങൾ ഇനി കുറയുമെന്ന് സൂചന. കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി. ഒറ്റപ്പെട്ട കനത്തമഴയ്ക്കും പരക്കെ ചെറിയ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും അന്തരീക്ഷം കൂടുതൽ തെളിയുമെന്നാണു പ്രതീക്ഷ. ഇത് രക്ഷാപ്രവർത്തനങ്ങൾക്കു കൂടുതൽ സഹായകരമാകും. മഴ ശക്തിയായി പെയ്തതോടെ കേരളത്തിൽ മഴക്കുറവ് 4 ശതമാനത്തിലെത്തി. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ 1 മുതൽ ഞായർ വരെ 1543 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1487 മില്ലിമീറ്റർ പെയ്തു.

പാലക്കാട് ജില്ലയിൽ ശരാശരിയെക്കാൾ 21 ശതമാനവും കോഴിക്കോട്ട് 18 ശതമാനവും അധികമഴ ലഭിച്ചു. ഇടുക്കിയിൽ ഇപ്പോഴും 24% മഴക്കുറവുണ്ട്. മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ പുത്തുമല ഉൾപ്പെട്ട വൈത്തിരി താലൂക്കിലായിരുന്നു ഏറ്റവും കൂടുതൽ മഴ പെയ്തത്. ജില്ലയുടെ മൊത്തം മഴയുടെ അളവിലും കടന്ന് ഇവിടെ മാത്രം 285 എം.എം മഴ പെയ്തു. മാനന്തവാടി താലൂക്കിൽ 243 എം.എം ആയിരുന്നു മഴ. ബത്തേരി താലൂക്കിൽ 203 എം.എം. മഴയാണ് പെയ്തത്. 167 ദുരിതാശ്വാസ ക്യമ്പുകളിലായി 21211 പേരെ ഈ സമയത്ത് മാറ്റിപ്പാർപ്പിച്ചു. മഴ കുറഞ്ഞ സാഹചര്യത്തിൽ ബാണസുര സാഗർ, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ശാന്തമാണ്.

ബാണാസുര ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കാരാപ്പുഴയുടെ മൂന്നു ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം തുറന്നു 35.83 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസർവോയിറിലൂടെ മൈസൂരിലേക്കും കഴിഞ്ഞവർഷത്തേക്കാൾ കുടുതൽ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ നിലവിൽ അനുഭവപ്പെടുന്ന വെള്ളംകെട്ടിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇടുക്കിയിലെ ജലസംഭരണം 36.61 ശതമാനമായി. പമ്പയിൽ 63.36 ശതമാനവും കക്കിയിൽ 38.13 ശതമാനവുമാണ് വെള്ളമുള്ളത്.പെരിങ്ങൽകുത്തിൽ 67.03 ശതമാനമാണ് വെള്ളം.

വൈദ്യുതി ബോർഡിന്റെ എട്ട് അണക്കെട്ടുകളും കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ അഞ്ച് ഇടത്തരം അണക്കെട്ടുകളുടെയും മൂന്ന് ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്. പുഴകളിലെ ജല നിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളിൽ വീടുകളിലേക്ക് ആളുകൾ മടങ്ങിത്തുടങ്ങി. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ കഴിയുന്നു.

മരണം 83, കാണാതായവർ 58

മലപ്പുറത്തെയും വയനാട്ടിലെയും ഉരുൾപൊട്ടൽ ദുരന്തമേഖലയിൽനിന്ന് ഏഴു മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഞായറാഴ്ച ഇതിനുപുറമേ മലപ്പുറത്ത് ഒരാളും തൃശ്ശൂരിൽ മൂന്നുപേരും കണ്ണൂരിലും കോഴിക്കോട്ടും രണ്ടുപേർ വീതവും കോട്ടയത്തും ഇടുക്കിയിലും കാസർകോട്ടും ഓരോരുത്തരും മഴക്കെടുതിയിൽ മരിച്ചു. ഇതോടെ നാലുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 83 ആയി. 58 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.

നിലമ്പൂർ പോത്തുകല്ല് കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്ന് നാലുപേരുടെയും മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞു കാണാതായ കുടുംബത്തിലെ രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. വെട്ടുപറമ്പിൽ ജോജി എന്ന വിക്ടറിന്റെ മകൾ അലീന(8), മുതിരകുളം മുഹമ്മദ്(50), താണിക്കൽ ഭാസ്‌കരന്റെ ഭാര്യ രാഗിണി(48), കൊല്ലം സ്വദേശിനി അലക്‌സ മാനുവൽ(55) എന്നിവരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിൽനിന്നു കണ്ടെടുത്തത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 13 ആയി. 49 പേരെക്കൂടി കണ്ടെത്താനുണ്ട്. 43 വീടുകൾ പൂർണമായും തകർന്നു.

മലപ്പുറം കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡിൽ താമസിക്കുന്ന ശരത്തിന്റെ ഭാര്യ ഗീതു (22), മകൻ ധ്രുവൻ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഉച്ചയ്ക്കു 12-നു കിട്ടിയത്. മണ്ണിടിഞ്ഞ് മൂന്നാംദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണ്ണിനടിയിൽപ്പെട്ട ശരത്തിന്റെ അമ്മ സരോജിനി(50)ക്കായുള്ള തിരച്ചിൽ തുടരുകയാണ്. വയനാട് പുത്തുമല പാടിയിലെ ശെൽവന്റെ ഭാര്യ റാണി(57)യുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെടുത്തത്. മഴ കുറവായിരുന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടത്താനായി. ശനിയാഴ്ച ഒമ്പതുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇനി എട്ടുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണു നിഗമനം. ഞായറാഴ്ച അതിരാവിലെ തുടങ്ങിയ തിരച്ചിൽ വൈകീട്ട് നാലുമണിയോടെ നിർത്തിവെച്ചു.

മലപ്പുറം നിലന്പൂരിനു സമീപം വാണിയമ്പുഴയിൽ കുടുങ്ങിയ 15 പേരെക്കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടത്തിൽ കുടുങ്ങിയ ജീവനക്കാരാണിവർ. ഇവിടെ ഒരു ആദിവാസിക്കോളനിയിൽ 75-ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് അറിയുന്നത്.

തൃശ്ശൂരിൽ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾക്കിടെ ജീപ്പ് മറിഞ്ഞ് വടക്കാഞ്ചേരി കെ.എസ്.ഇ.ബി. സെക്ഷനിലെ താത്കാലിക ഡ്രൈവർ മരിച്ചു. അകംപാടം തലക്കോട്ടുകര ജോസ് (58) ആണു മരിച്ചത്. വീട്ടിൽ വെള്ളം കയറിയത് ഇറങ്ങിയോ എന്നറിയാൻ ദുരിതാശ്വാസക്യാമ്പിൽനിന്നു പോയ പെരിങ്ങാവ് മംഗലത്ത് വീട്ടിൽ പ്രദീപ് (50) വെള്ളക്കെട്ടിൽ വീണുമരിച്ചു. ചാവക്കാട്ട് പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്നു ഷോക്കേറ്റ് മലപ്പുറം പാലപ്പെട്ടി തെക്കൂട്ട് ഷംസുദ്ദീന്റെ മകൻ ഷാരിഖ് (24) മരിച്ചു.

കുട്ടനാട്ടിലും പ്രതിസന്ധി

കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് ഒഴുകിയെത്തുന്ന കിഴക്കൻ വെള്ളം കുട്ടനാടിനെ മുക്കുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതോടെ കുട്ടനാട്ടിലെ 14 പാടശേഖരങ്ങളിൽ മട വീണു. 7 പാടശേഖരങ്ങളുടെ മട കവിഞ്ഞ് വെള്ളമിറങ്ങി. പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. 700 ഹെക്ടർ പാടശേഖരങ്ങളിലെ കൃഷി നശിച്ചു. പാടശേഖരങ്ങളോടു ചേർന്നുള്ള ആയിരത്തോളം വീടുകളിൽ വെള്ളം കയറിഅപ്രതീക്ഷിതമായ മടവീഴ്ചയിൽ വീടും വീട്ടുപകരണങ്ങളും ഉപേക്ഷിച്ചു ജനങ്ങൾ പലായനം നടത്തുകയായിരുന്നു.

പമ്പയാറ്റിലെയും അച്ചൻകോവിലാറ്റിലെയും ജലനിരപ്പ് കുറയാത്തതിനാൽ ചെങ്ങന്നൂരിലും മാവേലിക്കരയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. ഇവിടെയും ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ ആകെ 72 ക്യാംപുകളിലായി 2297 കുടുംബങ്ങളിലെ 12,486 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. കൂടുതൽ പേർ ക്യാംപുകളിലേക്കെത്തുകയും കൂടുതൽ ക്യാംപുകൾ തുറക്കുകയും ചെയ്യുന്നുണ്ട്. ആലപ്പുഴ - ചങ്ങനാശേരി റോഡിൽ പലയിടത്തും മൂന്നടിയോളം വെള്ളം പൊങ്ങി. ഇതുവഴി കെഎസ്ആർടിസി ബസ് സർവീസ് ഉൾപ്പെടെ ഗതാഗതം പൂർണമായി നിർത്തിവച്ചു.

ഇടുക്കിയിൽ നാല് പാലങ്ങൾ ഒലിച്ചു പോയി

കനത്തമഴയിൽ ചെറുതോണി മേഖലയിൽ ഒലിച്ചുപോയത് 4 പാലങ്ങൾ. ചേലച്ചുവട് പെരിയാർ വാലിയിൽ മൂന്ന് പാലങ്ങളും ഒരു ചെക്ക് ഡാമും ഒലിച്ചുപോയി. ചുരുളി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ചുരുളി ഉപദേശിക്കുന്ന് പാലം ഒലിച്ച് പോയി.

പ്രദേശവാസികളായ 35 കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടു. ഉപദേശിക്കുന്ന് എടയ്ക്കാട് ഭാഗത്തെ അറുപതോളം കുടുംബങ്ങളും ഒറ്റപ്പെട്ടു. ഇതിനു പുറമേ ജില്ലാ ആസ്ഥാന മേഖലയിലെ പെരുങ്കാല,ഉപ്പുതോട്, 56 കോളനി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP