Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടനാടിന് കണ്ണീർ മഴയായി മടവീഴ്‌ച്ച; 21 പാടശേഖരങ്ങളിലായി നശിച്ചത് 700 ഹെക്ടറിലെ നെൽകൃഷി; അരയ്ക്കു മീതെ വെള്ളം കയറിയിട്ടും വീടുപേക്ഷിക്കാൻ തയ്യാറാകാത്തത് വളർത്തുമൃഗങ്ങളെ എന്ത് ചെയ്യണം എന്ന് അറിയാത്തതിനാൽ; അച്ചൻകോവിലാറും പമ്പയും കരകവിഞ്ഞതോടെ മറ്റിടങ്ങളിലും കൃഷിനാശം വ്യാപകം

കുട്ടനാടിന് കണ്ണീർ മഴയായി മടവീഴ്‌ച്ച; 21 പാടശേഖരങ്ങളിലായി നശിച്ചത് 700 ഹെക്ടറിലെ നെൽകൃഷി; അരയ്ക്കു മീതെ വെള്ളം കയറിയിട്ടും വീടുപേക്ഷിക്കാൻ തയ്യാറാകാത്തത് വളർത്തുമൃഗങ്ങളെ എന്ത് ചെയ്യണം എന്ന് അറിയാത്തതിനാൽ; അച്ചൻകോവിലാറും പമ്പയും കരകവിഞ്ഞതോടെ മറ്റിടങ്ങളിലും കൃഷിനാശം വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാടിനെ കണ്ണീരിലാഴ്‌ത്തി മടവീഴ്‌ച്ച വ്യാപകം. ആലപ്പുഴ ജില്ലയിലെ 21 പാടശേഖരങ്ങളിലായി 700 ഹെക്ടറിലെ നെൽക്കൃഷി നശിച്ചു. കനകശേരി പാടശേഖരത്തിൽ ഉൾപ്പെടെ 14 ഇടങ്ങളിൽ മട വീണും 7 ഇടങ്ങളിൽ മട കവിഞ്ഞും ആണ് കൃഷി നാശം. ശനി രാത്രി 10.30ന് ആണ് കനകശേരി പാടത്തെ മട തകർന്നത്. 20 അടി നീളത്തിലാണ് മടയിൽ വിള്ളലുണ്ടായത്. സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോമർ ഉൾപ്പെടെ നിലംപതിച്ചെങ്കിലും വൈദ്യുതി ബന്ധം നിലച്ചതിനാൽ ദുരന്തമൊഴിവായി. മട വീണതിനു സമീപത്തെ വീടുകളിൽ കഴുത്തൊപ്പം വെള്ളമായി. വൈദ്യുത പോസ്റ്റുകളും മറ്റും വീണതിനാൽ വൈദ്യുതി ലൈൻ ഉൾപ്പെടെയുള്ളവ വീടുകളുടെ മുകളിലും മറ്റും വീണിരുന്നു. കനകശേരി പാടത്തെ മട വീണതോടെ വെള്ളം കവിഞ്ഞാണ് വലിയകരി പാടശേഖരത്തെ 100 ഹെക്ടറിലും മീനപ്പള്ളി പാടശേഖരത്തിലെ 50 ഹെക്ടറിലും വെള്ളംകയറിയത്.

വൈകിട്ടോടെ 192 ഹെക്ടറുള്ള ആറുപങ്ക് പാടശേഖരത്തിൽ മട വീണു. ഇതിന്റെ കരയിൽ താമസിച്ചിരുന്ന എം.ജി.രാഘവന്റെ വീട് ഉൾപ്പെടെ തകർന്നു. ഇവിടെ വെള്ളം കയറിയതോടെയാണ് ചെറുകായൽ പാടശേഖരത്തിലും വെള്ളം കയറിയത്. ശനിയാഴ്ച ഉച്ചമുതൽ ചെറുതും വലുതുമായ 14 മട വീഴ്ചകളാണ് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. ഇന്നലെ മാത്രം 9 ഇടങ്ങളിൽ.

പാടശേഖരങ്ങളിൽ 30 മുതൽ 60 ദിവസം വരെ കൃഷി പൂർത്തിയാക്കിയിരുന്നു. 10 മുതൽ 12 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി കൃഷിവകുപ്പ് അധികൃതർ അറയിച്ചു.പാടശേഖരങ്ങളുടെ കരകളിലെ വീടുകളിൽ അരയ്ക്കു മീതെ വെള്ളം കയറി. ആയിരത്തോളം കുടുംബങ്ങളാണ് ഇവിടങ്ങളിൽ ഉള്ളത്. ഇവരിൽ പലരും ക്യാംപുകളിലേക്കു മാറിയിട്ടില്ല. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാൻ കഴിയാത്തതിനാലാണ് പലരും മാറാത്തത്. കനകശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലെ കരകളിലുള്ളവരെ ഇന്നലെ പുലർച്ചയോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എസ്ഡിവി സ്‌കൂളിലെ ക്യാംപിലേക്കു മാറ്റി. ചിലർ കുട്ടികളെയും സ്ത്രീകളെയും ക്യാംപിൽ അയച്ച ശേഷം വീട്ടിൽ തുടരുകയാണ്. ഇനിയും വെള്ളം ഉയർന്നാൽ ക്യാംപിലേക്കു മാറും.

കുട്ടനാടിനു പുറമേ അച്ചൻകോവിലാറിന്റെയും പമ്പയാറിന്റെയും കരകളിലും വ്യാപക കൃഷിനാശമുണ്ടായി. ഇന്നലെ മാവേലിക്കര നഗരത്തിൽ കണ്ടിയൂർ കുരുവിക്കാട് ഭാഗം, ചെങ്ങന്നൂർ വെൺമണിയിലെ താഴ്ന്ന പ്രദേശങ്ങൾ, ചെട്ടികുളങ്ങര പഞ്ചായത്തിലെ കോഴിപ്പാലം, മറ്റം വടക്ക്, കരിപ്പുഴ, ആച്ചംവാതുക്കൽ പ്രദേശങ്ങൾ, വെട്ടിയാർ തേവേരി പുഞ്ചയുടെ പടിഞ്ഞാറെക്കര പൊയ്കയിൽകളം, കാക്കനാട്, കൊട്ടാരത്തിൽ കടവിനു സമീപം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ചെറുതന പോച്ച ഭാഗം ഒറ്റപ്പെട്ടു. ജില്ലയുടെ തെക്കൻ മേഖലയിലും കായലിലെ തീരപ്രദേശങ്ങൾ ദുരിതബാധിതമായി.

സേന ചെങ്ങന്നൂരിൽ

ഐടിബിപി ഭടന്മാരും ചെങ്ങന്നൂരിലെത്തി. ആലപ്പുഴയിൽ നിന്നു ഷാംജിയുടെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന സംഘം ലോറികളിൽ 3 വലിയ ബോട്ടുകളുമായി എത്തി. ഇവർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ക്യാംപ് ചെയ്യുന്നു. ഐടിബിപി സേന ക്യാംപുകളിൽ സന്ദർശനം നടത്തി. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തിൽ ക്യാംപുകൾ പരിശോധിച്ചു. അടിയന്തര സാഹചര്യത്തിൽ വിമുക്ത ഭടന്മാരുടേയും വിരമിച്ച പൊലീസുകാരുടെയും സഹായം തേടുമെന്നും പറഞ്ഞു.

രൂക്ഷമായി കുടിവെള്ള ക്ഷാമം

വെള്ളപ്പൊക്കം ബാധിച്ച മേഖലയിലെല്ലാം ശുദ്ധജലക്ഷാമം രൂക്ഷമായി. വൈദ്യുതി വിതരണം കാര്യക്ഷമമല്ലാത്തതിനാൽ പലയിടത്തും പമ്പിങ് നടക്കുന്നില്ല. കുട്ടനാട്, എടത്വ, ചെങ്ങന്നൂരിലെയും മാന്നാറിലെയും താഴ്ന്ന മേഖലകൾ എന്നിവിടങ്ങളിലാണു ശുദ്ധജലം ദുർലഭമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP