Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആരും നമ്മളെയും കാത്ത് പൂച്ചെണ്ടുമായി നിൽക്കുന്നില്ല; ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് പോലും താൽപര്യം ഇന്ത്യയോട്'; കശ്മീർ വിഷയത്തിൽ ആരും സഹായത്തിന് വരാതായതോടെ അന്താരാഷ്ട്ര വേദിയിൽ തങ്ങൾ തീർത്തും ഒറ്റപ്പെട്ടു എന്ന് ഏറ്റുപറഞ്ഞ് ഷാ ഖുറേഷി; കശ്മീർ പുനഃസംഘടനയിൽ ഇന്ത്യയെ എതിർത്ത് ഇപ്പോഴും ഉള്ളത് പാക്കിസ്ഥാനും കോൺഗ്രസും പിന്നെ കുറച്ച് ഇന്ത്യൻ ഇടതുപക്ഷവും മാത്രം

'ആരും നമ്മളെയും കാത്ത് പൂച്ചെണ്ടുമായി നിൽക്കുന്നില്ല; ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് പോലും താൽപര്യം ഇന്ത്യയോട്'; കശ്മീർ വിഷയത്തിൽ ആരും സഹായത്തിന് വരാതായതോടെ അന്താരാഷ്ട്ര വേദിയിൽ തങ്ങൾ തീർത്തും ഒറ്റപ്പെട്ടു എന്ന് ഏറ്റുപറഞ്ഞ് ഷാ ഖുറേഷി; കശ്മീർ പുനഃസംഘടനയിൽ ഇന്ത്യയെ എതിർത്ത് ഇപ്പോഴും ഉള്ളത് പാക്കിസ്ഥാനും കോൺഗ്രസും പിന്നെ കുറച്ച് ഇന്ത്യൻ ഇടതുപക്ഷവും മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കശ്മീരിൽ ഇന്ത്യയുടെ ഏകപക്ഷീയ വിജയത്തെ തുറന്ന് സമ്മതിച്ച് പാക്കിസ്ഥാൻ. കശ്മീരിനെ അന്താരാഷ്ട്ര വിഷയമായി ഉയർത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ലഭിച്ചില്ലെന്ന് പാക് വിദേശകാര്യ മന്ത്രി തുറന്ന് സമ്മതിച്ചതോടെ ഇന്ത്യയുടെ നിലപാടുകളായിരുന്നു ശരി എന്ന് തെളിയുകയാണ്. കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഉയർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചിരുന്നു. എന്നാൽ, യു.എൻ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പാക്കിസ്ഥാനെ പിന്തുണയ്ക്കാൻ തയ്യാറായില്ല.

''രക്ഷാസമിതി അംഗങ്ങൾ പൂക്കളുമായല്ല നിൽക്കുന്നത്. എപ്പോൾ വേണമെങ്കിലും അവരിലൊരാൾ തടസ്സമായി തീരാം അതുകൊണ്ട് അവർ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വർഗത്തിൽ കഴിയേണ്ടതില്ല''- എന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പത്രസമ്മേളനത്തിൽ പറഞ്ഞത്. അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്നു.

നിരവധി രാജ്യങ്ങൾക്ക് ഇന്ത്യയിൽ താൽപര്യങ്ങളുണ്ട്. ഇക്കാര്യം താൻ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങൾ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകൾ ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാൽ അവർക്കും ഇന്ത്യയിൽ നിരവധി നിക്ഷേപങ്ങളുണ്ട്. അവർക്കെല്ലാം ഇന്ത്യയിൽ അവരുടേതായ താത്പര്യങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.

അമേരിക്ക, റഷ്യ, ഫ്രാൻസ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങൾ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യ സ്വീകരിച്ച നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവർ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവർ പ്രതികരിച്ചത്.

മറ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ അധികം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഓഗസ്റ്റ് ആറിന് വിഷയം ഉന്നയിച്ച് പാക്കിസ്ഥാൻ നൽകിയ കത്ത് പരിഗണിക്കില്ലെന്ന് രക്ഷാസമിതി വ്യക്തമാക്കിയിരുന്നു. ഇതും അവർക്ക് തിരിച്ചടിയായിരുന്നു. മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നീക്കത്തിന് പിന്തുണ നൽകിയിരുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

പാക്കിസ്ഥാന്റെ തുറന്ന് പറച്ചിലോടെ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാടുകൾ ശരിയായിരുന്നു എന്ന് ലോക രാഷ്ട്രങ്ങൾ പോലും അംഗീകരിച്ചിരിക്കുകയാണ്. കശ്മീർ വിഷയത്തിൽ കേന്ദ്ര മന്ത്രിസഭയും ബിജെപിയും സ്വീകരിച്ച നിലപാടുകളാണ് പൊതുവെ സ്വീകരിക്കപ്പെട്ടത്. പാക്കിസ്ഥാനും ഇന്ത്യയിലെ കോൺഗ്രസും ഇടതുപക്ഷവും ചില മുസ്ലിം സംഘടനകളും മാത്രമാണ് കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ നില കൊള്ളുന്നത്.

കശ്മീർ ആഭ്യന്തര വിഷയം

കശ്മീർ പുനഃസംഘടനാ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ ഏറെ ചർച്ചയായത് കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണോ എന്നതാണ് കശ്മീർ പുനഃസംഘടനാ ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയും തമ്മിലായിരുന്നു വാദപ്രതിവാദം. ബിൽ അവതരിപ്പിക്കാൻ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോയെന്ന് അധീർ രഞ്ജൻ ചൗധരി ചോദിച്ചു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം തന്നെയാണെന്നു മറുപടി പറഞ്ഞ അമിത് ഷാ, ഇന്ത്യൻ സംസ്ഥാനത്തെ യുഎൻ മേൽനോട്ടത്തിൽ കൊണ്ടുവരാനാണോ കോൺഗ്രസ് നിലകൊള്ളുന്നതെന്ന മറുചോദ്യം ഉന്നയിച്ചു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നതെന്ന് ചൗധരി പറഞ്ഞു. എന്നാൽ 1948 മുതൽ കശ്മീരിൽ യുഎൻ നിരീക്ഷണമുണ്ട്. അതെങ്ങനെയാണ് ആഭ്യന്തരകാര്യമാവുക? നമ്മൾ സിംല കരാരും ലഹോർ പ്രഖ്യാപനത്തിലും ഒപ്പുവച്ചിട്ടുണ്ട്. അപ്പോൾ പിന്നെ കശ്മീർ ആഭ്യന്തരകാര്യമാണോ അതോ ഉഭയകക്ഷി വിഷയമാണോ? അധീർ രഞ്ജൻ ചോദിച്ചു.

കശ്മീർ ഉഭയകക്ഷി വിഷയമാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് കുറച്ചു ദിവസം മുമ്പ് പറഞ്ഞത്. കശ്മീർ ആഭ്യന്ത്രകാര്യമാണോയെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് അധിർ രഞ്ജൻ ആവശ്യപ്പെട്ടു. കശ്മീർ ബിൽ കൊണ്ടുവരുമ്പോൾ പാക് അധീന കശ്മീരിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം തന്നെയെന്നായിരുന്നു അധീർ രഞ്ജന്റെ ഇടപെടലിനോടു പ്രതികരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണെന്നാണ് സർക്കാർ നിലപാട്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടേതാണ്. കശ്മീരിൽ ബാധകമാവുന്ന നിയമം നിർമ്മിക്കാൻ പാർലമെന്റിന് അധികാരമുണ്ട്. കശ്മീരിനെ യുഎൻ മേൽനോട്ടത്തിൽ കൊണ്ടുവരാനാണോ കോൺഗ്രസ് നിലകൊള്ളുന്നതെന്ന് അമിത് ഷാ ചോദിച്ചു. ഈ പരാമർശത്തെച്ചൊല്ലി അൽപ്പനേരം സഭ ബഹളത്തിൽ മുങ്ങുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP