Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർഭയം അഭിപ്രായം പ്രകടിപ്പിക്കാൻ സാധിക്കില്ലെന്ന സാഹചര്യത്തിൽ ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ്; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ധർണ പ്രഖ്യാപിച്ച സാമൂഹിക പ്രവർത്തനും മഗ്‌സസെ പുരസ്‌കാര ജേതാവുമായ സന്ദീപ് പാണ്ഡേ വീട്ടു തടങ്കലിൽ; രാജ്യത്ത് അഭിപ്രായം തുറന്ന് പറയുന്നവർ പ്രതിസന്ധിയിലകപ്പെടുമ്പോൾ

നിർഭയം അഭിപ്രായം പ്രകടിപ്പിക്കാൻ സാധിക്കില്ലെന്ന സാഹചര്യത്തിൽ ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ്; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ധർണ പ്രഖ്യാപിച്ച സാമൂഹിക പ്രവർത്തനും മഗ്‌സസെ പുരസ്‌കാര ജേതാവുമായ സന്ദീപ് പാണ്ഡേ വീട്ടു തടങ്കലിൽ; രാജ്യത്ത് അഭിപ്രായം തുറന്ന് പറയുന്നവർ പ്രതിസന്ധിയിലകപ്പെടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന് പിന്നാലെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നവർ പ്രതിസന്ധിയിലാകുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ഭയം കൂടാതെ തങ്ങളുടെ അഭിപ്രായം തുറന്ന് പറയാൻ കഴിയാത്ത സാഹചര്യത്തിൽ തന്റെ ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ് അറിയിച്ചു. മാത്രമല്ല തന്റെ നിലപാടിന്റെ പേരിൽ തന്റെ അച്ഛനമ്മമാർക്കും മക്കൾക്കും ഭീഷണി നേരിടേണ്ടി വന്ന സാഹചര്യത്തേയും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. തന്റെ അവസാനത്തെ ട്വീറ്റും പങ്കുവെച്ച് ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് അനുരാഗ് കശ്യപ് സമൂഹ മാധ്യമത്തോട് വിട പറഞ്ഞത്.

അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കിയതിങ്ങനെ: 'കൊള്ളക്കാർ ഭരണം നടത്തുകയും കവർച്ച ജീവിതരീതിയായി മാറുകയുംചെയ്ത പുതിയ ഇന്ത്യയിലുള്ള എല്ലാവർക്കും ആശംസകൾ നേരുന്ന'തായി അതിൽ പറയുന്നു. 'ഭയംകൂടാതെ സംസാരിക്കാൻ അനുവദിക്കില്ലെങ്കിൽ സംസാരിക്കേണ്ടതില്ല എന്നതാണ് തീരുമാനം'. പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാൻ മടിക്കാത്ത സംവിധായകനാണ് അനുരാഗ് കശ്യപ്. കേന്ദ്രത്തിലെ ബിജെപി. സർക്കാരിന്റെ പല നിലപാടുകളെയും അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്രപ്രവർത്തകരിൽ അദ്ദേഹവുമുണ്ടായിരുന്നു.

കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെയും നിശിതമായി വിമർശിച്ചു. കശ്യപിന്റെ നിലപാടുകളിൽ ക്ഷുഭിതരായ ചിലർ അദ്ദേഹത്തിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്നും അച്ഛനമ്മമാരെ ആക്രമിക്കുമെന്നും ഭീഷണിമുഴക്കിയിരുന്നു. തന്റെ നിലപാടുകളുടെ പേരിൽ കുടുംബാംഗങ്ങൾ ആക്രമിക്കപ്പെടുന്നത് അനുവദിക്കാൻ പറ്റില്ലെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. ഈ വേളയിലാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതിനെതിരെ സമൂഹ പ്രവർത്തകനും മഗ്‌സസേ പുരസ്‌കാര ജേതാവുമായ സന്ദീപ് പാണ്ഡേ ധർണ പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ അദ്ദേഹത്തെ യുപി സർക്കാർ വീട്ടി തടങ്കലിലാക്കി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.  ലഖ്‌നൗ ജി.പി.ഒ. പാർക്കിൽ ഞായറാഴ്ച വൈകീട്ടു ധർണനടത്താനാണ് ഇദ്ദേഹം തീരുമാനിച്ചിരുന്നത്.

രാവിലെ നാലുവണ്ടികളിലെത്തിയ പൊലീസ്, ലഖ്‌നൗവിൽ സ്വാതന്ത്ര്യദിനം വരെ നിരോധനാജ്ഞയുണ്ടെന്നും ധർണ നടത്തരുതെന്നും നിർദ്ദേശിച്ചെന്നു പാണ്ഡെ പറഞ്ഞു. അങ്ങനെയെങ്കിൽ, നിരോധനാജ്ഞ നീക്കിയശേഷം ധർണ നടത്തിക്കോളാമെന്നു പറഞ്ഞപ്പോൾ പൊലീസ് വീടിനു കാവൽ നിന്നെന്നും അകത്തേക്കോ പുറത്തേക്കോ പോകാൻ ആരെയും അനുവദിക്കുന്നില്ലെന്നും അദ്ദേഹം ടെലിഫോണിൽ പറഞ്ഞു. പാണ്ഡെയുടെ ഭാര്യ അരുന്ധതി ധുരുവും വീട്ടുതടങ്കലിലാണ്. നാഷണഷൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റിന്റെ ദേശീയ കൺവീനറാണിവർ. സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ വക്താവു തയ്യാറായില്ല.

ജമ്മു കശ്മീർ വിഷയത്തിൽ അഭിപ്രായം പറഞ്ഞ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദീക്ക് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ നേരത്തെ രംഗത്തെത്തിയിരുന്നു. പാക് അധീന കശ്മീരിലെ പ്രശ്നവും തങ്ങൾ പരിഹരിക്കും എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.അഫ്രീദിയുടെ ട്വീറ്റിങ്ങനെ: 'ഐക്യരാഷ്ട്രസഭാ പ്രമേയം വിഭാവനം ചെയ്യുന്ന അവകാശങ്ങൾ കശ്മീരികൾക്കു ലഭിക്കണം. നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അവർക്കും ലഭിക്കണം.

എന്തിനാണ് ഐക്യരാഷ്ട്രസഭ രൂപീകരിച്ചത്? എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഇപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നത്? പ്രകോപനമില്ലാതെ കശ്മീരികൾക്കു മേൽ ചെയ്തുകൂട്ടുന്നു മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കു ശ്രദ്ധ കൊടുക്കണം. പ്രശ്നത്തിൽ യു.എസ് മധ്യസ്ഥത വഹിക്കണം.'- അഫ്രിദീ പറഞ്ഞു.

ഏതാനും ദിവസം മുൻപാണ് ഗംഭീർ മറുപടി പറഞ്ഞത്. 'പ്രകോപനമൊന്നുമില്ലാതെ, മനുഷ്യത്വത്തിനെതിരായ ആക്രമണങ്ങൾ അവിടെ നടക്കുന്നു. ഇതു മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ അഫ്രീദിയെ അഭിനന്ദിക്കണം. അവിടെ അഫ്രീദി മറന്നുപോയത് ഒരുകാര്യം മാത്രമാണ്. ഈ ആക്രമണങ്ങളെല്ലാം നടക്കുന്നതു പാക് അധിനിവേശ കശ്മീരിലാണ് എന്നത്. അതിൽ നിങ്ങൾ ആകുലപ്പെടേണ്ട, ആ പ്രശ്നവും ഞങ്ങൾ പരിഹരിക്കും മകനേ.'- അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP