Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിലെ യുവത ഇനി എറിയാൻ കല്ലുകൾ തിരയേണ്ട; കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ; സ്ഥിതി ശാന്തമായാൽ നിക്ഷേപം നടത്താൻ കമ്പനികൾ എത്തുമെന്ന് ജപ്പാൻ സ്ഥാനപതി കെഞ്ചി ഹിരമത്സു; കശ്മീരിലും ഡലാക്കിലും റിലയൻസ് നിക്ഷേപം നടത്തും എന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനി; രാജ്യത്തെ സ്വർഗ്ഗ താഴ്‌വരയിൽ വരാനിരിക്കുന്നത് സമാധാനത്തിനൊപ്പം അഭിവൃദ്ധിയും; ജമ്മു കശ്മീരിലേക്കുള്ള നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് നിക്ഷേപത്തിന് തയ്യാറായി വ്യവസായ ലോകം

കശ്മീരിലെ യുവത ഇനി എറിയാൻ കല്ലുകൾ തിരയേണ്ട; കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ; സ്ഥിതി ശാന്തമായാൽ നിക്ഷേപം നടത്താൻ കമ്പനികൾ എത്തുമെന്ന് ജപ്പാൻ സ്ഥാനപതി കെഞ്ചി ഹിരമത്സു; കശ്മീരിലും ഡലാക്കിലും റിലയൻസ് നിക്ഷേപം നടത്തും എന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനി; രാജ്യത്തെ സ്വർഗ്ഗ താഴ്‌വരയിൽ വരാനിരിക്കുന്നത് സമാധാനത്തിനൊപ്പം അഭിവൃദ്ധിയും; ജമ്മു കശ്മീരിലേക്കുള്ള നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് നിക്ഷേപത്തിന് തയ്യാറായി വ്യവസായ ലോകം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയ ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നത് പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശത്ത് സ്വകാര്യമേഖലയിലെ നിക്ഷേപത്തിന് പ്രേരണ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണപ്രദേശങ്ങളിൽ നിക്ഷേപത്തിനൊരുങ്ങി രാജ്യങ്ങളും കമ്പനികളും. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിലും കശ്മീരിലും നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ്. സ്ഥിതിഗതികൾ ശാന്തമായാൽ നിക്ഷേപത്തിനായി ജപ്പാൻ കമ്പനികൾ എത്തുമെന്ന് ജാപ്പനീസ് അംബാസിഡർ കെഞ്ചി ഹിരമത്സുവും നേരത്തേ വ്യക്തമാക്കിയിരുന്നു.

പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും റിലയൻസ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി അറിയിച്ചു. മുബൈയിൽ റിലയൻസിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ വരും ദിവസങ്ങളിൽ റിലയൻസ് ഗ്രൂപ്പ് പ്രഖ്യാപിക്കും. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി.

ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ സാധാരണഗതിയിലായാൽ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജാപ്പനീസ് അംബാസിഡർ കെഞ്ചി ഹിരമത്സുവും വ്ക്തമാക്കിയിരുന്നു. ബംഗാൾ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡർ. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധവും പ്രതിരോധ സുരക്ഷാ സഹകരണവും എക്കാലത്തെയും മെച്ചപ്പെട്ട തലത്തിലാണെന്നും അംബാസിഡർ കൂട്ടിച്ചേർത്തു. 2014 ൽ 1,156 ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 1,441 ആയി ഉയർന്നു. കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ എടുത്തുകളഞ്ഞ ശേഷം ലഭിക്കുന്ന ആദ്യ വിദേശ നിക്ഷേപ വാഗ്ദാനമാണിത്. അടുത്ത രണ്ട് മാസത്തിനകം ശ്രീനഗറിൽ നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

റിലയൻസ് ജിയോ ജിഗാ ഫൈബർ സെപ്റ്റംബർ അഞ്ചിന് ഔദ്യോഗികമായി തുടങ്ങും എന്നതാണ് ഈ വർഷത്തെ റിലയൻസ് ജനറൽ ബോഡിയിൽ മുകേഷ് അംബാനി നടത്തിയ പ്രധാന പ്രഖ്യാപനം. ബ്രോഡ്ബാൻഡ് ഡാറ്റ, ലാൻഡ് ഫോൺ, എച്ച്.ഡി കേബിൾ കണക്ഷൻ എന്നീ വിവിധ ആവശ്യങ്ങൾ ഒരുമിച്ചു നിറവേറ്റുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശ്യംഖലയാണ് റിലയൻസ് ജിയോ ജിഗാ ഫൈബർ. ഇതോടൊപ്പം റിലയൻസ് പെട്രോളിയത്തിൽ സൗദി അറേബ്യൻ എണ്ണ കമ്പനിയായ ആരാംകോ നിക്ഷേപം നടത്തുമെന്ന വിവരവും മുകേഷ് അംബാനി ജനറൽ ബോഡിയെ അറിയിച്ചു.

കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ച ശേഷം രാജ്യത്തെ വ്യവസായികളോട് ജമ്മു കശ്മീരിൽ കൂടുതൽ നിക്ഷേപം നടത്താനും ജമ്മുവിലെ ഉത്പന്നങ്ങൾക്ക് പുതിയൊരു വിപണി ഉണ്ടാക്കി കൊടുക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായി വളരാൻ ജമ്മു കശ്മീരിനും ലഡാക്കിനും സാധിക്കും. ബോളിവുഡ് സിനിമ സംവിധായകർക്ക് ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനായിരുന്നു ജമ്മു കശ്മീർ ഒരിക്കൽ. എനിക്കുറപ്പുണ്ട് ഭാവിയിൽ ബോളിവുഡിലേയും തെലുങ്കിലേയും തമിഴിലേയും സിനിമാ പ്രവർത്തകർ കശ്മീരിലേക്ക് വരും. ലോകോത്തര സിനിമകൾ അവിടെ ജനിക്കും എന്നും നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ജമ്മു കശ്മീരിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാവും എന്ന് തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളിൽ എല്ലാം സർക്കാർ ഉടനെ നിയമനം നടത്തും. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും കൂടി ജമ്മു കശ്മീരിൽ എത്തുന്നതോടെ വൻതോതിലുള്ള തൊഴിലവസരങ്ങളാവും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ലഭിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്തിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന 370 ഉം 35 എ വകുപ്പും കേന്ദ്ര സർക്കാർ എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് നിക്ഷേപകരെ പ്രധാനമന്ത്രി കശ്മീരിലേക്ക് സ്വാഗതം ചെയ്തത്. 35 എ പ്രകാരം സംസ്ഥാന സർക്കാരിന് കീഴിലുള്ള ജോലികൾ സ്ഥിരതാമസക്കാർക്ക് മാത്രം അവകാശപ്പെട്ടതാണ്. കശ്മീരിലെ സ്വത്തവകാശവും സ്ഥിരതാമസക്കാർക്ക് മാത്രമുള്ളതാണ്. സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങളും സ്ഥിരതാമസക്കാർക്ക് മാത്രമാണ് ലഭിക്കുക.

ഇതുപ്രകാരം ഇതരസംസ്ഥാനക്കാർക്ക് കശ്മീരിൽ ഭൂമി വാങ്ങാനോ, സംസ്ഥാന സർക്കാരിനു കീഴിൽ ജോലി നേടാനോ, പഠനത്തിന് സ്‌കോളർഷിപ്പ് നേടാനോ അവകാശമില്ല. ഭരണഘടനയുടെ 35എ വകുപ്പ് എടുത്തു കളഞ്ഞാലേ കശ്മീരിൽ ഐടി, ഹോട്ടൽ വ്യവസായത്തിൽ വൻ നിക്ഷേപങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്ന് ഒന്നാം മോദി സർക്കാരിന്റെ അവസാന കാലയളവിൽ മന്ത്രി നിതിൻ ഗഡ്കരി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ മാത്രമേ കശ്മീരിലെ തൊഴിലില്ലായ്മ പരിഹരിച്ച് യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP